തര്‍ജ്ജനി

സാമൂഹികം

എളുപ്പമല്ല കാര്യങ്ങള്‍ : എന്‍ഡോസള്‍ഫാന്‍ദിനത്തിലെ ചില ചിന്തകള്‍

സി. ജെ. ജോര്‍ജ്ജ്, പി. സോമനാഥന്‍

എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉരുണ്ടുകൂടുകയാണ്‌. ഇന്ത്യയില്‍ ഈ കീടനാശിനി സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്നും ലോകത്തിനുമുമ്പില്‍ ഈ കീടനാശിനിയെ പിന്തുണയ്ക്കുന്ന നയം ഇന്ത്യാരാജ്യം തിരുത്തണമെന്നുമാണ്‌ പ്രധാന ആവശ്യം. വളരെ വര്‍ഷങ്ങളായി കാസര്‍ക്കോട്ടെ സാമൂഹ്യപ്രവര്‍ത്തകര്‍ ഉയര്‍ത്തിവരുന്ന മുദ്രാവാക്യങ്ങള്‍ അങ്ങനെ കേരളം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നു എന്നത്‌ തികച്ചും ആശ്വാസപ്രദമായ കാര്യമാണ്‌. അതേസമയം ചില ആശങ്കകള്‍കൂടി അത്‌ മുന്നോട്ടുവെക്കുന്നുണ്ട്.

ആദ്യം മുതലേ എന്‍ഡോസള്‍ഫാനെതിരായി സമര്‍പ്പിതമനസ്ക്കരായി പ്രവര്‍ത്തിച്ചുവന്ന മനുഷ്യര്‍ക്ക്‌ ഈ പ്രശ്നം ബഹുജനങ്ങളെയും രാഷ്ട്രീയാധികാരികളെയും ബോദ്ധ്യപ്പെടുത്തുതില്‍ പൂര്‍ണ്ണമായി വിജയിക്കാനായിരുന്നില്ല. എന്നാല്‍ എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന നിലപാട്‌ മന്ത്രി കെ വി തോമസ്‌ പരസ്യമായി പ്രകടിപ്പിച്ചതോടെ സംഗതി മാറി. അതു സജീവമായ ചര്‍ച്ചകളിലേക്കും വിമര്‍ശനങ്ങളിലേക്കും നയിച്ചു. ഇങ്ങനെ സമരത്തെ ജനകീയമാക്കിയതിന്‌ നാം തോമസിനോട്‌ കടപ്പെട്ടിരിക്കുന്നു, പരിതാപകരമായ രാഷ്ട്രീയനിലവാരത്തെ അതു വെളിപ്പെടുത്തുന്നുവെങ്കിലും. ഒരു ന്യായമായ സമരം കേരളത്തില്‍ പച്ചപിടിച്ചുകിട്ടാനുള്ള പങ്കപ്പാടിന്റെ മുഴുവന്‍ സങ്കീര്‍ണ്ണതയും ഈ സമരം അര്‍ത്ഥശങ്കയില്ലാതെ വരച്ചിടുന്നുണ്ട്. അതോടൊപ്പം, അതിദുഷ്ക്കരമായിട്ടാണെങ്കിലും വളര്‍ന്നുവരുന്ന സമരങ്ങള്‍ ഹൈജാക്ക്‌ ചെയ്യപ്പെടുന്നുണ്ടോ എന്ന ആശങ്കയുമുണ്ട്‌.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിനനുകൂലമായ അന്തരീക്ഷമൊരുക്കിയ രണ്ടാമത്തെ കാര്യം ദൃശ്യ-പത്രമാധ്യമങ്ങളുടെ ഇടപെടലുകളാണ്‌. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജീവനാശിനി ലക്കം അക്കൂട്ടത്തില്‍ പ്രത്യേകം അനുസ്മരിക്കേണ്ടതാണ്‌. മധുരാജീന്റെ ക്യാമറ ഒപ്പിയെടുത്ത ചിത്രങ്ങള്‍ അണിനിരത്തിക്കൊണ്ട്‌ ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ നടത്തിയ രാഷ്ട്രീയമായ ഇടപെടല്‍ സാഹസികമായ പത്രാധിപത്യത്തെയാണ്‌ ഉദാഹരിച്ചത്‌.

വാദവിവാദങ്ങള്‍ വരളാതെനിന്നു. അങ്ങനെ സള്‍ഫാന്‍വിഷയം പച്ചപിടിച്ചു. അതിനിടയില്‍ എല്ലാ നന്മനിറഞ്ഞ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവയുടെ നേതൃതാരങ്ങളും അഹമഹമികയാ സള്‍ഫാനെവിടെ എന്ന് ആക്രോശിച്ചുകൊണ്ട്‌ തങ്ങളുടെ സാമൂഹികപ്രതിബദ്ധതയ്ക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ കിട്ടുമെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത്‌ ഈ വിഷയം കാര്യമായ ഒരു ചര്‍ച്ചാവിഷയമായതേയില്ല.

