തര്‍ജ്ജനി

വര്‍ത്തമാനം

മരുഭൂമിയുടെ ആത്മഭാഷണത്തിന്‌ മലയാളത്തിന്റെ കയ്യൊപ്പ്‌

വി.മുസഫര്‍ അഹമ്മദുമായി സുനില്‍ കൃഷ്ണന്‍, അല്‍ ഹസ നടത്തിയ സംഭാഷണം


വി. മുസഫര്‍ അഹമ്മദ്

"ഹുക്ക വലിച്ചു തുടങ്ങിയതോടെ ആപ്പിള്‍ മണം അകത്തു കയറിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ശരീരം മുഴുവന്‍ ആപ്പിള്‍ മണക്കാന്‍ തുടങ്ങി. പതിയെ പതിയെ ഒരാപ്പിള്‍ മരമായി മാറി. ചുറ്റി‍ലും മൂക്കിന്‍ തുമ്പിലും ചെവിപ്പാളയിലും ആപ്പിളുകള്‍ ഇളം കാറ്റില്‍ തൂങ്ങിയാടുകയണെന്ന് തോന്നി‍. അന്ന്‌ രാത്രി ഒരാപ്പിള്‍ മരമായി ഉറങ്ങാന്‍ തുടങ്ങി."
(മരുഭൂമിയുടെ ആത്മകഥ, വി.മുസഫര്‍ അഹമ്മദ്‌)

ജീവിക്കുന്നനഗരത്തിന്റെയോ പ്രദേശത്തിന്റെയോ സുരക്ഷിതമായ പരിധിവിട്ട്‌ മുന്നോട്ടാ‍യുവാന്‍ മടിക്കുന്ന മലയാളിയുടെ മുന്നി‍ലേക്കാണ് മരുഭൂമിയുടെ ജീവന്‍ തുടിക്കുന്ന ഹൃദയം മുസഫര്‍ അഹമ്മദ്‌ മലര്‍ക്കെ തുറന്നുവെച്ചത്‌. മരുഭൂമിയില്‍ അധിവസിച്ച്‌ മരുഭൂമിയില്‍ അന്നംതേടുന്നവര്‍ക്ക്‌ മരുഭൂമിയെന്തെന്നറിയാത്ത വിപര്യയത്തിലേക്കാണ്‌ പതിറ്റാണ്ടു‍കളുടെ അറേബ്യന്‍കുടിയേറ്റചരിത്രമുള്ള മലയാളിയുടെ അവസാനതലമുറയിലെ കവിയും കഥാകാരനും വിവര്‍ത്തകനും യാത്രികനുമായ ഒരു കുടിയേറ്റക്കാരന്‍ മരുഭൂമിയുടെ മിടിപ്പുകളെ അക്ഷരങ്ങളുടെ സ്റ്റെതസ്കോപ്പുവെച്ച്‌ ഒപ്പിയെടുത്തത്‌. അത്‌ ചരിത്രമുഹൂര്‍ത്തമായി. മലയാളത്തിന്റെ ലിപികളില്‍ മരുഭൂമിക്ക്‌ ഒരു ആത്മകഥയുമായി. മലയാളി ഇറങ്ങിപ്പുറപ്പെടാന്‍ മടിച്ചിടത്തേക്കും നടക്കാന്‍ ഭയപ്പെട്ടി‍ടത്തേക്കും കൌതുകപൂര്‍വം കടന്നു‍ചെന്ന സഞ്ചാ‍രിയുടെ സുതാര്യമായ ലെന്‍സുകളില്‍ കാലവും സംസ്കൃതിയും ജനപഥങ്ങളും ഒച്ചകളോടെ തിക്കിതിരക്കിവന്നു‍. തന്നെ തേടിവന്ന സഞ്ചാ‍രിയെ ഉറക്കംവിട്ട് എഴുന്നേറ്റ് മരുഭൂമി താന്‍ ഒളിച്ചുവച്ച രഹസ്യങ്ങളിലേക്ക്‌ കൂട്ടി‍ക്കൊണ്ടുപോയി. ഇന്നോ‍ളം ആരും പറയാതിരുന്ന കഥകളും ലോകങ്ങളും മലയാളിക്ക്‌ അങ്ങനെ വെളിപ്പെട്ടുകിട്ടി. പതിനഞ്ചിലേറെ വര്‍ഷങ്ങളിലായി പല കാലങ്ങളില്‍ മരുഭൂമിയുമായി നടത്തിയ അന്ന്യോന്നങ്ങള്‍ക്ക്‌ അങ്ങനെ അക്ഷരങ്ങളുടെ രൂപമുണ്ടാ‍യി. തന്റെ യാത്രകളെക്കുറിച്ചും യാത്രാനുഭവങ്ങളേക്കുറിച്ചും മരുഭൂമിയുടെ ആത്മകഥാകാരന്‍ സംസാരിക്കുന്നു.

