തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

മുറിവുകള്‍

ചൂണ്ടുവിരലിലെ ഒന്നാം മുറിവ്
കയ്പക്ക മുറിച്ചപ്പോള്‍ മൂര്‍ച്ച പാളിയതാണ്.
എണ്ണയില്‍ വറുത്തുകോരിയ കയ്പക്കയുടെ രുചി
എല്ലാവര്‍ക്കുമായി വിളമ്പിയപ്പോള്‍
ചോരയുണങ്ങി,
കയ്പുനീര്‍ കുടിച്ച് വേദനയും.

നടുവിരലിലെ രണ്ടാം മുറിവ്
ആപ്പിള്‍ കഷണങ്ങളിലൂടെ കത്തി
ആഴം തേടിയതാണ്.
കിനിയുന്ന രക്തത്തിനും
തുടുക്കുന്ന വേദനയ്ക്കും
ലളിതമധുരമേ തോന്നിയുള്ളു.

കാരണം മറന്ന്, നിറം മങ്ങിയ
മൂന്നാം മുറിവിലും നാലാം മുറിവിലും
വരണ്ട രക്തത്തിന്റെ ചവര്‍പ്പു മാത്രം.

നിന്റെ മൌനം തുളച്ചുകയറിയ
അഞ്ചാം മുറിവ്
ഹൃദയത്തിന്റെ ആഴങ്ങളിലാണ്.
അത്, ഓരോ മിടിപ്പിലും
വേദന നിറച്ചു ചുവപ്പിച്ച രക്തത്തെ
ശരീരഭാഷയിലേയ്ക്കു ഒഴുക്കി വിടുന്നു.
ചിലപ്പോള്‍ കൈത്തണ്ടയില്‍ ,
ചിലപ്പോള്‍ വലതുകാല്‍മുട്ടില്‍ ,
അതുമല്ലെങ്കില്‍
മസ്തിഷ്കത്തിന്റെ വെണ്മയിലോ
കണ്‍ പോളയുടെ മസൃണതയിലോ
സൂചിമുന കുത്തും പോലൊരു പിടച്ചില്‍ .

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”

Subscribe Tharjani |
Submitted by p.a.anish (not verified) on Sun, 2011-04-03 20:13.

നല്ല കവിത

Submitted by ഉമാ രജീവ് (not verified) on Tue, 2011-04-05 14:10.

നോവിന്റെ ആഴങ്ങള്‍
അസ്ഥിമജ്ജയിലേയ്ക്കും പടരുമ്പോള്‍
ഒരൊറ്റവരിക്കവിതയില്‍
മുറിപ്പാട് കുളിരുന്നു.
“ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”....................ഉം നന്നായി

Submitted by Kalavallabhan (not verified) on Mon, 2011-04-11 14:04.

നോവിന്റെ ആഴങ്ങള്‍

Submitted by Nazeeb (not verified) on Fri, 2011-05-06 22:33.

കവിത കൊള്ളാം .................

Submitted by മുരളീധരൻ വി (not verified) on Mon, 2011-06-20 14:42.

എണ്ണയില്‍ അല്ലാതെ മറ്റൊന്നിലും വറുത്ത് കോരാന്‍ സാധാരണഗതിയില്‍ സാധ്യമല്ലെന്നിരിക്കെ, എണ്ണയില്‍ വറുത്ത് കോരിയ എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു..അനാവശ്യമായി ( വായനക്കാരനു) തോന്നുന്ന ഏത് വാക്കും കവിതയുടെ വായനാസുഖത്തെയും ആസ്വാദനത്തെയും, സര്‍വ്വോപരി കവിതയുടെ മുറുക്കത്തെയും ബാധിക്കും എന്ന എന്റെ എളിയ അഭിപ്രായം പങ്കു വെയ്ക്കട്ടേ..ഈ നല്ല കവിതയ്ക്ക് എല്ലാ ആശംസകളും..

Submitted by pranji (not verified) on Thu, 2011-06-23 10:20.

മൗനം.....അതിനു വളരെ മൂര്‍ച്ചയുണ്ട്...പ്രത്യേകിച്ച്...നാം സ്നേഹിക്കുന്നവരുടെ......!!!!തിരിച്ചു കിട്ടാത്ത സ്നേഹം ഇപ്പോഴും ഏറ്റവും വലിയ മുറിവാണെന്നത് സത്യം!!!...വളരെ നല്ല കവിത...എന്റെ ആശംസകള്‍ !!!