പീറപറയലാണല്ലോ തിരഞ്ഞെടുപ്പുകാലത്തെ ഹരം കൊള്ളിക്കുന്ന ചര്‍ച്ചാപരിപാടി. ആ തിരക്കില്‍ എന്ത്‌ എന്‍ഡോസള്‍ഫാന്‍? ആസിയാന്‍ കരാറുണ്ടാക്കിയ കാലത്ത്‌ മനുഷ്യച്ചങ്ങല കെട്ടി പ്രതിരോധിച്ചവര്‍ ആ കരാര്‍ നിമിത്തം ഇവിടെയുണ്ടായ പ്രശ്നങ്ങള്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ കൂട്ടാക്കിയില്ല. ആ കരാറിനെ അനുകൂലിച്ചവര്‍ അതിനെ എതിര്‍ത്തവരുടെ വാദങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി വോട്ടര്‍മാരെ സമീപിച്ചുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കു തിരിഞ്ഞുനോക്കിയാല്‍ ഇങ്ങനെ നിരവധി വിഷയങ്ങള്‍ തിരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുമായിരുന്നു. ഒന്നുമുണ്ടായില്ല. പിന്നെയല്ലേ എന്‍ഡോസള്‍ഫാന്‍?

ഞങ്ങളുടെ ഭരണം വന്നാല്‍ എന്‍ഡോസള്‍ഫാന്‍ അഖിലേന്ത്യാതലത്തില്‍ നിരോധിക്കേണ്ടതാണെന്ന് കേന്ദ്രത്തെയും ഇതരസംസ്ഥാനങ്ങളെയും ബോദ്ധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന്, കേരളത്തില്‍ നിലവിലുള്ള നിരോധനം കര്‍ശനമായി നടപ്പാക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്യാന്‍ ഒരു മുന്നണിയും ഉണ്ടായില്ല. ഇത്‌ ഈ വിഷയത്തില്‍ മുന്നണികളുടെ ആത്മാര്‍ത്ഥതയില്ലായ്മയുടെ കൊടിയടയാളമാണെന്ന് മനസ്സിലാക്കാന്‍ നമുക്കും സാധിച്ചില്ല. നമ്മളും തിരക്കിലായിരുന്നു: പീറ കേള്‍ക്കുന്ന തിരക്ക്‌.

തിരഞ്ഞെടുപ്പു കഴിഞ്ഞു. പ്രതിപക്ഷനേതാവ്‌ മുഖ്യമന്ത്രിയാകാനുള്ള ഉടുപ്പുകള്‍ ഇസ്തിരിയിടുകയാണ്‌. മുഖ്യമന്ത്രി സ്ഥിരം പ്രതിപക്ഷനേതാവാകാനുള്ള പടയൊരുക്കത്തിലും.

കേന്ദ്രത്തില്‍ തോമസ്സല്ലാതെ വേറെയും മന്ത്രിമാരുണ്ട്‌. കേരളം പോലുള്ള കുറെയധികം സംസ്ഥാനങ്ങളിലെ ജനകീയാഭിലാഷങ്ങളുടെ ഭാരം പേറുവരാണവര്‍. കൂട്ടത്തില്‍ കൃഷികാര്യങ്ങള്‍ നോക്കിനടത്തുന്ന ആള്‍ എന്‍ഡോസള്‍ഫാന്‍ കൂടാതെ എന്തു കൃഷി എന്ന് ചോദിച്ചു. കൃഷിമന്ത്രിക്കു വേണ്ടതു വേണ്ടെന്ന് വെയ്ക്കാന്‍ താനാര്‌ എന്ന് ഖേദിച്ചു പരിസ്ഥിതിമന്ത്രി. നന്നായി. കേന്ദ്രന്‍മാര്‍ അങ്ങനെ പറഞ്ഞാലേ കേരളര്‍ക്കു വീറുവരൂ.

വന്നു. വീറുവന്നു. കേരളമാകെ സമരമായി. കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിരാഹാരം. സാംസ്കാരികനായകരുടെ പിന്തുണയോടെ അദ്ദേഹം സ്കോറിങ്ങ്‌ തുടങ്ങി. വി.എസ്‌. തയൊണ്‌ താരം. പിണറായിയുള്‍പ്പെടെ എല്ലാ സുജായികളും ഔട്ട്‌. ഇതാ ഇപ്പോള്‍ ഹര്‍ത്താല്‍.

