തര്‍ജ്ജനി

പീയൂഷ് ആന്റണി

e-mail : piush.antony101@gmail.com

Visit Home Page ...

നിരൂപണം

ജമീല : ആത്മകഥയില്‍ നിന്നു് നാടകത്തിലേക്ക്


ഫോട്ടോ : കെ. ആര്‍. വിനയന്‍‍

സദാചാരത്തിന്റെ നൂല്പാലമാണു് പലര്‍ക്കും ജീവിതം. എന്നാല്‍ സമൂഹംതന്നെ ഉന്തി നടുക്കടലിലേയ്ക്കിട്ടവരുടെ ജീവിതത്തിനുമുകളിലാണു് സദാചാരബോധത്തിന്റെ നെടുംതൂണു്. ഇതിനു് സത്യം, സാഹോദര്യം തുടങ്ങിയ മറ്റു് മൂല്യങ്ങളുമായി യാതൊരുബന്ധവുമില്ല. സ്ത്രീ-പുരുഷബന്ധത്തിന്റെ കണക്കു് മാത്രമാണുതു്. 1:1 എന്ന അനുപാതം. ഒരു സ്ത്രീക്ക് ഒരു പുരുഷന്‍. ഒന്നിലധികമായാല്‍ സമൂഹത്തിന്റെ കണക്കു പിഴയ്ക്കും; സ്ത്രീ പിഴച്ചവളും. നിത്യവൃത്തി ഇതിലായാല്‍ വേശ്യയുമാവും. തിരിച്ചുള്ള കണക്കെടുപ്പും ഉത്തമപുരുഷന്റെ ലക്ഷണങ്ങളുമെല്ലാം ഒരുതരം കണ്‍കെട്ടുതന്നെ. മാധവിക്കുട്ടി എഴുതിയതുപോലെ സമൂഹത്തിന്റെ കരിമ്പടത്തിനുള്ളില്‍ എന്തുമാവാം. അതിനു് പുറത്തുവരാന്‍ പാടില്ല.

നളിനി ജമീലയുടെ ആത്മകഥ ഈ കരിമ്പടത്തിനു് പുറത്തേക്കുള്ള ചാട്ടവും അട്ടഹാസവുമാണു്. ചാണക്യന്റെ നികുതിക്കണക്കില്‍ വേശ്യാവൃത്തിയും ഉള്‍പ്പെട്ടിരുന്നുവത്രെ. ചാണക്യന്റെനാട്ടില്‍ ഇത്രയും പുരോഗമനം വേണ്ട. കുറഞ്ഞപക്ഷം ഒരു തൊഴില്‍ എന്ന നിലയില്‍ ഇതിനെ അംഗീകരിച്ചുകൂടെ? എത്ര നെറ്റി ചുളിച്ചാലും ഈ തൊഴില്‍ കാലാകാലങ്ങളായി മനുഷ്യസമൂഹത്തിലുണ്ട്. ഇനിയും തുടരുക തന്നെചെയ്യും. ഒരു തൊഴില്‍മേഖല എന്ന നിലയില്‍ ഇതിനെ ചൂഷണരഹിതമാക്കുക - ജമീലയുടെ ജീവിതസന്ദേശമാണിതു്.

ഒരു പുസ്തകമെന്നനിലയില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ, ഇംഗ്ലീഷിലും മലയാളത്തിലും വായിക്കാനിടയായി. ഭാഷാചാതുരികൊണ്ട് ദേവികയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്കു് കുറച്ചുകൂടി ചാരുത അനുഭവപ്പെട്ടു. ഈ ആത്മകഥയുടെ നാടകരൂപം ഹൈദരാബാദിലെ നിഫ്റ്റ് ഓഡിറ്റോറിയത്തിലെത്തിയതു് താല്പര്യത്തോടെയാണു് സ്വാഗതം ചെയ്യപ്പെട്ടതു്. നാടകലോകത്തിന്റെ പാരമ്പര്യം നിലനിറുത്തിക്കൊണ്ട്, ലോകനാടകദിനത്തില്‍ വൈകുന്നേരം കൃത്യം ഏഴുമണിക്കു് തന്നെ ജമീല രംഗപ്രവേശംചെയ്തു.

ജമീലയുടെ ജീവിതത്തെ നാലുഘട്ടങ്ങളായി തിരിച്ചു് നാലുപേര്‍ അഭിനയിച്ചു. വര്‍ത്തമാനകാലത്തിന്റെ ജമീല തന്റെ ജീവിതാനുഭവം കാച്ചിക്കുറുക്കിയ, തിരിച്ചറിവിന്റെ ഭാഷയില്‍ സംസാരിക്കുന്നു. അവള്‍ സംഘാടകയായി, ലൈംഗികത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ക്ഷേമം എന്നത് ഗവണ്‍മെന്റിന്റെ മാറ്റിപ്പാര്‍പ്പിക്കലല്ല. തൊഴില്‍മേഖലയിലെ ചൂഷണവ്യവസ്ഥയുടെ സൂക്ഷ്മനിരീക്ഷണവും പരിഹാരം നടപ്പാക്കലുമാണു്. ജമീല എന്ന അമ്പത്തിമൂന്നുകാരി ഒരമ്മയും തന്റെ തൊഴിലിനെപ്പറ്റി ബോധവതിയായ സ്ത്രീയുമാണു്. അവരുടെ കുട്ടിക്കാലവും വിവാഹവും തൊഴിലിലെ നവാഗതത്വവും, പിന്നീട്, സമൂഹത്തോടും പുരുഷനോടും സമൂഹത്തോടും പുരുഷനോടും പ്രതികരിക്കനുള്ള ശേഷി നേടിയെടുത്തവളുമായുള്ള പല ജീവിതരംഗങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ജമീല ഒരു പൂര്‍ണ്ണജന്മമായി രംഗത്തുനില്ക്കുന്നു. സമൂഹത്തിന്റെ സദാചാരകാവല്‍ക്കാര്‍ രംഗത്തും സദസ്സിലും ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. ജമീലയ്ക്ക് ജീവിതം കൊടുത്ത മറുപടികളുണ്ട്. തെറ്റും ശരിയും കേള്‍ക്കുന്നവരുടെ മനസ്സിലാണു്. മറുപടിയില്‍ ഒരു ജീവിതത്തോടുള്ള ഒരു കാഴ്ചപ്പാട് മാത്രം.


