തര്‍ജ്ജനി

മുഖമൊഴി

സംരക്ഷണം വേണ്ട അഴിമതികള്‍

അഴിമതിവാര്‍ത്തകളെപ്പോലെ അഴിമതിവിരുദ്ധതയും വമ്പിച്ച വാര്‍ത്തയാവുന്നുവെന്ന വിചിത്രപരിണതിയാണ് കഴിഞ്ഞദിവസങ്ങളില്‍ നാം കണ്ടത്. അസത്യം പറയരുത്, കളവ് ചെയ്യരുത് എന്നെല്ലാം കഥകളിലൂടെയും പാട്ടിലൂടെയും കൊച്ചുകുട്ടികളെ പഠിപ്പിക്കുകയും വാക്കാല്‍ പറഞ്ഞുറപ്പിക്കുകയും ചെയ്യുക നമ്മുടെ പരമ്പരാഗതരീതിയാണ്. എന്നാല്‍ കുട്ടികള്‍ കളവ് പറയാതിരിക്കുമെന്നും ചില്ലറ തട്ടിപ്പും കൌശലവും കാണിക്കാതിരിക്കില്ലെന്നും നമ്മുക്കറിയാം. അങ്ങനെയല്ലാത്ത കുട്ടികള്‍ക്ക് പ്രായോഗികമതികളാവാനുള്ള ഉപദേശം നല്കി നേരെയാക്കാനും നമ്മള്‍ തന്നെ ശ്രമിക്കും. ഈ കപടലോകത്തില്‍ ആത്മാര്‍ത്ഥമാം ഹൃദയമുണ്ടായതാണെന്‍ പരാജയം എന്നത് നമ്മുടെ മുദ്രാവാക്യമാക്കുന്നതിനെ കുഞ്ഞുണ്ണിമാഷ് പണ്ട് പരിഹസിച്ചതും അക്കാരണത്താല്‍ തന്നെയാണ്. അദ്ദേഹം തിരുത്തി: ഇക്കപടലോകത്തില്‍ എന്‍ കാപട്യം ഏവരും കാണ്മതാണെന്‍ പരാജയം.

ആദര്‍‍ശാത്മകതയോട് തത്വത്തില്‍ യോജിച്ചും പ്രയോഗത്തില്‍ സുരക്ഷിതമായ അകലം പാലിച്ചും നാം നിര്‍വ്വഹിച്ചു പോരുന്ന ജീവിതത്തിന്റെ സവിശേഷതകളിലൊന്ന് ആദര്‍ശപ്രസംഗം ചെയ്യാനും കേള്‍ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള താല്പര്യം. അതിനാല്‍ യാതൊരു അപകടവുമില്ലാത്ത വിധത്തില്‍ ആദര്‍ശാഭിമുഖ്യം വാക്കില്‍ പ്രകടിപ്പിക്കുകയും ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ചെയ്യുക വലിയ വിഷമമുള്ള കാര്യമല്ല, നമ്മുക്ക്. സ്കൂള്‍, കോളേജ് പ്രവേശനത്തിന് ക്യാപിറ്റേഷന്‍ ഫീ നല്കുന്നതില്‍ യാതൊരു ആദര്‍ശഭംഗവും നാം കാണുന്നില്ല. ബി.എഡിന് കാശുകൊടുത്ത് പ്രവേശനം നേടുകയും കാശുകൊടുത്ത് മാനേജ്മെന്റ് സ്കൂളില്‍ ജോലിനേടുകയും ചെയ്താല്‍ നമ്മുടെ പ്രദേശത്ത് ആദര്‍ശവാചികതയുടെ പുതിയ ഒരു അവതാരം ഉദയം ചെയ്യും. കാശുകൊടുത്ത് കോളേജില്‍ ജോലി വാങ്ങിയാല്‍ സംസ്ഥാനതലത്തില്‍ ആദര്‍ശാത്മകതയുടെ പരിമളം പരത്താം. സര്‍ക്കാരോഫീസിലെ ഗാന്ധിയന്‍ സംഘടനയും മാര്‍ക്സിയന്‍ സംഘടനയും ചില്വാനം വാങ്ങുന്ന കാര്യത്തില്‍ തത്വത്തിലും പ്രയോഗത്തിലും യോജിപ്പുള്ളവരാണ്. പൊതുവേദികളില്‍ മാത്രമല്ല സ്വന്തം കാര്യത്തിലും അഴിമതിവിരുദ്ധരായി സ്വയം വിലയിരുത്തുന്ന ഇവരെല്ലാം പ്രായോഗികകാരണങ്ങളാല്‍ ചില്ലറ അഴിമതിയോ ക്രമക്കേടോ കാണിക്കുന്നവരാണു്. കുറഞ്ഞ പക്ഷം അങ്ങനെ കരുതാന്‍ ഇഷ്ടപ്പെടുന്നവരാണ്. പരസ്യമായി അഴിമതിയെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തിലെ അപൂര്‍വ്വജനുസ്സാണു്. അഴിമതിക്കേസില്‍ ജയിലിലായാലും അഴിമതിവിരുദ്ധതതന്നെയേ പറയൂ എന്ന് നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതുമാണല്ലോ.

