തര്‍ജ്ജനി

പീയൂഷ് ആന്റണി

e-mail : piush.antony101@gmail.com

Visit Home Page ...

ലേഖനം

മാജിക്കും രാജമൂര്‍ത്തിയും പിന്നെ ഞാനും


ദൈവത്തിന്റെ വികൃതികളില്‍ നിന്നു്

"പള്ളിയിലിരിക്കുമ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു.
എന്താണ്, കഞ്ചാവ് ചെടികള്‍ കരഞ്ഞെന്നോ? ''
മനസ്സില്‍ ആദ്യമായിപ്പതിഞ്ഞ മാജിക്കുകാരന്റെ ചിത്രം മുകുന്ദന്‍ 'ദൈവത്തിന്റെ വികൃതികളില്‍ വരച്ചതാണു്. തിരുവനന്തപുരത്തുനിന്നും മാജിക്‍ സെന്ററിന്റെ ഡയറക്ടര്‍ ശ്രീ. രാജമൂര്‍ത്തി ഹൈദരാബാദില്‍ എത്തുന്നുവെന്ന അറിയിപ്പു് ലഭിച്ചപ്പോഴും എന്തുകൊണ്ടോ ഈ ചിത്രവും അഭ്രപാളികളില്‍കണ്ട രഘുവരന്റെ മുഖവുമാണു് മനസ്സില്‍ തെളിഞ്ഞതു്. അതു കഴിഞ്ഞേ വര്‍ണ്ണശബളമായ വസ്ത്രാലങ്കാരത്തോടെ സര്‍ക്കാറും ഗോപിനാഥും മനസ്സിലെത്തിയുള്ളൂ.

വരുണ്‍വിഹാറിലെ ഐസക്കിന്റെ വീട്ടില്‍വെച്ചു് മജീഷ്യനെ എന്റെ മകള്‍ അത്ഭുതത്തോടെ നോക്കി. മേക്കപ്പില്ലാത്ത മാജിക്കുകാരന്‍- അവള്‍ക്ക് പുതുമ. ഞാന്‍ പുഞ്ചിരിച്ചു. ഞാന്‍ ശാന്തപ്രകൃതന്‍, അന്തര്‍മുഖനല്ലെങ്കിലും അത്യാവശ്യമില്ലെങ്കില്‍ സംസാരിക്കാന്‍ ആവശ്യപ്പെടരുതു് എന്നു് നെറ്റിയില്‍ എഴുതിയിട്ടില്ലേ എന്നു് സംശയം തോന്നിപ്പിക്കുന്ന മുഖം. എന്നാല്‍ കൂടെയുള്ള പത്തുവയസ്സുകാരന്‍ മകന്റെ മുഖമോ 'സംസാരിക്കൂ, എന്നെപ്പോലെ മധുരമായി സംസാരിക്കുവാന്‍ ഈ പ്രായത്തില്‍ വളരെക്കുറച്ചു് ആണ്‍കുട്ടികള്‍ക്കേ കഴിയൂ' എന്ന് പറയുന്നതുപോലെ. എങ്കിലും ഇഷ്ടപ്പെടാത്തതു് വല്ലതും ചോദിച്ചാല്‍ പണ്ടു് ബാലരമയില്‍ വായിച്ചതുപോലെ തലമാറട്ടെ എന്ന് പറഞ്ഞു് എന്റെ തല പുറത്തുകിടക്കുന്ന പട്ടിക്ക് വെച്ചുകൊടുത്താലോ. അതിനാല്‍ മകനോടു് കുറച്ചു് കുശലം ചോദിച്ചു.

