തര്‍ജ്ജനി

ജയശ്രീ തോട്ടയ്ക്കാട്ട്

7-A Santhi Thotekat
Chittoor Road
Ernakulam
മെയില്‍ : jaygini@gmail.com

Visit Home Page ...

കവിത

ഒപ്പൊപ്പുമ്പോള്‍

ആരോ നിര്‍ബ്ബന്ധി‌ച്ചി-
ട്ടെന്നത് പോലെ,
ആത്മവിശ്വാസമില്ലാത്ത
സ്വയംപ്രകാശനമായി
മടങ്ങിയും ചുളുങ്ങിയും
വീണുകിടക്കാറുണ്ട്.

എത്ര അടക്കിയിട്ടും
ഒരുതുള്ളി കണ്ണീര്
ഉരുണ്ടുകൂടി
വീണതോര്‍മ്മിപ്പിക്കുന്ന
നിവൃത്തികേടായി
നനഞ്ഞ് പടരാറുണ്ട്.

ഭീഷണിയുടെ വാള്‍ത്തുമ്പത്ത്
വിളറുന്ന
ഭീതിയുടെ നിഴലായി നിന്ന്
വിറയ്ക്കാറുണ്ട്.

വാശിയില്‍ വലിച്ചുനീട്ടി
കടലാസില്‍ കോറി
നെഞ്ചുകീറുന്ന
വൈരാഗ്യക്കിതപ്പാകാറുണ്ട്.

അവസാനപ്രാര്‍ത്ഥനയില്‍
പ്രിയപ്പെട്ടൊന്നിനെ
ദൈവത്തിന്റെ കൈകളില്‍
തലകുനിച്ചേല്പിച്ച്
ആധിയായ്
വെന്ത് നില്‍ക്കാറുണ്ട്

ഏതോ വിളികേട്ടെത്തുന്ന
ആയിരം കൈകളിലൊന്നായി
ആകാശം തേടി
കാറ്റില്‍പ്പറക്കുന്ന
ആവേശക്കൊടിയാകാറുണ്ട്.

ഒപ്പുകള്‍ മൌനമായി
ഒപ്പിക്കൊണ്ടേയിരിക്കുകയാണ്..
താനല്ലാത്തതൊക്കെ…

എങ്കിലും,
വല്ലപ്പോഴുമൊക്കെ
സ്വയം
ഒപ്പുമ്പോള്‍
ഒപ്പ്
ശരിക്കും
ഒപ്പായി മാറും,
നീണ്ടുനിവര്‍ന്ന് നിന്ന്
‘ഇതാ ഞാന്‍’ എന്ന്
പറയുമ്പോള്‍ മാത്രം.

Subscribe Tharjani |
Submitted by grkaviyoor (not verified) on Tue, 2011-08-09 18:53.

എന്നിലെ എന്നെ തേടിയുള്ള യാത്രകളില്‍
അറിയാതെ ഞാന്‍ എന്ന ഭാവത്തെ അറിയാതെ
ഞാന്‍ എന്ന ഒപ്പുകള്‍ ഏറുന്നു,നല്ല കവിത

Submitted by sk (not verified) on Tue, 2011-08-16 18:20.

പറയാതെ എന്തോ പറഞ്ഞു..marvellous...

Submitted by robins (not verified) on Mon, 2011-08-29 14:25.

good
it says something....
Robinskpaul.blogspot.com