സര്‍ക്കാരോഫീസിലെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ ഉറുപ്പിക നോട്ടില്‍ കാണാപ്പൊടി പുരട്ടി കെണിയില്‍വീഴ്ത്തി പിടികൂടുന്ന തന്ത്രം വലിയ വിസ്മയത്തോടെയാണ് അതിറങ്ങിയ കാലത്ത് പത്രങ്ങളില്‍ വായിച്ചത്. ശരിയായി ആസൂത്രണം ചെയ്ത നാടകമായിട്ടാണ് ഈ അഴിമതിക്കാരനെ സംഹരിക്കുന്നത്. അത് പത്രവാര്‍ത്തയാവുന്നതോടെ രംഗത്തിന് തിരശ്ശീല വീഴുന്നു. അതിനു ശേഷം എന്തു് സംഭവിക്കുന്നുവെന്നറിയാന്‍ ആരെങ്കിലും താല്പര്യം കാണിച്ചിരുന്നെങ്കില്‍ ഈ നാടകം അസംബന്ധനാടകം തന്നെയെന്ന് വിളിച്ചു പറയേണ്ടി വരും. അഴിമതിക്കാരനാണ് അങ്ങനെയല്ലാത്തവനെ അപേക്ഷിച്ച് ഭരണസ്വാധീനം ആവശ്യമുള്ളത്. സാധാരണക്കാരന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കും വിശേഷാവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടിവരില്ല. നാട്ടുനടപ്പും സൌകര്യവും അനുസരിച്ച് അവര്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കും. എന്നാല്‍ സ്വന്തം പ്രവര്‍ത്തനം തന്നെ അഴിമതിയില്‍ അധിഷ്ഠിതമായി നിര്‍വ്വഹിക്കുന്ന ഒരാള്‍ ഭരണസ്വാധീനം ഉപയോഗിച്ചല്ലാതെ പ്രവര്‍ത്തിക്കാനാവാത്തവനാണ്. പി. എസ്. സി വഴി നടത്തുന്ന നിയമനം സ്വന്തം നിലയില്‍ നിര്‍വ്വഹിച്ച കേസിലെ നായകന്‍ അക്കാലത്തെ ഭരണകക്ഷിയുടെ സര്‍വ്വീസ് സംഘടനയുടെ നേതാവായിരുന്നല്ലോ. സര്‍ക്കാര്‍ സംവിധാനവുമായുള്ള ബന്ധമില്ലാതെ നടത്തുന്ന ക്രമക്കേടിനെ നാം മോഷണം, കളവ് എന്നെല്ലാം വിളിക്കുന്നുവെന്ന് സിദ്ധാന്തിച്ചാലും തെറ്റില്ല. സര്‍ക്കാര്‍സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ ക്രമക്കേട്, അഴിമതി എന്നിങ്ങനെയുള്ള വാക്കുകളേ ഉപയോഗിക്കാനാവൂ. അപേക്ഷകന് കിട്ടേണ്ട സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ കിട്ടണമെങ്കില്‍ ചില്വാനം വേണമെന്ന സൂചന നല്കി കാത്തിരുന്ന്, നക്കാപ്പിച്ച വാങ്ങി കടലാസ്സ് ശരിയാക്കിക്കൊടുക്കുന്ന ഗുമസ്തന്റെ അഴിമതി പൊടിപുരട്ടി ഉറുപ്പിക കൊടുത്തു പിടിക്കാം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തി നടത്തുന്ന ഇടത്തരം, വന്‍കിട അഴിമതി പിടികൂടാന്‍ പൊടിപുരട്ടിയ നോട്ടിന്റെ സാങ്കേതികവിദ്യ അപര്യാപ്തമാണ്. അച്ചടിമാദ്ധ്യമങ്ങളുടെ കാലത്തില്‍ നിന്നും ദൃശ്യമാദ്ധ്യമത്തിന്റെ കാലമാവുമ്പോഴേക്കും പുതിയ സാങ്കേതികവിദ്യ പലതും നിലവില്‍ വന്നു. ഫൌണ്ടന്‍പെന്നിനെ വലുപ്പമുള്ള ക്യാമറ, കുപ്പായക്കുടുക്കിനോളം ചെറിയ ക്യാമറ, ഒളിപ്പിച്ച് ശബ്ദം രേഖപ്പെടുത്താവുന്ന സ്വനഗ്രാഹികള്‍.... ഇവയെല്ലാം അഴിമതിക്കാരനെ കാണികളുടെ മുമ്പില്‍ ചലിക്കുന്ന ചിത്രവും ശബ്ദവുമായി പ്രത്യക്ഷപ്പെടുത്തുന്നു. അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാലെന്നപോലെ. ഇല്ലാത്ത കമ്പനിയുടെ പേരില്‍ കച്ചവടം നടത്താന്‍വന്നവരുമായി വിലപേശുന്ന രാഷ്ട്രീയനേതാവിനെ ദില്ലിയിലെ ടെലിവിഷന്‍ചാനല്‍ കാണിച്ചപ്പോള്‍ ഒളിക്യാമറയുടെ ശക്തി നാം മനസ്സിലാക്കി. വാക്ക്കൊണ്ട് നിഷേധിച്ച് രക്ഷപ്പെടാനാവാത്ത അവസ്ഥയില്‍ കുടുങ്ങിപ്പോയ ആദര്‍ശപ്രസംഗക്കാരന്റെ അവസാനമായി ഇത്തരം ഓരോ വെളിപ്പെടുത്തലുകളും. രാഷ്ട്രീയക്കാര്‍ എല്ലാ കാലത്തും വ്യവസായികള്‍ക്ക് ഭരണസംവിധാനം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്കി പ്രത്യുപകാരം കൈപ്പറ്റിയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണു്. എന്നാല്‍ ഇത്തരം പ്രത്യുപകാരങ്ങള്‍ കണക്കില്‍പ്പെടാത്ത ഇടപാടുകളാണെന്നിനാല്‍ കിട്ടിയവന്‍ കൊണ്ടുപോകും. കിട്ടാത്തവന്‍ കിട്ടാനുള്ള പുതിയ വഴികളും ഇടപാടുകളും തേടുകയും ചെയ്യും. ഇങ്ങനെ വികസിച്ചുവന്ന ഒരു സംസ്കാരമാണ് രാഷ്ടീയക്കാരന്റെ അഴിമതിയുടേത്. പാര്‍ട്ടികള്‍ നടത്തിക്കൊണ്ടുപോകാന്‍ ഒരുപാട് കാശുവേണമെന്നും ഇക്കാലത്താണ് ഗാന്ധി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെങ്കില്‍ തങ്ങള്‍ ചെയ്യുന്നതു് തന്നെയാവും ചെയ്യുകയെന്ന് അണ്ണാ ഹസാരെയുടെ സമരം നടക്കുന്ന കാലത്ത് കര്‍ണ്ണാടകയിലെ ഒരു നിഷ്കളങ്കരാഷ്ട്രീയക്കാരന്‍ പറയുകയുണ്ടായി. മിടുക്കന്മാര്‍ മിണ്ടാതിരുന്നതേയുള്ളൂ. അഴിമതിവിരുദ്ധസമരത്തിനിടയില്‍ നുഴഞ്ഞുകയറി ആളാവാന്‍ ഹസാരെയുടെ അനുയായികള്‍ ഒരു രാഷ്ട്രീയക്കാരനേയും അനുവദിച്ചുമില്ല.