ഒന്നാലോചിച്ചു നോക്കുക. പവാറും ജയറാമും തെരഞ്ഞെടുപ്പിനു മുമ്പേ ഇമ്മാതിരി പ്രസ്താവനകള്‍ നടത്തിയിരുങ്ക്ല് എന്താവുമായിരുു‍വെ്‌. സദ്ദാം ഹുസൈനെപ്പോലെ എന്‍ഡോസള്‍ഫാന്‍ തെരഞ്ഞെടുപ്പില്‍ നിറയില്ലായിരുന്നോ? ഇപ്പോഴത്തെ സ്കോറിങ്ങ്‌ രീതിയിലാണെങ്കില്‍ യുഡിഎഫ്‌ എട്ടുനിലയില്‍ പൊട്ടുമായിരുന്നില്ലേ? യുഡിഎഫിന്റെ ഭാഗ്യം. പീറക്കേസും പിള്ളക്കേസും വന്നതിനു പിന്നാലെ സള്‍ഫാനും കൂടി വന്നുമൂടുന്നതിനു മുമ്പേ തിരഞ്ഞെടുപ്പു് വന്നു, പോയി. ഇലക്ഷന്‍ കമ്മിഷനോടാണ്‌ അവര്‍ നന്ദി പറയേണ്ടത്‌.

പക്ഷേ ജനങ്ങള്‍ കമ്മിഷനോട്‌ നന്ദി പറയും എന്ന് തോന്നിന്നില്ല. ഈ വിഷയത്തില്‍ കോണ്ഗ്രസ്സുകാര്‍ നടത്തിയ പ്രകടനം അത്ര ദയനീയമായിരുന്നു. തങ്ങളുടേതായ ഒരു സ്പഷ്ടതയുള്ള വീക്ഷണം കരുപ്പിടിപ്പിക്കാനോ ജനങ്ങളുടെ മുന്നില്‍ വേണ്ടതരത്തില്‍ അവതരിപ്പിക്കാനോ കഴിയാതെ പോയ കോണ്ഗ്രസ്സ്‌ നേതൃത്വം ഒരു കാര്യത്തില്‍ മാത്രമേ വിജയിച്ചുള്ളൂ. രാഷ്ട്രീയവും ചിന്താപരവുമായ പാപ്പരത്തം വെളിപ്പെടുത്തുന്നതില്‍ മാത്രം. കേന്ദ്രത്തില്‍ വലിയ പിടിപാടാണ് എന്ന് നടിച്ചുനടക്കുന്ന കുറേ മന്ത്രിമാരുമുണ്ട്‌ ആ പാര്‍ട്ടിക്ക്‌. അവര്‍ക്കും ഈ വിഷയത്തില്‍ എന്താണ്‌ തങ്ങളുടെ നിലപാട്‌, തങ്ങളുടെ ഗവണ്മെന്റിന്റെ നിലപാട്‌, എന്താണതിന്റെ അടിസ്ഥാനം എന്നൊക്കെ കോണ്ഗ്രസ്സുകാരുടെ മുന്നിലെങ്കിലും വിശദീകരിക്കാന്‍ കഴിയേണ്ടായിരുുന്നു. സുധീരന്‍ അവരെ കുലുക്കിയുണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതാണ്‌. അവര്‍ അനങ്ങിയില്ല. അതുകൊണ്ടെന്തായി? ഈ രാഷ്ട്രീയപ്പൊട്ടന്മാര്‍ക്ക്‌ കേരളത്തിന്റെ അധികാരം ലഭിച്ചാല്‍ എന്താകും സ്ഥിതി എന്ന് കേരളത്തിലെ കോണ്ഗ്രസ്സ്‌ അനുഭാവികള്‍ പോലും ഇപ്പോള്‍ ചോദിക്കാന്‍ തുടങ്ങി. ഇന്നാണ്‌ ഇലക്ഷന്‍ നടക്കുന്നതെന്ന് വെക്കുക. മുപ്പതു സീറ്റുപോലും യുഡി എഫിനു കിട്ടുന്ന കാര്യം സംശയമാണ്‌. ജനങ്ങള്‍ ഇടതുപക്ഷനാടകം വിശ്വസിക്കുന്നതുകൊണ്ടല്ല, ഇത്‌. കോണ്ഗ്രസ്സ്‌ നേതൃത്വത്തിന്റെ മണ്ണുണ്ണിത്തം മനസ്സിലാക്കേണ്ടിവരുന്നതുകൊണ്ടാണ്‌. ജനകീയമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ ബ്ബബ്ബബ്ബ വെയ്ക്കുകയല്ല സുചിന്തിതമായ, സുതാര്യമായ നിലപാടുകള്‍ അവതരിപ്പിക്കുകയാണ്‌ വേണ്ടതെന്ന് ഈ ഖദറുകുട്ടപ്പന്മാര്‍ മനസ്സിലാക്കുന്നില്ല.

