തര്‍ജ്ജനി

പ്രശാന്ത് മിത്രന്‍

അശ്വതി
ടി.സി 28/1932
കിഴക്കേമഠം
ഫോര്‍ട്ട്.പി.ഒ.
തിരുവനന്തപുരം 23.
ഇ മെയ്ല്‍: pmithran@gmail.com

Visit Home Page ...

കവിത

മൂവിതള്‍

തുടുത്ത ഇതള്‍

രാധ,
എനിക്കു സംഗീതം,
സ്തുതിപാഠങ്ങളിലേക്കൂളിയിടാത്ത
മൗനത്തിന്റെ രാഗം
നാവോരങ്ങളില്‍ നിന്നു പിന്‍വാങ്ങിയ
വര്‍ണ്ണസൗഭഗം
അഗ്നിനാമ്പുകള്‍പോലെ ഒരു
ഐശ്വര്യസാന്നിദ്ധ്യം.
പിന്നെ?
പ്രണയത്തിന്റെ നൗകാഗൃഹങ്ങളില്‍
ഊറിനിറയുന്ന മധുരസം.

വെളുത്ത ഇതള്‍

സീത.
ഇഴപൊട്ടിവീണ മംഗല്യസൂത്രം
ദസ്യുക്കളുടെ അഴിമുഖം കടന്ന് അവള്‍
ആര്യാവര്‍ത്തത്തിലെത്തി.
അവിടെ,
പിരിയന്‍ ഗോവണിയിലൂടെ
ചുറ്റിച്ചുറ്റിക്കയറുമ്പോള്‍ അവള്‍ അന്വേഷിച്ചു:
"കടയോളം നീ ഒപ്പമില്ലേ?"
അവന്‍ പറഞ്ഞു:
" ഗുരുത്ത്വാകര്‍ഷണം നശിച്ചാല്‍
നിന്റെ മണ്ണിലേക്ക്‌ ഞാനങ്ങനെ താഴും?
ചുവക്കാത്ത ഒരു സന്ധ്യയില്‍
ഇനിയും നിനക്കെന്റെ സിതോപലം കയ്യേല്‍ക്കാം.
അതുവരെ വിലപിക്കാന്‍
നിന്നില്‍ ഞാനെന്റെ പാഥേയം നിക്ഷേപിച്ചിട്ടില്ലേ?
പിരിഞ്ഞു പൊയ്ക്കൊള്ളുക."

കരിഞ്ഞ ഇതള്‍

മണ്ഡോദരി
സ്രഷ്ടാവിന്റെ മൂശയിലുറഞ്ഞ കരി.
അബലയുടെ മടിക്കുത്തില്‍നിന്നും അംഗദന്‍
ആത്മീയ ചൈതന്യം ചോര്‍ത്തിക്കളഞ്ഞു.
അനുജന്‍ അഞ്ചാം പത്തിവീശി ആശംസിച്ചു:
'പാതിവ്രത്യം ദസ്യുക്കള്‍ക്കുള്ളതല്ല.'

ആറ്റിറമ്പിലിരുന്ന് സ്ഫടികത്തില്‍
ആകാശം കാണുന്നു നീ.
പിന്നില്‍ നിന്നേതു ചാട്ടുളി?
എന്റെ മണ്ണേ , എന്റെ മണ്ണേ,
നിന്റെമേലനുജന്റെ കണ്ണു വീണു.
കരടാണതില്‍ നിന്റെ പാതിവ്രത്യം.

നിനക്ക്‌ ഞാന്‍ ലങ്കയെക്കാളുയര്‍ന്ന
സിംഹാസനം നല്‍കുന്നു.

Subscribe Tharjani |