പഴയതുപോലെയല്ല അഴിമതിയുടെ വര്‍ത്തമാനകാലം. ആദര്‍ശപ്രസംഗം കേട്ട് ആരെയും അഴിമതിമുക്തനായി നിഷ്കളങ്കന്മാര്‍പോലും കരുതാറില്ല. വിവരാവകാശനിയമം പോലെയുള്ള നിയമങ്ങളും കോടതിയും മാദ്ധ്യമങ്ങളും ചേര്‍ത്ത് പണ്ടത്തേതിനേക്കാള്‍ മോശം അവസ്ഥ ക്രമക്കേടുകാര്‍ക്കും അഴിമതിക്കാര്‍ക്കും ഉണ്ടാക്കിത്തീര്‍ത്തിരിക്കുന്നു. പണ്ടൊക്കെ പരമാവധി അഴിമതിആരോപണത്തില്‍ നില്ക്കുമായിരുന്നു. ഏറിയാല്‍ ഒരന്വേഷണവും. കൂടിപ്പോയാല്‍ കേസും വരും. പക്ഷെ ആരും ശിക്ഷിക്കപ്പെടില്ല. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ. നിരപരാധികളായ പൊതുജനത്തെ മറക്കാം, അവരുടെ താല്പര്യത്തെ അവഗണിക്കാം, അവരെ വിഡ്ഢികളാക്കുകയുമാവാം. പക്ഷെ പരശതം കോടികളുടെ അഴിമതിയുടെ കഥകള്‍ പുറത്തുവരുന്ന കാലത്ത് പൊടിയിട്ടുപിടിക്കപ്പെട്ട നൂറുരൂപ അഴിമതിക്കാരന്‍പോലും അഴിമതിവിരുദ്ധപ്രസ്ഥാനത്തില്‍ ചേര്‍ന്നുപോകും. ഹസാരെ സമരത്തിനിറങ്ങിയപ്പോള്‍ രാജ്യം മുഴുവന്‍ അതിനുപിറകെ പോയത് ഇക്കാരണത്താലാണ്.