കമ്യൂണിറ്റിഹാള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. പ്രധാനകാര്‍മ്മികനെപ്പോലെ നമ്മുടെ ഡയറക്ടര്‍ അഭിസംബോധനയ്ക്കായി എഴുന്നേറ്റുനിന്നു. വളരെ നന്നായി ചിരിച്ചു്, ഇംഗ്ലീഷിലായിരിക്കും സംസാരിക്കുക എന്ന ക്ഷമാപണത്തോടെ തുടങ്ങി. ഹിന്ദി പഠിക്കാന്‍ ശ്രമിച്ചു് പരാജയപ്പെട്ടതിനെപ്പറ്റി നര്‍മ്മരസത്തോടെ വിവരിച്ചപ്പോള്‍ എന്റെ മുന്‍വിധികളൊക്കെ മാറി. പിന്നെ, മാജിക്കും നര്‍മ്മവും കഥയും വിശേഷങ്ങളും - ഒരു അനര്‍ഗ്ഗളപ്രവാഹം എന്നുതന്നെ പറയാം.

മനസ്സെപ്പഴോ മാജിക്കില്‍നിന്നു് വഴിമാറി ചിന്തിച്ചു. "നല്ല പ്രാസംഗികന്‍, ഗുഡ് കമ്യൂണിക്കേറ്റര്‍. ട്രെയിനിംഗ് ഫീല്‍ഡില്‍ തിളങ്ങിയേനെ”. എന്റെ തൊഴിനോടുള്ള ആത്മാര്‍ത്ഥത എന്നല്ലാതെന്തു് പറയാന്‍. ഉപകരണങ്ങളോ സാമഗ്രികളോ എന്തിനു് ഒരു ഫുള്‍സ്ലീവ് ഷര്‍ട്ടുപോലുമില്ലാതെ കണ്‍കെട്ടുനടത്താനുള്ള ഒരു ധൈര്യം ഭയങ്കരം തന്നെ! എന്റെയീ ആകുലതകള്‍ മനസ്സിലാക്കിയിട്ടെന്നോണം മറുപടി വന്നു. മാജിക്കില്‍ പല സ്പെഷലൈസേഷനുകള്‍ ഉണ്ട്. ഹൌദിനിയുടെ എസ്കേപ്പോളജി മുതല്‍ തുടങ്ങുമത്രെ. നമ്മുടെ ഡയറക്ടറുടെ പ്രത്യേകത ക്ലോസ് അപ് അല്ലെങ്കില്‍ ഇന്റിമേറ്റ് മാജിക്കാണത്രെ. അതുകൊണ്ടു തന്നെ, കുറച്ചുകൂടി പ്രയാസപ്പെടാത്തതും.

ഇതിനിടയില്‍ കൈവെള്ളയില്‍നിന്നും പെട്ടെന്നൊരു നാണയം. ആ നാണയം അഞ്ചുവിരലുകളിലും വിരലുകളുടെ സഹായമില്ലാതെ അലകളുടെ ചലനത്തെ ഓര്‍മ്മിപ്പിക്കുംവിധം തെന്നിക്കളിച്ചു. ഒരു മജീഷ്യന്റെ പ്രാക്ടീസിന്റെ ഏറ്റവും പ്രധാനപ്പെട്ട അംശം കൈവിരളുകളുടെ ചടുലതയാണത്രെ. പതിനാലു് കൊല്ലമായി മാജിക്ക്ഷോ നടത്തുന്നു. അതിനുമുമ്പ് എത്രവര്‍ഷം വേണ്ടിവന്നു ഈ കയ്യൊതുക്കം നേടിയെടുക്കാന്‍. സദസ്സില്‍നിന്നും ആരോ ആ ചോദ്യം ചോദിച്ചു. മാജിക്‍ ഒരു തപസ്യയാണു്. മനുഷ്യമനസ്സിന്റെ എല്ലാ തലങ്ങളും മനസ്സിലാക്കിയാല്‍ മാത്രമേ ഒരു മജീഷ്യനാവാന്‍ കഴിയൂ. സദസ്സില്‍നിന്നു് ചോദ്യങ്ങളുടെ എണ്ണവും ബലവും കൂടി. മാജിക്ക് എന്തിനാണു്? ബ്ലാക്ക് മാജിക്ക് എന്താണു്? ആദ്യത്തെ മജീഷ്യന്‍ ആരായിരുന്നു? മജീഷ്യന്‍ ഓത്ത് എടുക്കാറുണ്ടോ? മാജിക്കിന്റെ രഹസ്യം പങ്കുവെക്കുവാന്‍ പറ്റാത്തതെന്താണു്? ഉദാരമായ പങ്കുവെക്കലിന്റെ ഉദാഹരണമെന്നതുപോലെ ഒരു പുതിയ വിജ്ഞാനമേഖലയുടെ കിളിവാതിലുകള്‍ ചീട്ടുകെട്ടുവിദ്യയ്ക്കും റോപ്പ് ട്രിക്‍സിനും ഇടയ്ക്ക് തുറക്കപ്പെട്ടു.

