തര്‍ജ്ജനി

പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

സഞ്ജയന്റെ ഭാഷാബോദ്ധ്യങ്ങള്‍

മലയാളസാഹിത്യനിരൂപണം അതിന്റെ സുവര്‍ണ്ണദശയിലിരിക്കുമ്പോഴാണ്‌ സഞ്ജയന്‍ തന്റെ ഫലിതപരിഹാസങ്ങളുടെ നിശിതവിമര്‍ശനവുമായി രംഗത്തെത്തുന്നത്‌. യഥാര്‍ത്ഥത്തില്‍ നിരൂപണത്തിനും സര്‍ഗ്ഗസാഹിത്യത്തിനും മദ്ധ്യേയാണ്‌ ഹാസസാഹിത്യത്തിന്റെ നില്പെന്നിരിക്കിലും അതിനെ അത്രയേറെ ഗൌരവമുള്ള ഒന്നായി നാം പരിഗണിച്ചിട്ടി‍ല്ല. ഇപ്പോഴും പരിഗണിക്കുന്നി‍ല്ല. അതുകൊണ്ടുതന്നെയാവും സഞ്ജയനെയും ഗൌരവത്തോടെ സമീപിക്കാന്‍ നമ്മുടെ നിരൂപകസമൂഹം ശ്രമിച്ചിട്ടി‍ല്ല.

മിതവും സാരവുമായ പ്രതിപാദനവും അങ്ങേയറ്റം കൃത്യതയാര്‍ന്ന വാക്യശൈലിയുംകൊണ്ട്‌ മികച്ച ഗദ്യത്തിന്‌ മാതൃകകള്‍ നല്കിയവരില്‍ പ്രമുഖനാണ്‌ കുട്ടി‍ക്കൃഷ്ണമാരാര്‍. അദ്ദേഹത്തിന്റെ നിരൂപണപക്ഷപാതങ്ങളോട്‌ വിയോജിപ്പുള്ളവര്‍ കണ്ടേക്കാമെങ്കിലും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗത്തിന്റെ കൃത്യതയെയും കറയറ്റ വ്യക്തതയെയുംകുറിച്ച്‌ എതിരഭിപ്രായമുണ്ടാകില്ല. ഗദ്യരചനയ്ക്ക്‌ സ്വയം മാതൃക കാട്ടു‍ക മാത്രമല്ല 'മലയാളശൈലി' എന്ന പുസ്തകത്തിലൂടെ ഗദ്യകാരന്മാര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു ആ ഗദ്യപ്രേമി. ഗദ്യശൈലിയില്‍ സാമാന്യമായി കാണുന്ന കുഴപ്പങ്ങളെ വര്‍ഗ്ഗീകരിച്ച്‌ വ്യാകരണസിദ്ധാന്തങ്ങളുടെ പിന്തുണയോടെയുള്ള പരിഹാരങ്ങള്‍ തേടുകയാണ്‌ ആ പുസ്തകത്തില്‍ മാരാര്‍ ചെയ്തത്‌. പ്രൂഫ്‌ റീഡര്‍ എന്ന നിലയില്‍ തന്റെ മുന്നി‍ലെത്തിയ, ലബ്ധപ്രതിഷ്ഠരോ അതിനായി പരിശ്രമിക്കുവരോ ആയ എഴുത്തുകാരുടെ ഗൌരവമാര്‍ രചനകളിലെ വാക്യങ്ങളെ, അവയിലെ വാക്യപ്പിഴവുകളെയും ശൈലീഭംഗങ്ങളെയുമാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്‌. ഗൌരവതരമായ ആ പുസ്തകത്തിന്‌ അവതാരിക എഴുതാന്‍ മാരാര്‍ കണ്ടെത്തിയത്‌ എം.ആര്‍. നായരെന്ന സഞ്ജയനെയാണ്‌ എന്നത്‌ പ്രത്യേകം പരാമര്‍ശിക്കേണ്ട കാര്യമാണ്‌.

മലയാളഗദ്യത്തിന്‌ തനതായ രീതികളുണ്ട്‌. അതിനാല്‍ സംസ്കൃതത്തെയോ ഇംഗ്ലീഷിനെയോ അമിതമായി ആശ്രയിക്കുകയും വാക്യരീതികളില്‍ അനുകരിക്കുകയും ചെയ്യുന്നത്‌ അനാശാസ്യമാണെന്ന്‌ മാരാര്‍ ആ പുസ്തകത്തില്‍ ഉറപ്പിച്ചു പറയുന്നു‍ണ്ട്‌. ഒന്നാം അദ്ധ്യായത്തില്‍, ഭാഷയ്ക്കുവരുന്ന മാറ്റങ്ങള്‍, മലയാളത്തില്‍ ഇന്നു‍ പ്രചരിക്കുന്നവയും, മലയാളത്തിനു ചേരാത്തവയുമായ ചില ഇംഗ്ലീഷ് ശൈലികള്‍ എന്നി‍ങ്ങനെ രണ്ടു ഭാഗങ്ങളാണുള്ളത്‌. ഏഴാമദ്ധ്യായത്തിലെ എട്ട്‌ വിഭാഗങ്ങളില്‍ ആദ്യത്തേത്‌ മലയാളവാക്കുകളുടെ സംസ്കൃതീകരണവും മറ്റും എന്നും അവസാനത്തേത്‌ സംസ്കൃതപദദുര്‍വ്വിനിയോഗം എന്നു‍മാണ്‌. അവതാരികയെഴുതിയ സഞ്ജയനാകട്ടെ കിട്ടി‍യ അവസരങ്ങളിലൊക്കെയും വളരെ സ്വാഭാവികമെന്നപോലെ ഇംഗ്ലീഷ്‌ പദങ്ങളും സംസ്കൃതപദങ്ങളും എടുത്ത്‌ പ്രയോഗിക്കുതില്‍ ഒട്ടും വൈമനസ്യം കാണിച്ചിട്ടി‍ല്ലാത്ത ആളുമാണ്‌. പില്‍ക്കാലത്ത്‌ വി.കെ.എന്‍. ശൈലിയെന്ന്‌ മുദ്രചെയ്യപ്പെട്ട ആ ഇംഗ്ലീഷുകലര്‍ത്തല്‍ യഥാര്‍ത്ഥത്തില്‍ സഞ്ജയന്റെ സംഭാവനയാണെന്ന് കാണാം. എന്നിട്ടും മലയാളശൈലിയുടെ അവതാരികാദൌത്യം അദ്ദേഹത്തെ ഏല്പിച്ചതില്‍ ഒരു അനൌചിത്യമില്ലേയെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അതു സ്വാഭാവികമാണ്‌.

ഗദ്യത്തിനിടെ സഞ്ജയന്‍ നിരത്തുന്ന പാരഡിപദ്യങ്ങളില്‍പ്പോലും ഇംഗ്ലീഷുപദങ്ങള്‍ ധാരാളമുണ്ട്‌. കഴിവതും അവയത്രയും ഉദ്ധരണിചിഹ്നങ്ങള്‍ക്കിടയിലാണ്‌ അദ്ദേഹം പ്രയോഗിക്കുക. എന്നാ‍ല്‍ തൊട്ടടുത്തു വരുന്ന മലയാളപദവുമായി നിരന്നുപോകുന്ന തരത്തില്‍ സന്ധിചെയ്താണ്‌ അവ ഉപയോഗിച്ചിരിക്കുന്നത്‌. തദുത്തമം ഭാഷാരസപ്രാധാന്യേ എന്ന മട്ടി‍ലാണതിന്റെ പോക്ക്‌. തനിമലയാളം പറയാവുന്ന കിളിപ്പാട്ടു‍വൃത്തങ്ങളിലാണ്‌ ഈ തന്ത്രം അതീവസമര്‍ത്ഥമായി അദ്ദേഹം നടപ്പാക്കിയതെന്ന്‌ ഓര്‍ക്കുക. അതും ദ്വിതീയാക്ഷരപ്രാസവും ഛേകാനുപ്രാസവുമെല്ലാം കൃത്യമായി പാലിച്ചുകൊണ്ടുതന്നെ. ഒരുകണക്കിന്‌ ദ്രാവിഡവൃത്തങ്ങളിലെഴുതിയ സ്വതന്ത്രപദ്യങ്ങളായാണ്‌ അവയെ ഗണിക്കേണ്ടത്‌. എഴുത്തച്ഛന്‍ കൈകാര്യം ചെയ്യുമ്പോഴുള്ളതുപോലെയുള്ള നിരപ്പും വഴക്കവും പദവൈപുല്യവും എല്ലാം അതിന്റെ സവിശേഷതകളാണ്‌. പ്രമേയവും പ്രതിപാദനവും സ്വീകരിക്കുന്ന തമാശയുടെയും പരിഹാസവിമര്‍ശനങ്ങളുടെയും സാദ്ധ്യതകളാണ്‌ അവയെ പാരഡികളെ വിശേഷണത്തിന്‌ അര്‍ഹമാക്കുന്നത്‌.

വിവിധജനമിത്തരം നാലുപാടും തദാ
വിധിവിഹിതമിത്ഥമെന്നോര്‍ത്തു പായുംവിധൌ...
..........................................................................
തമിഴുമലയാളവും ഹിന്ദിയും ഹൂണിയും
തെരുതെരെയുതിര്‍ക്കയും തല്ലുകള്‍ കൊള്‍കയും
അതിമലിനവാട്ടറും നാറ്റവും ചേര്‍ന്നിട്ടും
നരകസമഗട്ടറില്‍ച്ചാടിപ്പതിക്കയും
പലതരമുഴന്നവാറൊക്കെയും ചൊല്ലുകില്‍
ശിവ,ശിവ നിറഞ്ഞുപോം പത്രികാപംക്തികള്‍.

ആയിരംനാവുള്ള സാക്ഷാലനന്തനും
ലീവെടുത്തോടുമീയോര്‍ഡര്‍ കിട്ടീ‍ടുകില്‍!
എല്ല മിസ്റ്റര്‍ ബൃഹസ്പദികൂടിയു
മൊന്നു‍ നെര്‍വ്വസ്സായ് ഭവിയ്ക്കുമീ വേളയില്‍
ഭൂമിയൊട്ടുക്കു പുകളാണ്ട ലക്‍ചറര്‍
സാമുവല്‍ഹോറും കുറഞ്ഞൊന്നു‍ വെമ്പിടും...
..........................................................................
എങ്കിലും നിങ്ങളീ റിക്വസ്റ്റു, കാലത്തു
ശങ്കവിട്ടെന്നോടു ചെയ്യുകകാരണാല്‍
തെല്ലൊന്നു‍രയ്ക്കാം "ഗ്രാമറ്റിക്കല്‍മിസ്റ്റേക്സു"
ചൊല്ലെഴും താങ്കള്‍ "കരക്റ്റു" ചെയ്തേക്കണേ!