ഇടതുപക്ഷം ആഹ്വാനം ശിരസ്സാവഹിച്ച്‌ ത്യാഗനിര്‍ഭരമായ മനസ്സോടെ ഹര്‍ത്താല്‍ എന്ന എന്‍ഡോസള്‍ഫാന്‍ കുടിച്ചുകൊണ്ടിരിക്കുകയാണ്‌ ഇന്ന് കേരളജനത. സ്റ്റോക്ക്‌ ഹോമില്‍ നിന്ന് വെള്ളപ്പുക ഉയരുവാന്‍ പോകുന്നു. നമ്മുടെ ഹര്‍ത്താലേല്‍ക്കും. അതിവേഗം ബഹുദൂരെ ലക്ഷ്യം സാക്ഷാത്കരിച്ച ഹര്‍ത്താല്‍! അങ്ങനെയൊരു ചരിത്രം ഇന്നോളം ഉണ്ടായിട്ടുള്ളതായി തോന്നുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ എന്തായാലും നമുക്ക്‌ അഭിമാനിക്കാം. കേരളമെന്ന മഹാനാട്ടിലെ പരിത്യാഗസമരം സ്റ്റോക്ഹോമിനെ കീഴ്പെടുത്തി ലോകത്തെ രക്ഷിച്ചുവെന്ന്. അതു സംഭവിക്കും. സംഭവിക്കണേ. ഇങ്ങനെ ആഗ്രഹിക്കുമ്പോഴും ചില സംശയങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉദിച്ചുകൊണ്ടിരുന്നു. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ നിരോധിച്ച ഈ ജീവനാശിനി ഇന്ത്യയിലാകെയോ ലോകത്താകെയോ നിരോധിക്കുവാന്‍ വേണ്ടിയാണല്ലോ ഈ സമരം. എന്നിട്ടെന്താണ്‌ ഹര്‍ത്താല്‍ചിന്തകര്‍ ഇന്ത്യയിലാകെ ഹര്‍ത്താല്‍ നടത്താതിരുന്നു? നമ്മുടെ പ്രബുദ്ധമായ ഹര്‍ത്താല്‍ സമരത്തില്‍ മറ്റു സംസ്ഥാനങ്ങളും പങ്കുചേര്‍ാന്നാല്‍ സമരത്തിനു നേര്‍മ്മ വന്നുപോകും എന്ന് ഭയന്നിട്ടാണോ? ഡല്‍ഹിയില്‍ പ്രകാശ്‌ കാരാട്ട് നിരാഹാരം കിടക്കാന്‍ തയ്യാറാവാത്തതെന്തുകൊണ്ടാവാം? എന്‍ഡോസള്‍ഫാനനുകൂലമായ നിലപാടെടുത്ത കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധമാണെങ്കിലും സ്റ്റോക് ഹോം സമ്മേളനത്തിനുമേലുള്ള പ്രേരണാസമരമാണെങ്കിലും ഇത്‌ ഇന്ത്യന്‍ സമരമായി മാറേണ്ട എന്നു നിശ്ചയിച്ചതിന്റെ യുക്തിയെന്ത്‌? ലോകരക്ഷയ്ക്കായി പോരാടുന്ന ഒരേ ഒരു ജനത നമ്മള്‍ കേരളീയര്‍ മാത്രമാന്നെന്ന് വരുമോ? -സംശയങ്ങള്‍, സന്ദേഹങ്ങള്‍.

സന്ദേഹങ്ങള്‍ കൈമാറുമ്പോഴും ഞങ്ങള്‍ ഒരു ആശ പങ്കിട്ടെന്നുവരും. നിരോധിക്കുന്ന പ്രഖ്യാപനം വരും. ഇവിടെ നടക്കുന്നത്‌ എന്തു രാഷ്ട്രീയരാഷ്ട്രീയനാടകമായാലും ശരി നമ്മുടെ ആവശ്യം നടക്കുമല്ലോ, അതു മതി. റഹ് മാന്‍ മാഷുടെയും സുഹൃത്തുക്കളുടെയും മനസ്സു തണുക്കണം. അദ്ദേഹവും മനുഷ്യസ്നേഹികളായ സുഹൃത്തുക്കളും മനസ്സിലേറ്റെടുത്ത ദുരിതബാധിതരുടെ മുഖം തെളിയണം. എന്തിനും വേണ്ടേ ഒരന്ത്യം. ഉല്‍ക്കണ്ഠയോടെ ഞങ്ങള്‍ വിചാരവിനിമയം ചെയ്തുകൊണ്ടിരുന്നു. ടി.വി.യില്‍ കണ്ണോടിച്ചുകൊണ്ടുമിരുന്നു.

