തര്‍ജ്ജനി

വി.കെ ആദര്‍ശ്

ഇ-മെയില്‍:adarshpillai@gmail.com

വെബ്:www.adarshpillai.in

Visit Home Page ...

ലേഖനം

ഇ -വായനയുടെ പുതുലോകം

ഇലക്‍ട്രോണിക് സ്‌ക്രീനിലൂടെ വായിക്കുന്നതിനെയാണ് പൊതുവെ ഇ-വായന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടറും അത്യാധുനിക മൊബൈല്‍ ഫോണും വഴി അസംഖ്യം ഇന്റര്‍നെറ്റ് പേജുകള്‍ പരതുന്നത് മാത്രമല്ല ഉദ്ദേശിക്കുന്നത് പുസ്തകങ്ങള്‍ വായിക്കാന്‍ മാത്രമുള്ള കിന്‍‌ഡില്‍ ,വിങ്ക് തുടങ്ങിയ ഇ-ബുക്ക് റീഡറുകളും ഒരു പുസ്തകത്തിന്റെയത്ര സ്ക്രീന്‍ വിസ്താരമുള്ള ടാബ്‌ലറ്റ് ഫോണുകളും ഇന്ന് വായനയുടെ പരമ്പരാഗത ധാരണകളെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു.

കടലാസില്‍ മഷിപുരണ്ടവ മാത്രമാണ് പഠനത്തിനും മനനത്തിനും വിധേയമാകുന്നത് എന്ന വിശ്വാസമാണ് തകര്‍ന്നടിയുന്നത്. ഇന്റര്‍നെറ്റ് കടന്നുവന്ന സമയത്ത് കുറഞ്ഞ പക്ഷം അക്കാദമിക്ക് വൃത്തങ്ങളിലെ എങ്കിലും ഉഗ്രശാസന അത് ഇന്റര്‍നെറ്റില്‍ നിന്നെടുത്തതല്ലേ അതുമായി സെമിനാര്‍ /പ്രോജക്‍ട്/ഗവേഷണത്തിനായി വരേണ്ട എന്നതായിരുന്നു. എന്നാല്‍ ഇന്നോ പുതിയതും പുതുക്കപ്പെട്ടതുമായ വിവരങ്ങള്‍ക്ക് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട വെബ്‌സൈറ്റുകളുടെ പട്ടിക തന്നെ പഠിതാക്കള്‍ക്ക് നല്‍കുന്നു. ലോകത്തിലെ എത് വിജ്ഞാന മണ്ഡലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പുതുചലനങ്ങളും അപ്പപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിക്ക് കരഗതമാകുന്നു.

