തര്‍ജ്ജനി

എച്മുക്കുട്ടി

ബ്ലോഗ് : http://echmuvoduulakam.blogspot.com/
മെയില്‍ : echmukutty@gmail.com

Visit Home Page ...

കഥ

എന്റെ കൂട്ടുകാരന്‍

സൂര്യനുരുകിത്തിളയ്ക്കുന്ന ഒരു മദ്ധ്യാഹ്നത്തിലായിരുന്നു ഞങ്ങള്‍ ആദ്യമായി പരസ്പരം കണ്ടത്. ആവശ്യത്തിലുമധികം നീളവും അയവുമുള്ള പരുക്കന്‍ വൈലറ്റ് അങ്കി ധരിച്ചവന്‍. ആ ഒറ്റത്തുണിയില്‍ നഗ്നത മറയ്ക്കാനാകുമെങ്കിലും അത് എന്നെ ചിരിപ്പിച്ചു. ഒറ്റത്താങ്ങു മാത്രമുള്ള കണ്ണട ധരിച്ചിരുന്ന അവന്റെ മുഖത്ത് ശ്രമപ്പെട്ട് വരുത്തിയ ഗൌരവമുണ്ടായിരുന്നു. എത്ര അമര്‍ത്തിയിട്ടും എനിയ്ക്ക് ചിരി പൊട്ടി. പരിഹാസത്തിന്റെ മേമ്പൊടി ചേര്‍ത്ത ചിരി. അക്കാലങ്ങളില്‍ എനിയ്ക്ക് സ്വന്തം ശരീരത്തിലോ മനസ്സിലോ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. കടലാസ്സു തുണ്ട് പറക്കുന്നത് കാണ്കേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂവാടുന്നത് കാണ്കേ പൊട്ടിപ്പൊട്ടിക്കരയാനും എനിയ്ക്ക് കഴിഞ്ഞിരുന്നു.

വെറ്റിലച്ചോപ്പിലും കറുപ്പുനിറം തെളിഞ്ഞുകാണുന്ന വായ തുറന്ന് ചോക്ലേറ്റ് തിന്നുന്ന കുഞ്ഞിനെപ്പോലെ അവന്‍ പറഞ്ഞു “നിങ്ങളുടെ പേരെനിയ്ക്ക് പരിചിതമാണല്ലോ. പെങ്ങളുടെ പേര് അല്ലെങ്കില്‍ അമ്മയുടെ പേര്, അത് പോലെ പരിചിതം“ ആ മുഖത്ത് കടലിന്റെ ആഴമുണ്ടായി, അസാധാരണ വലുപ്പത്തില്‍, തിളങ്ങുന്ന കണ്ണുകളില്‍ അഭൌമശാന്തി പരന്നു. അപ്പോള്‍ കളിയാക്കിച്ചിരി എന്റെ ചുണ്ടുകളില്‍ തന്നെ ഉറഞ്ഞു പോയി.

അവന്റെ ബുദ്ധിശക്തിയേയും കഴിവുകളെയും കുറിച്ച് ഒരുപാട് കഥകള്‍ കാറ്റും മഴയും വെയിലും മഞ്ഞും എന്നോട് പറഞ്ഞുവെങ്കിലും ഞാനവയൊന്നും പരിഗണിച്ചതേയില്ല. അതുകൊണ്ട് സാധാരണമായ ഈ ലോകത്തിനു വേണ്ടി ഉയര്‍ത്തിപ്പിടിച്ചിരുന്ന എന്റെ നുണക്കൂടാരത്തിന്റെ കൊടിക്കൂറ അതേ കൌശലത്തോടെ ഞാനവനു വേണ്ടിയും പ്രദര്‍ശിപ്പിച്ചു. പല വര്‍ണ്ണങ്ങളുള്ള കൊടിക്കൂറയുടെ പകിട്ടില്‍ അവന്റെ കണ്ണുകള്‍ മഞ്ഞളിയ്ക്കുന്നത് കണ്ട് ഞാന്‍ രഹസ്യമായി പൊട്ടിച്ചിരിയ്ക്കുകയും ആ വാഴ്ത്തപ്പെട്ട ബുദ്ധിശക്തിയെ അപഹസിയ്ക്കുകയും ചെയ്തു. അവനെ വിഡ്ഡിയാക്കി, ആഘോഷത്തിന്റെ മുദ്രമോതിരം ധരിയ്ക്കാന്‍ തയ്യാറെടുത്തിരുന്ന എന്നോട് കണ്ണുകളില്‍ സ്വന്തം നയനങ്ങള്‍ കോര്‍ത്ത് അവന്‍ കല്പിച്ചു. “ഈ മുഖപടം ധരിച്ച് എന്നെ വഞ്ചിക്കരുത്“

അതായിരുന്നു ആ നിമിഷം.