അതിനിടയിലാണ്‌ ഉല്‍പതിഷ്ണുവായ ഒരു സ്നേഹിതന്റെ വിളിവന്നത്‌. വെറുതെ വിളിച്ചതാണ്‌. ഹര്‍ത്താല്‍ ദിനത്തിന്റെ ആഹ്ലാദം മടുത്തു് ബോറടിച്ചപ്പോഴുണ്ടായതാവണം ആ വിളി.

സംസാരിക്കുന്നതിനിടയ്ക്കു ചോദിച്ചു, സള്‍ഫാന്‍ നിരോധധനമുണ്ടാവില്ലേയെന്ന്. എന്താ സംശയം എന്ന് ഉത്തരം. അദ്ദേഹത്തിന്റെ വിശദീകരണം നീണ്ടു. ഇതു നിരോധിക്കും. മിക്കവാറും മൂന്നാം ലോകരാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഇതു നിരോധിക്കും. എന്നിട്ട് ഇതിനേക്കാള്‍ മാരകമായ വിഷങ്ങള്‍ അമേരിക്കയില്‍നിന്നും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സാഹചര്യം വരുത്തും. അതിന്‌ സാഹചര്യമൊരുക്കണമെങ്കില്‍ ഇവിടുത്തെ ഇടതുപക്ഷത്തെ എന്‍ഡോസള്‍ഫാനെതിരാക്കി രംഗത്തുകൊണ്ടുവരണം. അവരുടെ ചെലവില്‍ എന്‍ഡോസള്‍ഫാനെ തുരത്തണം. ഇടതുപക്ഷത്തെ രംഗത്തുകൊണ്ടുവരാനെന്താണ്‌ പണി? നിരോധിക്കില്ലാന്ന് പറയുക. നിരോധനത്തിനുവേണ്ടി നിലകൊള്ളില്ലാന്ന് പറയുക. പിന്നെ നോക്കണ്ട. ഇടതുപക്ഷം നിരോധിക്കണം എന്നുപറഞ്ഞു സമരം തുടങ്ങിക്കോളും. യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും താല്‍പര്യത്തിനനുസൃതമായി എന്‍ഡോസള്‍ഫാന്‍ അസ്തമിക്കും. ഇന്ത്യാഗവണ്മെന്റ്‌ എതിര്‍ത്തിട്ടും അവരുടെ മനുഷ്യസ്നേഹം നമ്മുടെ രക്ഷയ്ക്കെത്തിയെന്ന് ഇടതുപക്ഷം വിശ്വസിച്ചുകൊള്ളും. അമേരിക്കന്‍ അജണ്ട അങ്ങനെ ഇടതുപക്ഷസമ്മതിയോടെ, മനുഷ്യസ്നേഹികളുടെ പിന്തുണയോടെ നടപ്പിലാക്കിയെടുക്കുന്ന നാടകമാണിവിടെ നടക്കുന്നത്‌. അദ്ദേഹം തുടര്‍ന്നു.

മനുഷ്യര്‍ അതിഭീകരമായ കെടുതികള്‍ അനുഭവിക്കുന്നുണ്ട്‌ എന്നു് ഞങ്ങള്‍ക്കറിയാം. റഹ് മാന്‍ മാഷും മോഹന്‍കുമാറും മധുരാജും മാധ്യമപ്രവര്‍ത്തകരുമാണ്‌ ഞങ്ങള്‍ക്ക്‌ ആധാരം. അവരെ ഞങ്ങള്‍ വിശ്വസിക്കുന്നു. അവരോട്‌ ഞങ്ങള്‍ വിചാരപരമായി ഐക്യപ്പെട്ടിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷത്തിന്റെ തികച്ചും വിവേചനരഹിതമായ ഉപയോഗംമൂലം ജീവനും ജീവിതത്തിനും സംഭവിക്കുന്ന പരിണാമങ്ങളുടെ അസഹനീയവും വേദനാനിര്‍ഭരവുമായ ഉദാഹരണങ്ങളാണ്‌ കാസര്‍ക്കോട്ട് യ‍ൂണിു‍ം വന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.