ഇതെന്തൊരിഞ്ചസ്റ്റീസിതെന്തു സാഹസം!
ഇതിന്നു‍വേണ്ടിയോ കമ്മീഷണര്‍ വന്നു?

പദങ്ങളുടെ കാര്യത്തില്‍ സംസ്കൃതമോ ഇംഗ്ലീഷോ എന്നതിനെക്കുറിച്ച്‌ ഉല്‍ക്കണ്ഠപ്പെടാത്തതാണ്‌ സഞ്ജയന്റെ രചനാരീതി. മറ്റാരും അതുവരെ ഉപയോഗിച്ചിട്ടി‍ല്ലാത്ത ചില പദങ്ങള്‍, കുഞ്ചന്റെ പൂശകപ്രയോഗംപോലെ, അദ്ദേഹം ഉപയോഗിച്ചെന്നുമിരിക്കും. "അങ്ങനെ കിടന്നുകൊണ്ടിരിക്കെ, തന്നെക്കാള്‍ ദുറാവയി, തക്കൊള്‍ ലൂട്ടി‍മസ്സായി, തക്കൊള്‍ പാംസുസ്നാതനായി, തന്നെക്കാള്‍ അക്ലീമനായി, തന്നെക്കാള്‍ മെലിഞ്ഞ ഒരു സ്വരൂപം അവിടെ ആവിര്‍ഭവിച്ചു". എതിലെ ലൂട്ടി‍മസ്സും ദുറാവും മാത്രമല്ല സ്വരൂപവും ആവിര്‍ഭാവവും കൂടി ശ്രദ്ധിക്കേണ്ടതാണ്‌. സാഹചര്യവും വാക്യക്രമവുംകൊണ്ട്‌ ഉണ്ടാക്കിയെടുക്കുന്ന മായാജാലത്തിനിടയില്‍ പദമേ അല്ലാത്ത വെറും അക്ഷരക്കൂട്ടംതന്നെ‍ സാര്‍ത്ഥകമായിത്തീരുന്നു‍. (ബഷീര്‍ അങ്ങനെ പ്രയോഗിക്കുന്നത്‌ പലരും അത്ഭുതത്തോടെ ചൂണ്ടിക്കാണിച്ചിട്ടു‍ണ്ട്‌.) സ്വരൂപം ആവിര്‍ഭാവം എന്നി‍ങ്ങനെയുള്ള അനുചിതമായ വിശേഷണങ്ങള്‍ ഉപയോഗിച്ച്‌ സൃഷ്ടിക്കുന്ന പദതലത്തിലുള്ള അതിശയോക്തിയാണ്‌ ഹാസ്യത്തെ ജനിപ്പിക്കുന്നത്‌. ഒറ്റ വാക്യത്തില്‍ അഞ്ചിടത്താണ്‌ 'തന്നെക്കാള്‍' എന്ന പദം ആവര്‍ത്തിച്ചിരിക്കുന്നത്‌. തുടര്‍ന്നു‍വരുന്ന, "അവര്‍ ഒരുമിച്ചാണ്‌ എഴുത്തുപള്ളിയില്‍ പഠിച്ചത്‌" എന്നു‍ തുടങ്ങുന്ന, സെമിക്കോളന്‍ വെച്ച്‌ ചങ്ങല കോര്‍ത്തപോലെയുള്ള ദീര്‍ഘവാക്യത്തില്‍ 'ഒരുമിച്ചാണ്‌' എന്ന്‌ പ്രയോഗിച്ചിരിക്കുന്നത്‌ ഏഴുതവണയാണ്‌. ആവര്‍ത്തനംകൊണ്ട്‌ ഉണ്ടാക്കിയെടുക്കുന്ന ഈ സ്ഥൂലത ഹാസ്യോല്പത്തിക്കായി സഞ്ജയന്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണ്‌. സരളവാക്യങ്ങള്‍ക്കിടയില്‍ ഉല്ലേഖങ്ങള്‍ നിറയ്ക്കുക, അനാവശ്യം തോന്നാ‍വുന്ന വിശദാംശങ്ങള്‍ തിരുകുക തുടങ്ങി സ്ഥൂലത പ്രകടിപ്പിക്കുന്നതില്‍ രീതിഭേദം കാണാം മാത്രം. (സക്കറിയയുടെ ആദ്യകാലകഥകള്‍ ഈ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നു‍ണ്ട്‌.)

പദങ്ങളുടെ കാര്യത്തില്‍ സഞ്ജയന്‍ തികച്ചും സ്വതന്ത്രനാണ്‌. അതിനാല്‍ സംസ്കൃതപദങ്ങള്‍ സ്വീകരിക്കുന്ന അതേ സ്വാഭാവികതയോടെ ഇംഗ്ലീഷുപദങ്ങളും സ്വീകരിക്കാമെന്നാണ്‌ അദ്ദേഹത്തിന്റെ മതം. പാഠപുസ്തകത്തിലെ ഒരു സാങ്കേതികപദത്തെ പിടിച്ച്‌ അദ്ദേഹം ഇത്‌ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കുറിച്ചിടുന്നു‍ണ്ട്‌.

"തുല്യഭുജസമാന്തരചതുര്‍ഭുജം" എന്ന്‌ വാക്കിന്റെ അര്‍ത്ഥം പറയുവാന്‍, തിരക്കായി എവിടെയെങ്കിലും പോകുന്ന സമയത്ത്‌, നിങ്ങളെ നിരത്തിന്മേല്‍ തടഞ്ഞുനിര്‍ത്തി ഒരാള്‍ ആവശ്യപ്പെട്ടാ‍ല്‍ നിങ്ങള്‍ എന്താണ്‌ പറയുക? വിഷ്ണുവിന്റെ സഹസ്രനാമങ്ങളില്‍ ഒന്നായിരിക്കുമെന്ന്‌ പറയും. അല്ലേ? എന്നാ‍ല്‍ അത്‌ ശരിയല്ല. ഇത്‌ കണക്കുപുസ്തകങ്ങളില്‍ കാണപ്പെടുന്ന ഒരു വാക്കാണ്‌. ഈ വാക്ക്‌ "റോംബസ്‌" എന്ന ഇംഗ്ലീഷുവാക്കിന്റെ ഗീര്‍വ്വാണമാണുപോലും! എന്തിനാണ്‌ ടെക്സ്റ്റ്ബുക്കുനിര്‍മ്മാതാക്കളേ, നിങ്ങള്‍ കുട്ടി‍കളെ ഇങ്ങനെ ദ്രോഹിക്കുന്നത്‌? "റോംബസ്‌" എന്ന്‌ തന്നെ‍ പഠിപ്പിച്ചാല്‍ എന്താണ്‌ തരക്കേട്‌? അത്‌ പരിചയമില്ലാത്ത പുതിയ വാക്കാണ്‌. ശരി, നിങ്ങളുടെ "തുല്യഭുജസമാന്തരചതുര്‍ഭുജം" പഴയ വാക്കാണോ? അതിന്റെ അര്‍ത്ഥം കേള്‍ക്കുന്ന മാത്രയില്‍ മനസ്സിലാകുന്നു‍ണ്ടോ? അതിനു്‌ വല്ല അര്‍ത്ഥവുമുണ്ടോ?

മലയാളഭാഷയിലേയ്ക്കു ഇങ്ങനെ പല കള്ളവാക്കുകളും, നാലുതറ( പഴയ ഫ്രഞ്ച് മയ്യഴിയിലെ ഒരു സ്ഥലമാണ് നാലുതറ) കടന്നു് കള്ളറാക്കുപോയിരുന്നപോലെ കടന്നുവരുന്നു‍ണ്ട്‌. .... അതിര്‍ത്തി കടന്നുവരുന്നതിന്‌ ശരിയായ കാരണം കാണിക്കാതെ അവരെ സഞ്ജയന്‍ വിടുകയില്ല. വര്‍ത്തമാനക്കടലാസ്സുകള്‍, പ്രസംഗവേദികള്‍, പാഠപുസ്തകങ്ങള്‍ ഇവയുടെ വാതില്‍ക്കല്‍ കൈക്കൂലിയും സേവയുമില്ലാത്ത ഒരു ചുങ്കം ഉദ്യോഗസ്ഥനെ ഗവര്‍മ്മെണ്ട്‌ ഉടനെ നിശ്ചയിക്കേണ്ടതാണ്‌. (അടിയന്തിരശ്രദ്ധയ്ക്ക്‌.) ഇല്ലെങ്കില്‍ കുറച്ച്‌ കൊല്ലം കൂടി കഴിഞ്ഞാല്‍ നമ്മള്‍ പറയുന്നത്‌ അന്യോന്യം മനസ്സിലാകാതായിത്തീരും." 3.3.37.

പദത്തെക്കുറിച്ചും വാക്യത്തെക്കുറിച്ചും വ്യത്യസ്തമായ നിലപാടുകളാണ്‌ സഞ്ജയനുണ്ടായിരുന്നതെന്ന് കാണാം. പദങ്ങളല്ല വാക്യരചനാരീതികളാണ്‌ ഭാഷയെ ഭാഷയാക്കി നിലനിര്‍ത്തുതെന്ന ശരിയായ കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുള്ളത്‌. അതുകൊണ്ട്‌, വാക്യത്തിന്റെ കാര്യത്തില്‍ ഇംഗ്ലീഷോ സംസ്കൃതമോ അദ്ദേഹം സ്വീകരിക്കുന്നി‍ല്ല. അത്‌ തനിമലയാളം തയൊവണമെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ബ്ബന്ധമുണ്ടായിരുന്നു‍. ഷേക്സ്പിയറെയും കാളിദാസനെയും ആദരിച്ചിരുന്നെങ്കിലും അവയെല്ലാം മലയാളത്തിന്റെ വാക്യങ്ങളായിത്തന്നെ‍വേണം ഇവിടെ പ്രചരിക്കാന്‍ എന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമേതുമില്ല. അതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ അതിനിശിതമായി വിമര്‍ശിക്കാനുള്ള ശ്രമത്തെ മലയാളഗദ്യത്തെക്കുറിച്ചുള്ള സഞ്ജയന്റെ കാഴ്ചപ്പാടായിവേണം മനസ്സിലാക്കാന്‍. അഥവാ, 'മലയാളശൈലി'യിലെ ആശയത്തോട്‌ ഇണങ്ങുന്നതാണ്‌ അദ്ദേഹത്തിന്റെ നിലപാടെന്ന് ചുരുക്കം. ഇംഗ്ലീഷുമായുള്ള പരിചയം മലയാളത്തിലെ വാക്യരചനയെ സ്വാധീനിക്കുന്നു‍ എന്നു‍ തോന്നി‍യപ്പോഴെല്ലാം അദ്ദേഹം തന്റെ വിമര്‍ശനത്തിന്റെ പരിഹാസാഗ്നിയില്‍ അവയെ പുകച്ചുപുറത്തിട്ട്‌ നാണം കെടുത്തിയിരുന്നു‍.