കണ്ണുകളിലൂടെ അവന്‍ എന്റെ മറുപുറം കണ്ടു. വസ്ത്രത്തിനു മുകളിലൂടെ നിര്‍ജ്ജീവമായിരുന്ന തൊലിയെ തൊട്ടു. മരവിച്ചു പോയിരുന്ന മാംസപേശികള്‍ക്കും ഒടിഞ്ഞു നുറുങ്ങിയിരുന്ന എല്ലുകള്‍ക്കും ഉറഞ്ഞു കെട്ടിരുന്ന രക്തത്തിനുമുള്ളില്‍ കൈകളുയര്‍ത്തി നിരാലംബമായി തേങ്ങിക്കരയുന്ന അനാഥവും പിഞ്ഞിക്കീറിയതുമായ ഈ ആത്മാവിനെ സ്വന്തം കൈകളില്‍ കോരിയെടുത്തു.

ഞാന്‍ ഒപ്പ് ചാര്‍ത്തിയാല്‍ മാത്രം മാറ്റാനാവുന്ന ബ്ലാങ്ക് ചെക്കാണ് അവനെന്ന് പറഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ ഓരോന്നായി പെറുക്കിയെഴുതി അടിയില്‍ വരയ്ക്കുന്ന എന്റെ ഒപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞാനാദ്യമായി ആലോചിയ്ക്കുവാന്‍ തുടങ്ങി. സൌഹൃദമെന്ന വാക്കിന് എന്റെ മുഖച്ഛായയാണെന്ന് കേട്ടപ്പോള്‍ ഒരു കണ്ണാടി കാണുവാന്‍ ഞാന്‍ കൊതിച്ചു. വിളിയ്ക്കുമ്പോള്‍ അരികിലിരുന്ന് സംസാരിയ്ക്കുവാന്‍ അയയ്ക്കുമെന്ന ഉറപ്പില്‍ മാത്രമേ എന്നെ മരണത്തിന് പോലും കൈമാറുകയുള്ളൂ എന്നവന്‍ പറഞ്ഞപ്പോള്‍ നിശിതമായ ആ കണക്കു പറച്ചിലില്‍ എനിയ്ക്ക് പിന്നെയും ചിരി വന്നു.

അപ്പോഴേയ്ക്കും ലോകം വലിയവായില്‍ തര്‍ക്കിക്കാന്‍ തുടങ്ങിയിരുന്നു. കടന്നുപോയവയും വരാനിരിയ്ക്കുന്നവയുമായ യുഗങ്ങളെല്ലാം തന്നെ ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും നിറുത്താതെ തര്‍ക്കിച്ചു. നിയമങ്ങളും മതവും വിശ്വാസവും ആചാരവും എന്തിന് മാറ്റങ്ങള്‍ക്കായി ദാഹിയ്ക്കുന്ന വിപ്ലവം പോലും ലോകത്തോടൊപ്പമായിരുന്നു. ലോകത്തിന് ഞങ്ങള്‍ അനാവശ്യവും അനാശാസ്യവുമായി.

ചിലര്‍ അവനെ ടാഗോറെന്ന് വിളിച്ചു, ബിന്‍ലാദനെന്നും ഖാന്‍സാഹിബെന്നും മറ്റുചിലരും. ഇനിയും ചിലര്‍ ഓഷോയെന്നും ഗുരുവെന്നും…….. എന്നാല്‍ പ്രാന്തനെന്നും തെണ്ടിയെന്നും ദരിദ്രവാസിയെന്നും വിളിച്ചവരും കുറവായിരുന്നില്ല. അമ്പലങ്ങള്‍ അവനെ മാപ്പിളയെന്നും മുസ്ലിമെന്നും വിളിച്ചകറ്റിയപ്പോള്‍ പള്ളികള്‍ അവന്റെ തുകിലിലും നാമത്തിലും പരിഭ്രമിച്ചു നിന്നു.

പുല്ലാങ്കുഴലും ഗിറ്റാറും മൃദംഗവും അവന്റെ വിരല്‍ത്തുമ്പുകളെ പ്രണമിച്ചിട്ടും, ഞാനാവശ്യപ്പെട്ട വിഡ്ഡിപ്പാട്ടുകള്‍ അവന്‍ യാതൊരു മടിയും കൂടാതെ ശ്രുതിമധുരമായി ആലപിച്ചു. കടുകുവറുത്തിട്ട അവിയലും പച്ചവെള്ളത്തില്‍ വേവിച്ച ഉപ്പുമാവും അവനെനിയ്ക്ക് കഴിയ്ക്കുവാന്‍ തന്നു. ഉരുക്കുകമ്പികള്‍ വളച്ചുണ്ടാക്കിയ ഇരിപ്പിടവും സ്വന്തം കൈയാല്‍ തുന്നിയ അങ്കിയും സമ്മാനിച്ചു. യന്ത്രങ്ങള്‍ ആട്ടിന്‍കുട്ടികളെപ്പോലെ അവനെ അനുസരിച്ചപ്പോള്‍ കാറ്റും മഴയും വെയിലും മഞ്ഞും അവനു മുമ്പില്‍ നാണിച്ചു തലകുനിച്ചു.