മൂന്നാം ലോകരാജ്യങ്ങളിലാണോ കൂടുതലായി ഇതിന്റെ ഉല്‍പാദനം നടക്കുന്നത്‌? അത്തരം സ്ഥിതിവിവരപരമായ അറിവുകളൊന്നും ഞങ്ങള്‍ക്കില്ല. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരുടെ നിഗമനങ്ങളുടെ, എന്‍ഡോസള്‍ഫാനെതിരെ കുറ്റപത്രം നല്‍കുന്ന പഠനങ്ങളുടെ ഒക്കെ ശരിതെറ്റുകളെക്കുറിച്ചു വിധിയെഴുതാന്‍ ഞങ്ങളാരുമല്ല. അതുകൊണ്ടുതന്നെ ആധികാരികമായ പ്രതിവാദത്തിനുള്ള കോപ്പില്ല. എല്ലാം കേള്‍ക്കുക മാത്രം ചെയ്തു. നിങ്ങള്‍ പറയുന്നത്‌ കേരളത്തിലെ ഇടതുപക്ഷം വലിയൊരു ഗൂഢാലോചനയുടെ പാവം ഇരയാവുകയാണൊണോ എന്നു ചോദിച്ചു. എന്തു സംശയം? അദ്ദേഹം ആവര്‍ത്തിച്ചു. റഹ് മാന്‍ മാഷും കൂട്ടരുമൊക്കെ പറയുന്നത്‌ അസംബന്ധമാന്നെന്നോ? അവര്‍ക്ക്‌ കാസര്‍കോട്ടെ ദുരിതബാധിതരോടുള്ള അനുകമ്പയും മനുഷ്യസ്നേഹവുമൊക്കെ വിലമതിക്കാം. പക്ഷേ അവരുടെ വിശ്വാസം ശരിയാകണമെന്നില്ല..

കാസര്‍കോട്ടെ ദുരിതങ്ങളോ?
അതു പഠിക്കണം.

എന്ത്‌, ഇനിയും പഠിക്കലോ?
തീര്‍ച്ചയായും പഠിക്കണം. അല്ലാതെ നിവൃത്തിയില്ല. പഠിക്കുന്നതിനു പകരം രോഗങ്ങളുടെ കാരണം ഇതായിരിക്കാം എന്ന അനുമാനത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ അശാസ്ത്രീയമാണ്‌. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച്‌ കൃഷിനടത്തുന്ന ഇന്ത്യയിലെ മറ്റു നാടുകളില്‍ ഈ മട്ടിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നില്ല എന്ന കാര്യമെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്‌. സംശയമുണ്ടെങ്കില്‍ ഉപയോഗം നിര്‍ത്തിവെയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, ഇവിടെ നടക്കുന്നതെന്താണ്‌. കഴിഞ്ഞ ഒരു ദശകക്കാലമായിട്ട് കേരളത്തില്‍ ഉപയോഗം നിരോധിച്ചിട്ടുള്ള വിഷത്തിനെതിരെയാണ്‌ ഇവിടെ നടക്കുന്ന സമരം. അത്‌ രോഗപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത മറ്റു സ്ഥലങ്ങളിലും നിരോധിക്കാന്‍ വേണ്ടി ഇവിടെയുള്ളവര്‍ സമരം ചെയ്യുന്ന സമരമാണ്‌. പുനരധിവാസത്തിനും സഹായത്തിനുമൊന്നും ശുഷ്കാന്തി കാണിക്കാതിരുന്ന ഒരു ഗവണ്മെന്റിനെ നയിച്ചവരുടെ നേതൃത്വത്തിലുള്ള സമരം. മനുഷ്യസ്നേഹമൊന്നുമല്ല അവരെ നയിക്കുന്നതെന്നല്ലേ ഇതു കാണിക്കുന്നത്‌. ശുദ്ധകാപട്യമാണിത്‌. നാടകമാണിതെല്ലാം. അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ കങ്കാണികളെ ഉപയോഗിച്ച്‌ നമ്മളെ പറ്റിക്കുന്നു. അക്കൂട്ടത്തില്‍ അച്യുതാനന്ദന്‌ ശോഭ വര്‍ദ്ധിക്കുന്നതും പിണറായി പിന്നില്‍ ഇരുട്ടത്തേക്കു നീക്കി നിര്‍ത്തപ്പെടുന്നതും നമ്മുടെ ലാഭം. കാസര്‍കോട്‌ ഇനിയെങ്കിലും പഠനം നടത്തി യഥാര്‍ത്ഥപ്രശ്നങ്ങളെ തിരിച്ചറിഞ്ഞാല്‍, പ്രതിവിധി കണ്ടെത്താനായാല്‍ അവരുടെ ദുരിതം ഇല്ലാതാകും. പക്ഷേ അതിനിടയില്‍ ഈ നാട്‌ അമേരിക്കന്‍ കമ്പനികളുടെ പുതിയ മാരകമായ വിഷങ്ങളാല്‍ കുളിപ്പിക്കപ്പെടും.

കരയണോ ചിരിക്കണോ? ആകെ കണ്ഫ്യൂഷനായി.