ചോദ്യം. ജന്മനാടിന്റെ സൌമ്യപ്രകൃതിയില്‍നിന്നും മരുഭൂമിയുടെ കഠിനതകളിലേക്കുള്ള യാത്രകളുടെ പ്രചോദനം എന്തായിരുന്നു‍?

ഉത്തരം: എ‍ക്കാലത്തും പ്രകൃതി ഒരാകര്‍ഷണം തന്നെയായിരുന്നു. കുട്ടി‍ക്കാലത്തുണ്ടാ‍യിരുന്ന രോഗങ്ങള്‍ കാരണം പുറത്തേക്കുള്ള യാത്രകള്‍ കുറവായിരുന്നു. എങ്കിലും അടുത്തുള്ള തോടുകളിലേക്കും ഉറുമ്പിന്‍കൂടു തേടിയും ഒക്കെ അലയുമായിരുന്നു‍. കൌമാരകാലത്ത്‌ കാടിനോട്‌ വല്ലാ‍ത്ത അഭിനിവേശമായി. യൌവനകാലത്ത്‌ കാടുകളിലേക്ക്‌ യാത്രപോയി. കേരളത്തിലെയും തമിഴ് നാട്‌ ,കര്‍ണ്ണാടക എന്നി‍വിടങ്ങളിലെയും കാടുകള്‍ കയറിയിറങ്ങി. ഗുജറാത്തിലെ ഗീര്‍വനംവരെ എത്തി ആ യാത്രകള്‍. പിന്നീ‍ട്‌ യാത്രക്കാലം അവസാനിച്ചു എന്നുകരുതിയിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ജിദ്ദയില്‍ വന്നു് മക്കയിലേക്ക്‌ പോകുമ്പോള്‍ മരുഭൂമിയുടെ നിരവധി തുറസ്സുകള്‍ കണ്ടു. അതായിരുന്നു‍ മരുഭൂമിയുടെ ഉള്ളറകള്‍ തേടിയുള്ള യാത്രകളുടെ തുടക്കം എന്നുപറയാം.

ചോദ്യം പ്രവാസത്തിന്റെ പല പതിറ്റാണ്ടു‍കള്‍ അറേബ്യയില്‍ പിന്നിട്ടിട്ടും ഇതുവരെ ആരും തന്നെ ഇത്തരമൊരു രചനയ്ക്ക്‌ മുതിരാഞ്ഞത്‌ എന്തുകൊണ്ടാവാം?

