തര്‍ജ്ജനി

മുഖമൊഴി

തിരുവനന്തപുരത്തെ നിധി

രാഷ്ട്രീയകേരളം പതിവുപോലെ അദ്ധ്യയനവര്‍ഷാരംഭത്തിലെ പ്രൊഫ‍ഷനല്‍ കോളേജ് പ്രവേശനത്തെക്കുറിച്ച് തര്‍ക്കിച്ചും ആരോപണങ്ങളുന്നയിച്ചും സമരംചെയ്തും മുന്നേറുമ്പോഴാണ് ലോകശ്രദ്ധയാകര്‍ഷിച്ച നിധിപരിശോധനയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലെ നിധിനിക്ഷേപം തുറന്ന് പരിശോധിച്ച് കണക്കെടുക്കുവാനുള്ള സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട ഏഴംഗസമിതിയാണ് നൂറ്റാണ്ടുകളോളം തുറക്കപ്പെട്ടിട്ടില്ലാത്ത നിലവറകള്‍ പരിശോധിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത അളവിലുള്ള സമ്പത്താണ് നിലവറകളില്‍ കണ്ടെത്തിയതെന്നതിനാല്‍ പരിശോധനയുടെ ആദ്യദിവസം തന്നെ നിധിനിക്ഷേപം വലിയ വാര്‍ത്തയായി.

ടി. പി. സുന്ദരരാജന്‍ എന്ന ഒരു അഭിഭാഷകന്റെ ഹരജിയില്‍ നിന്നുമാണ് ഇപ്പോഴത്തെ നിധിപരിശോധന ആരംഭിക്കുന്നത്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സമ്പത്ത് ശരിയായ രീതിയില്‍ പരിപാലിക്കപ്പെടുന്നില്ലെന്ന് പരാതിയുള്ള സുന്ദരരാജന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവത്രെ. ക്ഷേത്രസമ്പത്തിന്റെ അവകാശികള്‍ രാജകുടുംബമല്ലെന്ന നിലപാടാണ് തിരുവിതാംകൂര്‍ രാജകുടുംബം അവലംബിക്കുന്നത്. 2007 ആഗസ്തില്‍ ക്ഷേത്രസമ്പത്തിന്റെ കണക്കെടുക്കാന്‍ ക്ഷേത്രഭരണസമിതി തീരുമാനിച്ചെങ്കിലും രണ്ട് ഭക്തര്‍ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു. 2009 ഡിസംബറിലാണ് സുന്ദരരാജന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. തിരുവിതാംകൂര്‍ രാജാവിന് ക്ഷേത്രത്തിനുമേലുള്ള അധികാരമാണ് സുന്ദരരാജന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. 2011 ഫെബ്രവരിയില്‍ ജസ്റ്റീസ് സി. എന്‍. രാമചന്ദ്രന്‍നായരും ബി.പി. റേയും നല്കിയ വിധിയില്‍ ക്ഷേത്രം ഏറ്റെടുക്കുവാനും സമ്പത്തിന്റെ കണക്ക് ചിട്ടപ്പെടുത്തുവാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇത് ചോദ്യംചെയ്ത് മാര്‍ത്താണ്ഡവര്‍മ്മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ക്ഷേത്രം ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം സ്റ്റേ ചെയ്തുവെങ്കിലും സമ്പത്തിന്റെ കണക്കെടുക്കുവാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയുണ്ടായി. നിധികഥയുടെ പശ്ചാത്തലം ഇതാണ്.


അഡ്വ. സുന്ദര്‍രാജന്‍

കഥയെന്തായാലും ലോകം അമ്പരന്നുപോയ ഈ നിധിയുടെ മുന്നില്‍ എന്താണ് ചെയ്യേണ്ടെതെന്നറിയാതെ കേരളം. രാജവംശത്തിന്റേതായാലും ദേവസ്വത്തിന്റേതായാലും നിധി നിധിയായി സൂക്ഷിക്കുകയല്ലാതെ തരമില്ല. കാരണം, പൈതൃകസംരക്ഷണത്തിനായുള്ള ഇന്ത്യന്‍ നിയമം അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത് എന്ന വിഭാഗത്തില്‍ പെടുന്നതാ‍ണ് ഈ നിധി. സ്വര്‍ണ്ണനിര്‍മ്മിതമായ വസ്തുക്കളും രത്നങ്ങളുമെല്ലാമുള്ള ഈ നിധിശേഖരം ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ചതാവും. അഞ്ചാം നൂറ്റാണ്ടിലെ ദിവ്യപ്രബന്ധത്തില്‍ വൈഷ്ണവകവിയായ ആള്‍വാര്‍ പാടിപ്പുകഴ്ത്തിയ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. കുലശേഖരപരമ്പരയുടെ അവസാനത്തിന് ശേഷം രൂപപ്പെട്ട മൂന്ന് പ്രബലകോയ്മകളിലൊന്നായ വേണാട് സ്വരൂപത്തിന്റെ അധീനതയിലായിരുന്നു പിന്നീട് ഈ ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മ(1729-58)യുടെ കാലത്താണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം ഭരണവുമായി നേരിട്ട് ബന്ധമുള്ളതാവുന്നത്. എട്ടുവീട്ടില്‍പിള്ളമാരെ അമര്‍ച്ചചെയ്തും മറ്റ് എതിരാളികളെ കീഴടിക്കിയും കെട്ടിപ്പടുത്ത തന്റെ സാമ്രാജ്യം മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭന് അടിയറവെച്ചു. തൃപ്പടിദാനം എന്ന് വിളിക്കപ്പെട്ട ഈ അടിയറവെക്കലിനുശേഷം തിരുവിതാംകൂറിലെ ഭരണാധികാരികള്‍ ശ്രീപത്മനാഭന്റെ ദാസനായി, പ്രതിപുരുഷനായി ഭരണം നടത്തുന്നവരായി. രാജ്യത്തിന്റെ സ്വത്തും രാജാവിന്റെ സ്വത്തും ദേവന്റെ സമ്പത്തും എല്ലാം ഒന്നായിമാറുന്ന ഒരു അവസ്ഥയാണ്. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിലൊന്ന് പണ്ടാരവക എന്ന പേരിലുള്ളതാണ്. അത് രാജാവിന്റെ സ്വത്താവാം. അവ രാജാവിന് ലഭിച്ച ഉപഹാരങ്ങളാവാം, കീഴടക്കിയ രാജ്യങ്ങളില്‍നിന്നും പിടിച്ചെടുത്തതാവാം, പിഴയായി ഈടാക്കിയതാവാം, അങ്ങനെ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി ആര്‍ജ്ജിച്ച സമ്പത്തായിരിക്കാം പണ്ടാരവകയായി ക്ഷേത്രത്തിന് സമര്‍പ്പിച്ചത്, അല്ലെങ്കില്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചത്.

