തര്‍ജ്ജനി

ആര്‍. ചന്ദ്രബോസ്

Visit Home Page ...

ലേഖനം

ഇടമലക്കുടിയിലെ മുതുവാന്‍സമൂഹം

ആദിവാസി ഗോത്രവിഭാഗമായ മുതുവാന്മാര്‍ അധിവസിക്കുന്ന ഇടുക്കിജില്ലയിലെ ഇടമലക്കുടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് വാര്‍ത്തകളിലിടം നേടുകയുണ്ടായി. കൊടുംവനത്തില്‍ ഒറ്റപ്പെട്ടും ചിതറിയും കിടക്കുന്ന ആദിവസിക്കുടികളെ ചേര്‍ത്ത് ഇടമലക്കുടിയെന്ന, സംസ്ഥാനത്തെ ആദ്യആദിവാസി പഞ്ചായത്ത് രൂപീകരിക്കുകയും ഏറെ സാഹസപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തുകയും പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഇടമലക്കുടി പഞ്ചായത്തില്‍ ഒരു ആദിവാസിവനിത പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേല്ക്കുകയും ചെയ്തതായിരുന്നു വാര്‍ത്താപ്രാധാന്യത്തിനു കാരണം.

സഹ്യപര്‍വ്വതം അതിന്റെ ഗംഭീരവും വന്യവുമായ കാഴ്ചകളൊരുക്കുന്ന രാജമലയ്ക്കും ആനമുടിക്കുമിടയിലെ താഴ്കാരങ്ങളില്‍ ബാഹ്യലോകവുമായി ബന്ധങ്ങളൊന്നുമില്ലാതെ കഴിഞ്ഞു പോകുന്ന 28 മുതുവാന്‍‌കുടികളെ ചേര്‍ത്താണ് ഇടമലക്കുടിയെന്ന ഗോത്രവര്‍ഗ്ഗ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. ഗോത്രാചാരങ്ങളില്‍ നിന്ന് വഴിമാറി മുഖ്യധാരാ പൌരസമൂഹത്തിന്റെ ഫയല്‍ രാഷ്ട്രീയവുമായി പൊരുത്തപ്പെടാന്‍ ഏറെയും നിരക്ഷരരായ, നിഷ്കളങ്കരായ, ഗോത്രപൈതൃകം കാത്തുസൂക്ഷിക്കുന്ന ഈ സമൂഹത്തിനാവുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

മുഖ്യധാരാസമൂഹത്തിന്റെ കാപട്യങ്ങളോട് പൊരുത്തപ്പെടാതെ, ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ചിതറിക്കിടക്കുന്ന നിരവധി ആദിവാസി ഗോത്രസമൂഹങ്ങളുണ്ട്. മയലര്‍, കുറുമ്പര്‍, മലവേടര്‍, കാണിക്കാര്‍, കുറുമര്‍, കുറിച്യര്‍, കാടര്‍, മലമ്പണ്ടാരം, പണിയര്‍, ഇരുളര്‍ തുടങ്ങിയ ഗോത്രസമൂഹങ്ങള്‍ പാരമ്പര്യവും തനിമയും കൈമോശം വന്ന് പൊതുധാരയില്‍ വിലയിച്ചു ചേര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തരാണ്‌ ഇടമലക്കുടിയിലെ മുതുവാന്‍ സമൂഹം. മറ്റ് ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി തനത് ആചാരങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് ഇവര്‍. മൂന്നാര്‍, ദേവികുളം, ഇടമലക്കുടി, ശാന്തന്‍‌പാറ എന്നിവിടങ്ങളിലാണ് ഇടുക്കിയില്‍ മുതുവാന്‍‌മാര്‍ അധിവസിക്കുന്ന സ്ഥലങ്ങള്‍.