പുതുതായി മലയാളം പഠിച്ച്‌ പരീക്ഷ ഉയര്‍ന്ന നിലയില്‍ പാസ്സായ ഒരു സായ്പ്‌ ഒരിക്കല്‍ തന്റെ ഒരു മലയാളി സ്നേഹിതന് എഴുതിയ എഴുത്തിന്റെ ഒടുവില്‍ ആശീര്‍വ്വദിച്ചതുപോലെ; "എന്നാ‍ല്‍ പിന്നെ‍ ഞാന്‍ താങ്കള്‍ക്കും കുടുംബത്തിന്നുംവേണ്ടി ഒരു സന്തോഷമുള്ള "വിഷു"വും ഒരു ഭാഗ്യമുള്ളതും വളരെ നന്മയുള്ളതുമായ പുതിയ വര്‍ഷവും ആശിച്ചുകൊള്ളട്ടയോ? സ്വര്‍ഗ്ഗങ്ങള്‍ താങ്കളുടെ പുറത്ത്‌ അവരുടെ ഏറ്റവും തിരഞ്ഞെടുത്ത സമ്മാനങ്ങളെ ചൊരിയട്ടെ!" (10.4.35) ഇംഗ്ലീഷിലെ ആര്‍ട്ടി‍ക്കളുകള്‍ വേഷം മാറി മലയാളത്തില്‍ വരുമ്പോഴുള്ള വിരസതയ്ക്ക്‌ ഉദാഹരണമാണിത്‌. വാക്യത്തിന്റെ ശൈലിയില്‍ പുലര്‍ത്തുന്ന മലയാളമട്ട്‌ വേണ്ടത്ര ശ്രദ്ധിച്ചാലേ അതിലെ വിമര്‍ശനം വ്യക്തമാകൂ.

വാക്യഘടനയുടെ കാര്യത്തില്‍ എന്തെങ്കിലും വിട്ടു‍വീഴ്ചയ്ക്ക്‌ സഞ്ജയന്‍ ഒരുക്കമായിരുന്നി‍ല്ല. അര്‍ത്ഥത്തെ സംബന്ധിച്ച്‌ അദ്ദേഹത്തിന്‌ വളരെ നിഷ്ഠയുണ്ടുതാനും. "ഉച്ചപ്പിരാന്ത്‌ (false mysticism) കാരെക്കൊണ്ട്‌ അവരവര്‍ക്കോ ലോകത്തിനോ വലിയ തകരാറൊന്നും വരാനില്ല. അവര്‍ പറയുതിന്‌ അര്‍ത്ഥമില്ലെന്ന്‌ അവര്‍ക്ക്‌ അസ്സലായറിയാം. ഈ സംഗതി മി. കുട്ടി‍കൃഷ്ണമാരാര്‍ പറയുംപോലെ നമ്മള്‍ക്കും, ഏതാണ്ടൊക്കെ, തിരിഞ്ഞിട്ടു‍മുണ്ട്‌. "എരിശ്ശേരിക്ക്‌ ഉപ്പില്ലാഞ്ഞിട്ടു‍ തലയിണ നീക്കിവെച്ചു; എന്നിട്ടും പോയില്ല തൊടിയിലെ കുരങ്ങന്‍" എന്നു‍ പറയുന്ന വിദ്വാന്‍ തന്റെ ശബ്ദം കേള്‍ക്കുന്നതിലുള്ള ഒരു രസംകൊണ്ടുമാത്രം സംസാരിക്കുകയാണെന്ന് സ്പഷ്ടമല്ലേ?" എന്നാ‍ണ്‌ മിസ്റ്റിക്ക്‌ കവിതയുടെ അര്‍ത്ഥവിനിമയത്തെക്കുറിച്ച്‌ സഞ്ജയന്റെ പരിഹാസം. വ്യാകരണപൂര്‍ണ്ണമായ വാക്യഘടനയുള്ളതെങ്കിലും ആര്‍ത്ഥികമായി സ്വീകാര്യമല്ലാത്തവയെക്കുറിച്ചു പറയുമ്പോള്‍ ചോംസ്കി ഉദാഹരിക്കുന്ന, 'ക്ഷോഭത്തോടെ പറന്നുകളിക്കുന്ന കളര്‍ലെസ്സ്‌ ഗ്രീന്‍ ഐഡിയ'കളെക്കുറിച്ചുള്ള വാക്യം നാം പലപാടു ചര്‍ച്ച ചെയ്തിട്ടു‍ണ്ടെങ്കിലും സഞ്ജയനെ ശ്രദ്ധിച്ചിട്ടി‍ല്ല. വ്യാകരണവിഷയത്തില്‍ ചോംസ്കിയുടെ തോളൊപ്പം നിര്‍ത്താനല്ല, മറിച്ച്‌ അദ്ദേഹത്തിന്റെ യുക്തിബോധത്തിനും അര്‍ത്ഥപക്ഷപാതിത്വത്തിനും ഉള്ള തെളിവ്‌ നിലയിലാണ്‌ ഇതിവിടെ പറയുന്നത്‌.

അര്‍ത്ഥമുണ്ടായതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ പ്രീതി നേടാനായെന്നുവരില്ല എതാണ്‌ വാസ്തവം. ചട്ടപ്പടി മംഗളപത്രങ്ങളെ അദ്ദേഹം പരിഹസിക്കുന്നതു നോക്കുക.

"രാമന്‍ള്ളൊരു നല്‍പ്പേരു ചേര്‍ന്നു‍ള്ള
നായരാം മാന്യന്‍താനിദ്ദിനത്തില്‍
ലക്ഷ്മിയെന്നുള്ളൊരു മാന്യാമമ്മയെ
ഭാര്യാപദത്തിലണച്ചീടുന്നൂ‍.
കേമനാണീ നായര്‍ കേമിയാണീയമ്മ
ആമോദമെന്തെന്തിതിന്നു‍ മേലേ
രാമന്‍താനീ രാമന്‍ ലക്ഷമിയാണീ ലക്ഷ്മി
ഞാനഹോ ഞാന്‍തന്നെ‍ നിങ്ങള്‍ നിങ്ങള്‍.
മംഗളം മംഗളം മംഗളം മംഗളം
മംഗളം മംഗളം മംഗളംതാന്‍".
അര്‍ത്ഥം മാത്രമല്ല അനന്വയം എന്ന അലങ്കാരം കൂടിയുണ്ടിതില്‍. പക്ഷെ, ഞാനഹോ ഞാന്‍തന്നെ‍ നിങ്ങള്‍ നിങ്ങള്‍ എന്നും മംഗളം എന്ന ആവര്‍ത്തനവുംകൊണ്ട്‌ ആ അലങ്കാരത്തെ എത്ര സ്വാഭാവികമായാണ്‌ സഞ്ജയന്‍ നിലംപരിശാക്കിക്കളയുന്നത്‌. ഒപ്പം വെറും ചടങ്ങുകള്‍ക്കായി തട്ടി‍ക്കൂട്ടന്നു‍ ഒന്നല്ല സാഹിത്യമെന്ന നിലപാട്‌ ഉറപ്പിക്കുകകൂടിയാണ്‌ അദ്ദേഹം.

വാക്യത്തിലെ പദക്രമം തന്നിഷ്ടംപോലെ മാറ്റുന്നതു്,‌ പുതുമയ്ക്കുവേണ്ടിയാണെങ്കിലും അപകടം ചെയ്യും. ആകാംക്ഷാപൂര്‍ത്തിയില്ലാത്തതൊന്നും സ്വീകാര്യമല്ലെന്നു് മാത്രമല്ല അര്‍ത്ഥശങ്കയുണ്ടാക്കുതൊന്നും നല്ല ഭാഷാപ്രയോഗമല്ല എന്നു‍കൂടിയാണ്‌ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്‌. മലയാളഗദ്യത്തിലുണ്ടായ പുത്തന്‍ പ്രവണതയെ പരിഹസിക്കുന്ന ഭാഗം അതിന്‌ ഉദാഹരണമാണ്‌. പുത്തന്‍ശൈലി കഷ്ടപ്പെട്ട്‌ പഠിച്ചെടുത്ത്‌ എഴുതിയ ഉപന്യാസമാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. അല്പം ദീര്‍ഘമായിത്തന്നെ ആ ഭാഗം ഉദ്ധരിക്കേണ്ടിയിരിക്കുന്നു‍.

"ഒന്നാമത്തെ ഉപന്യാസം ദൈവത്തെക്കുറിച്ചാണ്‌. ഇങ്ങനെ തുടങ്ങുന്നു‍:
"ദൈവം, സച്ചിദാനന്ദസ്വരൂപം. അഖണ്ഡം. അനന്തം. ശിവോഹം. സ്വസ്ത്യസ്തു. ചതുകുപ്പ.

മനുഷ്യന്‍ ഒന്നി‍നെഒരാളെആരാധിക്കുന്നു‍ണ്ട്‌. ആരെ? ദൈവത്തിനെ. എന്തിന്ന്‌? അവര്‍ക്ക്‌ വേറെ പണിയൊന്നു‍മില്ലാഞ്ഞിട്ട്‌. ...

