തര്‍ജ്ജനി

ഓ. എം. അബൂബക്കര്‍

Visit Home Page ...

കഥ

ഡാമ ഡൂമ ഡസ്ക്കനിക്ക അഥവാ നോണ്‍വെജിറ്റേറിയന്‍ സാമ്പാര്‍

കഴിഞ്ഞ ദിവസം രാത്രി മലകയറി കാടിറങ്ങി വന്ന പുലിയോടൊപ്പം കാനച്ചേരി കോളനിയിലെത്തിയ വിഷന്‍ ഫൈവ്‌ ചാനല്‍ ഓ ബി വാനിനകത്ത്‌ തിടുക്കത്തില്‍ ഒരു മലവിസര്‍ജനം നടക്കുകയാണ്....... റിപ്പോര്‍ട്ടര്‍ ദിവ്യ കൃത്യം നടത്തുവാന്‍ പ്ലാസ്റ്റിക്ക്‌ സഞ്ചിയും ചന്തി കഴുകുവാന്‍ ചെറിയൊരു വാട്ടര്‍ബോട്ടി‍ലുമെടുത്ത്‌ ഓ ബി വാനില്‍ കയറി വാതിലടക്കുമ്പോള്‍ കക്കൂസില്ലാത്ത വാര്‍ത്താവണ്ടിയെ ശപിക്കുന്നു‍ണ്ടായിരുന്നു‍. തന്റെ ഊഴവും കാത്തുനിന്ന കാമറമാന്‍ ബിജു ആബേലും വാര്‍ത്തകള്‍ തൂറുന്ന വണ്ടിയില്‍ തന്നെയാണ്‌ ലൈവായി കൃത്യം നടത്തിയത്‌.

വൈകിട്ട്‌ ഏഴ്‌ മണിമുതല്‍ ചാനല്‍ പുറത്തുവിട്ടു‍കൊണ്ടിരിക്കുന്ന ഫ്ലാഷ്‌ ന്യൂസ്‌ സ്ക്രോളിങ്ങ്‌ എല്ലാവരേയും വലിച്ചിഴച്ചഴിച്ചുകൊണ്ടുപോയി നിര്‍ത്തിയിരിക്കുന്നത്‌ എവിടെയാണെന്നോ......... കാടിറങ്ങി വന്ന പുലി വീട്ടി‍ല്‍.......... പിഞ്ചുകുഞ്ഞും പുലിയും മുഖാമുഖം.......

ആകാശവിസ്മയങ്ങളുടെ ഔപചാരികതയെ തൊട്ടു‍ണര്‍ത്തി കോളനിയുടെ മുകള്‍പ്പരപ്പ്‌ ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌ തരംഗങ്ങളാല്‍ വീര്‍പ്പുമുട്ടി‍...... നിരനിരയായെത്തിയ ഓ ബി വാനുകള്‍ തലങ്ങും വിലങ്ങും ബ്രേക്കിട്ടു...... അവയില്‍ നിന്നൊക്കെ ജീന്‍സിട്ട കുറേ കുണ്ടികള്‍ ചാടിയിറങ്ങി...... ഇന്‍സാറ്റ്‌ റ്റു ട്രാന്‍സ്മിറ്ററിന്‌ അഭിമുഖമായി ആന്റിനകള്‍ വിടര്‍ന്നു...... അതിലൊരു ആന്റിന വിടരാതെയും പോയി. ടെക്നീഷ്യന്മാരെല്ലാം വണ്ടിക്കുമുകളില്‍ കയറി കസര്‍ത്ത്‌ തുടങ്ങുമ്പോഴേയ്ക്കും നേരിനൊപ്പം... നാടിനൊപ്പം....., നേരത്തെ....., എന്ന ക്യാച്ച്‌ വേര്‍ഡ്‌ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ വിഷന്‍ ഫൈവ്‌ റിപ്പോര്‍ ദിവ്യയുടെ വാക്കുകള്‍ പി ഡി വണ്‍ സെവന്റിഫൈവ്‌ കാമറ വിഴുങ്ങിക്കഴിഞ്ഞു.