ഉണങ്ങിച്ചുരുണ്ട ഇലകളോടും വാടിക്കരിഞ്ഞ പൂക്കളോടും പോലും അവന്‍ പുഞ്ചിരിച്ചു. മുറിവേറ്റ എല്ലാ മൃഗങ്ങളെയും തലോടി. വറ്റിപ്പോയ ജലധാരയോടും ഇടിഞ്ഞു പരന്നു പോയ കുന്നുകളോടും സംസാരിച്ചു. അവന്‍ നടക്കുമ്പോള്‍ ഉറങ്ങിക്കിടന്ന വിത്തുകള്‍ ഭൂമിക്കടിയില്‍ നിന്ന് പുതുനാമ്പുകള്‍ നീട്ടി ആ പാദങ്ങളെ പുല്കി. അവനായിരുന്നു പ്രപഞ്ചത്തിന്റെ ഐശ്വര്യം.

ഞാന്‍ ചിരിച്ചപ്പോള്‍ അവന്‍ ചിരിച്ചു, ഞാന്‍ കരയുമ്പോള്‍ അവന്‍ മൌനിയായി. ഞാന്‍ കോപിച്ചപ്പോള്‍ അവന്‍ തല കുനിച്ചു. എന്നാല്‍ എന്റെ മുറിവുകളുടെ ആഴങ്ങളെ ഒരിയ്ക്കലും മടുക്കാതെയും തളരാതെയും നക്കിയുണക്കിക്കൊണ്ടിരുന്നു. കാര്‍ന്നു കാര്‍ന്നുതിന്നുന്ന വേദനയുടെ വാലന്‍പുഴുക്കളെ പോലും അവന്റെ വിരലുകള്‍ ക്ഷമയോടെ എപ്പോഴും എന്നില്‍ നിന്നകറ്റി.

സ്വന്തം പേരെഴുതിയ യാതൊന്നും അവന് ഈ പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. മഹാപ്രപഞ്ചത്തിന് മുന്നില്‍ ഒരു അടയാളവുമവശേഷിപ്പിയ്ക്കാനുള്ള കേമത്തമില്ലെന്ന് അവന്‍ പറഞ്ഞപ്പോള്‍ അത് മറ്റാരിലുമില്ലാത്ത കേമത്തമാണെന്ന് ഞാനറിഞ്ഞു. എന്നിട്ടും ഗര്‍ഭപാത്രങ്ങളുടെ ഒടുങ്ങാത്ത അഹന്തയും ബീജങ്ങളുടെ അനാദിയായ ഉടമസ്ഥതയും അവനെ നിരന്തരം പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു. രക്തബന്ധത്തിന്റെ ആണിപ്പഴുതുള്ള അളവു പാത്രമുപയോഗിച്ച് ആകാശത്തോളം നീളമുള്ളവനും ചക്രവാളത്തോളം വീതിയുള്ളവനുമായ അവനെ അളന്നു കുറിയ്ക്കുവാൻ ദീക്ഷയെടുത്തു. തലമുടികൊണ്ടും താടികൊണ്ടും അവനു ചുറ്റും വേലി കെട്ടുവാനായേയ്ക്കുമെന്ന് ലോകം കരുതി.

കടലോളം സ്നേഹവും കുന്നോളം കരുതലും മഴയോളം വാത്സല്യവും വെയിലോളം പ്രകാശവും നല്കി അവന്‍ വളര്‍ത്തിയ സ്വപ്നങ്ങള്‍ കുഞ്ഞിക്കണ്ണുകള്‍ മിഴിച്ച്, കൈകള്‍ നീട്ടി അവനെ സ്പര്‍ശിച്ചു, കാലുകള്‍ പെറുക്കി അവനൊപ്പം നടന്നു, പുരികം ചുളിച്ച് അവനെപ്പോലെ ചിരിച്ചു. അങ്ങനെയങ്ങനെ അവന്‍ കണ്ട സ്വപ്നങ്ങളെല്ലാം ഭാവിയുടെ സത്യമായി.

മരിയ്ക്കാത്തതും മുറിയാത്തതുമായ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ അവനെനിയ്ക്ക് നല്കി. അവന്റെ അരികിലിരിയ്ക്കുമ്പോള്‍ ഞാന്‍ ആഹ്ലാദമായിത്തീര്‍ന്നു. എന്റെ പേര് അഭിമാനമെന്നായി മാറി.

അവന്‍…….അവനാണെന്റെ കൂട്ടുകാരന്‍.

Subscribe Tharjani |