തര്‍ജ്ജനി

ഷൈന ഷാജന്‍

മെയില്‍: shainashajan@gmail.com
ബ്ലോഗ്: http://alayothungiya.blogspot.com/

Visit Home Page ...

കവിത

അവന്‍, അവളെ കണ്ടെത്തിയപ്പോള്‍

ജീവിതം നിശ്ചലതകള്‍ക്കിടയില്‍
ഉപേക്ഷിക്കപ്പെട്ട ഒരു നാളില്‍
അസ്തമയശോഭയ്ക്കിടയിലൂടെ
അവന്‍ കടന്നു വന്നു.
ഇരിപ്പിടങ്ങളില്‍ സ്വസ്ഥമായിരിക്കുന്നവര്‍
പരദേശിയുടെ വരവ്
ഗൌനിച്ചതേയില്ല

സൌഹൃദശൂന്യമായ അരുവികളിലൂടെ
തുഴയുകയായിരുന്നു ഞാന്‍
ചുട്ടു പൊള്ളുന്ന കോണിപ്പടികള്‍
ചവിട്ടിക്കയറുന്ന എന്റെ ജീവിതം
ആകസ്മികതകളെ കണ്ടെത്തുന്നു.
അവന്‍
ആകസ്മികതകളിലേക്കുള്ള
എന്റെ വഴികാട്ടിയായി.

കുന്നിന്‍ ചെരുവില്‍ പ്രതിധ്വനിച്ച
കരച്ചില്‍ പോലെ
അവനെന്നെ കണ്ടെത്തി
ഉരിയാടുന്ന ഓരോ വാക്കും
അവന്റെ സാന്നിദ്ധ്യത്തെ
വില്ലു പോലെ എയ്തു കൊണ്ടിരുന്നു.
ചിതറിയലയുന്ന അനാഥമായ
എന്റെ നോട്ടത്തെ
അവന്‍ പിടിച്ചു കെട്ടി.

നീ ഉറങ്ങു എന്ന്
കട്ടിലും തലയിണയും രാവും
നമ്മോടു പറയുന്നില്ല.
എന്നെ കണ്ടെത്താനും
ആരും അവനോട്
പറഞ്ഞിട്ടുണ്ടാവില്ല.

വിധിയുടെ ഉച്ഛ്വാസങ്ങളുയരുന്ന തെല്ലില്‍
മരണത്തില്‍ നിന്നു മടങ്ങി വരുന്ന
ഒരു അലറല്‍ പോലെ,
എന്നെ കണ്ടെത്താനായി
വര്‍ഷങ്ങളിത്രയും
കഴിയേണ്ടതുണ്ടായിരുന്നോ?

ശേഷം -
എന്റെ വേപഥുക്കളൊക്കെയും
കടലെടുക്കുന്ന ശബ്ദം
ഞാന്‍ കേള്‍ക്കുന്നു.
ഇപ്പോള്‍-
കിളിവാതിലിലേക്കു നോക്കുമ്പോഴൊക്കെ
താഴെ, പുഴയില്‍
ശുഭകരമല്ലാതെ
മറ്റൊന്നും കാണുന്നില്ല.

Subscribe Tharjani |