തര്‍ജ്ജനി

മുഖമൊഴി

ചികിത്സ, പാരമ്പര്യം പിന്നെ സര്‍ക്കാരുത്തരവും

കേരളത്തിലെ പരമ്പരാഗതചികിത്സകന്മാര്‍ക്ക് തങ്ങളുടെ ചികിത്സ നിയമവിധേയമായി നിര്‍വ്വഹിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു. കേള്‍ക്കുമ്പോള്‍, നല്ലകാര്യം എന്നു് തോന്നും. പക്ഷെ, ഈ ഉത്തരവിന്റെ പശ്ചാത്തലം അറിയുമ്പോള്‍ അമ്പരക്കും, ഉത്തരവ് വായിച്ചാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്തെന്നു് ചില ഊഹങ്ങളില്‍ ചെന്നെത്തുകയും ചെയ്യും. എന്നാല്‍ ഇതിനപ്പുറമാണു് കാര്യങ്ങള്‍ എന്നു് ആയുര്‍വ്വേദം പഠിക്കുന്ന കുട്ടികള്‍ പറയുന്നു. അത് അവാസ്തവമാണെന്നു് പറയാനാവുകയുമില്ല.

കേരളത്തില്‍ ചികിത്സനടത്തുന്ന പാരമ്പര്യ-ആയുര്‍വ്വേദവൈദ്യന്മാര്‍ക്കും അംഗീകൃതയോഗ്യതയില്ലാത്ത ഹോമിയോപ്പതി ചികിത്സകര്‍ക്കുമാണു് സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. ഈ വിഷയത്തില്‍ 1987ല്‍ സര്‍ക്കാര്‍ ഉത്തരവു് പുറപ്പെടുവിച്ചിരുന്നു. പാരമ്പര്യ-സിദ്ധവൈദ്യന്മാര്‍ റജിസ്ട്രേഷന്‍ എടുക്കണമെന്ന വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു പ്രസ്തുത ഉത്തരവു്. പക്ഷെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇതിനു് അംഗീകാരം നല്കാതിരുന്നതിനാല്‍ അതു് നടപ്പിലായില്ല. ചികിത്സാരംഗത്തെ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുകയും അവ പാലിക്കുന്നുണ്ട് എന്നു് ഉറപ്പുവരുത്തുകയും ചെയ്യാന്‍ ബാദ്ധ്യസ്ഥമായ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിക്കാതിരുന്ന ഒരു നിര്‍ദ്ദേശമാണു് വര്‍ഷങ്ങള്‍ക്കു് ശേഷം കേരള സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു്. അതാവട്ടെ, ഇക്കാര്യം തീരുമാനിക്കാനായി സര്‍ക്കാര്‍ നിയമിച്ച രണ്ടു് കമ്മിറ്റികള്‍ക്കു് പൊതുസമ്മതത്തോടെ തീരുമാനത്തിലെത്താനാവാതെ പരാജയപ്പെട്ടതിനു ശേഷവുമാണു്. സര്‍ക്കാരാവട്ടെ ഇക്കാര്യത്തില്‍ നേരത്തെ നിശ്ചയിച്ച തീരുമാനത്തിലെത്താന്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആക്ടിലെ 38ാം വകുപ്പു് അനുസരിച്ചു് ഇളവു് നല്കാന്‍ ഉറച്ചിരിക്കുകയുമായിരുന്നു. മന്ത്രിസഭയുടെ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പുറത്തിറക്കിയ ഉത്തരവിലൂടെ പാരമ്പര്യചികിത്സകരെയും അംഗീകൃതയോഗ്യതയില്ലാത്ത ഹോമിയോചികിത്സകരേയും റജിസ്ട്രേഷന്‍ എടുക്കുന്നതില്‍ നിന്നും ഇളവുചെയ്തിരിക്കുന്നത്. ഒരു സവിശേഷസാമൂഹികവിഭാഗത്തിന്റെ ജീവനോപാധി സംരക്ഷിക്കുന്നുവെന്ന നാട്യത്തിലാണു് ഈ പരിപാടി നടപ്പിലാക്കിയിരിക്കുന്നതു്.