ഇന്റര്‍നെറ്റിനെക്കുറിച്ചും അതിലെ വായനവിപ്ലവത്തെക്കുറിച്ചും ഇവിടെ സവിസ്തരം പ്രതിപാദിക്കുന്നത് ആവര്‍ത്തനവിരസത ആകുമെന്നറിയാം എന്നാല്‍ ഇ-വായന സാധ്യമാക്കുന്ന പുതുനിര ഉപകരണങ്ങളെ മനസിലാക്കേണ്ടതും അതിന്റെ സാധ്യതകളെ അറിയേണ്ടതും ഉണ്ട്. ഇന്ന് ഇ-ബുക്ക് റീഡറിന്റെ ഒരോ പുതു പതിപ്പിറങ്ങുമ്പോഴും വന്‍‌നഗരങ്ങളില്‍ ആവശ്യക്കാര്‍ അത്യാകാംക്ഷയോടെയാണ് സ്വാഗതമരുളുന്നത്. എന്താണ് ഇ ബുക്ക് റീഡറുകള്‍ ? നമ്മുടെ പുസ്തകത്തിന്റെയത്ര വലിപ്പമുള്ള ഒരു ഉപകരണം. താളിന്റെയത്ര വലിപ്പമുള്ള ഒരു സ്‌ക്രീന്‍ ഉണ്ടാകും. സാധാരണ മൊബീല്‍ സ്ക്രീനില്‍ നിന്നും ഭിന്നമായി ഇ-ഇങ്ക് എന്ന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ് ഇതിന്റെ സ്‌ക്രീന്‍ ഉപരിതലം നിര്‍മ്മിച്ചിരിക്കുന്നത്. പുസ്‌തകത്തോട്‌ മത്സരിക്കാനാണെന്ന്‌ തോന്നലുണ്ടാകുന്നത്‌ പോലെയാണ്‌ 16 വിവിധ ചാരവര്‍ണത്തിലുള്ള (Gray Colur Shades) വിന്യാസം സ്‌ക്രീനിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ കളര്‍ സ്‌ക്രീന്‍ ഇല്ലാത്തത്‌ ഒരു പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്‌. മസാച്‌സൈറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി വികസിപ്പിച്ചെടുത്ത ഇ-ഇങ്ക്‌ സാങ്കേതിക വിദ്യയാണ്‌ കിന്‍ഡില്‍ ഇ ബുക്ക് റീഡറിലെ സ്‌ക്രീനിന്‌ മേന്മയേകുന്നത്‌. നിര്‍മാതാക്കളായ ആമസോണിന്റെ ഉടമ ജെഫ്‌ ബെസോസ്‌ ഇതിനെ ഒരു ഉപകരണമായല്ല മറിച്ച്‌ ഒരു നവീന സേവനമായാണ്‌ വിലയിരുത്തുന്നത്‌. സാധാരണ ഇലക്‍ട്രോണിക് സ്‌ക്രീനില്‍ നിന്നുള്ള പശ്ചാത്തല വെളിച്ചം കണ്ണിന് ആയാസകരവും പലപ്പോഴും ദീര്‍ഘനേരം ഉള്ള വായന തടസപ്പെടുത്തുകയും ചെയ്യും എന്ന പ്രശ്‌നത്തെ പരിഹരിക്കാനാണ് ഇ-ഇങ്ക് . ഇത് സ്‌ക്രീനിനെ സാധാരണ കടലാസിന് സമാനമായ അവസ്ഥയില്‍ എത്തിക്കും. ഇനി ഉപകരണത്തിന്റെ ഉള്ളിലേക്ക് കടക്കാം ! ഒരു ബുക്ക് റീഡറില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഡൌണ്‍‌ലോഡ് ചെയ്‌ത് ഇടാം. ഫോണില്‍ നിന്ന് ചങ്ങാതിമാരുടെ നമ്പര്‍ തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് സ്ക്രീനിലേക്കെത്തിക്കമെന്ന് മാത്രമല്ല, ആയിരക്കണക്കിന് പേജുകളിലേക്ക് പരന്ന് കിടക്കുന്ന ബൃഹത് ഗ്രന്ഥമായാല്‍ പോലും നിമിഷാര്‍ധം കൊണ്ട് ഉദ്ദേശിച്ച പേജിലേക്ക് കടന്നെത്താം. അത്ര എളുപ്പമാണ് ഇതിന്റെ സര്‍ച്ച് ബട്ടനുകള്‍ .മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഇ-ബുക്ക് റീഡറിന്റെ ഭാരമായ 500 ഗ്രാമിന് താഴെ ഒരു ഗ്രന്ഥശാലയിലെ മുഴുവന്‍ ശേഖരവും ഉള്‍ക്കൊള്ളും, ഇത് കൂടാതെ ഇമെയില്‍ ,ട്വിറ്റര്‍ ,ഫേസ്ബുക്ക് എന്നിവ പരിശോധിക്കുകയും ചെയ്യാം . ഒരു ദീര്‍ഘദൂര യാത്രയ്‌ക്കോ അല്ലെങ്കില്‍ ചെറിയോരു കാലയളവിലോ വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പോലും പ്രീയപുസ്തകങ്ങള്‍ ഒപ്പം കൊണ്ട് പോകാന്‍ ഒരു ഭാരവുമില്ല എന്ന് ചുരുക്കം .