കൃത്രി‍മമായ ദു:ഖവും വാക്കുകളില്‍ ആകാംക്ഷയുടെ കരുത്തും സൂക്ഷിച്ച ദിവ്യയുടെ അവതരണം കണ്ടപ്പോള്‍ തെ‍ അങ്ങ്‌ ഷാര്‍ജ റോളസ്ട്രീറ്റിലെ ബുര്‍ജ്‌ രണ്ടായിരത്തിലെ ഫ്ലാറ്റ്‌ നമ്പര്‍ ഇരുനൂറ്റി ഒന്നി‍ല്‍ ആകെയൊരു ഇളക്കം സംഭവിച്ചു കഴിഞ്ഞിരുന്നു‍. രണ്ട്‌ മക്കളെയും നാട്ടി‍ല്‍ നിര്‍ത്തി ഗള്‍ഫിലേക്ക്‌ പറന്ന ഷമീമ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി കിതയ്ക്കുകയാണ്. എസി മുറിക്കകത്ത്‌ വിയര്‍ത്തൊലിച്ചു ജീവിക്കുന്ന ഗള്‍ഫുകാരന്റെ പരിഛേദമായി മാറിക്കഴിഞ്ഞു ഷമീമ.... ഇപ്പോള്‍ തന്നെ‍ നാട്ടി‍ലേയ്ക്ക്‌ വിളിക്കണം, ഇല്ലെങ്കില്‍ രണ്ട്‌ മക്കളേയും പുലി കടിച്ചുകീറിക്കളയും എന്ന വേവലാതി അവരുടെ മുഖത്തെ നിശ്ചലമായ്ക്കിടക്കുന്ന ജലത്തിനു മുകളില്‍ കല്ല്‌ പതിച്ചാലെന്നപോലെയാക്കി. ഷമീമയുടെ കൈയ്യിലെ റിമോട്ട് ‌ യാന്ത്രികമായി ചലിച്ചുകൊണ്ടേയിരുന്നു‍. ചാനലുകളില്‍ കയറിക്കൂടിയ പുലികളെയെല്ലാം അവര്‍ ഉള്‍ക്കിടിലത്തോടെ നോക്കി. ആ പുലികളെല്ലാം എത്ര വേഗത്തിലാണ്‌ ഷമീമയുടെ തലച്ചോറ്‌ മാന്തിപ്പറിച്ചത്....... എടീ നി ബേജാറാവാതെ കൊറച്ച്‌ കയിഞ്ഞ്‌ ബിളിക്കാം എന്ന ഭര്‍ത്താവിന്റെ വാക്കുകളെ ഷമീമ കടിച്ചുകീറിക്കുടയുകയാണ്...... .ആഴ്ചകള്‍ക്ക്‌ മുമ്പ്‌ അലക്ക്‌ മെഷീനില്‍ അമ്മ കുഞ്ഞിനെയിട്ട്‌ കൊലപ്പെടുത്തിയ വാര്‍ത്ത കേട്ട ദിവസം എങ്ങനെയാണോ ഷമീമ വെപ്രാളംകാട്ടി‍യത്‌ അതിനേക്കാള്‍ പതിന്മടങ്ങ്‌ ഇരട്ടി‍യിലാണ്‌ ഇതെന്ന്‌ മനസ്സിലാക്കിയ ഭര്‍ത്താവ്‌ പൊട്ടി‍ച്ചിരിച്ചുകൊണ്ട്‌ നാട്ടി‍ലേയ്ക്ക്‌ വിളിച്ചുകഴിഞ്ഞു........ നാട്ടി‍ല്‍ എന്തു സംഭവിക്കുമ്പോഴും ഭ്രാന്തിളകുന്നത്‌ പാവം പ്രവാസികള്‍ക്കാണ്‌ എന്ന്‌ ചാനലുകാര്‍ക്കറിയില്ലല്ലോ...... എന്തിന്‌ ചാനലുകാരെ പറയണം ബന്ധുക്കള്‍ക്ക്‌ പോലും അറിയില്ലല്ലോ എന്ന്‌ പറഞ്ഞുകൊണ്ട്‌ ഭര്‍ത്താവ്‌ ഫോണ്‍ ഷമീമയെ ഏല്പിച്ചു.