കേരളത്തില്‍ നിലനിന്നിരുന്ന പരമ്പരാഗതചികിത്സാസമ്പ്രദായം ആയുര്‍വ്വേദത്തിന്റെ ആധുനികപഠനരീതിയും ചികിത്സാവ്യവസ്ഥയും വേരുറച്ചതോടെ ദുര്‍ബ്ബലമായിത്തീര്‍ന്നതാണു്. പരമ്പരാഗതമായ രീതിയില്‍ ആയുര്‍വ്വേദപഠനം നടത്തുന്നതിന്റെ പ്രശ്നങ്ങള്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടേയും ആയുര്‍വ്വേദകോളേജിന്റെയും തുടക്കക്കാരനായ വൈദ്യരത്നം പി. എസ്. വാര്യര്‍ എടുത്തുപറഞ്ഞിട്ടുണ്ടു്. ഗുരുവിന്റെകൂടെ ഏറെക്കാലം കഴിഞ്ഞാല്‍ വല്ലപ്പോഴും പറഞ്ഞുതരുന്ന ചില്ലറക്കാര്യങ്ങളും കണ്ടുപഠിച്ച ചിലതുമായായിരുന്നു ചികിത്സകന്മാര്‍ പ്രയോഗിച്ചിരുന്നത്. വൈദ്യശാസ്ത്രം ചിട്ടയോടെ പഠിക്കുകയോ പരിശീലിക്കുകയോ ചെയ്തിട്ടില്ലാത്ത അത്തരം ചികിത്സകര്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ കുറവായ പഴയകാലത്തു് അപകടമില്ലാതെ ചികിത്സ നടത്തിയിരുന്നു. ഔഷധത്തിന്റെ ഫലസിദ്ധി വൈദ്യന്റെ കുറിപ്പടിയെ അടിസ്ഥാനമായി ഉണ്ടാക്കുന്ന മരുന്നുകളെ ആശ്രയിച്ചായിരുന്നു. അതാവട്ടെ ഓരോരുത്തരും അവരവരുടെ രീതിയില്‍ തയ്യാറാക്കുന്നതുമായിരുന്നു. ഇത്തരം അവസ്ഥയില്‍ നിന്നും മാനകീകൃതമായ വൈദ്യശാസ്ത്രപഠനത്തിന്റെയും ഔഷധനിര്‍മ്മാണത്തിന്റേയും രീതി നടപ്പിലാക്കുന്നത് പി. എസ്. വാര്യരുടെ നേതൃത്വത്തിലായിരുന്നു. അതു് ആരംഭിക്കുന്നതു് ഒരു നൂറ്റാണ്ടിനു് മുമ്പും.

കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനിടെ കേരളത്തിലെ പരമ്പരാഗതവൈദ്യസമൂഹം ആയുര്‍വ്വേദത്തിന്റെ പുതുരൂപം സ്വീകരിക്കുകയും മാറ്റത്തിനു് വിധേയമാവുകയും ചെയ്തിട്ടുണ്ടു്. തങ്ങളുടെ പരമ്പരാഗതജ്ഞാനം ആയുര്‍വ്വേദത്തോടൊപ്പം പ്രയോഗിക്കുകയാണ് അവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്. ചിലരാവട്ടെ പാരമ്പര്യമായി പകര്‍ന്നുകിട്ടിയ മരുന്നുകളില്‍ മാത്രം തങ്ങളുടെ ചികിത്സ ഒതുക്കിനിരുത്തുകയും ചെയ്തു. ഏതെങ്കിലും ഒരു അസുഖത്തിനുമാത്രം ചികിത്സിക്കുന്നവരാണു് അവര്‍. പൊതുചികിത്സകരായി അവര്‍ തൊഴിലെടുക്കുന്നില്ല. ചികിത്സയ്ക്ക് പ്രതിഫലത്തിനു പകരം ദക്ഷിണ വാങ്ങുകയാണു് അവരുടെ രീതി.

ഹോമിയോപ്പതി എന്ന ചികിത്സാസമ്പ്രദായം വൈദേശികമാണെങ്കിലും അലോപ്പതിയെ അപേക്ഷിച്ചു് ചെലവുകുറഞ്ഞത്, പാര്‍ശ്വഫലങ്ങളില്ലാത്തതു് എന്നീ നിലകളില്‍ കേരളത്തില്‍ പ്രചാരത്തില്‍ വന്നിട്ടുണ്ട്. ആദ്യകാലത്തു് ഹോമിയോപഠനത്തിനു് സ്ഥാപനങ്ങള്‍ കേരളത്തിലില്ലാതിരുന്നതിനാല്‍ കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ നിന്നു് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ ചികിത്സകരായിരുന്നു ഹോമിയോചികിത്സകരായി രംഗത്തെത്തിയതു്. തപാല്‍മാര്‍ഗ്ഗം ഹോമിയോ പഠിക്കാം എന്ന പത്രപരസ്യം ഇടക്കാലത്ത് കാണാമായിരുന്നു. വിശേഷിച്ച് അടിസ്ഥാനയോഗ്യതയൊന്നുമില്ലാത്തവര്‍ക്കുപോലും പഠിച്ചു് പ്രയോഗിക്കാവുന്നതാണു് ഹോമിയോപ്പതി എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കാന്‍ ഇത് വഴിയൊരുക്കി. ആയുര്‍വ്വേദവും ഹോമിയോപ്പതിയും ചിട്ടയായി വ്യവസ്ഥാപിതമായ രീതിയില്‍ പഠിക്കാതെ പ്രയോഗിക്കുന്നവര്‍ ഈ ചികിത്സാസമ്പ്രദായങ്ങളുടെ ദുരുപയോഗം ചെയ്യുന്നവരാണു്.

