തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

വളര്‍ത്തുമൃഗം

ഏറ്റവും പതുപതുത്തതും
മിനുസമാര്‍ന്നതുമായ
രോമക്കുപ്പായങ്ങള്‍ കൊണ്ടാണല്ലോ
നിന്നെ ഞാന്‍ പുതപ്പിച്ചത്….!
എന്നിട്ടും നീയെന്താണ്
അതില്‍
ചത്ത പുഴുക്കളെ
മാത്രം കണ്ടത്..??!

ഈ ലോകത്തിലേയ്ക്കും വച്ച്
നല്ല മുന്തിരിപ്പഴങ്ങളാണല്ലോ
നിനക്കുള്ള പാനീയത്തില്‍
ഞാന്‍ ചേര്‍ത്തത്…!
എന്നിട്ടും നീയെന്തിനാണ്
അത് കാനയിലൊഴിച്ചത്….??!

നിനക്കു കയ്ച്ചേയ്ക്കുമെന്നു കരുതി
എന്നിലെയില്ലായ്മകളെ
അടുപ്പിലെരിയിച്ച്
ഏറ്റവും മാധുര്യമാര്‍ന്നതാണല്ലോ
നിനക്കു ഞാന്‍
വിളമ്പിയത്….!
എന്നിട്ടും നീയെങ്ങനെയാണ്
അതില്‍
ഉച്ഛിഷ്ടം മണത്തത്…??!

നിന്റെ ദുരാശ്ശങ്കകള്‍
എന്റെ ഉറക്കങ്ങളില്‍ തീമഴ പെയ്യിച്ചു.
രോമകുപ്പായങ്ങളും മുന്തിരിപ്പഴങ്ങളും
അതില്‍ കരിഞ്ഞു വീണു.
ഒടുവില്‍,
മുത്തച്ഛന്‍ തൂങ്ങിയാടിയ
ഓക്കു മരത്തിന്റെ
വ്രണപ്പാടുകളെ സാക്ഷിയാക്കി
നീ പറഞ്ഞു;
“ഞാന്‍ വെറും വളര്‍ത്തു മൃഗം…, താങ്കളോ
ഈ സാമ്രാജ്യത്തിന്റെ അധിപ!“

ഹൊ…………!!!
എന്റെ വളര്‍ത്തുമൃഗമേ,……
നിനക്കു മുറിഞ്ഞേയ്ക്കുമോയെന്നു ഭയന്ന്
ഞാനീ മൌനത്തെ
കൂട്ടുപിടിച്ചോട്ടെ…
എങ്കിലും എന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമേ,
കെട്ടിയിടാന്‍ മറന്നുപോയ
സ്നേഹത്തിന്റെ
കാവല്‍ക്കാരി ഞാന്‍!!!

Subscribe Tharjani |
Submitted by Ranjith chemmad (not verified) on Thu, 2011-06-09 00:59.

നന്നായിട്ടുണ്ട്...