'ഡാ മോനേ പുലിയെറങ്ങീറ്റ്ണ്ട്‌ പോലും..... ഡേ പൊറത്തൊന്നും പോയേക്കല്ലേ.... വാതിലടച്ച്‌ അകത്ത്‌ തന്നെ‍ ഇര്ന്നാ‍ല്‍ മതി. കൊറച്ച്‌ ദെവസത്തേക്ക്‌ സ്ക്കൂളിലേക്കുപോലും പോണ്ട "

ഉമ്മയുടെ അസുഖം പിടികിട്ടി‍യ മകന്‍ ജിഷാറിന്റെ മറുപടിയാണെങ്കില്‍ ഇങ്ങനെയായിരുന്നു‍...

'ദാ പുലി നമ്മളേ രണ്ടാളെയും തിന്ന് കൊണ്ടിരിക്കുവാ..എന്തെങ്കിലും പറയാന്‍ണ്ടെങ്കില്‍ വേഗം പറഞ്ഞോ.... കൊറച്ച്‌ കയിഞ്ഞാപ്പിന്നെ‍ നമ്മളെ തലയാ പുലി തിന്നുക......പിന്നെ‍ ഉമ്മാക്ക്‌ നമ്മളെ ഫോണില്‍ കിട്ടൂ‍ല്ല........."

കാനച്ചേരി കോളനിയിലേക്ക്‌ തിരികെ വരുമ്പോള്‍ നാം കാണുന്നത്‌ പുലിയേയോ പുലികയറിയ വീടോ അല്ല. കോളനിയെ പൊതിഞ്ഞ്‌ ഞെക്കിയമര്‍ത്തിക്കഴിഞ്ഞ ജനങ്ങളും അവരുടെ ഭാവപ്പകര്‍ച്ചകളുമാണ്‌........ വാര്‍ത്താവണ്ടികളേയും ക്യാമറമാന്മാരേയും കൌതുകത്തോടെ നോക്കുന്ന കണ്ണുകള്......... കുഞ്ഞിനെ പലക വഴി രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങളുടെ വിശദീകരണങ്ങള്‍ ക്യാമറയ്ക്ക്‌ മുന്നി‍ല്‍ നല്കുന്ന ജില്ലാ കലക്ടര്‍ കമാല്‍കുട്ടി‍......... പുലിയെ കാണുവാന്‍ തടിച്ചുകൂടിയവരെ വകഞ്ഞുമാറ്റി വി ഐ പികള്‍ക്ക്‌ വഴിയൊരുക്കുന്ന പാവം പോലീസുകാര്‍...... പുലിയിറങ്ങിയെത്തിയ കാട്കാണുവാന്‍ ഹെലിക്കോപ്റ്ററില്‍ ആഭ്യന്തരമന്ത്രിയും വനംവകുപ്പ്‌ മന്ത്രിയും ആകാശത്ത്‌ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് ‍നല്കുന്ന എക്സ്ക്ലൂസീവ് അഭിമുഖവും ഇടയ്ക്കിടെ മന്ത്രി തലപുറത്തിട്ട്‌ താഴേയ്ക്ക്‌ നോക്കുന്ന കാഴ്ച്ചകളും..... ഇങ്ങനെയിങ്ങനെ ഫയര്‍ഫോഴ്സും പോലീസുകാരും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥരും വലിയ ഒരു പുലിക്കൂടും കരഞ്ഞുതളര്‍ന്ന് അവശയായ ജാനകിയും(കുഞ്ഞിന്റെ അമ്മ ) എല്ലാം ഓബി വാനുകള്‍ക്ക്‌ മുന്നി‍ല്‍ വിരുന്നൊരുക്കി. ആരു വന്നാലും ഞാന്‍ അനങ്ങില്ല എന്ന ഭാവത്തോടെ പുലി മാത്രം കട്ടി‍ലയുടെ ചുവട്ടി‍ല്‍ നിന്നനങ്ങിയില്ല.