തീര്‍ന്നില്ല കിന്‍ഡില്‍ വിശേഷങ്ങള്‍ , അച്ചടി പുസ്‌തകത്തിന്‌ സാധിക്കാത്ത ചില സവിശേഷ സൗകര്യങ്ങളും ഇത്തരത്തിലെ ഉപകരണങ്ങള്‍ക്ക്‌ സ്വന്തമാണല്ലോ. ദി ന്യൂ ഒക്‌സ്‌ഫഡ്‌ അമേരിക്കന്‍ ഡിക്ഷണറിയുടെ രണ്ടരലക്ഷം പദാര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇ-പതിപ്പ്‌ ഇതില്‍ വിദഗ്‌ധമായി, അതീവ സൗകര്യപ്രദമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌. വായന പുരോഗമിക്കവേ പദാര്‍ത്ഥം അറിയാതെ കുഴങ്ങുന്ന വാക്കുകള്‍ക്ക്‌ മുകളില്‍ കീ ബട്ടനുകളുടെ സഹായത്തോടെ തിരഞ്ഞാല്‍ വാക്കിന്റെ അര്‍ത്ഥവും അനുബന്ധ വിവരങ്ങളും സ്‌ക്രീനിലെത്തും. അക്ഷരങ്ങളുടെ വലിപ്പം കാഴ്‌ചയ്‌ക്കനുസരിച്ച്‌ ക്രമീകരിക്കാമെന്ന്‌ മാത്രമല്ല Text-to-Speech സൗകര്യത്തിലൂടെ വായിക്കാനുള്ള ഭാഗം കേട്ടും മനസിലാക്കാം. ആണ്‍-പെണ്‍ ശബ്‌ദത്തിലൊന്ന്‌ തീരഞ്ഞെടുക്കേണ്ട താമസമേയുള്ളൂ. ഇത്‌കൂടാതെ വായനയുടെ ഇടവേളകളിലോ മറ്റോ സംഗീതം ആസ്വദിക്കാനായി എം.പി 3 പോലുളളവയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ട്‌. ആമസോണ്‍ നല്‍കുന്ന പുസ്‌തകങ്ങള്‍ കൂടാതെ പ്രോജക്‌ട്‌ ഗുട്ടണ്‍ബര്‍ഗ്‌, ഫ്രീ കിന്‍ഡില്‍ ബുക്‌സ്‌ എന്നീ ഇടങ്ങളില്‍ നിന്നും പുസ്‌തകം പകര്‍ത്തിയെടുക്കാം. വിക്കീപീഡിയ, ബ്ലോഗുകള്‍ എന്നിവ വായിക്കുന്നതോടൊപ്പം ന്യൂയോര്‍ക്ക്‌ ടൈംസ്‌, വാള്‍സ്‌ട്രീറ്റ്‌ ജേണല്‍, വാഷിംഗ്‌ടണ്‍ പോസ്റ്റ്‌, യുഎസ്‌എ ടുഡേ എന്നീ ദിനപത്രങ്ങളുടെയും ടൈം മാഗസിന്‍, ന്യൂസ്‌ വീക്ക്‌ പോലുള്ള പ്രസിദ്ധീകരണങ്ങളുടെയും വരിക്കാരനാകാം, വായിക്കാം. ഇതൊക്കെ കൊണ്ടാകണം ടോണി മോറിസനെ (1993 നോബര്‍ സമ്മാനിത, 1988 പുലിസ്റ്റര്‍ പ്രൈസ്‌) പോലെയുള്ള വിഖ്യാത എഴുത്തുകാര്‍ വരെ കിന്‍ഡിലിന്‍രെ വരവില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കുന്നത്‌.