ഇതിനിടയില്‍ ടി വി യില്‍ വാര്‍ത്ത മിന്നിനീങ്ങി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടു. റഹ് മാന്‍ മാഷും കൂട്ടരും ആഹ്ലാദിക്കുന്നതുകണ്ടു. സന്തോഷമായി. ഹര്‍ത്താല്‍ ചരിത്രമെഴുതി. ഫലപ്രാപ്തിയുണ്ടായ ഹര്‍ത്താല്‍. ആശ്വാസമായി. ഇനി എന്ത്‌? ഇനിയും ഒരു മണിക്കൂര്‍ കഴിഞ്ഞേ ഹര്‍ത്താല്‍ അവസാനിക്കൂ.

മൊബൈലില്‍ സംസാരിച്ച സുഹൃത്തിന്റെ വിചാരങ്ങള്‍ ഭാവനാസൃഷ്ടികളോ കുപ്രചരണത്തിന്റെ ഭാഗമോ? അതൊന്നും ഉറപ്പിച്ചുപറയാന്‍ നമുക്കാവില്ല. ശരിയേത്‌, തെറ്റേത്‌, ചെറുതായ കുറ്റങ്ങളേത്‌? ആര്‍ക്കറിയാം? എന്തായാലും അതു തരുന്ന ഒരു പാഠമുണ്ട്‌. പരമപ്രധാനമായ പാഠം. കീടനാശിനികള്‍ക്കെതിരായുള്ള സമരമായി ഈ സമരം തുടര്‍ന്നുകൊണ്ടുപോകേണ്ടതാണെന്ന പാഠം. എന്‍ഡോസള്‍ഫാന്‍ എന്ന പ്രത്യേകതരം കീടനാശിനിയുടെ ഉപയോഗം നിരോധിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനിന്നുപോകുന്നത്‌ ഈ സമരത്തിന്റെ വിജയമാവുകയില്ല. അതിനു പകരം വരുന്നത്‌ കൂടുതല്‍ കരുത്തനായ ഒരു വിഷമായിരിക്കുമെന്ന മുന്നറിയിപ്പ്‌.

കീടനാശിനികളായും കളനാശിനികളായും പ്രിസര്‍വേറ്റിവുകളായുമെല്ലാം നമ്മുടെ മണ്ണില്‍, ജലത്തില്‍, ഭക്ഷണത്തില്‍ നാം കലര്‍ത്താന്‍ നിര്‍ബ്ബന്ധിതമായ വിഷങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കിയെടുക്കുന്നിടത്തോളം ഈ ജീവിതസമരം മുത്തോട്ടുപോകേണ്ടതുണ്ട്‌. കൂടെ നമ്മുടെ കാര്‍ഷികമേഖലയിലാകെ അടിസ്ഥാനപരമായ ചില അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്‌. അവയുടെ ഫലങ്ങള്‍ വസ്തുനിഷ്ഠമായിത്തന്നെ രേഖപ്പടുത്തി വെക്കേണ്ടതുമുണ്ട്‌. കാരണം ഈ സമരത്തിനെതിരെ ഉന്നയിക്കപ്പെടുന്നത്‌ വീണ്ടും വീണ്ടും പഠനങ്ങള്‍ വേണമെന്ന വാദമാണ്‌. ഉണ്ടായിട്ടുള്ള പഠനഫലങ്ങളെയൊന്നും മുഖവിലക്കെടുക്കാത്തിന്റെ ന്യായീകരണങ്ങള്‍ നിലകൊള്ളുന്നത്‌ എന്‍ഡോസള്‍ഫാന്‍പ്രയോഗം തുടങ്ങുതിനുമുമ്പുള്ള ജീവന്റെയും ജീവിതത്തിന്റെയും ചിത്രം വസ്തുനിഷ്ഠമായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുതയിന്മേലാണ്‌. മനുഷ്യശരീരത്തെക്കുറിച്ചുപോലും അത്തരം വിവരങ്ങള്‍ ലഭ്യമല്ലാത്തിടത്ത്‌ മറ്റുജീവജാലങ്ങളുടെയും മണ്ണിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.

ജനസംഖ്യാകണക്കെടുപ്പുപോലെ കൃത്യമായ ഇടവേളകളില്‍ അത്തരം രേഖപ്പെടുത്തലുകള്‍ ഉണ്ടായാലേ അതിന്റെ പരിണാമത്തെക്കുറിച്ചുള്ള സൂചനകള്‍ കിട്ടുകയുള്ളൂ. അപകടം വ്യാപകമാകുന്നതിനുമുമ്പേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്തരം സൂചനകള്‍ അത്യന്താപേക്ഷിതവുമാണ്‌. കൃഷിയില്‍നിന്ന് വിഷത്തെ ഒഴിവാക്കുന്നതിനുള്ള വഴികളും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌. എളുപ്പമല്ല കാര്യങ്ങള്‍.