ഉത്തരം: പല കാരണങ്ങള്‍ ഉണ്ടു്. ആദ്യകാലകുടിയേറ്റക്കാരന്റെ പ്രധാനപ്രശ്നം നിരവധി വയറുകളെ പോറ്റുക എന്നതായിരുന്നു‍. അല്ലാ‍തെ ചുറ്റുപാടുകളെ ആവിഷ്കരിക്കുക എന്നതായിരുന്നില്ല എന്നുമാത്രം കരുതിയാല്‍ മതി. അതിനര്‍ത്ഥം അവര്‍ക്കിടയില്‍ കഴിവുള്ളവര്‍ ഇല്ലായിരുന്നുവെന്നല്ല. മറിച്ച്‌ പരിഗണനകള്‍ വ്യത്യസ്ഥമായിരുന്നു‍ എന്നുമാത്രം. അവര്‍ ആവിഷ്കരിച്ചതാണ്‌ നാം ഇന്ന്‍ കേരളത്തില്‍ കാണുന്നത്‌. ഒരുപക്ഷേ അതിന്‌ ഒരു പുസ്തകത്തേക്കാളും വലുപ്പമില്ലേ?

ചോദ്യം: മരുഭൂമിയുടെ ഉള്ളറകള്‍ എത്രമാത്രം മരിച്ചതാണ്‌ ?

ഉത്തരം: അത്‌ കാണാന്‍ പോകുന്നയാള്‍ എത്രത്തോളം മരിച്ചിരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു‍. അയാളില്‍/അവളില്‍ ജൈവികത കത്തിനില്ക്കുന്നുണ്ടെങ്കില്‍ മരുഭൂമിയെ പ്രകൃതിയുടെ ഭാഗമായി തന്നെ കാണുവാന്‍കഴിയും. അത്‌ മിടിക്കുന്നത് കേള്‍ക്കാന്‍കഴിയും. അങ്ങനെയുള്ള അനുഭവങ്ങള്‍ നിരവധി യാത്രകളില്‍ ഉണ്ടായിട്ടുണ്ട്.‌. മണല്‍ക്കൂനകളില്‍ നടക്കുന്ന മഹാനാടകങ്ങള്‍ നേരില്‍ കാണാന്‍പോകാതെ അത്‌ വെറും മണല്‍പ്രദേശമാണ്‌ എന്ന സാമാന്യപ്രസ്താവന ഇറക്കുന്നതില്‍ ഒരു കഴമ്പും കാണുന്നില്ല.

ചോദ്യം: വര്‍ഷങ്ങള്‍ നീണ്ട മരുഭൂമിയാത്രകളില്‍ താങ്കളെ വിസ്മയിപ്പിച്ച അറിവ്‌ എന്താണ്‌?

ഉത്തരം: സന്ധ്യാനേരത്ത്‌ മരുഭൂമിയില്‍ ഇരുള്‍പടരുമ്പോള്‍ ചിലപ്പോള്‍ വന്നുവീഴുന്ന കൊള്ളിയാനുകള്‍ പ്രകാശത്തിന്റെയും ഇരുട്ടി‍ന്റെയും സൌഭാഗ്യത്തെ ഒരുപോലെ കാണിച്ചു തന്നിരുന്നു, പല തവണ. അവിടെ വെച്ച്‌ പഠിക്കാനിടയായ സൌന്ദര്യശാസ്ത്രം മഹത്താണ്‌. അത്‌ ഏതെങ്കിലും സര്‍വകലാശാലയില്‍നിന്ന് പഠിക്കാന്‍ കഴിയും എന്നും കരുതുന്നില്ല.

ചോദ്യം: അപരിഷ്കൃതര്‍ എന്ന് വിളിക്കുന്ന നെമാഡുകളുടെ(ബദുക്കളുടെ) മരുഭൂമിയിലെ ജീവിതത്തില്‍ കണ്ട പ്രത്യേകതകള്‍ എന്തൊക്കെയാണ്‌?