കേരളവിഷന്‍ ചാനല്‍ ഓഫീസിനകത്ത്‌ ന്യൂസ്‌ എഡിറ്റര്‍ ശ്യാംപ്രകാശ്‌ പുലിവാര്‍ത്തകളുടെ എക്സ്ക്ലൂസീവുകള്‍ വിവരിക്കുകയാണ്‌. പുലി കുഞ്ഞിനെ കടിച്ചുകീറിക്കൊല്ലുന്ന ദൃശ്യങ്ങള്‍ ആദ്യം ലൈവായി പുറത്തുവിടുന്നത്‌ നമ്മളായിരിക്കണം..... ഒരു മുറിയില്‍ പുലി....... അതിനരികില്‍ കുഞ്ഞ് ..........‌ പുലി കുഞ്ഞിനെ തിന്നു‍മെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇനി ആരെങ്കിലും അതിനകത്ത്‌ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചാലോ കുറഞ്ഞത്‌ രണ്ട്മൂന്ന്‌ മരണമെങ്കിലും നമുക്ക്‌ ലഭിക്കും...... വിഷന്‍ ഫൈവിനെക്കാള്‍ ഒരുപടിമുന്നി‍ലായിരിക്കണം നമ്മുടെ ചാനല്.... ഇങ്ങനെയിങ്ങനെ കത്തിപ്പടര്‍ന്ന ചര്‍ച്ച അവസാനിച്ചത്‌ എവിടെയാണെന്നോ ..... പുലി കുഞ്ഞിനെ കൊന്നു‍ തിന്നു‍കൊണ്ടിരിക്കുകയാണ്‌ എന്ന ഒരു സ്ക്രോളിംഗ്‌ വെറുതെ പായിപ്പിച്ചുകളയാം എന്ന കഥകൌശലവിദ്യയില്‍ ........

മറ്റൊരു ചാനലിലെ ദൃശ്യങ്ങള്‍ കണ്ടില്ലേ .തിരുവനന്തപുരം സ്റ്റുഡിയോയില്‍ നിന്ന് വനംവകുപ്പ്‌ സെക്രട്ടറി ധനപാല്‍ ......, കൊച്ചി സ്റ്റുഡിയോയില്‍ നിന്ന് മഹാരാജാസ്‌ കോളജിലെ ജന്തുശാസ്ത്ര അദ്ധ്യാപകന്‍ ഗോകുല്‍ദാസ്‌ ........, കോഴിക്കോട്‌ നിന്ന് മൃഗഡോക്ടര്‍ കുര്യോക്കോസ്......... എന്നി‍വര്‍ക്ക്‌ പുറമേ പുലിജന്മം എന്ന സിനിമയുടെ സംവിധായകന്‍ പ്രിയനന്ദനും ചര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ പുലികളുടെ വംശചരിത്രവും പരിണാമവും കസര്‍ത്തിയെറിയുന്നു‍.

ഓരോ ആഘോഷങ്ങള്‍ക്ക്‌ അനുസൃതമായി അതുമായി ബന്ധപ്പെട്ട സിനിമ തന്നെ‍ സംപ്രേക്ഷണം ചെയ്യണമെന്ന്‌ നിര്‍ബന്ധബുദ്ധിയുള്ള സി പ്ലസ്‌ ചാനലിലാണെങ്കില്‍ യെവന്‍ ആള്‌ പുലിയാണ്‌ കേട്ടാ..... എന്ന ഡയലോഗുകള്‍ കൊണ്ട്‌ സമ്പമായ സിനിമ സാക്ഷാല്‍ പുലിയെപ്പോലും ഭയപ്പെടുത്തിക്കൊണ്ട്‌ തിളച്ചുമറിയുകയാണ്..... പുലിയിറങ്ങിയ പശ്ചാത്തലത്തില്‍ ആ കുഞ്ഞിനു കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്‌ യുവകവി സുനില്‍ പാക്യാരയുടെ കവിത പ്യൂപിള്‍ ചാനലിലിതാ പെയ്തുകൊണ്ടേയിരിക്കുന്നു‍മുണ്ട്‌.