കീടനാശിനികള്‍ മാത്രമല്ല അണുനാശിനികളും പ്രിസര്‍വേറ്റീവുകളും എല്ലാം ഫലത്തില്‍ ജീവനെ ദോഷകരമായി ബാധിക്കുന്നുണ്ട്‌. നാമുപയോഗിച്ചുകൊണ്ടിരിക്കുന്ന അത്തരം പദാര്‍ത്ഥങ്ങള്‍ എന്തോക്കെയാണെന്ന മിനിമം ധാരണയെങ്കിലും നമുക്കുണ്ടാകേണ്ടതല്ലേ? അവയിലേതൊക്കെയാണ്‌ നമുക്ക്‌ വളരെ എളുപ്പം ഉപേക്ഷിക്കാവുന്നത്‌ എന്നെങ്കിലും തിരിച്ചറിയേണ്ടതല്ലേ? ക്ലോസറ്റുകളുടെ വെണ്മയാണോ വിസര്‍ജ്ജ്യങ്ങളുടെ വിഘടനമാണോ സുപ്രധാനമായ സംഗതി എന്ന വിവേചനമെങ്കിലും നാം കൈക്കൊള്ളേണ്ടതുണ്ട്‌. അത്തരമൊരു ബോധമുണരാന്‍ കടുത്തഫലങ്ങള്‍ ഉണ്ടായാലേ പറ്റൂ എന്ന ശാഠ്യം നാം തുടരേണ്ടതുണ്ടോ? ചുരുക്കത്തില്‍, ചെറുതും വലുതുമായി നാം ശീലിച്ചുറച്ചുപോയ വിഷപ്രയോഗങ്ങളിലേക്ക്‌ കണ്ണുതുറപ്പിക്കാന്‍ കാസര്‍ക്കോട്ടുനിന്നും വരുന്ന ദൃശ്യങ്ങള്‍ പ്രേരകമാകേണ്ടതാണ്‌. അത്തരത്തിലാണോ കേരളത്തിലെങ്ങും പരക്കു പ്രതിഷേധങ്ങള്‍ വളരുന്നത്‌ എന്നതാണിവിടുത്തെ കാതലായ ചോദ്യം. എളുപ്പമല്ല കാര്യങ്ങള്‍.

ഈ ചോദ്യങ്ങള്‍ ചോദിക്കുകയും സ്വയംവിമര്‍ശനാത്മകമായി അതിനെ പരിശോധിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഈ പ്രതിഷേധത്തിന്‌ എന്തര്‍ത്ഥമാണുണ്ടാവുക? ഉന്നയിക്കേണ്ട വിഷരാഷ്ട്രീയത്തില്‍നിന്ന് പാടേ പിന്മാറി തികച്ചും കക്ഷിരാഷ്ട്രീയവല്‍ക്കരിപ്പെട്ട പ്രതിഷേധങ്ങള്‍ നാടാകെ പടര്‍ന്നതുകൊണ്ട്‌ ആര്‍ക്ക്‌, എന്ത്‌ പ്രയോജനം? ഏതെങ്കിലും രാഷ്ട്രീയകക്ഷിയാണ്‌ ഇതിന്റെയെല്ലാം ഉത്തരവാദി എന്ന് തീര്‍ച്ചപ്പെടുത്തിയാല്‍ ഈ പ്രശ്നങ്ങളെല്ലാം പ്രശ്നങ്ങളല്ലാതായിത്തീരുമോ? ഒരു വലിയ ദുരന്തത്തെ എത്രമാത്രം ഉത്തരവാദിത്തരഹിതമായ നിലപാടെടുത്തുകൊണ്ടാണ്‌ നാം അഭിമുഖീകരിക്കുത്‌ എന്നാണ്‌ അത്തരം പ്രതിഷേധങ്ങള്‍ വെളിവാക്കുന്നത്‌. ഇരകളോട്‌ ഐക്യപ്പെട്ടുകൊണ്ട്‌ എന്ന നാട്യത്തില്‍ ദുരന്തത്തെ പ്രതിഷേധംകൊണ്ട്‌ ആഘോഷിക്കുകയല്ലേ ഒരര്‍ത്ഥത്തില്‍ നാം ചെയ്യുന്നത്‌. വാസ്തവത്തില്‍ ഇരകളോട്‌ ഐക്യപ്പടുകയാണ്‌ ഉദ്ദേശ്യമെങ്കില്‍ വേണ്ടത്‌ നാം ശീലിച്ച ഒരു വിഷപ്രയോഗം ഉപേക്ഷിക്കുകയും മറ്റുള്ളവരെ അതിന്‌ പ്രേരിപ്പിക്കുയുമാണ്‌. ദൈവമേ, മഹാദുരന്തങ്ങളില്‍നിന്ന് വഴിമാറിനടക്കാന്‍ ഞങ്ങളെത്ര ജാഗരൂകരാകണം? എളുപ്പമല്ല കാര്യങ്ങള്‍.

Subscribe Tharjani |