ഉത്തരം: അവര്‍ ഒറ്റയ്ക്ക്‌ ജീവിക്കുന്നില്ല. കൂട്ടത്തോടെ ജീവിക്കുന്നു‍. അണുകുടുംബങ്ങളായി മാറിയ അറബികളെയും അനറബികളെയും വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം അവര്‍ കൂട്ടമായി ജീവിക്കുന്നു എന്നതുതന്നെ. ജീവിതത്തെ നമ്മള്‍ പരിഷ്കൃതര്‍ക്ക്‌ അസൂയയോടെ മാത്രമെ നോക്കിനില്ക്കാനാവൂ. ഒരിക്കല്‍ നൂറ്വയസ്സ് പ്രായമുള്ള ഒരു ബദുവിനെ കാണാന്‍ ഇടയായി. എന്തായിരിക്കാം ഇത്രയും ദീര്‍ഘമായ ആയുസ്സിന്റെ രഹസ്യം എന്ന് എനിക്കറിയാവുന്ന അറബിയില്‍ ഞാന്‍ ചോദിച്ചു നോക്കി. സംഘമായി ജീവിച്ചാല്‍ നിങ്ങള്‍ക്കും നൂറു വയസ്സിനപ്പുറം ജിവിക്കാം എന്ന്‌ അയാള്‍ ഉറപ്പു നല്കി.

ചോദ്യം: അറേബ്യന്‍ മണ്ണില്‍ എന്നപോലെ അറബ്‌ സാഹിത്യത്തിലും താങ്കള്‍ ഏറെ സഞ്ചരിച്ചിട്ടുണ്ടല്ലോ? മലയാളി അറിയാത്ത എന്തത്ഭുതങ്ങളാണ്‌ അവിടെയുള്ളത്‌?

ഉത്തരം: ഒരു കാര്യം ആദ്യമേ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു‍. ഞാന്‍ അറബിസഹിത്യം വായിക്കുന്നത് അറബി ഭാഷയിലല്ല, എനിക്കതിനുള്ള അറബ്‌ ഭാഷാജ്ഞാനമില്ല. ആധുനികഅറബ്‌സാഹിത്യം വായിക്കുന്നത് ഇംഗ്ലീഷിലൂടെയാണ്‌. ഡെന്നീ‍സ്‌ ജോണ്‍സന്‍ ഡേവിനെപ്പോലെയുള്ള അതികായരായ അറബ്‌-ഇംഗ്ലീഷ്‌ വിവര്‍ത്തകരുടെ മൊഴിമാറ്റങ്ങളെയാണ്‌ ഞാന്‍ ആശ്രയിക്കുന്നത്. ഡെന്നീ‍സുമായി നീണ്ട വര്‍ഷങ്ങളുടെ സൌഹൃദമുണ്ട്.‌. എന്തുകൊണ്ട് അറബി പഠിക്കുന്നില്ല എന്ന് ഡെന്നി‍സ്‌ കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. നാട്ടില്‍ചെല്ലുമ്പോള്‍ കവി ആറ്റൂര്‍ രവിവര്‍മ്മയും ഇതുപോലെ പറയാറുണ്ട്.‌. എന്തുകൊണ്ടോ‍ അതിനു കഴിയുന്നില്ല. അതേസമയം അറബ്‌ ലോകത്ത്‌ നടക്കുന്ന എല്ലാ‍ പുതുചലനങ്ങളേയും അറിയാനുള്ള കൌതുകം ഉണ്ടുതാനും. അങ്ങനെയാണ്‌ വിവര്‍ത്തനങ്ങളെ ആശ്രയിച്ച്‌ ആധുനിക അറബ്‌സാഹിത്യം വായിക്കുന്നത്‌. ആധുനിക അറബ്‌സാഹിത്യത്തില്‍ കാണാന്‍ കഴിഞ്ഞ പ്രത്യേകത വ്യാജരചനകള്‍ തുലോം കുറവാണ്‌ എന്നതാണ്‌. വിഖ്യാത സുഡാനിഎഴുത്തുകാരന്‍ ത്വയ്ബ്‌ സാലേഹിന്റെ രചനകള്‍ വായിക്കുന്ന ആര്‍ക്കും അതു മനസ്സിലാകും. ദര്‍വിഷിന്റെ കവിതകളിലും അഡോണിസിന്റെ കവിതകളിലും ബിംബങ്ങള്‍ നിലവിളിക്കുന്നില്ല. സംസ്കാരം വെളിവാകുന്നതാണ്‌ കാണുക. അറബ്‌ സംസ്കാരത്തിന്റെ സവിശേഷതകളില്‍ ഒന്നാ‍ണത്‌. സമീപകാലത്ത്‌ അറബ്‌ ബുക്കര്‍ സമ്മാനം നേടിയ സൌദി എഴുത്തുകാരന്‍ അബ്ദു ഖാലിന്റെ എഴുത്തിലും സുതര്യമായ സത്യസന്ധത കാണാനാവും. ഇതിലൂടെ കടന്നുപോകുന്ന വായനക്കാരന്‌ ലഭിക്കുന്ന ലാവണ്യാനുഭൂതി സര്‍ഗാത്മകതയുടെ ഏറ്റവും വലിയ നിറവായിക്കും എന്നതില്‍ സംശയം ഇല്ല. എന്നാല്‍ അറബ്‌ലോകത്ത്‌ ജീവിക്കുകയാണെങ്കിലും ഇതൊന്നും വായിക്കാനും മനസ്സിലാക്കാനും പലരും തയ്യാറാവുന്നില്ലെന്നത് ഖേദകരമാണ്‌. നോബല്‍സമ്മാനം കിട്ടി‍യതിനാല്‍ നജീബ്‌ മഹ്ഫൂസില്‍ അറബ്‌സാഹിത്യം അവസാനിച്ചു എന്നാ‍ണ്‌ പലരും കരുതുന്നത്‌. ഇത്‌ ശരിയല്ലെന്ന് മാത്രമല്ല അതിഗംഭീരരായ എഴുത്തുകാര്‍ ആണ്‌ അറബ്‌ ഭാഷയില്‍ ഇപ്പോള്‍ എഴുതഉന്നത് എന്നതാണ്‌ സത്യം.