ദൈവം ഭക്തിവീചിയുടെ സമുദ്രമാണ്‌; മോക്ഷാഗ്നിയുടെ പുകയാണ്‌, ഉപനിഷല്‍പ്പാലിലെ വെണ്ണയാണ്‌, വേദാന്തമദ്യത്തിന്റെ ലഹരിയാണ്‌, ജെംബിസ്കറ്റാണ്‌, മരമുരിങ്ങയാണ്‌, കുതിരവട്ടമാണ്‌."
* * *
ഇതിനെപ്പറ്റി നിങ്ങള്‍ എന്തു വിചാരിക്കുന്നു‍? ഇതിന്റെ ഗുണഗണങ്ങള്‍ നിങ്ങള്‍ മനസ്സിരുത്തി 'നോട്ടു‍' ചെയ്യണം. ചില വാചകങ്ങള്‍, ഒരൊറ്റവാക്കോടുകൂടി, കതിനവെടിപോലെ, ഗംഭീരമായി മുഴങ്ങി അവസാനിക്കുന്നതു കണ്ടുവോ? മറ്റു ചിലത്‌, കോഴപ്പടകംപോലെ, അര്‍ദ്ധവിരാമങ്ങളോടുകൂടി പൊട്ടി‍ത്തെറിയ്ക്കുന്നത്‌ കേട്ടു‍വോ? ഇതിലെ ഉപമകള്‍ മഹാകവിക്കല്ലാതെ എഴുതുവാന്‍ കഴിയുമോ? ഇവിടെ ഗദ്യമെഴുതീട്ടാ‍ണ്‌ മഹാകവിയെ സ്ഥാനം സമ്പാദിയ്ക്കാന്‍ പോകുന്നത്‌. സൂക്ഷിച്ചോളിന്‍!
* * *
കവിതയെപ്പറ്റി
"ഒരു പൊന്‍വീണയുണ്ട്‌. ഒരു സ്വാതന്ത്ര്യമുരളിയുണ്ട്‌. ഒരു ഡബ്‌ള്‍റീഡ്‌ ഹാര്‍മ്മോണിയമുണ്ട്‌. ഒരു പോലീസ്സ്‌ വിസിലുണ്ട്‌. എന്താണത്‌? കവിത. ആരു പറയുന്നു‍? ഞാന്‍.
അതില്‍ക്കൂടി നിര്‍ഗ്ഗളിക്കുന്നതോ? സ്വാതന്ത്ര്യമധു, ആനന്ദധാര, സമത്വം, സൌഭ്രാത്രം, സോഡ, ലെമനെഡ്‌, അമരകോശം, പഞ്ചതന്ത്രം.
ഇതൊന്നാ‍ണ്‌ ഭൂമിയെ സ്വര്‍ഗ്ഗമാക്കുന്നത്‌. ഇത്‌ വടക്കുംകൂര്‍ രാജരാജവര്‍മ്മ രാജാവിനില്ലാത്തതും ഉള്ളൂരിന്‌ ഉള്ളതുമാകുന്നു‍. ഇതില്ലെങ്കില്‍ നക്ഷത്രം പ്രകാശിക്കുകയില്ല: ഇലക്ട്രിക്‌ ലൈറ്റ്‌ കത്തുകയില്ല: മോട്ടോര്‍കാര്‍ സ്റ്റാര്ട്ടാ‍വുകയില്ല; ഞാനെഴുതുകയില്ല, പത്രാധിപര്‍ സ്വീകരിക്കുകയില്ല, നിങ്ങള്‍ വായിക്കുകയില്ല.
കവിത! ഹാ! ഹൂ! കവിത!"

കവിതയെപ്പറ്റി ഒന്നാന്തരമൊരറിവ്‌ വായനക്കാര്‍ക്ക്‌ ഇതില്‍നിന്നു‍ കിട്ടി‍യല്ലോ. അതാണ്‌ ഈ ശൈലിയുടെ ഗുണം. വായിച്ചാല്‍പ്പിന്നെ‍ ആ വിഷയത്തെക്കുറിച്ച്‌ ആര്‍ക്കും ഒരു സംശയവും ഉണ്ടാവുകയില്ല. ....
എനി ഞാന്‍ ഉദാഹരണം കൊടുക്കുന്നത്‌ തലകീഴായ്‌ നില്‍ക്കുന്ന ശൈലിക്കാണ്‌. ഈ രോഗം അധികവും പ്രാസംഗികന്മാരെയാണ്‌ ബാധിച്ചു കാണുന്നത്‌....
"മഹതികളേ, മാന്യന്മാരേ,
എനിക്കറിയാം, നിങ്ങളില്‍ അധികംപേരും ഇവിടെ വന്നു് നില്‍ക്കുന്നത്‌ നിങ്ങള്‍ക്കു മറ്റു യാതൊന്നും ചെയ്യുവാനില്ലാത്തതുകൊണ്ടാണെന്ന്‌. അത്‌ കേട്ട്‌ മുഷിയരുത്‌, നിങ്ങള്‍. ആര്‍ക്കെങ്കിലും കൊടുക്കാം വോട്ട്‌. ആലോചിച്ചു വേണം പക്ഷെ. ഉപയോഗിക്കുവാന്‍ ആ അധികാരം. ഞാന്‍ പറയുന്നു‍, നിങ്ങള്‍ വോട്ട്‌ രാജശ്രീപാതാളരാജാവിന്നു‍ കൊടുക്കണമെന്ന്‌. അതാണ്‌ ഒരു മാര്‍ഗ്ഗം, നന്മയ്ക്കുള്ള. പറയാമോ എന്നോട്‌ ധൈര്യസമേതം നിങ്ങള്‍ അങ്ങനെ ചെയ്യുമെന്ന്‌?"

ഇത്‌ മതി. തളര്‍ച്ച വരുന്നു‍. ഈ പുതിയ സര്‍ക്കസ്സിന്റെ ഉദ്ദേശ്യം ഫോഴ്സ്‌ (ശക്തി, ബലം, ഊക്ക്‌, കരുത്ത്‌) ആണ്‌. "ഞാന്‍ യാതൊരു സംശയവുമില്ലാതെ എഴുതും" എന്ന്‌ പഴയ സമ്പ്രദായം; "എഴുതും ഞാനില്ലാതെ യാതൊരു സംശയം." എന്ന്‌ പുതിയ രീതി. വാസ്തവത്തില്‍, നിര്‍മ്മത്സരമായി ആലോചിയ്ക്കുകയാണെങ്കില്‍ രണ്ടാമത്തേതിന്‌ ആദ്യത്തേതിനേക്കാള്‍ കുറച്ചൊരു ബലം ജാസ്തിയില്ലേ? ഈ കാരണംകൊണ്ടാണ്‌ നമ്മുടെ പ്രാസംഗികന്മാര്‍ ഈ രീതിയെ അവലംബിച്ചിരിക്കുന്നത്‌. മലയാളഭാഷ യൂനിവേര്‍സിറ്റിയുടെ രക്ഷണത്തിന്‍ കീഴില്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധി പ്രാപിച്ചു വരുന്നു‍ണ്ടെതില്‍‌ ഇതിലധികം എന്തൊരു "എവിഡന്‍സാ"ണ്‌ നിങ്ങള്‍ക്ക്‌ വേണ്ടത്‌? ഈ ശൈലിയില്‍ ചില പണ്ഡിതന്മാര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഡിക്റ്റേറ്റു ചെയ്തുകൊടുത്ത നോട്ടു‍കള്‍ ഞാന്‍ കണ്ടിട്ടു‍ണ്ട്‌. ഇതിന്റെയൊക്കെ ഫലം യാതൊന്നു‍മറിയാതെ ആ പച്ചപ്പാവങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ (എന്താണ്‌ നിങ്ങള്‍ക്കൊരു ചിരി?) അതൊക്കെ പഠിച്ചു വശമാക്കും. ക്രമേണ അവര്‍ വീടുകളിലും ഈ സംഭാഷണരീതി പ്രചരിപ്പിക്കും.

അപ്പൊഴാണ്‌ രസം. പിന്നെ‍ കേള്‍ക്കാം ചില സംഭാഷണങ്ങളിങ്ങനെ. "മകനേ, വരാന്‍ സ്ക്കൂളില്‍നിന്ന് താമസിച്ചതിന്‌ ഇത്രയധികം കാരണമെന്ത്‌ നീ?" 'അച്ഛാ, ഭാഷയില്‍ മറുപടി ഞാന്‍ ഈ പറഞ്ഞാല്‍ മനസ്സിലാകും എങ്ങനെ നിങ്ങള്‍?"

അര്‍ത്ഥത്തോടുള്ള ഈ പ്രതിപത്തിപോലെ പ്രബലമാണ്‌ യുക്തിയിലും വ്യാകരണത്തിലും സഞ്ജയന്‍ പുലര്‍ത്തുന്ന കാര്‍ക്കശ്യം. "സംസ്കൃതത്തില്‍ ദ്വിവചനമുണ്ടെന്ന്‌ സഞ്ജയനെക്കണ്ടാല്‍ പറഞ്ഞേക്കണ"മെന്ന്‌ ഒരു സഞ്ജയബന്ധു മറ്റൊരു സഞ്ജയബന്ധു മുഖേന, ഇന്നു‍ച്ചയ്ക്ക്‌ പി. എസ്സിനെ അറിയിക്കുകയുണ്ടായി. "മനസ്സിലായി!" എന്ന്‌ പി. എസ്സ്‌, രണ്ടു സെക്കന്റുനേരത്തെ ആലോചനയ്ക്കുശേഷം, മറുപടിയും പറഞ്ഞു. നിങ്ങള്‍ക്കു മനസ്സിലായോ? ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. ഈയിടെ നടക്കാതിരുന്ന മത്സരപ്പയറ്റിന്റെ റിപ്പോര്‍ട്ടില്‍ സഞ്ജയന്‍,
"നാരായണോശ്രീധരശ്ച കിമകുര്‍വത സഞ്ജയ?"
എന്നെലുതിപ്പോയി. സന്ദര്‍ഭത്തിനുവേണ്ടി, ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ മൂന്നാംപാദം മാറ്റിയതിനോടൊപ്പം, വ്യാകരണത്തിന്നു‍വേണ്ടി, നാലാംപാദത്തിലെ ആ ക്രിയകൂടി മാറ്റേണ്ടിയിരുന്നു‍ എന്ന്‌ പി.എസ്സ്‌ ഓര്‍ത്തില്ലെന്നാണ്‌ പ്രസ്തുത സഞ്ജയബന്ധു വിവരിക്കുതെന്ന്‌ ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു‍. ഈ വിശ്വാസം സത്യമെങ്കിലും, മി. ജി. ശങ്കരക്കുറുപ്പ്‌ മുഷിയുകയില്ലെങ്കിലും,
ആ വന്ദ്യസുഹൃത്തിന്റെ മധുരാധിക്ഷേപത്തിന്‍
നാവിനു കഥിയ്ക്കെടോ പീയെസ്സേ നമോവാകം!
സുഹൃത്ത്‌ ചൂണ്ടിക്കാണിച്ച തെറ്റ്‌ ശരിതന്നെയാണ്‌; എന്നു‍വെച്ചാല്‍ തെറ്റുതന്നെയാണെ ശരിയായ അര്‍ത്ഥം. അതുകൊണ്ട്‌ സഞ്ജയന്‍ സുഹൃത്തോട്‌ നന്ദിപൂര്‍വ്വവും വായനക്കാരോട്‌ ക്ഷമാപണപൂര്‍വ്വവും പ്രസ്തുതവരികളെ,
"ശ്രീധരീയാ വിപക്ഷീയാഃ കിമകുര്‍വതസഞ്ജയ?"
എന്നു‍ സംസ്കൃതത്തിലോ
"നാരായണശ്രീധരന്മാര്‍ ചെയ്തതെന്തെന്റെ സഞ്ജയ?"
എന്നു‍ മലയാളത്തിലോ തിരുത്തിവായിക്കാന്‍ സവിനയം അപേക്ഷിക്കുന്നു‍. ഇങ്ങനെ നോട്ടക്കുറവുകൊണ്ടു വ്യാകരണത്തെറ്റുകള്‍ വരുത്തിത്തുടങ്ങിയാല്‍, ഒടുക്കം സഞ്ജയനെ ടെക്സ്റ്റുബുക്കു കമ്മറ്റിക്കാര്‍ പാഠ്യപുസ്തകങ്ങള്‍ എഴുതുവാന്‍വേണ്ടി കടന്നുപിടികൂടുമോ എന്നു‍കൂടി പി.എസ്സിന്നു‍ ശങ്കയായിത്തുടങ്ങിയിരിക്കുന്നു‍."