ഇനി രണ്ടാമത്തെ ഉപകരണ വീശേഷങ്ങളിലേക്ക് കടക്കാം .ടാബ്‌ലറ്റ് എന്നാണ് ഇതിന്റെ പേര് .സാങ്കേതികമായി ഒരു സ്‌മാര്‍ട്ട് ഫോണിന്റെയും ലാപ്‌ടോപ്പ് കമ്പ്യൂട്ടറിന്റെയും സങ്കര സന്തതി. ആപ്പിള്‍ ഐ പാഡ് ന്റെ വരവോടെയാണ് ഈ വിപണി ചടുല മാറ്റം പ്രകടിപ്പിച്ച് തുടങ്ങിയത്, തുടര്‍ന്ന് സാംസങ്ങ് ഗാലക്‍സി ടാബ്, മൊട്ടൊറോള ക്‍സൂം എന്നിവയും വിപണിയുടെ പ്രീയമായി എത്തി. ഒരോ പുതിയ പതിപ്പ് ഉപകരണങ്ങളും ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റില്‍ ലക്ഷക്കണക്കിനാണ് വിറ്റഴിക്കുന്നത്. ഗൂഗിളിന്റെ ആന്‍‌ഡ്രോയ്ഡ് പ്രവര്‍ത്തക സംവിധാനം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നമ്മുടെ നാട്ടില്‍ ജനപ്രീതി നേടുന്നത്. വായനപ്രേമികള്‍ക്കായി 22 ലക്ഷം പുസ്തകങ്ങള്‍ , വിവിധ ഭാഷകളിലെ ആയിരത്തിലേറേ ദിനപത്രങ്ങള്‍ , രണ്ടായിരത്തിലേറേ മാസികകള്‍ എന്നിവയടങ്ങിയ റീഡേഴ്‌സ് ഹബ്, സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്കായി ദശലക്ഷത്തിലധികം പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന മ്യൂസിക് ഹബ് എന്നിവ ടാബ് പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. അതായത് കേവലം പുസ്തകം മാത്രമല്ല ഇന്റര്‍നെറ്റ് ,സംഗീതപ്പെട്ടി, സിനിമാപ്പുര എന്നിവ കൂടിയാണ് ടാബുകള്‍

ഇ വായനയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ഇടപെടലുകളും

ബ്ലോഗ്, ട്വിറ്റര്‍ പോലെയുള്ള മൈക്രോ ബ്ലോഗുകള്‍ ,ഫേസ്‌ബുക്ക് തുടങ്ങി ഓണ്‍‌ലൈനായി എഴുതുകയും വായിക്കുകയും ചര്‍ച്ചയിലിടപെടാനും അനുവദിക്കുന്ന വെബ്‌സൈറ്റുകളുടെ ശ്രേണിയാണ് സമീപകാലത്തായി സമൂഹത്തിന്റെ വിശദമായ വിശകലനത്തിന് വിധേയമാകുന്നത്. ഒരു വായനക്കാരന്‍ എഴുതിയത് ഇങ്ങനെയാണ് - റേഡിയോ പോലെ ഇങ്ങോട്ട് എന്ത് ബഡുവാത്തരം പറഞ്ഞാലും "ഓ , ശരിതന്നെ, സനാതനസത്യം" എന്ന് കേട്ട് തലകുലുക്കുന്ന വായനക്കാരന്റെ ലോകമല്ല ഓണ്‍ലൈന്‍ യുഗത്തിലേത്. അതെ വായനക്കാരന്‍ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ രാജാവ്. കുറിക്ക് കൊള്ളുന്ന മര്‍മ്മത്തില്‍ ചെന്നുപതിക്കുന്ന മിനുക്കിയെടുത്ത ചോദ്യമുനകളുമായാണ് പുതിയകാലത്തെ വായനക്കാരന്‍ നെറ്റില്‍ എത്തുന്നത്. ഒരു പക്ഷെ ഇന്റര്‍നെറ്റ് പൂര്‍വകാലത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കോ എഴുത്തുകാര്‍ക്കോ എന്തോ ഒരു തരം സംരക്ഷണ കവചം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് എന്ത് എന്നറിയാത്ത എഴുത്തുകാരുടെ വാചകമേള കസറത്തുകളും പുതിയ പുസ്തകങ്ങളും വരെ വിശദമായി ചര്‍ച്ച ചെയ്യുന്നു. മറ്റൊരു തരത്തില്‍ നവകാലത്തെ മാധ്യമപ്രവര്‍ത്തനവും എഴുത്തും ഇന്റര്‍‌നെറ്റിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള നിരീക്ഷണകണ്ണുകള്‍ക്കുള്ളിലാണ്