ചോദ്യം: മരുഭൂമിയുടെ ആഴങ്ങളിലേക്കുള്ള ഓരോ യാത്രയിലും താങ്കള്‍ തിരിച്ചറിഞ്ഞുകൊണ്ടിരുന്നത് എന്താണ്‌ ?

ഉത്തരം: എത്ര ഫോസിലുകള്‍ക്ക്‌ മുകളിലാണ്‌ നാമിന്നത്തെ മനുഷ്യര്‍ കഴിയുന്നത് എന്ന് ഒരോ യാത്രയും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ചോദ്യം: ഈ പുസ്തകത്തോടുള്ള വായനാസമൂഹത്തിന്റെ പ്രതികരണം എന്തായിരുന്നു ?

ഉത്തരം: വായനക്കാര്‍ ഈ പുസ്തകം ഹൃദയപൂര്‍വം സ്വീകരിച്ചു. ഒരു പക്ഷേ ഈ അവാര്‍ഡ്‌ കൂടുതല്‍ പേരില്‍ പുസ്തകം എത്താന്‍ സഹായിച്ചേക്കും.

ചോദ്യം: പ്രശസ്തരായ പല എഴുത്തുകാരുടെയും വിരുന്നു‍കാലയാത്രാവിവരണങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ടല്ലോ‍? അതില്‍ നിന്ന് എന്തു വ്യത്യാസത്തെയാണ്‌ താങ്കള്‍ മരുഭൂമിയുടെ ആത്മകഥയില്‍ എഴുതുന്നത് ?