സര്‍ക്കാരുത്തരവിലൂടെ റജിസ്ട്രേഷന്‍ വ്യവസ്ഥയില്‍ നിന്നു് ഒഴിവാക്കപ്പെടാന്‍ തഹസീല്‍ദാരുടെ സാക്ഷ്യപത്രമാണു് ഹാജരാക്കേണ്ടതു്. ചികിത്സാവിധിയെക്കുറിച്ചു് നിശ്ചയിച്ചു് സാക്ഷ്യപ്പെടുത്താന്‍ റെവന്യൂ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതു് അസംബന്ധമാണു്. ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്ന സാക്ഷ്യപത്രം വസ്തുതാപരമാണോ എന്നു് പരിശോധിക്കാനോ, അപേക്ഷകള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ ചികിത്സാരംഗത്തു് തികഞ്ഞ അരാജകത്വമാവും ഫലം. ആയുര്‍വ്വേദത്തിനു് മാസ്മരികമായ രോഗവിമുക്തി പ്രദാനംചെയ്യാനാകുമെന്നു് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിത്യവും പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലത്തു്, ഈ ചികിത്സാസമ്പ്രദായത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചു് കച്ചവടം നടത്തുന്ന രീതി പ്രബലമാവുമ്പോള്‍ അതിനോടൊപ്പം പോകാന്‍ വ്യാജചികിത്സകരെ സൃഷ്ടിക്കുന്നതാവരുത് സര്‍ക്കാരിന്റെ നടപടി. വേണ്ടത്ര മുന്‍കരുതലില്ലാതെ വിപണിവത്കരിക്കപ്പെട്ട ചികിത്സാരംഗം യോഗ്യതകളില്ലാത്തവര്‍ക്കു് യഥേഷ്ടം പെരുമാറാന്‍ തുറന്നിടുന്നതു് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനല്ല.

Subscribe Tharjani |
Submitted by Anonymous (not verified) on Tue, 2011-04-05 20:23.

what u said in the mukhamozhi is hundred percent correct. but our progressive government is stepping thousands of steps backwards. lets join hands to fight against this.

Submitted by A Stoic (not verified) on Sun, 2011-07-17 01:20.

കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍ ബി എ എം എസ് പോലുള്ള ബിരുദങ്ങളുള്ളവര്‍ക്ക് അലോപ്പതിയും നടത്താമെന്ന് നിയമമുണ്ട്.

പൂനയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. പൂനയില്‍ ഡോക്ടറാണെന്ന് പറഞ്ഞു. അതില്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചു. ഹൃദ്രോഗവിദഗ്ദ്ധനെന്ന് ഉത്തരം. പ്രായം? ഇരുപത്താറ്. ഇത്ര ചെറുപ്പത്തില്‍? ഹൃദയശസ്ത്രക്രിയയൊക്കെ ചെയ്യുമോ? ചെയ്യാറുണ്ട്.

അത്ഭുതം കൂറി ഞാന്‍ ചോദിച്ചു, " എന്തൊക്കെയാണ് ഡിഗ്രികള്‍?"
" ബി എ എം എസ്; അച്ഛന്‍ ഡി എ എം എസ് . അമ്മയും ഡി എ എം എസ് ആണ്. ഞങ്ങളുടെ സ്വന്തം ആശുപത്രിയാണ്. പ്രധാനമായും ഹൃദയശസ്ത്രക്രിയയാണ് ചെയ്യുന്നത്."

മഹാരാഷ്ട്രയില്‍ ആയുര്‍വേദക്കാര്‍ക്ക് അലോപ്പതിയും ചെയ്യാമെന്ന് അയാള്‍ നിര്‍ബ്ബന്ധിച്ചു പറഞ്ഞപ്പോള്‍ ഇന്റര്നെറ്റില്‍ പരിശോധിച്ചു. ശരിയാണ്. കേരളമൊഴിച്ചു മറ്റെല്ലായിടത്തും അതിനു അനുവാദമുണ്ട്. ചെയ്യുന്നുമുണ്ട്.