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ മറ്റൊരു പ്രത്യേകത ഇതിന് വായനമാത്രമല്ല അജണ്ടയായുള്ളത്, സാമുഹികമായ പല വന്‍മാറ്റങ്ങള്‍ക്കും ഇന്ന് ഫേസ്ബുക്ക് ,ട്വിറ്റര്‍ എന്നിവ വേദിയാവുന്നുണ്ട് എന്നത് സ്‌മരണീയം. ഈജിപ്റ്റിലെ ഭരണമാറ്റമായാലും തിരഞ്ഞെടുപ്പില്‍ ജനങ്ങളിലേക്ക് നേരിട്ട് സംസാരിക്കാന്‍ ബരാക്ക് ഒബാമ ആയാലും ഉപയോഗിക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ജനതയെ തന്നെ. സമീപ കാലത്തെ ഇന്ത്യന്‍ സംസാരവിഷയമായ അന്നാ ഹസാരെ ഉപവാസവും ജനലോക്‍പാല്‍ ബില്ലും സക്രീയമായി ചര്‍ച്ച ചെയ്‌തതിന്റെയും വിവിധ സ്ഥലങ്ങളിലും മറ്റുമായി ചിതറിക്കിടന്ന പ്രവര്‍ത്തകരെ എകോപിപ്പിക്കാനായും ഉപയോഗിക്കപ്പെട്ടത് ഇതേ സാമൂഹിക ശൃംഖലയാണ്. ഫേസ്ബുക്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം അന്‍പത് കോടിയിലധികം വരും. അതായത് ലോകത്തിലെ എറ്റവും വലിയ മൂ‍ന്നാമത്തെ രാജ്യത്തിനെക്കാള്‍ വലുത് .ഇതാകട്ടെ ഇനിയും പുതിയ ഉപയോക്താക്കളെ ആകര്‍ഷിച്ച് മുന്നേറുകയും ചെയ്യുന്നു.

ഇന്റര്‍നെറ്റില്‍ അഭിരമിക്കുന്ന ചെറുപ്പക്കാര്‍ അരാഷ്ട്രിയവാദികളാണ് എന്ന വിമര്‍ശത്തിന്റെ മുന ഒരു ചെറിയ പങ്കോളം ഒടിയുന്ന വര്‍ത്തമാനങ്ങളും കേട്ടുതുടങ്ങി എന്നത് പക്വത പ്രാപിക്കുന്ന ഓണ്‍‌ലൈന്‍ സമൂഹത്തിന്‍െ ലക്ഷണമായി എടുക്കുന്നവരും ഉണ്ട്.