ഉത്തരം: നമ്മുടെ ഭാഷയിലെ മികച്ച യാത്രാപുസ്തകങ്ങള്‍ എഴുതിയ ആരെയും വിരുന്നു‍കാരായി കാണുന്നില്ല. രവീന്ദ്രനെ എടുക്കൂ. അദ്ദേഹത്തെപ്പോലെ നമ്മുടെ സമീപകാലസാഹിത്യത്തില്‍ യാത്രാവിവരണം എഴുതിയ ഒരാള്‍ എഴുതുന്ന പ്രദേശത്തെ നിത്യതാമസക്കാരനായി മാറുന്നൊന്നുമില്ല. ബീഹാറിലെ ഒരു നദി മുറിച്ചു കടക്കുമ്പോള്‍ ആ നദിയില്‍ തന്നെ ആനപ്പുറത്തിരുന്ന് മറുകരയിലേക്ക്‌ പോയ ഗ്രാമീണര്‍ പെട്ടെന്നുണ്ടാ‍യ വെള്ളപ്പൊക്കത്തില്‍ ആനയ്ക്കൊപ്പം ഒലിച്ചുപോവുന്നത് കണ്ടത്‌ അദ്ദേഹം ഡിഗാരുവിലെ ആനകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍നിന്ന് മനസ്സിലാവുന്നത് ഒരു യാത്രികന്‍ താന്‍ കണ്ട അനുഭവത്തെ എങ്ങനെ വായനക്കാരന്‌ പകര്‍ന്നുനല്കുന്നുവെന്നാണ്. അമ്പതുകളില്‍ എസ്‌. കെ . പൊറ്റക്കാട്‌ സുഡാന്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ ഒരു സുഡാനി സുഹൃത്തിനോട്‌ പറയുകയുകയുണ്ടാ‍യി. അവിശ്വസനീയം എന്നാ‍ണ്‌ അദ്ദേഹം പ്രതികരിച്ചത്‌. ഒരിക്കല്‍ പോര്‍ര്‍ബന്തറില്‍ ഗാന്ധി ജനിച്ച വീടുകാണാന്‍ പോയി. അതിനടുത്ത്‌ വര്‍ഷങ്ങളായി കട നടത്തുന്ന മലയാളിക്ക്‌ അതിനകത്ത്‌ എന്താണ്‌ എന്ന് ‌ അറിയുമയിരുന്നില്ല. ഒരുവേള ഗാന്ധി ആരാണ്‌ എന്ന്‍ ചോദിക്കുമോ എന്ന് ഭയന്നു. അപ്പോള്‍ സ്ഥിരവാസം വിരുന്നു‍വരവ്‌ എന്ന പ്രയോഗത്തിലല്ല എഴുതിയ രചനയുടെ കാതലിലാണ്‌ വായനക്കാരന്‍ ശ്രദ്ധിക്കേണ്ടത്.

ചോദ്യം: കഴിഞ്ഞ വര്‍ഷം ബന്യാമിന്റെ ആടുജീവിതം, ഈ വര്‍ഷം താങ്കളുടെ മരുഭൂമിയുടെ ആത്മകഥ. ഗള്‍ഫില്‍ നിന്നു‍ള്ള എഴുത്തിന്‌ പണ്ടില്ലാ‍ത്തവിധം സ്വീകാര്യതയും ശ്രദ്ധയും ലഭിച്ചു കൊണ്ടിരിക്കുന്നു‍. എന്തുകൊണ്ടാണ് പെട്ടെന്ന്‌ ഇങ്ങനെയൊരു മാറ്റം ?