ഇടമലക്കുടിയിലെ മുതുവാന്മാരുടെ വംശീയചരിത്രം തമിഴ് നാടുമായി ബന്ധപ്പെട്ടതാണെന്നാണ് നരവംശശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഭാഷ, വേഷം, ആചാരങ്ങള്‍ എന്നിവയില്‍ ഇവര്‍ പുലര്‍ത്തുന്ന തമിഴ് ബന്ധമാണ് ഈ നിരീക്ഷണത്തിന് അടിസ്ഥാനം. സഹ്യപര്‍വ്വതങ്ങളിലെ ഇടതൂര്‍ന്ന വനങ്ങളില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിച്ച് രാജാക്കന്മാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന വിശ്വസ്തസേവകരായിരുന്നു മുതുവാന്മാര്‍ എന്നത്രേ ഇവരെക്കുറിച്ചു പ്രചരിക്കുന്ന വാമൊഴി ചരിത്രം. ഇടുക്കി ജില്ലയുടെ പ്രധാനഭാഗങ്ങള്‍ ഭരിച്ചിരുന്ന പൂഞ്ഞാര്‍ രാജവംശവുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവത്രേ. പാണ്ഡ്യരാജവംശത്തിന്റെ പ്രജകള്‍ എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. വനവാസകാലത്ത് സീതയുടെ കാവല്‍ ജോലി ചെയ്തിരുന്നു മുതുവാര്‍ന്മാര്‍ എന്നതാണ് മറ്റൊരു മിത്ത്. ധര്‍മ്മവും ശുദ്ധിയും സത്യസന്ധതയും ജീവിതവ്രതമാക്കിയിരുന്നു മുതുവാന്മാര്‍ എന്നതാകാം ഈ മിത്തിന്റെ പൊരുള്‍.

വൃത്തിയും ഭംഗിയുമുള്ള വീടും പരിസരവുമാണ് മുതുവാന്‍‌കുടികളുടെ സവിശേഷത. നിറമുള്ള ശരീരപ്രകൃതിയാണിവര്‍ക്ക്. നല്ല ഗോതമ്പിന്റെ നിറമെന്നു പറയാം. താടിയെല്ലുകള്‍ മുന്നോട്ടുന്തി അറ്റം കൂര്‍ത്തതാണ്. വീതിയുള്ള നെറ്റി, പിന്‍‌വശം നീണ്ട തല, പുരുഷന്മാര്‍ക്ക് കട്ടിയുള്ള മീശരോമങ്ങള്‍ ഉണ്ടെങ്കിലും താടി അധികം വളരാറില്ല. ഇതൊക്കെ ഇവരുടെ നരവംശപരമായ ശാരീരികസവിശേഷതകളാണ്. മുതുവാന്മാര്‍ വീടുകള്‍ അടുത്തടുത്താണ് ഉണ്ടാക്കുക. ഓരോ കൂട്ടമായി വീടുകള്‍ സ്ഥാപിച്ചതാണ് ഒരു കുടി. ഓരോ കുടിയിലും കോവിലും ഉണ്ടാകും. മുരുകന്റെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ കോവിലില്‍ സ്ഥാപിക്കും. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപെടാന്‍ വീടുകള്‍ക്കു ചുറ്റും വേലിയും കിടങ്ങും സ്ഥാപിക്കുന്നു. വീടുനിര്‍മ്മാണം അതിശയിപ്പിക്കുന്ന തരത്തിലാണ്. മുളയും ഈറ്റയും കൊണ്ട് അഴികള്‍ കെട്ടിയുണ്ടാക്കി അതിലേക്ക് ചെളി കട്ടിയില്‍ കുഴച്ച് ചേര്‍ത്ത് പിടിപ്പിച്ചാണ് വീടിന്റെ ഭിത്തികള്‍ നിര്‍മ്മിക്കുക. ഈറ്റയുടെ ഇലകള്‍ കൊണ്ടാണ് കുടിലുകള്‍ മേയുന്നത്. വീടുകള്‍ക്ക് രണ്ട് മുറികളാണുള്ളത്. ശമയല്‍‌വീടെന്നും കിടക്കത്തക്കവീടെന്നുമാണ് മുറികള്‍ക്ക് പറയുക.