മാതൃഭൂമി ഓണ്‍‌ലൈനിന്റെ ടെക് പോര്‍ട്ടലില്‍ വന്ന ഈ വാര്‍ത്ത തന്നെ ഇതിന് അടിവരയിടുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇന്റര്‍നെറ്റ്, പ്രത്യേകിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ വലിയ പങ്കു വഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കീഴിലെ ഹ്യുമാനിറ്റീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടാണ് പഠനം നടത്തിയത്.
പുതിയ തലമുറയില്‍ പെട്ട 2500 പേരുടെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകല്‍ ഏതാനും വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ചായിരുന്നു പഠനം. ചെറുപ്പക്കാര്‍ അവരുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള പ്രവണത, അവസരം കിട്ടുമ്പോഴൊക്കെ കാട്ടുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. കൂടുതല്‍ ഉത്തരവാദിത്വമുള്ള പൗരന്‍മാരായി മാറാന്‍ ചെറുപ്പക്കാര്‍ക്ക് ഇത് അവസരമൊരുക്കുന്നു.
പരമ്പരാഗതമായ രീതിയിലുള്ള രാഷ്ട്രീയവാര്‍ത്തകളോടും വിശകലങ്ങളോടും ചെറുപ്പക്കാര്‍ പൊതുവെ പ്രതികരിക്കാറില്ല. അതേസമയം തങ്ങളുടെ ഭരണകൂടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും ചിന്തകളും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പങ്കിടാന്‍ അവര്‍ തയ്യാറാകുന്നു.
ഒരു തലമുറ മുമ്പത്തെക്കാള്‍ വേഗത്തില്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയ ധാരണകളുണ്ടാക്കാന്‍ കഴിയുന്നതില്‍ അത്ഭുതമില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. രണ്ടുതരത്തിലാണ് പൊതുവെ ചെറുപ്പക്കാരില്‍ രാഷ്ട്രീയബോധമെത്തുന്നത്. ആദ്യം മാതാപിതാക്കളുടെ രാഷ്ട്രീയത്തില്‍ നിന്ന്. രണ്ടാംഘട്ടമായി, തങ്ങളുടെ ധാരണകള്‍ എതിര്‍ക്കപ്പെടുകയും അനുകൂലിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്ന പൊതുഇടങ്ങളില്‍ നിന്ന്.
സൈബര്‍യുഗത്തില്‍ ഈ രണ്ടാംഘട്ടത്തെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ഇടപെടലുകള്‍ സ്വാധീനിക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും, അവയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സഹായിക്കുന്നു. വെബ്ബിലൂടെ നടക്കുന്ന ഈ 'രാഷ്ട്രീയവത്ക്കരണം' തെരുവുകളിലേക്ക് വ്യാപിക്കുന്നതിന് ലോകമിപ്പോള്‍ സാക്ഷിയാവുകയാണ്. ഭരണകൂടങ്ങള്‍ തന്നെ അതുവഴിനിലംപൊത്തുന്നു.ഫെയ്‌സ്ബുക്കും ട്വിറ്ററും മാത്രമല്ല, മറ്റനേകം മാര്‍ഗങ്ങളിലൂടെയും പ്രാദേശികമോ അന്താരാഷ്ട്ര തലത്തിലോ നടക്കുന്ന കാര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നതായി പഠനം പറയുന്നു.

*****

ഇന്റര്‍നെറ്റും അതിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഉപാധികളും ഇതുവരെ പങ്കാളിത്തമില്ലാതിരുന്ന പൊതുജനങ്ങള്‍ക്ക് , പ്രത്യേകിച്ച് യുവാക്കള്‍ക്ക് ആഗോള സമൂഹത്തില്‍ ഇടംനേടിക്കൊടുക്കുക മാത്രമല്ല പലനിര്‍ണായകമായ തീരുമാനങ്ങള്‍ക്കും കാരണമാക്കുകയും ചെയ്യുന്നു. Knowledge is Power ( അറിവാണ്‌ ശക്‌തി ). അറിവിന്‍െറ നീതിപൂര്‍വമായ വിതരണമാണ്‌ സമൂഹത്തിന്‍െറ നിലനില്‍പ്പിനാധാരം. ഇതിന്‌ ഇ-വായന സഹായകമാകുമെങ്കില്‍ വിവിധ സാമൂഹിക മേഖലകളിലേക്ക് അറിവിന്‍െറ നേട്ടം വളരെ പെട്ടെന്ന്‌ എത്തും. കഴിഞ്ഞ പത്തുവര്‍ഷത്തെ സാങ്കേതികവളര്‍ച്ച അതിനുമുമ്പ്‌ അമ്പതുവര്‍ഷം ഉണ്ടായതിനേക്കാള്‍ മികവാര്‍ന്നതാണെന്ന്‌ കാണാം. ഇതിനു സഹായിച്ചത്‌ ഇലക്‌ട്രോണിക്‌ വിനിമയോപാധികളാണെന്നത്‌ വസ്‌തുതയുമാണ്‌, മാത്രമല്ല മറ്റേതു വായനാ ഉപാധികളേക്കാള്‍ ചിലവ് കുറഞ്ഞതും സമസ്ത ജനവിഭാഗങ്ങളിലേക്ക് വളരെപ്പെട്ടെന്ന് എത്താന്‍ സാധിക്കുന്ന ഘടനയും ഇന്റര്‍നെറ്റിനെ ഒഴിവാക്കാനാകാത്ത ഘടകങ്ങളിലൊന്നാക്കുന്നു.

(ലേഖകന്റെ ഇ മെയില്‍ : adarshpillai@gmail.com ട്വിറ്റര്‍ /ഫേസ്ബുക്ക് : @VKadarsh)

Subscribe Tharjani |