ഉത്തരം: ഇത്‌ പെട്ടെന്നുള്ള ഒരു മാറ്റമല്ല. ലോകസാഹിത്യത്തില്‍ ഇത്തരം പ്രവണതകള്‍ കാണാം. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ എഴുതുന്ന സാഹിത്യം അത്ര ശ്രദ്ധിക്കപ്പെടാതെ പോയതാണ്‌. പക്ഷേ ഒരുനാള്‍ പെട്ടെന്ന് അത്‌ ശ്രദ്ധയിലേക്ക്‌ വന്നു‍. ഇന്ത്യയിലെ ദളിത്‌സാഹിത്യം ദീര്‍ഘകാലം എല്ലാ‍വരും അവഗണിച്ചിരുന്നതാണ്‌. എന്നാല്‍ അക്കര്‍മാശി പോലുള്ള രചനകള്‍ വായനക്കാരന്റെ കണ്ണു തള്ളിച്ചു. അതുപോലെ മലയാളികുടിയേറ്റക്കാരന്റെ രചനകളിലേക്ക്‌ മലയാളി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്‌. വായനക്കാരന്‌ വേണ്ടത് തൊട്ടുമുമ്പ് അനുഭവിച്ചിട്ടില്ലാ‍ത്ത ലാവണ്യാനുഭൂതിയാണ്‌. വായനക്കാര്‍ എപ്പോഴും അന്വേഷിക്കുന്നതും അതാണ്‌. കുടിയേറ്റക്കാരന്‍ മലയാളിയാണ്‌ അത്‌ നല്കുന്നതെങ്കില്‍ അവര്‍ ആ സാഹിത്യം സ്വീകരിക്കും. ഈ പ്രതിഭാസത്തെ അങ്ങനെ കാണാം എന്നു തോന്നുന്നു.

ചോദ്യം: സവിശേഷവും അമൂര്‍ത്തവുമായ ഇമേജുകള്‍ സുലഭമാണ്‌ ഈ പുസ്തകത്തില്‍. ഉദാഹരണത്തിന്‌ ഗൂഢലിപികളില്‍ കൊത്തിയ ജലഭൂപടം എന്ന് മരുപ്പച്ചയായ അല്‍ ഹസയെയും മരങ്ങിളില്ലാ‍ത്ത കാട്ടില്‍ മദായിന്‍ സാലിഹിനെയും ഒക്കെ വിശേഷിപ്പിക്കുന്നു‍. ഇങ്ങനെ സ്ഥലങ്ങളെയും കാലങ്ങളെയും അടയാളപ്പെടുത്തുന്നത് യാത്രാവിവരണത്തിന്റെ സത്യഭാഷണയുക്തിയെ ബാധിക്കില്ലേ? പരമ്പരാഗത രീതികള്‍ക്ക്‌ വിരുദ്ധമല്ലേയിത്‌ ?

ഉത്തരം: യാത്രയില്‍ ലഭിക്കുന്ന ആത്മീയാനുനുഭവങ്ങളെ ഭൌതികമായി പകര്‍ത്തുവാന്‍ ചിലനേരങ്ങളില്‍ ബിംബങ്ങളെ ആശ്രയിക്കേണ്ടിവരും. അത്‌ അമൂര്‍ത്തമായി പോകുന്നു‍വെങ്കില്‍ അടുത്തവരികളില്‍ അതിനെ മൂര്‍ത്തമാക്കാനുള്ള ശ്രമവും പുസ്തകത്തില്‍ ഉണ്ട്. അമൂര്‍ത്തത അലങ്കാരമല്ല. മാനുഷികാവസ്ഥതെന്നയാണ്‌. അത്‌ അനുപാതം തെറ്റി ഒരാളില്‍ പ്രാവര്‍ത്തികുമ്പോഴാണ്‌ കുഴപ്പം. അങ്ങനെ വരുമ്പോള്‍ എന്താണ്‌ മൂര്‍ത്തത അമൂര്‍ത്തത എന്ന‌ അവ്യക്തത വരും. ആശയക്കുഴപ്പം വരാം. എന്നാല്‍ പുസ്തകത്തില്‍ അമൂര്‍ത്തമെന്ന് പറയുന്ന എല്ലാം ഒട്ടും വൈകാതെ തന്നെ മൂര്‍ത്തമാക്കുന്നുണ്ട് എന്നാ‍ണുകരുതുന്നത്.

ചോദ്യം: അനുകൂലമായ ഘടകങ്ങള്‍ ഒന്നു‍മില്ലാ‍തെ പരമ്പരാഗത ജിവിതം നയിക്കുന്ന ബദുക്കളുടെ മരുഭൂമിയിലെ അതിജീവനം എങ്ങനെയാണ്‌?