വ്യാകരണത്തെക്കുറിച്ചുള്ള നിലപാട്‌ ഇതിലെ ആശയത്തില്‍ മാത്രമല്ല പ്രയോഗത്തിലും പാലിച്ചിരിക്കുന്നതു കാണാം. ഉദ്ദേശികാപ്രത്യയം ഗദ്യത്തിലാവുമ്പോള്‍ ന്നു‍ എന്ന്‌ ഇരട്ടി‍ച്ചും പദ്യത്തില്‍ നാവിന്‌ എന്ന്‌ മാത്രപാലിക്കാനായി ഇരട്ടി‍ക്കാതെയും എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക. അതു പോലെ പി. എസ്സ്‌ . എത്‌ ഗദ്യത്തില്‍ ഫുള്‍സ്റ്റോപ്പിട്ടു‍ നല്കിയിരിക്കുന്നതുപോലെയല്ല പദ്യത്തില്‍. അത്‌ കുത്തില്ലാതെ മാത്രമല്ല സന്ധിചെയ്ത്‌ സകാരത്തിന്റെ ഇരട്ടി‍പ്പോടെയുമാണ്‌ എഴുതിയിരിക്കുന്നത്‌. അതേപോലെ ടെക്സ്റ്റുബുക്കു കമ്മറ്റി എതില്‍ കമ്മറ്റി വേറിട്ടാ‍ണെഴുതിയതെങ്കിലും ടെക്സ്റ്റുബുക്കു എന്ന്‌ സമസ്തപദമാണുപയോഗിച്ചത്‌. മാത്രമല്ല അതിന്റെ അന്ത്യത്തില്‍ സംവൃതോകാരമല്ല വിവൃതോകാരംതയൊണ്‌ ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്‌. മലയാളഗദ്യത്തിന്റെ പില്ക്കാലരീതികള്‍ ധാരാളം ഇംഗ്ലീഷുപദങ്ങള്‍ ഉപയോഗിച്ചുവരുന്നു‍ണ്ടെങ്കിലും വേറിട്ടു‍വേറിട്ട്‌ എഴുതുന്നരീതിയിലേക്ക്‌ ചുവടുമാറുന്നതു കാണാം. പിന്നെപ്പിന്നെ‍ മലയാളത്തിലെ സമസ്തപദങ്ങള്‍പോലും പിരിച്ചെഴുതുന്ന സമ്പ്രദായമാണ്‌ നടപ്പിലായത്‌. മലയാളത്തിന്റെ വാക്യസമ്പ്രദായങ്ങളെ സ്വാധീനിക്കാതെതന്നെ‍ വിദേശപദങ്ങളെ തലങ്ങുംവിലങ്ങും പ്രയോഗിക്കാമെന്ന സഞ്ജയന്റെ രീതികളെ കൂടുതല്‍ വിലമതിക്കേണ്ടിവരുന്ന സാഹചര്യമിതാണ്‌.

അതേസമയം മര്‍ക്കടമുഷ്ടിയോടെയുള്ള വ്യാകരണശാഠ്യം അദ്ദേഹം വെച്ചു പുലര്‍ത്തുന്നി‍ല്ല എതും ശ്രദ്ധിക്കേണ്ടതാണ്‌. മലയാളശൈലിയില്‍ മാരാര്‍ ഉദാഹരിക്കുന്ന അപഭ്രംശങ്ങള്‍ ഏതാണ്ട് മുഴുവനും പത്രങ്ങളുടെ സംഭാവനയാണ്‌ എന്ന കാര്യത്തെ പരാമര്‍ശിക്കുമ്പോള്‍ ദിനപ്പത്രങ്ങളുടെ പത്രാധിപര്‍ക്കായി ജാമ്യാപേക്ഷ നല്കുന്നു‍ണ്ട്‌ സഞ്ജയന്‍. ടെലിപ്രിന്റര്‍ പെറ്റുകൂട്ടുന്ന വാക്യങ്ങളെ മുഴുവന്‍ വായിച്ചുനോക്കുതിനുമുമ്പേതന്നെ വിവര്‍ത്തനം ചെയ്യേണ്ടിവരുന്ന പത്രാധിപരുടെ ജോലിത്തിരക്കാണതിനു കാരണമായി പറയുന്നത്‌. എന്നാ‍ല്‍ ആവശ്യത്തിനു സമയം ലഭിക്കുന്ന വാരികകളുടെയും മാസികകളുടെയും മറ്റും പത്രാധിപന്മാരെയും എഴുത്തുകാരെയും അക്കാരണത്താല്‍ വെറുതെ വിടാന്‍ കഴിയില്ലെന്ന് അദ്ദേഹം എടുത്തുപറയുന്നു‍ണ്ട്‌.

ഭാഷാപരിണാമത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ സഞ്ജയനുണ്ട്‌. "ശ്രീ കുട്ടി‍ക്കൃഷ്ണമാരാരുടെ വായനക്കാരില്‍പ്പലരേയും, അവര്‍ പുസ്തകം വായിയ്ക്കാന്‍ തുടങ്ങുന്നതിനു മുമ്പ്‌, രണ്ടു സംഗതികള്‍ ഓര്‍മ്മപ്പെടുത്തേണ്ടത്‌ ആവശ്യമായേയ്ക്കുമെന്ന്‌ ഞാന്‍ വിചാരിക്കുന്നു‍: മലയാളം ഒരു ജീവല്‍ഭാഷയാണെന്നും നമ്മുടെ എഴുത്തുകാരില്‍പ്പലര്‍ക്കും പറ്റിപ്പോകാറുള്ള ഏതാനും വ്യാകരണത്തെറ്റുകളെ ഈ പുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, ഇതൊരു വ്യാകരണഗ്രന്ഥമല്ലെന്നും ഉള്ള വസ്തുതകളാണവ." തുടര്‍ന്ന്‌, 'ഒരു മൃതഭാഷയുടെ നിയമങ്ങള്‍- അവ വ്യാകരണത്തെയോ, ശൈലിയെയോ ഏതിനെസ്സംബന്ധിച്ചുള്ളവയായാലും ശരി- ഇനി മാറ്റുവാന്‍ കഴിയാത്തവയാണ്‌' എന്നും വിശദീകരിക്കുന്നു‍. മലയാളത്തിലെ ചില അര്‍ത്ഥപരിണാമങ്ങളെ ഉദാഹരിച്ചുകൊണ്ട്‌ 'ഏതു ജീവല്‍ഭാഷയുടെ കാര്യത്തിലും വ്യാകരണനിയമങ്ങളെക്കാള്‍ എത്രയോ പൂര്‍ണ്ണമായും കൂടെക്കൂടെയുമാണ്‌ ശൈലീനിയമങ്ങള്‍ മാറുക എന്നതു സര്‍വ്വവിദിതമായതുകൊണ്ടാണ്‌ ഇതൊരു വ്യാകരണഗ്രന്ഥമല്ലെന്നുകൂടി ഓര്‍മ്മിപ്പിക്കുന്നത്‌ എന്നും അദ്ദേഹം വ്യക്തമാക്കുന്നു‍ണ്ട്‌. എങ്കിലും 'മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങളെക്കൂടി, അവയുടെ മാറ്റങ്ങളെ ക്രമപ്പെടുത്തുവാനും നേര്‍വഴിയ്ക്കാക്കുവാനും, സര്‍വ്വോപരി, ഏതു ഘട്ടത്തിലും, ഭാഷയെ ഭ്രാന്താലാപത്തിന്റെ നിരര്‍ത്ഥകത്വത്തില്‍നിന്നും നിരങ്കുശത്വത്തില്‍നിന്നും രക്ഷിക്കുവാനും, കൂടെക്കൂടെ ഇത്തരം ഗ്രന്ഥങ്ങള്‍ സംഗ്രഹിയ്ക്കേണ്ടത്‌ അത്യാവശ്യമാണ്‌ എന്ന്‌ പുസ്തകത്തിന്റെ പ്രസക്തിയെ അദ്ദേഹം വ്യക്തമായി ഉറപ്പിക്കുന്നു‍. ഭാഷാപരിണാമത്തെക്കുറിച്ചും ഭാഷാസൂത്രണത്തെക്കുറിച്ചും സഞ്ജയന്‌ നല്ല ഗ്രാഹ്യമുണ്ടെന്ന് ചുരുക്കം. അക്കാര്യത്തില്‍ തികഞ്ഞ പ്രായോഗികമതിയുമാണദ്ദേഹം.

ഭാഷയില്‍ പ്രതിഷ്ഠനേടിക്കഴിഞ്ഞ അപഭ്രംശങ്ങളെ തുടച്ചു മാറ്റുക അസാദ്ധ്യമാണെന്ന്‌ സഞ്ജയന്‍ വ്യക്തമാക്കുന്നു‍ണ്ട്‌. എന്നാ‍ല്‍ പ്രതിഷ്ഠ നേടിയിട്ടി‍ല്ലാത്ത അപഭ്രംശശൈലികളെ പ്രതിരോധിക്കുകതന്നെ‍ വേണം. ഏതാണ്‌ പ്രതിഷ്ഠനേടിയവ‍യെന്നും അല്ലാത്തവയെന്നും ഉദാഹരിക്കാനും അദ്ദേഹം മറക്കുന്നി‍ല്ല. "തീവണ്ടിസ്റ്റേഷനി'ലേയ്ക്ക്‌ 'താമസി'ച്ചു പുറപ്പെട്ടതുകൊണ്ടു 'ധൃതി'യില്‍ നടക്കേണ്ടിവരുന്ന 'സാധു'മനുഷ്യന്റെയോ, പത്തു ലക്ഷം ആളുകളെ 'ശേഖരിച്ച്‌' അയല്‍രാഷ്ട്രത്തെ ആക്രമിയ്ക്കുവാനൊരുങ്ങിയ പെരുന്തലയന്റെയോ നേരെ നമ്മള്‍ ഇനി നെറ്റി ചുളിച്ചിട്ടു‍ പ്രയോജനമൊന്നു‍മില്ല. ആ സമാരംഭത്തില്‍ നമ്മള്‍ പരാജിതരും പരിഹാസ്യന്മാരുമായിത്തീരുകയേ ഉള്ളൂ. എന്നാ‍ല്‍ ചീനയില്‍ 'ഭ്രമി'ച്ചുകൊണ്ടിരുന്ന കാലത്തു 'ജപ്പാന്‍കാരുടെ പ്രതി' 'ഘൃണ' തോന്നി‍യ ആ മഹാമനുഷ്യനെയും, നൂറു 'മിലിട്ടറി വാഗനു'കളോടുകൂടി ഒരു 'ന്യൂട്രല്‍' രാഷ്ടത്തിന്റെ 'ബൌണ്ടറി' കടന്നുവരുന്ന അക്രമിയെയും നമുക്ക്‌, ഏതായാലും ഈ ഘട്ടത്തില്‍ വെറുതെ വിട്ടു‍കൂടതന്നെ. നമ്മുടെ ഭാഷയുടെ വെറും നിലനില്പിനു‍വേണ്ടിപ്പോലും ഈ സാഹസികളെ സര്‍വ്വശക്തിയുമുപയോഗിച്ച്‌ ചെറുക്കേണ്ടതു നമ്മളില്‍ ഓരോ ആളുടെയും മുറ മാത്രമാണ്‌. ഈ മഹോദ്യമത്തില്‍ ആദ്യമായും കൃത്യമായും അഭിനന്ദനീയമായുള്ള ഒരു നേതൃത്വം നല്കുകയാണ്‌ ശ്രീ. കുട്ടി‍ക്കൃഷ്ണമാരാര്‍ തന്റെ ഈ ഗ്രന്ഥംമുഖേന ചെയ്തിരിക്കുന്നത്‌." എന്ന നിലപാടാണ്‌ അദ്ദഹം പുലര്‍ത്തിയത്‌. അദ്ദേഹം നല്കുന്ന ഉദാഹരണങ്ങള്‍ തന്റെ നിരീക്ഷണപടുത്വത്തെ മാത്രമല്ല മലയാളഗദ്യത്തെസംബന്ധിച്ച്‌ പുലര്‍ത്തിയ ക്രാന്തദര്‍ശിത്വത്തെക്കൂടിയാണ്‌ വിളിച്ചോതുന്നത്‌.