കുഞ്ഞേ നീ ഒരു മാലാഖ
നിന്‍ സിരയില്‍ നിന്നു‍യര്‍ന്ന വിപ്ലവം
പുലിയെപ്പോലും തോല്പിച്ചല്ലോ
രക്തം കൊണ്ട്‌ കുറിച്ചു നീയൊരു
കാലത്തിന്റെ കുളമ്പടി നാദം.
കുഞ്ഞുരക്തസാക്ഷി നീ
കുഞ്ഞുരക്തസാക്ഷി നീ.........

കുഞ്ഞിനെ പുലി കടിച്ചു കീറി കൊല്ലുമോ ഇല്ലയോ എന്ന ഒരു എസ്‌ എം എസ്‌ ചോദ്യവുമായാണ്‌ ജയ് ജവാന്‍ ടിവി ക്ലൈമാക്സിലെത്തി നില്ക്കുന്നത്‌. അവതാരക ലോട്ടറി ടിക്കറ്റ്‌ വില്ക്കുന്നതുപോലെ എസ്‌ എം എസ്‌ ചാടിപ്പിടിക്കുകയാണ്...... പുലി കുഞ്ഞിനെ കൊല്ലുകയാണ്‌ എങ്കില്‍ യെസ്‌ എന്നും ഇല്ലെങ്കില്‍ നോ എന്നും എസ്‌ എം എസ്‌ അയക്കുക. ശരിയുത്തരം അയക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത്‌ പേര്‍ക്ക്‌ തിരുവനന്തപുരം മൃഗശാല സന്ദര്‍ശിക്കുവാനുള്ള ഫ്രീ പാസ്‌ ലഭിക്കും........ അവതാരകയെ സ്ക്രീനില്‍ നിന്ന്‌ വലിച്ചുകൊണ്ടുപോയതോടെ ഇന്റര്‍നെറ്റില്‍ നിന്നും ഡൌലോഡ്‌ ചെയ്തു വെച്ച കുറേ പുലികളുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു നേരെ കണ്ണുമിഴിച്ചു ക്ലോസ് ഷോട്ടി‍ല്‍ നിന്നു‍.

ഷാര്‍ജയിലെ ഫ്ലാറ്റിലാണെങ്കില്‍ ഷമീമയും ഭര്‍ത്താവും ദിവ്യയുടെ വാക്കുകള്‍ക്ക്‌ അകമ്പടിയായെത്തുന്ന പുലിക്കാഴ്ചകളില്‍ നിലതെറ്റി നില്ക്കുകയാണ്.......

മനു .... പുലിയുടെ വാലിപ്പോള്‍ നിങ്ങള്‍ക്ക്‌ തെളിഞ്ഞു കാണാം.പുലി കട്ടി‍ലയുടെ ചുവട്ടി‍ല്‍ നിന്നും ഏതു നിമിഷവും എഴുന്നല്ക്കും എന്നു‍വേണം കരുതുവാന് ..... അതേ സമയം ഫയര്‍ഫോഴ്സ്‌ ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ചുകൊണ്ട്‌ വളപട്ടണത്ത്‌ നിന്നെത്തിയ മാപ്പിളഖലാസികള്‍ ജനല്‍വഴി അകത്തേക്ക്‌ പലക കയറ്റിക്കഴിഞ്ഞു. മുകളിലെ ഓട്‌ നീക്കി കയര്‍വഴി കുഞ്ഞിനെ പുറത്തേക്ക്‌ കടത്തുവാനും സാദ്ധ്യതയുണ്ട്‌. പുലിക്കുവേണ്ടി തയ്യാറാക്കി വെച്ച പുലിക്കൂട്ടി‍ല്‍ നിന്നു‍ള്ള ആടിന്റെ കരച്ചിലാണ്‌ ഇപ്പോള്‍ കേട്ടു‍കൊണ്ടിരിക്കുന്നത്‌. കട്ടി‍ലയുടെ ചുവട്ടി‍ല്‍ കിടക്കുന്ന പുലി എഴുന്നേല്ക്കാതിരിക്കണേ എന്നു‍മാത്രമാണ്‌ ഇപ്പോള്‍ ഇവിടെക്കൂടിയ എല്ലാവരുടേയും പ്രാര്‍ത്ഥന.... കുഞ്ഞിനെ പതുക്കെ പലകയില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്...... ഓടിളക്കി മുകളില്‍ നില്ക്കുന്നവരുടെ കൈകളിലേയ്ക്ക്‌ ഇതാ കുഞ്ഞിനെ മാറ്റിക്കഴിഞ്ഞു..... തിങ്ങിനിറഞ്ഞുനില്ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ കരഘോഷങ്ങളും ആര്‍പ്പുവിളികളുമാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌. കുഞ്ഞിന്‌ യാതൊരുവിധ അപകടവും സംഭവിക്കാതെ രക്ഷപ്പെടുത്തുക എന്ന ദൌത്യമായിരുന്നു‍ ഇവിടെ പൂര്‍ത്തിയായത്..... മനൂ..... ഈ രക്ഷപ്പെടുത്തലിന്‌ സാക്ഷ്യം വഹിച്ച ആരോഗ്യമന്ത്രി ശ്രിമതി കമലാക്ഷി ഇപ്പോള്‍ നമ്മോടൊപ്പമുണ്ട്‌ അവരോട്‌ ചോദിക്കാം .