ഈജിപ്തിലെ ദീദി 4500 വര്‍ഷങ്ങള്‍ക്കു് മുമ്പു് ചെയ്ത മാജിക്കാണത്രെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ മാജിക്ക്. ഒരു അരയന്നത്തിന്റെ തല പിഴുതുമാറ്റി പിന്നീടതു് കൂട്ടിച്ചേര്‍ത്തു് അരയന്നം കുണുങ്ങി നടന്നുപോയതു്. എന്റെ ഭാവന വരുണഅ‍വിഹാര്‍ വിട്ടു. ഫറോവയുടെ സദസ്സിലായിരിക്കുമോ അതോ ഈജിപ്തിലെ തിരക്കുപിടിച്ച തെരുവിലോ അതോ നൈല്‍നദിയുടെ തീരത്തു് സായാഹ്നസവാരിക്കെത്തിയവരുടെ മുന്നിലോ? ആരായിരുന്നിരിക്കാം അവരുടെ കാണികള്‍? ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഡേവിഡ് ബ്ലെയിന്‍ ഇതേ സംഭവം ഒരു കോഴിയില്‍ ടിവി ഷോയില്‍ നടത്തിക്കാണിച്ചുവത്രെ. അയ്യോ, പാവം കോഴി! അമല അക്കിനേനിയ, മനേക ഗാന്ധിയൊന്നുമിതു് കാണുന്നില്ലേ? മാജിക്ക് മാത്രമല്ല, മനസ്സിലേക്ക് എത്തിനോക്കാനും ഡയറക്ടര്‍സാറിനു് കഴിയുമെന്നു് തോന്നുന്നു. മാജിക്കില്‍ ഉപയോഗിക്കുന്ന ജന്തുക്കളെ വളരെ നന്നായി സ്നേഹിച്ചും പരിചരിച്ചുമാണത്രെ കൊണ്ടുനടക്കുക. സ്വന്തംകുട്ടിക്കു് പനിവന്നാല്‍ ഒരു വേവലാതിയുമില്ലാത്തവര്‍, പ്രാവിന്റെ ഒരു തൂവല്‍ കൊഴിഞ്ഞാല്‍ വല്ലാതെ വിഷമിക്കുന്നതു് സര്‍വ്വസാധാരണമാണത്രെ. ഉപയോഗിക്കുന്ന ജന്തുക്കള്‍ക്കു് ദോഷകരമായതൊന്നും മാജിക്കില്‍ ഉണ്ടാവാറില്ല. ജന്തുസ്നേഹിയായ എന്റെ മകള്‍ ദീര്‍ഘനിശ്വാസംവിട്ടു.

ദി ഗ്രേറ്റ് ഇന്ത്യന്‍ റോക്ക് ട്രിക്കും എസ്കേപ്പോളജിയുടെ സാംപിളും കണ്ട് എല്ലാവരുടേയും കണ്ണുതള്ളി. കണ്ണു് മഞ്ഞളിപ്പിക്കുന്ന ലൈറ്റില്ല, കയ്യെത്തും ദൂരത്തു് ......... തൊട്ടുമുന്നില്‍...... ഇതു് കണ്‍കെട്ടല്ലാതെ മറ്റെന്ത്? ഗുരു ഗോപിനാഥ് മുതുകാടിന്റെ ശിഷ്യന്‍ തന്നെ.