മാത്രമല്ല "പുതിയപ്രയോഗങ്ങളുടെയും ശൈലീവിശേഷങ്ങളുടെയും സ്വീകരണത്തെസ്സംബന്ധിച്ചിടത്തോളം, പൊതുജനങ്ങളുടെ രുചി പലപ്പോഴും പണ്ഡിതന്മാരുടെ വിധിയെ തട്ടി‍നീക്കി പ്രവഹിക്കുന്നതു കാണാം. അങ്ങിനെ വരുന്ന ഘട്ടത്തില്‍, വിധി രുചിയ്ക്കു വിധേയമായി മാത്രമേ ഒടുക്കം പുറത്തു വരികയുള്ളുവെന്നതു ലോകത്തിലെ എല്ലാ ഭാഷാചരിത്രങ്ങളും തെളിയിച്ചുകഴിഞ്ഞ ഒരു വസ്തുതയാണ്‌. പണ്ഡിതന്മാര്‍ക്ക്‌, അവര്‍ കാലം വൈകുന്നതിനുമുമ്പു ശ്രമിക്കുന്നപക്ഷം, മിക്ക അവസരങ്ങളിലും, ഈ രുചിയെ വളരെപ്പിഴയ്ക്കാത്ത വഴികളിലൂടെ കൊണ്ടുപോകാന്‍ കഴിയുമെന്നുള്ളതാണ്‌ ഇക്കാര്യത്തില്‍ ആശാവഹമായ ഒരു വസ്തുത" എന്ന്‌ തികച്ചും പ്രായോഗികമായ നിലപാടാണ്‌ സഞ്ജയനുള്ളത്.

'ഇതില്‍ കാണപ്പെടുന്ന നിയമങ്ങളെ അനുസരിയ്ക്കുക' എന്നതാണ്‌ ഏതു വ്യാകരണഗ്രന്ഥത്തിനും അടിസ്ഥാനമായി നില്ക്കുന്ന അലിഖിതശാസനം; എന്നാ‍ല്‍ ഈ ഗ്രന്ഥത്തിന്റെയും, ഇതിനെ അനുകരിച്ച്‌ മേലില്‍ നമ്മുടെ ഭാഷയില്‍ അതാതു കാലത്ത്‌ ഉണ്ടാകും ഞാന്‍ സപ്രത്യാശം പ്രതീക്ഷിക്കുന്ന ഇതരഗ്രന്ഥങ്ങളുടെയും കാര്യത്തിലാകട്ടെ ആ ശാസനം ഇങ്ങനെയാണ്‌. 'എഴുതുന്നതിനുമുമ്പ്‌ ആലോചിക്കുക' എന്നതാണത്‌. ഏതു വഴിയ്ക്ക്‌, എങ്ങനെ, ഏതേതു തത്ത്വങ്ങളെയും യുക്തികളെയും പരിതഃസ്ഥിതികളെയും മുന്‍നിര്‍ത്തി ആലോചിയ്ക്കണമെന്ന കാര്യത്തിലാണ്‌, ഗ്രന്ഥകര്‍ത്താവ്‌, സാഹിത്യകലയെ ഫലപ്രദമായി ഉപയോഗിയ്ക്കുവാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാരന്‌ മാര്‍ഗ്ഗദര്‍ശിയായിത്തീരുന്നത്‌. ഇങ്ങനെ വളരെ സൂക്ഷ്മമായി പുസ്തകത്തെ അവതരിപ്പിക്കുന്ന സഞ്ജയന്‍ ഇംഗ്ലീഷിലെ ഫൌളര്‍ ആന്റ്‌ ഫൌളറുടെ കിംഗ്സ്‌ ഇംഗ്ലീഷുപോലെ ഒരു മഹത്തായ പുസ്തകമാണ്‌ 'മലയാളശൈലി' എന്നും പറയുന്നു‍ണ്ട്‌. പക്ഷെ, അദ്ദേഹം പ്രതീക്ഷിച്ചപോലെ ആ പുസ്തകത്തിന്‌ പിന്തുടര്‍ച്ചകളുണ്ടായില്ലെന്നും അദ്ദേഹം പ്രതിരോധിക്കാന്‍ ശ്രമിച്ച അപഭ്രംശങ്ങള്‍ പില്‍ക്കാലമലയാളത്തില്‍നിന്നു‍ പിന്‍വാങ്ങുകയുണ്ടായില്ലെന്നും ഓര്‍ക്കുക.

ഭാഷ എപ്പോഴും പരിണാമി ആയിരിക്കുമെന്നും അതിനെ തടയാന്‍ വ്യാകരണത്തിനു സാദ്ധ്യമല്ലെന്നും ഉറപ്പിച്ചു പറഞ്ഞിട്ട്‌, പക്ഷെ ഒരു ശതകത്തിനിടെതന്നെ‍ അന്യോന്യം വ്യക്തമാകാത്ത രീതിയില്‍ ഭാഷ മാറിക്കൂടാ എന്നതിനാല്‍ ആ ദുരന്തം തടയുന്നതിന്‌ ഭാഷയെ സഹായിക്കാനാണ്‌ താന്‍ മലയാളശൈലി എന്ന പേരില്‍ ഒരു പുസ്തകമെഴുതുതെന്ന്‌ മാരാര്‍ വ്യക്തമാക്കുന്നു‍ണ്ട്‌. മലയാളഭാഷയുടെ ക്രമംവിട്ട പരിണാമത്തെ പ്രതിരോധിക്കുകതയൊണ്‌ സഞ്ജയനും ചെയ്യുന്നത്‌. 'തോന്നി‍യതു തോന്നി‍യമട്ടി‍ലെഴുതുകയാണ്‌ സാഹിത്യകലയുടെ ജീവന്‍ എന്നു‍ കരുതുന്ന ജീവത്സാഹിത്യകാരന്മാരെക്കുറിച്ച്‌ "ഭാഷാസാഹിത്യത്തെ ഭയങ്കരമായ നട്ടപ്പിരാന്തിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയ്ക്കൊള്ളുവാന്‍ കച്ചകെട്ടി‍യിറങ്ങിയ ഈ 'തോന്നി‍യവാസപ്രസ്ഥാന'ത്തിന്റെ കാലുതല്ലിയൊടിക്കുവാന്‍, കേരളത്തിലെ ഭാഷാഭിമാനികളോടൊപ്പം, എന്നാ‍ലാവുന്നതു ഞാനും ചെയ്തിട്ടു‍ണ്ട്‌ എന്ന ഒരെളിയ കൃതാര്‍ത്ഥത എനിയ്ക്കുണ്ട്‌. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍, ആ മഹാമാരി കേരളീയസാഹിത്യലോകത്തില്‍നിന്ന് ഇനിയും തീരെ പിന്‍വാങ്ങി എന്നു‍ പറയാറായിട്ടി‍ല്ല" എന്ന്‌ 'മലയാളശൈലി'യുടെ അവതാരികയില്‍ തന്റെ പരിശ്രമങ്ങള്‍ സാഹിത്യവിമര്‍ശനം മാത്രമല്ല ബോധപൂര്‍വ്വമായ ഭാഷാസേവനംകൂടിയാണെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിട്ടു‍ണ്ട്‌. ഭാഷാപരമായ പിഴവുകളെ ഉദാഹരണം നിരത്തി വര്‍ഗ്ഗീകരിച്ച്‌ അതിന്റെ സൈദ്ധാന്തികമായ തലങ്ങള്‍ മാരാര്‍ പ്രതിപാദിച്ചപ്പോള്‍, ഭാഷാശൈലിയുടെ ഓജസ്സും കാന്തിയും അര്‍ത്ഥസംവേദനക്ഷമതയും വൈഭിന്ന്യവും പ്രയോഗിച്ചു കാണിക്കുകയായിരുന്നു‍ സഞ്ജയന്‍ ചെയ്തത്‌. അങ്ങനെ നോക്കുമ്പോള്‍ മാരാരുടെ പുസ്തകത്തിന്‌ അവതാരികയെഴുതാന്‍ സഞ്ജയന്‍തയൊണ്‌ സര്‍വ്വഥാ യോഗ്യന്‍ എന്നു‍വരും. നളിനിയുടെ അവതാരികയെഴുതാന്‍ കുമാരനാശാന്‍ രാജരാജവര്‍മ്മയെ സമീപിച്ചതുപോലെ മലയാളഗദ്യചരിത്രത്തിലെ ഒരു സംഭവമായി ഈ അവതാരികോദ്യമത്തെയും കാണാം. അത്രയ്ക്ക്‌ പരസ്പരപൂരകമാണത്‌. അവരത്‌ തിരിച്ചറിയുകയും ചെയ്തിരുന്നു‍.