'മാഡം ഈ ദൌത്യത്തെ എങ്ങനെയാണ്‌ കാണുന്നത്‌?".

' ഇതൊരു ചെറിയ സംഭവമല്ല, നമ്മുടെ സര്‍ക്കാറിന്റെ ജനസമ്പര്‍ക്കവും ജനക്ഷേമവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ കൂടി വിജയമാണ്‌. കുഞ്ഞിന്റെ ആരോഗ്യസംരക്ഷണത്തിന് ആരോഗ്യവകുപ്പ്‌ അഞ്ച്‌ ലക്ഷം രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും നല്കും'.

സ്റ്റുഡിയോയില്‍ നിന്നും മനുവിന്റെ വക മന്ത്രിയോട്‌ ഒരു ഇടപെടല്‍
'മാഡം.... കോളനി സ്ഥിതി ചെയ്യുന്നത്‌ വനപ്രദേത്ത്‌ ആകയാല്‍ ഇനിയും പുലിയിറങ്ങിവരുവാന്‍ സാദ്ധ്യതയുണ്ട്‌ .അതിനെന്തെങ്കിലും പ്രതിവിധി സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നു‍മുണ്ടാകുമോ......?

' തീര്‍ച്ചയായും...... കോളനിക്ക്‌ ചുറ്റും വന്‍മതില്‍ കെട്ടു‍വാന്‍ അടുത്ത മന്ത്രസഭായോഗത്തില്‍ ആവശ്യപ്പെടും. ഇക്കാര്യം വനംവകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്യും.'

തപ്പിത്തടഞ്ഞ്‌ ഇംഗ്ലീഷില്‍ രണ്ട്‌ ഡയലോഗും വിട്ട്‌ ആരോഗ്യമന്ത്രി പുഞ്ചിരിതൂകിപ്പോയതോടെ പുലിക്കൂട്ടി‍ലെ അത്ഭുതബാലന്‍ എന്ന ക്യാച്ച്‌ വേര്‍ഡോടു കൂടി വിഷന്‍ ഫൈവ്‌ ചാനല്‍ പുറത്തുവിട്ട കുഞ്ഞിന്റെ ക്ലോസ്‌ ഷോട്ട്‌ കണ്ട്‌ ലോകം മുഴുവന്‍ ഹോ എന്തൊരു ഭാഗ്യം......ചോരപ്പൈതല്‍ എന്നു‍ നെടുവീര്‍പ്പിട്ടു‍.

കോളനിയുടെ കോരിത്തരിപ്പുകളില്‍ കുളിര്‍ക്കാറ്റ്‌ പെയ്തുതുടങ്ങി....... ജീവന്റെ സ്പന്ദനങ്ങളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ആകാശംമുട്ടെ ഉയര്‍ന്നു....... കാനച്ചേരിക്കോളനിയുടെ കാനനഭംഗിയില്‍ നിന്ന് ഇനിയൊരു പുലിയും പുറത്ത്‌ കടക്കില്ല........