ഇവര്‍ തമിഴും മലയാളവും സൌകര്യാനുസരണം സംസാരിക്കും. എന്നാല്‍ ഇതു രണ്ടും കൂടിക്കലര്‍ന്ന, ‘തമിഴാള’മെന്നു വിളിക്കാവുന്ന ഭാഷയാണ് ഇടമലക്കുടിയിലെ മുതുവാന്‍ സമൂഹത്തിന്റെ തനതു ഭാഷ. കുടികളില്‍ തമിഴും മലയാളവും ഇടകലര്‍ത്തി പ്രത്യേക ഈണത്തിലും വേഗത്തിലും പറയുന്നു. പുറമേ നിന്നുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുകയില്ല ഇവരുടെ ഭാഷണരീതി. മുതുവാന്‍ സമൂഹത്തിന്റെ തനതുസംസ്കാരവും ജീവിതരീതികളും നിലനില്ക്കുന്നത് ഒരുപക്ഷേ ഇടമലക്കുടിയില്‍ മാത്രം. ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള സൌകര്യക്കുറവാണ് ഈ സാംസ്കാരികത്തനിമയ്ക്കു കാരണം.

മൂന്നാര്‍ ടൌണില്‍ നിന്ന് 15കിലോമീറ്റര്‍ അകലെയുള്ള പെട്ടിമുടി വരെയാണ് വാഹനസൌകര്യം ഉള്ളത്. ഇവിടെനിന്ന് 8മുതല്‍ 22 കിലോമീറ്റര്‍ വരെ ദൂരത്തായി വനത്തിനുള്ളിലാണ് ഇടമലക്കുടി. 28 കുടികളിലായി, ഏകദേശം 680 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. 28 കുടികളെ 13 വാര്‍ഡുകളാകിയാണ് ഇപ്പോള്‍ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്നത്. മീന്മുത്തിക്കുടി, നെല്‍‌മണല്‍ക്കുടി, മുളകുതറക്കുടി, പത്താംകുടി, ഷെഡ്ഡുകുടി, നൂറടിക്കുടി, പരപ്പയാര്‍കുടി, തേന്‍‌പാറക്കുടി, വടക്കേ എടലിപ്പാറക്കുടി, തെക്കേ എടലിപ്പാറക്കുടി, ആണ്ടവന്‍‌കുടി, സൊസൈറ്റിക്കുടി, അമ്പലപ്പടിക്കുടി എന്നിവയാണ് ഇപ്പോള്‍ പഞ്ചായത്ത് വാര്‍ഡുകളായി മാറിയിരിക്കുന്ന കുടികള്‍. ഇതില്‍ സൊസൈറ്റിക്കുടിയാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ ആസ്ഥാനം.

680-ഓളം കുടുംബങ്ങള്‍ കാട്ടുമൃഗങ്ങളോടും പ്രതികൂലസാഹചര്യങ്ങളോടും മല്ലിട്ട് തനതായ ആചാരവിശ്വാസങ്ങളില്‍ ഇവിടെ ജീവിക്കുന്നു. ഇവര്‍ക്കായി വനംവകുപ്പ് 36000ഹെക്ടര്‍ വനഭൂമി നല്കിയിട്ടുണ്ട്. ഓരോ വര്‍ഷവും ഓരോ സ്ഥലത്ത് കൃഷിയിറക്കുന്നതാണ് ഇവരുടെ രീതി. ഓരോ കുടുംബവും 25 മുതല്‍ 60 ഏക്കര്‍ വരെ ഭൂമിയില്‍ കൃഷി ചെയ്യുന്നു. കാട്ടില്‍ സ്വാഭാവികമായി വളരുന്ന ‘കന്നി ഏലം’ എന്നു വിളിക്കുന്ന ഏലച്ചെടികളാണ് ഇവരുടെ പ്രധാനവരുമാന മാര്‍ഗ്ഗം. ചതുപ്പുനിലങ്ങളില്‍ വിളയിച്ച റാഗിയാണ് പ്രധാന ഭക്ഷ്യധാന്യം. കൂടാതെ മരച്ചീനിയും ബീന്‍സും പയറും കൃഷി ചെയ്യുന്നുണ്ട്. റാഗി പൊടിച്ചെടുത്ത് തയ്യാറാക്കുന്ന ഉരുളയാണ് പ്രധാന ആഹാരം. അരിയും പലവ്യഞ്ജനങ്ങളും മൂന്നാറില്‍ നിന്ന് തലച്ചുമടായി സൊസൈറ്റിക്കുടിയിലെത്തിക്കും. മൂന്നാറില്‍ നിന്ന്‌ ഒരു കിലോ അരി ഇവിടെ എത്തണമെങ്കില്‍ എട്ട് രൂപ ചുമട്ടു കൂലി കൊടുക്കണം. കുടികളിലേക്കുള്ള ദൂരം കൂടുന്നതനുസരിച്ച് കൂലി പിന്നെയും കൂടും. കൃഷി ചെയ്യുന്ന ഏലവും പച്ചക്കറികളും ശേഖരിക്കുന്ന വനവിഭവങ്ങളും സംഭരിക്കാന്‍ ഓരോ കുടിയിലും ഐ. ടി. ഡി. പി യുടെ സംഭരണകേന്ദ്രങ്ങളുണ്ട്.