"കേരളപാണിനീയ"ത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ട മലയാളപുസ്തകങ്ങളില്‍ ഏറ്റവും ഒഴിച്ചുകൂടാത്തവയെന്ന് വിശേഷിപ്പിക്കാവുന്ന നന്നെചുരുക്കം ചില പുസ്തകങ്ങളിലൊന്നി‍നെ അവതരിപ്പിക്കുന്നു‍ എന്ന അഭിമാനത്തോടും കൃതാര്‍ത്ഥതയോടുംകൂടിയാണ്‌ ഈ അവതാരികയെഴുതുവാന്‍ ഞാന്‍ തൂലികയെടുക്കുന്നത്‌" എന്നാ‍ണ്‌ അവതാരികയിലെ ആദ്യവാക്യവും ഖണ്ഡികയും. ഇതു പക്ഷെ ഒരു ഉപകാരസ്മരണയായി ഇക്ഴ്ത്തിക്കാട്ടാ‍വുന്ന ഒന്നല്ല. കാരണം അത്രയേറെ മതിപ്പ്‌ എം.ആര്‍ നായരെക്കുറിച്ച്‌ മാരാര്‍ക്കുണ്ടായിരുന്നു‍. മാത്രമല്ല, രണ്ടാം പതിപ്പ്‌ സഞ്ജയന്‌ സമര്‍പ്പിച്ചുകൊണ്ട്‌ മാരാര്‍ ഇങ്ങനെ എഴുതുന്നു‍: തന്റെ അകാലചരമത്തില്‍ ചെന്നവസാനിച്ച ആ ദീര്‍ഘരോഗത്താല്‍ അവശനായിക്കിടക്കുന്ന കിടപ്പില്‍വെച്ച്‌ ഈ അവതാരിക പതുക്കെപ്പതുക്കെ എഴുതിത്തന്ന ശ്രീ. എം. ആര്‍. നായരില്‍നിന്ന് ഈ പുസ്തകത്തിന്‌ ലഭിച്ച അഭിനന്ദനവും പ്രോത്സാഹനവും എനിയ്ക്ക്‌ ഈ അവതാരികയെക്കാളും വിലയേറിയവയാണ്‌. എന്നാ‍ല്‍, അതെല്ലാം എടുത്തെഴുതുന്നത്‌ ആത്മപ്രശംസയായി പരിണമിച്ചേയ്ക്കാമെന്നും അതൊന്നും സൂചിപ്പിക്കാതെ ഈ അവതാരികയുടെ പേരില്‍ മാത്രം അദ്ദേഹത്തോടു കൃതജ്ഞത പറയുന്നതു ക്ഷുദ്രതയായേയ്ക്കുമെന്നും തോന്നി‍യതുകൊണ്ട്‌ ഞാന്‍ ഇതിന്റെ ആദ്യപതിപ്പില്‍ കേവലം മൌനം കൊണ്ടു."

ഭാഷയിലും സാഹിത്യത്തിലുമുള്ള വ്യുല്പത്തിയില്‍ അഗ്രഗണ്യരായ ഒട്ടേറെപ്പേരുണ്ടായിരുന്നെങ്കിലും അക്കൂട്ടത്തില്‍ സഞ്ജയനെ വ്യത്യസ്തനാക്കുന്നത്‌ ഭാഷാപ്രയോഗങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കൃതഹസ്തതയാണ്‌. ഹാസസാഹിത്യമെന്നാല്‍ അത്ര കേമമായതല്ല എന്ന തെറ്റായ ഒരു പൊതുധാരണതന്നെയുണ്ട്‌. വാസ്തവത്തില്‍ അപാരമായ ഫലിതപരിഹാസം ഒരു ഭാഷാപ്രയോഗപടുവിനേ സാധിക്കുകയുള്ളൂ. രചിക്കാനായാലും ആസ്വദിക്കാനായാലും വ്യംഗ്യഭംഗിയറിയാതെ അതു സാദ്ധ്യമല്ലതന്നെ. പദ്യവും ഗദ്യവും ഒരുപോലെ കൈവള്ളയില്‍ സിദ്ധമായിരുന്നു‍ സഞ്ജയന്‌. എഴുത്തച്ഛനുശേഷം കിളിപ്പാട്ടു‍വൃത്തങ്ങളുടെ ചാരുത തെളിഞ്ഞത്‌ അദ്ദേഹത്തിന്റെ പാരഡികളിലായിരുന്നു‍. കാകളിയും കേകയും കളകാഞ്ചിയും അവയില്‍ സ്വാഭാവികമായി വന്നുനിരന്നു.

ശുനകവര! വരികരികിലരുതുഭയമേതുമേ
തല്ലീടുവാനല്ല ഞാന്‍ വിളിപ്പൂ സഖേ!
ശ്രുതിമധുരവിവിധതരരാഗസ്വരങ്ങളില്‍
രാത്രിതോറും നീ കുരപ്പതു കേള്‍പ്പു ഞാന്‍.
തവവചനമിനിയുമതികുതുകമൊടു കേള്‍ക്കുവാന്‍
മോഹം വളര്‍ന്നു‍വരുന്നൂ‍ മഹാമതേ!
അമരവരസുതനുമഥ ഭീഷ്മനും ദ്രോണനും
ധൈര്യത്തിലൊക്കുമോ നിന്നൊടു ശൌനക?
പലവിഭവവിവിധരുചികലിതരസമെച്ചിലും
മത്സ്യശിരസ്സാദിയായ പദാര്‍ത്ഥവും
തവവയറുനിറയുവതുവരെയുമതിശാന്തനായ്‌
തിന്നു‍തീര്‍ത്തെന്നോടു ചൊല്ലുക വാര്‍ത്തകള്‍...

വെള്ളത്തിലെത്തിരതള്ളിവരുംകണ
ക്കുള്ളം തെളിഞ്ഞുസല്‍ക്കാവ്യം ചമപ്പവന്‍
പള്ളത്തുസല്‍ക്കവിതന്നെ പാടീടണം
കള്ളം കലരാത്ത രാവണലീലകള്‍.

അതുപോലെതന്നെ വഴങ്ങും അദ്ദേഹത്തിന്‌ നമ്പ്യാരുടെ രീതിയും

സേട്ടു‍കളും പല കുട്ടി‍കളും ചില പട്ടന്മാരും കോമട്ടി‍കളും
കോട്ടം വിട്ടൊരു ചെട്ടി‍കളേ,റെക്കൂട്ടംകൂടുംകൂട്ടക്കാരും
പട്ടാ‍ണികളും വോട്ടു‍പിടിപ്പാനൊട്ടേറെപ്പണിചെയ്തുള്ളവരും
ഗോഷ്ടികള്‍ കാട്ടും ചേട്ടകളും പരിതുഷ്ടിയൊടൊത്തുവിളിക്കുന്നവരും
നായന്മാരും തിയ്യരുമനവധി തോയന്മാരും തോന്ന്യാസികളും
ശുണ്ഠികടിക്കും മേധാവികളും ശണ്ഠപിടിക്കും മൂധേവികളും....

പുല്ലെണ്ണയ്ക്കൊരു കുമ്പിള്‍ പിടിച്ചാല്‍
വല്ലെണ്ണയുമതില്‍ വീഴുവതുണ്ടോ?
പെട്ടകടക്കാര്‍ പട്ടി‍ണിയായല്‍
ചെട്ടി‍സ്രാപ്പു വിടുന്നവനാണോ?
മൂഷികനേറ്റം വിലപിച്ചെന്നാല്‍
പ്പൂശകനതുകണ്ടാര്‍ദ്രതയുണ്ടോ?
തരിമണല്‍കൊണ്ടൊരു കയറുപിരിച്ചാല്‍
പിരിയുടയാതതു നില്ക്കുവതാണോ?

ഇങ്ങനെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നിരത്താം. വള്ളത്തോള്‍ (കേക), കുട്ടമത്ത്‌ (നതോന്നത), പികുഞ്ഞിരാമന്‍ നായര്‍ (താരാട്ട്‌), കെ. മാധവി അമ്മ (മഞ്ജരി), പി. വി. കൃഷ്ണവാരിയര്‍ (മഞ്ജരി), പള്ളത്തു രാമന്‍ (മഞ്ജരി), ഉള്ളൂര്‍ (നതോന്നത) തുടങ്ങിയവര്‍ എഴുതിയേക്കാവുന്നതിന്റെ സാമ്പിളുകള്‍ ('ക്ഷേത്രപ്രവേശകവിതകള്‍' എന്ന തലക്കെട്ടി‍ല്‍) മാത്രം ശ്രദ്ധിച്ചാല്‍ മതി. ഒരേ വിഷയമാണെങ്കിലും, ഓരോ കവിയുടെയും രീതിഭേദങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആള്‍ക്കുമാത്രമേ അവ രചിക്കാന്‍ സാദ്ധ്യമാകൂ. സഞ്ജയന്റ സാഹിത്യപരിചയം എത്ര ഗഹനമായിരുന്നു‍ എതിന്‌ ഉദാഹരണമാണവ. സ്ഥലപരിമിതികൊണ്ടു മാത്രമാണ്‌ ഇവിടെ ഉദ്ധരിക്കാത്തത്‌.

ഗദ്യത്തിലാകട്ടെ വാച്യത്തെ കടന്നു പോകുന്നതിനാണ്‌ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചത്‌. നാടന്‍തമാശമുതല്‍ മികച്ചഹാസ്യത്തില്‍വരെ ഈ ധ്വനിയുടെ കളി കാണാം. വിമര്‍ശാത്മകമായ ആ നോട്ടത്തിന്‌ എക്സ്‌റേ പോലെ തുളച്ചുകയറാനുള്ള സിദ്ധിയുണ്ട്‌. "കഴിഞ്ഞ സത്യാഗ്രഹകാലത്തു ജയില്‍ജീവിതം വരിച്ച ഒരു രാജ്യസേവകന്‍ ഒരു സഹജീവിയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടു‍ള്ള തന്റെ സ്മരണകളില്‍ ഇങ്ങനെ ചോദിക്കുന്നു‍:"ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ കിടുറങ്ങുതിനെക്കാള്‍ ക്ലേശകരമായി എന്തൊരനുഭവമാണുള്ളത്‌?" അതിന്‌ സഞ്ജയന്റെ മറുപടി ഇതാണ്‌: "ഇടുങ്ങി, ഇരുണ്ട തടവുമുറിയില്‍, പരുപരുത്ത പായയില്‍ ഉറക്കം വരാതെ കിടക്കുന്നത്‌!"