ഹസാരെ വീണ്ടും സത്യാഗ്രഹത്തിനിറങ്ങുകയാണ്. അതിനിടെ ബാബാ രാംദേവ് എന്ന യോഗഗുരു സമരവുമായി വന്നു് പരാജയം ഏറ്റുവാങ്ങി. കോടികളുടെ ആസ്തിയുമായി ആത്മീയത വിറ്റുനടക്കുന്ന യോഗഗുരുവിന്റെ സമരത്തെ വലുതാക്കുകയും പൊളിക്കുകയും ചെയ്തത് സര്‍ക്കാരാണ്. സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലായ കപില്‍ സിബല്‍ എന്ന മന്ത്രിയായിരുന്നു ഈ കളിയിലെ പ്രമുഖന്‍. പരസ്പരം ആരാപണങ്ങളുന്നയിച്ചും പരസ്പരം പറ്റിച്ചും അഴിമതിവിരുദ്ധസമരമല്ലാത്ത മറ്റെന്തോ ആണ് നടന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ, ഹസാരെയ്ക്കും അഴിമതിവിരുദ്ധതയ്കും എതിരെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇന്ന് ചിലരെങ്കിലും പരസ്യമായി രംഗത്തുണ്ട്. ലോക്‍പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയും മറ്റും വരാമോ എന്ന തര്‍ക്കം അവരില്‍ നിന്നാണ് ആരംഭിക്കുന്നത്. അഴിമതിക്കാരില്‍ ചിലരുടെ അഴിമതിക്ക് സംരക്ഷണം വേണം എന്നാണോ? വിദേശബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട ഇന്ത്യന്‍ കള്ളപ്പണത്തിന്റെ വിവരം പുറത്തുവിടണം എന്ന ആവശ്യത്തോട് നിഷേധാത്മകമായി പെരുമാറുന്നവര്‍, സംരക്ഷണം ആവശ്യമുള്ള അഴിമതികളുണ്ടെന്നാണല്ലോ നമ്മോട് പറയുന്നത്. എല്ലാ കാര്യങ്ങളും നേരിട്ട് പറയണമെന്നില്ലല്ലോ.

Subscribe Tharjani |
Submitted by sivapraad.a.v. (not verified) on Wed, 2011-06-15 21:18.

അഴിമതിക്കാര്യം: അഴിമതിയെപ്പറ്റി കേട്ടുകേട്ടു മടുത്തു. ഇതിനൊരു പരിഹാരം ഉണ്ടായാല്‍ മതിയായിരുന്നു. ഇന്ത്യയെപ്പോലുള്ള മൂന്നാം നാലാം രാജ്യങ്ങള്‍ വിഭവസമൃദ്ധമല്ല. ഉള്ള വിഭവങ്ങള്‍ക്ക് വര്‍ദ്ധിച്ച ആവശ്യക്കാരുണ്ടാകും. അപ്പോള്‍ കൈമടക്ക് കൊടുക്കുന്നവന് കാര്യം സാധിക്കാനാകുന്നു.

ചിദംബരകാര്യം: ഇതിലെ സത്യാവസ്ഥ എന്താണ്?

Submitted by Anonymous (not verified) on Thu, 2011-06-16 17:31.

സോണിയയ്ക്ക് സംരക്ഷണം ആവശ്യം? ഈ വാര്‍ത്താലേഖനം കാണുക: http://thestatesman.net/index.php?option=com_content&view=article&id=373111&catid=39