വിസ്തൃതവും നിബിഡവുമായ കാടിന്റെ മടിത്തട്ടില്‍ 28 കുടികളിലായി ചിതറിക്കിടക്കുന്നെങ്കിലും കൃഷിയിലും ജീവിതരീതിയിലും ഈ ജനത സമാനത പുലര്‍ത്തുന്നു. രാവില വനവിഭവങ്ങള്‍ തേടി കുടിയിലെ യുവാക്കള്‍ കാട്ടിലേക്ക് പോകും. കയ്യില്‍ മൂര്‍ച്ചയുള്ള വാക്കത്തി എവിടെപ്പോയാലും സന്തതസഹചാരിയായുണ്ടാവും. സംഘം ചേര്‍ന്നാണ് കാട്ടിലേക്കുള്ള യാത്ര. ആനയും പുലിയും കാട്ടുപോത്തും കരടിയുമൊക്കെ ഉണ്ടെങ്കിലും അവര്‍ പരസ്പരം ഉപദ്രവിക്കാറില്ല. മുതുവാന്മാര്‍ വന്യമൃഗങ്ങളെ ഭക്ഷണത്തിനു പോലും വേട്ടയാടാറില്ല.

ആചാരങ്ങള്‍
വിചിത്രമായ ഒട്ടേറെ ആചാരങ്ങള്‍ ഇടമലക്കുടിയിലെ മുതുവാന്‍ സമൂഹം കാലാകാലങ്ങളായി പിന്തുടര്‍ന്നുപോരുന്നുണ്ട്. അതിലൊന്നാണ് ഓരോ കുടിയിലുമുള്ള സത്രങ്ങള്‍. എട്ട് വയസ്സിനു മുകളിലുള്ള ആണ്‍‌കുട്ടികള്‍ക്ക് രാത്രിയില്‍ താമസിക്കാനുള്ള ഇടമാണ് സത്രം. ഓരോ കുടിയുടെയും അഭിവാജ്യഘടകമാണിത്. നേരമിരുട്ടിയാല്‍ ആണ്‍കുട്ടികള്‍ സത്രത്തിലെത്തണം. നേരം പുലര്‍ന്നാല്‍ വീട്ടിലേക്ക് പോകാം. കുടുംബത്തിലെ പ്രായം കൂടിയവരും സത്രത്തിലാണ് അന്തിയുറങ്ങാറ്‌. രാത്രിയില്‍ സത്രത്തിനുള്ളില്‍ തീ കൂട്ടി കൊട്ടും പാട്ടുമായി സംഘം ചേര്‍ന്ന് ഉറങ്ങുന്നതാണ് പതിവ്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് മാറിത്താമസിക്കാന്‍ ‘വളപ്പുര’ എന്നു വിളിക്കുന്ന വീടുകളും ഓരോ കുടിയിലുമുണ്ട്. വിവാഹമാണ് കുടിയിലെ പ്രധാന ആഘോഷം. നവദമ്പതികള്‍ക്കായി കുടിക്കാര്‍ അവിടെത്തന്നെ വേറെ വീട് പണിയും. രണ്ട് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും കുടിയില്‍ കരുതും. കല്യാണം കഴിഞ്ഞാല്‍ ദമ്പതിമാരെ വീട്ടിലെത്തിച്ച് ഊരു മുഴുവന്‍ ഉറങ്ങാതെ ആട്ടവും പാട്ടുമായി കഴിയും. മുട്ടി, കിടിമുട്ടി, ഉറുമി, എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചെണ്ടയുടെ രൂപത്തിലുള്ള വാദ്യോപകരണങ്ങള്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാനായുപയോഗിക്കുന്നു.