ഇനി പുലിയെ വലയിലാക്കുക എന്ന ദൌത്യമാണ്‌ ഇവിടെ അവശേഷിക്കുന്നത്‌....... കലക്ടര്‍ കമാല്‍ക്കുട്ടി,‍ പോലീസ്‌ സൂപ്രണ്ട്‌ മഹേഷ് ഗപ്ത, എം എല്‍ എ മാരായ വേണു ചിറ്റമ്പലം, നാണു താഴേക്കാട്‌, മുരളി മേന്മുണ്ട എന്നി‍വരുടെ നേതൃത്വത്തില്‍ പുലിയുടെ കാര്യം പോക്കാണ്‌ എന്ന്‌ ഉറപ്പിക്കാം..പുലി പുറത്തേക്ക്‌ ചാടുന്നതോടുകൂടി ഇരുമ്പ്കുടിനകത്തുള്ള ആടിന്റെ കഥ കഴിയും. ആടിന്റെ കഥ കഴിയുമ്പോള്‍ പുലി വലയില്....... പക്ഷേ പുലി കട്ടി‍ലയുടെ ചുവട്ടി‍ല്‍ നിന്നും അനങ്ങില്ലെന്ന്‌ സത്യപ്രതിജ്ഞചെയ്തു കഴിഞ്ഞു. അടുത്ത മാര്‍ഗ്ഗം നേരത്തെ ഓടിളക്കി വെച്ച ഭാഗത്ത്‌ കയറി വെടിപൊട്ടി‍ച്ച്‌ പുലിയെ പുറത്തുചാടിക്കുക എന്നത്‌ മാത്രമാണ്‌. ആകാംക്ഷയോടെ നില്ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ പേടിച്ചുവിറച്ചൊരു പോലീസ്‌ ഏമാന്‍ മുകളിലോട്ട്‌ കയറുവന്‍ തയ്യാറെടുത്തു. മുകളിലോട്ട്‌ കയറുതിനിടയില്‍ തന്നെ‍ പോലീസുകാരന്റെ കൈയ്യില്‍ നിന്നും അറിയാതെ അഞ്ചാറ്‌ വെടി തുരുതുരെ പൊട്ടി‍ക്കഴിഞ്ഞു...... വെടിപൊട്ടി‍യതും അലറിക്കരയുന്ന ആട്ടി‍ന്‍കൂട്ടി‍ലേക്ക്‌ ഒറ്റച്ചാട്ടമായിരുന്നു‍, കട്ടി‍ലയുടെ ചുവട്ടി‍ല്‍ സുഖമായ്‌ ഉറങ്ങുകയായിരു കണ്ടന്‍പൂച്ച.........

ചാനല്‍ സ്റ്റുഡിയോകളിലെ എഡിറ്റിംഗ്‌ സ്യൂട്ടു‍കളില്‍ ആനിമേഷനിലൂടെ പൂച്ചയെ പുലിയാക്കുവാനുള്ള തിരക്കിട്ട ശ്രമം നടക്കുമ്പോള്‍ കാനച്ചേരിക്കോളനി മുറ്റത്ത്‌ പുലിമുഖത്ത്‌ നിന്നും രക്ഷപ്പെട്ട അത്ഭുതബാലന്റെ ജ്യേഷ്ഠന്‍ ശ്രീക്കുട്ടന്‍ പാട്ടിപാടി ഓടിക്കളിക്കുയായിരുന്നു .......

അണ്ടക്ക... മുണ്ടക്ക
ഡാമഡൂമ ഡസ്ക്കനിക്ക
കോക്കനിക്ക ഡെയ്‌ ........
അല്ലി മല്ലീ സെയ്‌..........
പട്ടണങ്ക്‌ പോ........
പട്ടണങ്ക്‌ പോ.........

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2011-05-11 10:08.

ആനുകാലികപ്രാധാന്യമുള്ള കഥക്ക് അഭിനന്ദനങ്ങള്‍