വാച്ചിലെ സമയം മാറ്റിക്കാണിച്ചതു് കണ്‍കെട്ടല്ല. അതു് സയന്‍സാണു്. ശരീരത്തിന്റെ ഭാഷയും ശാസ്ത്രീയമായി മാജിക്കില്‍ അറിഞ്ഞിരിക്കണം. അതു് തെളിയിക്കാന്‍ നടത്തിയ ഒരു അഭ്യാസത്തില്‍ സദസ്യരെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതു് വളരെ വിജ്ഞാനപ്രദമായി. കലാശക്കൊട്ട് രണ്ട് റബ്ബര്‍ബാന്റിലായിരുന്നു. എന്താ കഥ!

ചോദ്യങ്ങള്‍ക്കവസാനമില്ലായിരുന്നു. ഇന്നുവരെ നേരിട്ട ചോദ്യങ്ങളില്‍ സ്ത്രീകള്‍ അധികവും ചോദിക്കാറുള്ളതു് രൂപയെ പെരുപ്പിക്കാമോയെന്നും, പുരുഷന്മാര്‍ ഭാര്യമാരെ അപ്രത്യക്ഷമാക്കാമോയെന്നുമാണു്. സദസ്സില്‍ ഉയര്‍ന്ന ചിരിക്കിടയില്‍ ഒട്ടും അതിശയയോക്തിയില്ലാതെ ഡയറക്ടര്‍ പറഞ്ഞു "സത്യെമെന്താണെന്നുവെച്ചല്‍ എനിക്കിതു് രണ്ടും ചെയ്യാന്‍ കഴിയും".

ഒരു നല്ല, വ്യത്യസ്തമായ സായാഹ്നം. ഇതുവെര അറിവുനേടണം എന്നുതോന്നിയിട്ടില്ലാത്ത പലതിനെപ്പറ്റിയും ജിജ്ഞാസയുണ്ടായിട്ടുണ്ടു്. മാജിക്കിനു് ഒളിംപിക്സ് ഉണ്ടു്. മാജിക്കിന്റെ ചരിത്രം വളരെ രസകരമാണു്. സെല്‍ഫ് ഫഉള്‍ഫില്ലിങ് സാദ്ധ്യതകള്‍ അനന്തമാണു്. മനസ്സില്‍ ഇവ കുറിച്ചിട്ടു് പറഞ്ഞു: ഗൂഗിള്‍ സിന്ദാബാദ്!

തിരിച്ചു് വീട്ടിലേക്കു് മടങ്ങുമ്പോള്‍ ഡയറക്ടര്‍ വിവരിച്ച ഗുജറാത്തിലെ തെരുവുമാജിക്കുകാരന്റെ വായില്‍നിന്നും തേളും പാമ്പും വരുന്നതു് പാതിമയക്കത്തില്‍ കണ്ടു. നാലുവര്‍ഷം മുമ്പ് അയാള്‍ വഴഇയരികില്‍ മരിച്ചുകിടന്നപ്പോള്‍ ആരെങ്കിലും ആദരിച്ചുകാണുമോ, ആ വലിയ കലാകാരനെ? മനസ്സ് പെട്ടെന്നു് വിങ്ങി. ഞാന്‍കണ്ട രാജമൂര്‍ത്തി എന്ന കലാകാരനെ വേണ്ടത്ര കയ്യടിച്ചുപോലും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ലല്ലോ. അത്ഭുതുംപൂണ്ടു് എന്റെ കെെകള്‍ അനങ്ങിയതേയില്ല. അതിനു് പ്രായച്ഛിത്തമായി ആയിരം കയ്യടി എന്റെ റ്റെറസിലും പതിനായിരം കതിനാവെടി ചങ്ങനാശ്ശേരിയി കാവിലമ്പലത്തിലും നേരുന്നു!

Subscribe Tharjani |
Submitted by E Vipinan (not verified) on Sun, 2011-05-15 16:58.

Ms. Piyush Antony has shown the magic of describing the magic show. It is wonderful.
Thanks, Vipinan