മൂപ്പന്മാരാണ് ഓരോ കുടിയുടെയും കണ്‍‌കണ്ട ദൈവം. അപരിചിതര്‍ കുടിയിലെത്തിയാല്‍ ആദ്യം മൂപ്പന്‍ സൂക്ഷിച്ചു നോക്കി അടുത്തെത്തും. നേരെ നോക്കി തലചെരിച്ച് മുന്നോട്ട് തുപ്പിയാല്‍ സ്വാഗതം ചെയ്തു എന്നാണര്‍ത്ഥം. പകരം പിറകോട്ടാണ് തുപ്പുന്നതെങ്കില്‍ മടങ്ങിപ്പോകണമെന്നര്‍ത്ഥം. ഇതാണ് എല്ലാ കുടികളിലെയും മൂപ്പന്മാരുടെ സ്വാഗതരീതി.

വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം, വൈദ്യുതി ഇവയാണ് ഇടമലക്കുടിയുടെ വെല്ലുവിളികള്‍. ഐ. ടി. ഡി. പിയുടെ മേല്‍നോട്ടത്തില്‍ ഓരോ കുടിയിലും ഏകാദ്ധ്യാപക വിദ്യാലയങ്ങളുണ്ട്. നാലാംതരം വരെയേ ഇവിടെ പഠനസൌകര്യമുള്ളൂ. തുടര്‍ന്നു പഠിക്കണമെങ്കില്‍ മൂന്നാറിലോ മറയൂരിലോ പോയി ഹോസ്റ്റലില്‍ തങ്ങണം. ഇടമലക്കുടിയുടെ ആസ്ഥാനമായ സൊസൈറ്റിക്കുടിയില്‍ പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും ഡോക്ടര്‍മാരില്ല. ഗുരുതരമായ രോഗം വന്നാല്‍ രോഗിയെ കട്ടിലില്‍ കെട്ടിയെടുത്ത് കാട്ടിലൂടെ മണിക്കൂറുകള്‍ നടന്ന് മൂന്നാറില്‍ എത്തിക്കുകയേ നിവൃത്തിയുള്ളൂ.

മറ്റൊരു രസകരമായ വസ്തുത ഇടമലക്കുടിയിലെ മുതുവാന്‍ സമൂഹം ഒന്നടങ്കം ഭൂമിയ്ക്ക് പട്ടയം നല്‍കുന്നതിനോട് യോജിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് പട്ടയം ലഭിച്ചാല്‍ ഭൂമി അന്യാധീനപ്പെടുമെന്നാണ് മുതുവാന്മാരില്‍ ഒരാളായ കൊളുന്തപ്പന്റെ അഭിപ്രായം. സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ഇടമലക്കുടിക്കാര്‍ക്കും പത്ത് ഏക്കര്‍ വീതം പട്ടയം നല്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒറ്റക്കുടുംബമായി ജീവിക്കുന്ന ഇവര്‍ക്ക് സംയുക്തമായി പട്ടയം നല്കണമെന്നാണ് ആവശ്യം. ഭൂമി അന്യാധീനപ്പെടാതിരിക്കാനുള്ള ഗോത്രസമൂഹത്തിന്റെ പോംവഴിയത്രേ ഇത്!

Subscribe Tharjani |
Submitted by Adarsh Anchal (not verified) on Sat, 2011-06-25 15:31.

കീഴാളസമൂഹത്തിന്റെ വേരുകള്‍ തുടച്ചുനീക്കാനുള്ള പരിശ്രമങ്ങളില്‍ ഭരണകൂടം, ജനതയെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ജാതിയും,നിറവും,സ്വതവും വേറിട്ട ഭാഷയാണ് സംസാരിക്കുന്നത്. മുതുവാന്‍സമൂഹം പോലെ ആദിവാസിഗോത്രവിഭാഗങ്ങളെ വീണ്ടും ഓര്‍ക്കാന്‍ കഴിയുന്നത്‌ നല്ലതാണ്. ഓര്‍മകള്‍ക്ക് പഴക്കമുണ്ടാകരുത്. ശ്രീ. ചന്ദ്രബോസിന്റെ ഇടമലക്കുടിയിലെ മുതുവാന്‍സമൂഹം, അത്തരം ചിന്തകള്‍ പങ്കുവെക്കുന്നു.