വെറുമൊരു ചിഹ്നം മാറ്റുന്നതിലൂടെ സന്നിഹിതമായ വിപരീതാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്താം എന്ന മട്ടി‍ലാണ്‌ അദ്ദേഹത്തിന്റെ നിരീക്ഷണവും വിമര്‍ശനവും. ഉദാഹരണമിതാ. സോഷ്യലിസ്റ്റ്‌ നേതാവായ മി. രങ്ക ഇയ്യിടെ കോഴിക്കോട്ടു‍വെച്ചു ചെയ്ത പ്രസംഗത്തിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി. "പണ്ടു കുറുക്കന്മാര്‍ ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള്‍ 'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌' വിളികള്‍ മുഴങ്ങുന്നു‍: എന്തു വ്യത്യാസം!" ഇങ്ങനെ ഉദ്ധരിച്ച ശേഷം സഞ്ജയന്‍ തന്റെ കമന്റ്‌ എഴുതുന്നു, "എന്തു വ്യത്യാസം??".
അദ്ദേഹം വരുത്തിയത്‌ ഒരേയൊരു വ്യത്യാസം മാത്രം. അവസാനത്തെ ആശ്ചര്യചിഹ്നം മാറ്റി പകരം രണ്ടു ചോദ്യചിഹ്നം ചേര്‍ത്തു. രങ്കയുടെ ആശ്ചര്യത്തെ ഒരു ചോദ്യം കൊണ്ടു തകര്‍ത്തുതരിപ്പണമാക്കിക്കളഞ്ഞു സഞ്ജയന്‍.

വായനയുടെ ഊന്നലിനും ഈണത്തിനും ഹാസ്യമുണ്ടാക്കുന്നതില്‍ വലിയ പങ്കുണ്ട്‌ എന്ന മേല്‍ക്കൊടുത്ത ഉദാഹരണത്തില്‍ത്തന്നെ വ്യക്തമാണ്‌. അതിനാല്‍ കഴിയുത്ര ചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ ഈണത്തെക്കുറിച്ച്‌ ആകാവുന്ന സൂചനകളത്രയും നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സഞ്ജയന്റെ ഭാഷാപ്രയോഗസാമര്‍ത്ഥ്യത്തിന്‌ തെളിവാണ്‌ അദ്ദേഹം ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ ധാരാളിത്തം. ചിഹ്നങ്ങള്‍ ഭാഷയിലെ പ്രയോഗപരമായ കുഴപ്പങ്ങളെയൊന്നും പരിഹരിക്കുന്നല്ലെന്നും മറിച്ച്‌ അവ വായനക്കാരന്‌ ചില സൌജന്യങ്ങള്‍ അനുവദിക്കുകമാത്രമാണെന്നും 'മലയാളശൈലി'യില്‍ മാരാര്‍ പറയുന്നു‍ണ്ട്‌. (എന്നാ‍ല്‍, ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ മാരാര്‍ ഒട്ടും പിശുക്കു കാണിച്ചിട്ടു‍മില്ല.) വാക്യപ്പിഴകളെ പരിഹരിക്കാനുള്ള സര്‍ക്കസ്സായിട്ടല്ല സഞ്ജയന്‍ ചിഹ്നങ്ങളെ ഉപയോഗിച്ചത്‌. ഓരോ ഭാഷാപ്രയോഗവും കഴിയുന്നത്ര കൃത്യതയും വ്യക്തതയും ഉള്ളതായിരിക്കണമെന്ന നിലപാടുകൂടി ഇതില്‍ അടങ്ങിയിട്ടു‍ണ്ട്‌.

നിരൂപണത്തില്‍ മലയാളം സ്വീകരിച്ചിരുന്ന ഏകതാനമായ ശൈലിയെ തിരുത്തിക്കൊണ്ട്‌ മലയാളഗദ്യത്തിന്റെ വിശ്വരൂപം മലയാളികള്‍ക്ക്‌ ഗോചരമാക്കിയെന്നതാണ്‌ സഞ്ജയന്റെ സംഭാവന. ഡിസ്കോഴ്സുകളാണ്‌ പ്രധാനം എന്ന്‌ പുതിയ പാഠ്യപദ്ധതിയുടെ വക്താക്കള്‍ യാന്ത്രികമായി പറയുന്നപോലെ ചില സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയായിരുന്നി‍ല്ല, മറിച്ച്‌ അവയുടെ മികച്ച മാതൃകകള്‍ കാണിച്ചുതരികയാണ്‌ അദ്ദേഹം ചെയ്തത്‌. ലേഖനവും കഥാപ്രസംഗവും നാടകവും യാത്രാവിവരണവും എല്ലാം അദ്ദേഹം എടുത്തുപയോഗിച്ചു. സംസ്കൃതവും ഇംഗ്ലീഷും മാനകമലയാളവും ഭാഷാഭേദങ്ങളും എല്ലാം അദ്ദേഹം യഥേഷ്ടം പ്രയോഗിച്ചു. കത്തായും പ്രസംഗമായും പത്രാധിപരുമായുള്ള സംഭാഷണമായും ഫലിതബിന്ദുക്കള്‍പോലുള്ള നുറുങ്ങുകളായും പാരഡിയായും ഗവേഷണമായും യാത്രവിവരണമായും മാത്രമല്ല പിരിവിന്റെ കണക്കായും നികുതിയുടെ രശീതിയായും എന്നു‍വേണ്ട ഏതുതരം ഡിസ്കോഴ്സായും സാഹിത്യവിമര്‍ശനത്തെയും സാമൂഹ്യസാംസ്ക്കാരികവിമര്‍ശനങ്ങളെയും അനവധി ഗദ്യരൂപങ്ങളില്‍ ആവിഷ്ക്കരിക്കാന്‍ അദ്ദേഹത്തിന്‌ അനായാസം സാധിച്ചു. അത്രയേറെ പ്രതിഭാധനനായിരുതുകൊണ്ടുതന്നെ‍ അനുയായികളില്ലാത്ത ഒരു ഒറ്റമരമായി നില്‍ക്കാനായിരുന്നു‍ അദ്ദേഹത്തിന്റെ വിധി. മലയാളഗദ്യത്തിലെ ഉന്നതശീര്‍ഷമായ ആ ഒറ്റ മരം ഗദ്യചരിത്രത്തിലും തുടര്‍ന്നു‍ വന്ന പാഠപുസ്തകങ്ങളിലും വേണ്ടത്ര മാനിക്കപ്പെടാതിരുന്നത്‌ ഒറ്റുകാരുടെ ശ്രമഫലമാണെന്നുവേണം കരുതാന്‍. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അത്രയേറെ ശത്രുക്കളെ സൃഷ്ടിച്ചുവെങ്കില്‍ അതദ്ദേഹത്തിന്റെ വിമര്‍ശനങ്ങളുടെ പക്ഷപാതരാഹിത്യവും വിമര്‍ശനവിധേയരായവരുടെ ഹൃദയച്ചുരുക്കവും കാരണമാണ്‌. ഗദ്യത്തിന്റെ അനവധിയായ സര്‍ഗ്ഗാത്മകസാദ്ധ്യതകളെ മലയാളികള്‍ക്കുമുന്നി‍ല്‍ പ്രചരിപ്പിച്ചുകൊണ്ട്‌ ഭാഷാചരിത്രത്തില്‍ അദ്ദേഹം സ്വന്തമായ ഇടം ഉറപ്പിച്ചു. ദൃശ്യമാദ്ധ്യമങ്ങളുടെ വസന്തകാലംവരെ അതിനെ ഏറ്റെടുത്ത്‌ പരിപോഷിപ്പിക്കാന്‍ ഒരു വി.കെ.എന്നോ സക്കറിയയോ മാത്രമേ ഉണ്ടായുള്ളൂ എന്നത്‌ മലയാളത്തിന്റെ പരിമിതിയായും അദ്ദേഹത്തിന്റെ മഹത്വമായും വിലയിരുത്താം. ദൃശ്യമാദ്ധ്യമങ്ങളില്‍ വരുന്നതാകട്ടെ പ്രതിഭാവിലാസത്തില്‍ സഞ്ജയന്‌ സമീപമെത്താന്‍പോലും കഴിയാത്തവരാണെന്നത്‌ മറ്റൊരു വസ്തുത.

പുതിയ കാലത്ത്‌ മലയാളഗദ്യം കൈവരിച്ച കൃത്രിമമായ ക്ലിഷ്ടതയും ശൈലീഭംഗങ്ങളും പദതലത്തിലും വാക്യതലത്തിലുമുള്ള പരാധീനതകളും കാണുമ്പോള്‍ മുക്കാല്‍ നൂറ്റാണ്ടുമുമ്പേ സഞ്ജയനും മാരാരും മറ്റും ചൂണ്ടിത്തന്ന വഴികളുടെ മഹത്വവും അവര്‍ പ്രദര്‍ശിപ്പിച്ച ദീര്‍ഘവീക്ഷണവും ഭാഷാസ്നേഹവും നമ്മെ ആശ്ചര്യപ്പെടുത്താതിരിക്കില്ല. ആ വഴികളില്‍നിന്ന് വിട്ടുനടക്കാന്‍ നാം ശ്രമിച്ചതിന്റെ സാമൂഹ്യരാഷ്ട്രീയസാംസ്കാരികകാരണങ്ങള്‍ എന്തുതന്നെയൊയാലും ഭാഷയെ സംബന്ധിച്ച അത്‌ വലിയ നഷ്ടങ്ങളുണ്ടാക്കിയെന്ന്‌ കുറ്റബോധത്തോടെ തിരിച്ചറിയേണ്ടതുണ്ട്‌. പുതിയ ഭാഷാസൂത്രണപദ്ധതികളില്‍, അത്‌ പാഠ്യപദ്ധതിയായാലും ഭാഷാനയങ്ങളായാലും, നാം കൈക്കൊള്ളുന്ന നിലപാടുകളെ അതിന്റെ വെളിച്ചത്തില്‍ പുനപ്പരിശോധിക്കേണ്ടതുണ്ട്‌.

Subscribe Tharjani |
Submitted by vaarts (not verified) on Tue, 2011-05-10 22:42.

മലയാളസാഹിത്യനിരൂപണശാഖയിലെ വ്യത്യസ്ഥശൈലിയുടെ ഉടമതന്നെയായിരുന്നു ശ്രീ. സഞ്ജയന്‍. എല്ലാ സാഹിത്യവിശാരദന്മാരും, ഇ.വി.കൃഷ്ണപിള്ളയുടെ കൂടെ അദ്ദേഹത്തേയും ചേര്‍ത്ത് സൂചിപ്പിക്കാറുണ്ട്. മറ്റൊരു മാര്‍ഗ്ഗത്തിലൂടെയെങ്കിലും ആ കാഴ്ചയോടെ നീങ്ങിയവരായിരുന്നു മാരാര്‍, എം.പി.പോള്‍, കൃഷ്ണപിള്ള (പ്രതിപാത്രം ഭാഷണഭേദം) എന്നിവര്‍. ഇന്നത്തെ ധാരാളം എഴുത്തുകാര്‍ക്കും ശ്രീ. സഞ്ജയന്റെ ഹാസ്യം നിറഞ്ഞ രചനകളെപ്പറ്റി മനസ്സിലാക്കാനുള്ള ആഗ്രഹമുണ്ടാക്കാന്‍ ഈ ലേഖനം നല്ലതുപോലെ ഉപകരിക്കും. അഭിനന്ദനങ്ങള്‍..............