പല നൂറ്റാണ്ടുകളൂലൂടെ സമാര്‍ജ്ജിതമായ ഈ സമ്പത്ത് ക്ഷേത്രസ്വത്തായാലും രാജകുടുംബത്തിന്റെ സമ്പത്തായാലും പുരാവസ്തുവെന്ന ഗണത്തില്‍പ്പെടുന്നതാണ്. അതിനാല്‍ പുരാവസ്തുക്കളെ സംബന്ധിക്കുന്ന ഇന്ത്യയിലെ നിയമങ്ങള്‍ക്കു് വിധേയമായി മാത്രമേ ഇത് കൈകാര്യം ചെയ്യാനാവുകയുള്ളൂ. പുരാവസ്തുസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കോളനിഭരണകാലത്തുതന്നെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു. 1878ലെ ഇന്ത്യന്‍ ട്രഷര്‍ട്രോവ് ആക്ട്, 1904ലെ ആന്‍ഷ്യന്റ് മോണുമെന്റ്സ് പ്രിസര്‍വേഷന്‍ ആക്ട്, സ്വതന്ത്രഭാരതത്തില്‍ 1951ലെ ആന്‍ഷ്യന്റ് ആന്റ് ഹിസ്റ്റോറിക്കല്‍ മോണുമെന്റ്സ് ആന്റ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്റ് റെമ്നെന്റ് ആക്ട്, 1972ലെ ആന്റിക്വിറ്റീസ് ആന്റ് ആര്‍ട്ട് ട്രഷര്‍ ആക്ട്, 1973ലെ ആന്റിക്വിറ്റീസ് ആന്റ് ആര്‍ട് ട്രഷര്‍ റൂള്‍സ് എന്നിവയാണത്. ഈ നിയമങ്ങളെല്ലാം നിധി പുരാവസ്തുവെന്നനിലയില്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാരിനുള്ള ബാദ്ധ്യത വ്യക്തമാക്കുന്നു.

കേരളത്തില്‍ കമ്യൂണിസം പടരുന്ന കാലഘട്ടത്തില്‍ അമ്പലങ്ങള്‍ക്ക് തീകൊളുത്തണമെന്നും അവയെല്ലാം വിദ്യാലയങ്ങളാക്കണമെന്നുമെല്ലാം പ്രസംഗിച്ചവരുണ്ട്. എന്നാല്‍ ഇക്കാലത്ത് കമ്യൂണിസ്റ്റുകാരെപ്പോലെ ക്ഷേത്രതല്പരര്‍ വേറെ കാണുമോ എന്ന് സംശയമാണ്. അതിനാല്‍ കണ്ടെടുത്ത നിധി ഉപയോഗിച്ച് വ്യവസായം തുടങ്ങണമെന്ന് അവര്‍ വാദിക്കാനിടയില്ല. ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നെല്ലാം വാദിക്കുന്നവരുണ്ട്. പക്ഷെ, നിയമത്തിന്റെ വഴിയെ പോവുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല.

Subscribe Tharjani |
Submitted by Subrahmanya Sharma (not verified) on Tue, 2011-07-19 12:29.

അതിനാല്‍ കണ്ടെടുത്ത നിധി ഉപയോഗിച്ച് വ്യവസായം തുടങ്ങണമെന്ന് അവര്‍ വാദിക്കാനിടയില്ല. ജനോപകാരപ്രദമായ വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നെല്ലാം വാദിക്കുന്നവരുണ്ട്.
Malayalees can make little use of the gold , which they have in plenty .It remains to protect the treasure from predator bankers of Mumbai , who are more inventive than the comrades.

Submitted by Anasuya Poduval (not verified) on Wed, 2011-08-17 17:04.

The mention in the last paragraph of this articles about Communist views is not,one feels, in good taste. Was it necessary?