തര്‍ജ്ജനി

മനോജ് മേനോന്‍

Visit Home Page ...

കവിത

ശീര്‍ഷകമില്ലാത്തത്

അമ്മത്തൊട്ടിലില്‍
കാല്‍വിരലുണ്ട് കിടപ്പുണ്ട്
ഒരു സുന്ദരന്‍കവിത...

ആരൊക്കെ ചേര്‍ന്നായിരിക്കണം
ഇതെഴുതിയിരിക്കുക ?

ഏത് സാഹചര്യമായിരിക്കണം
അതിനു പ്രചോദിപ്പിച്ചിരിക്കുക ?

ഒരുപാട്നാളത്തെ
നീറ്റലോ ,
ഒരുനിമിഷത്തിന്റെ ആളലോ
അതിനു പൂര്‍ണത?

താളമോ , വൃത്തമോ , അലങ്കാരമോ ,
ഇല്ലാതെ പിറന്നതുകൊണ്ടാകുമോ
ഉപേക്ഷിയ്ക്കപ്പെട്ടിരിക്കുക ?

മുഷ്ടി ചുരുട്ടി,
മുന്നോട്ട് കുതിച്ച്, ചീറിക്കരഞ്ഞ്‌
അതിന്റെ അതിജീവനം ..

കവിതയോട് കലഹിച്ച്,
നെടുവീര്‍പ്പുതിര്‍ത്ത്,
നീറിപ്പുകഞ്ഞ്‌
എവിടെയോ
ഒരു കവിമനസ്സ് ....

Subscribe Tharjani |