ഫോട്ടോ : കെ. ആര്‍. വിനയന്‍‍

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുലുള്ള ഓരോ ജമീലയോടും വൈകാരികമായ താദാത്മ്യം ജനിപ്പിക്കുംവിധം മികവുറ്റ പാത്രസൃഷ്ടിയാണു് നാടകപാഠത്തിന്റെ സവിശേഷതകളിലൊന്നു്. പുസ്തകത്തിലേതുപോലെതന്നെ മനസ്സില്‍ വിങ്ങലുണ്ടാക്കിയതു് അവസാനത്തെ വിവാഹജീവിതവും നഷ്ടപ്പെട്ടു് യാചകരോടൊപ്പം ഒരു ദര്‍ഗ്ഗയില്‍ അഭയംതേടിയ ജമീലയുടെ അവസ്ഥയാണു്. ആത്മകഥയിലെ എല്ലാ പ്രധാനപ്പെട്ട ഭാഗങ്ങളും കോര്‍ത്തിണക്കാന്‍ കഴിഞ്ഞതു് നാടകരചയിതാവിന്റെ മിടുക്കുതന്നെ. പുറംതള്ളപ്പെട്ടവരുടെ കൂട്ടായ്മ അതിമനോഹരമായി രംഗത്തവതരിപ്പിക്കാന്‍ നാടകപാഠത്തിനും കഥാപാത്രങ്ങള്‍ക്കും കഴിഞ്ഞു എന്നുള്ളതു് ഈ നാടകാവിഷ്കാരത്തിന്റെ എടുത്തുപറയേണ്ട സവിശേഷതയാണു്.

ചെറുപ്പക്കാരായ അഭിനേതാക്കളുടെ സിദ്ധികള്‍ പരമാവധി ഉപയോഗപ്പെടുത്തുവാന്‍ സംവിധായികയ്ക്കും കഴിഞ്ഞിട്ടുണ്ട്. സംവിധായികയുടെ അഭിനയപാടവവും അഭിനന്ദിക്കാതെ വയ്യ. നാടകാവിഷ്കാരം എഴുതിയ സുപ്രിയ ശുക്ലയും സംവിധാനം ചെയ്ത ഗാര്‍ഗ്ഗി ഭരദ്വാജും കഥാപാത്രത്തിന്റെ പ്രത്യേകജീവിതസാഹചര്യവും കാഴ്ചപ്പാടും വ്യക്തമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. ജമീലയുടെ ജീവതത്തിലെ ഭൂതവും വര്‍ത്തമാനവും രംഗവേദിയില്‍ ഇടകലര്‍ത്തുമ്പോഴും ഈ വ്യക്തത പ്രകടമാവുന്നുണ്ട്.

ഒരു ആത്മകഥയോടു് നീതിപുലര്‍ത്താന്‍ ഒരു നാടകാവിഷ്കാരത്തിനു് കഴിയും എന്നതിന്റെ ഉദാഹരണമാണു് ഈ ഉദ്യമം. ലൈറ്റിംഗ് തരക്കേടില്ലായിരുന്നു. സങ്കടമുളവാക്കിയതു് സൌണ്ട് മാത്രം. പശ്ചാത്തലസംഗീതം പലപ്പോഴും സംഭാഷണങ്ങളെ മുക്കിക്കളഞ്ഞു. പ്രത്യേകിച്ചും അവസാനരംഗങ്ങളില്‍. ഇതു് ശ്രദ്ധിച്ചാല്‍ നാടകത്തിന്റെ കരുത്തു് കൂടും.

പത്മരാജന്റെ തൂവാനത്തുമ്പികളില്‍ കേട്ടതുപോലെ ചുവരുകളില്ലാത്ത ഒരു ലോകം - അതു് സ്തീ-പുരുഷബന്ധത്തിന്റെ രഹസ്യസ്വഭാവത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ചു് ചില ജീവിതാവസ്ഥയുടെ നിലവിളിയാണു്. തെറ്റിന്റെയും ശരിയുടെയും രാഷ്ട്രീയത്തില്‍ ഈ നിലവിളി അമര്‍ഷവും വിയോജിപ്പും തോന്നിപ്പിച്ചേക്കാം. ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ ...... എന്ന് മൂളിപ്പാടിക്കൊണ്ട് ഗാര്‍ഗ്ഗിക്കും സുപ്രിയയ്ക്കും അഭിനന്ദനങ്ങള്‍ അറിയിക്കാം, ഈ മേഖലയില്‍ ഒത്തിരി ഉയരാനാവട്ടെ എന്നു് ആശംസിക്കാം.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.‍

Subscribe Tharjani |