ഉത്തരം: നൂറ്റാണ്ടു‍കളായി മരുഭൂമിയില്‍ ജീവിക്കുന്നവരാണ്‌ ബദുക്കള്‍. റെഡ്‌ ഇന്ത്യകാര്‍ ആമസോണില്‍ എങ്ങനെ അതിജീവിക്കുന്നു‍വോ മയ വംശജര്‍ ആഫ്രിക്കന്‍ സഹാറയില്‍ എങ്ങനെ അതിജീവിക്കുന്നു‍വോ ധ്രുവപ്രദേശത്ത്‌ എക്സിമോകള്‍ എങ്ങനെ അതിജീവിക്കുന്നു‍ എന്നൊക്കെ ചോദിച്ചാല്‍ അവര്‍ക്ക്‌ മാത്രമേ അതിനു കഴിയൂ എന്നാ‍ണുത്തരം. അല്ലെങ്കില്‍ അവര്‍ക്ക്‌ ജീവിക്കാനുള്ള പ്രകൃതിയാണത്‌. അതുപോലെയാണ്‌ മരുഭൂമിയില്‍ ബദുക്കള്‍ അതിജീവിക്കുന്നത്. അദ്ദിന്താന്‍ എന്ന ബദു മഹാകവിയുടെ കവിതകള്‍ വായിച്ചാല്‍ അത്‌ മനസ്സിലാകും.

ചോദ്യം: വേലിക്കും വിളവിനും എന്ന സ്വന്തം കവിതകളുടെ സമാഹാരവും മുറിവുകളുടെ പെണ്ണിന്‌ എന്ന ഫലസ്റ്റീന്‍-ഇറഖ്‌ പെണ്‍കവിതകളുടെ വിവര്‍ത്തനസമാഹാരവും താങ്കളുടേതായി ഉണ്ടല്ലോ‍? കവിതയുടെ ലോകത്തുനിന്ന് നിഷ്ക്രമിച്ചത്‌ എന്തുകൊണ്ടാ‍ണ്‌ ?

ഉത്തരം: കവിതകളുടെ ലോകത്തുനിന്ന് നിഷ്ക്രമിച്ചു എന്ന് പറയുന്നത് ശരിയല്ല. പുതിയതായി കവിതകള്‍ എഴുതുന്നില്ല എന്നത് ശരിയാണ്‌. പക്ഷേ ജീവിതത്തില്‍ എക്കാലവും കൂടുതല്‍ വായിക്കുന്നതും ആസ്വദിക്കുന്നതും കവിതകളാണ്‌. ആ അര്‍ത്ഥത്തില്‍ കവിതയില്‍ നിന്നു്‌ മോചനമില്ലാത്ത വായനക്കാരനാണ്‌.

ചോദ്യം: വിവര്‍ത്തനങ്ങള്‍ സംസ്കാരത്തിലേക്കുള്ള പാലങ്ങള്‍ ആണെങ്കിലും അറബ്‌-മലയാള വിവര്‍ത്തന ലോകം തരിശായി കിടക്കുന്നത്‌ എന്തുകൊണ്ടാ‍ണ്‌ ?

ഉത്തരം: പല കാരണങ്ങള്‍ ഉണ്ട്. അറബിയും മലയാളവും നന്നാ‍യി അറിയുന്ന പലരും സാഹിത്യത്തില്‍ തല്പരര്‍ അല്ല എന്നതാണ്‌ ഒന്ന്‌. ആധുനിക അറബ്‌ സാഹിത്യത്തെപ്പറ്റി കേരളത്തില്‍ നിലനില്ക്കുന്ന അജ്ഞതയും അതിനു കാരണമാണ്‌. ഇത്‌ മാറേണ്ടത്‌ അത്യാവശ്യവും അനിവാര്യവുമാണ്‌.

ചോദ്യം: ചോദിച്ചേക്കും എന്നു‍ വിചാരിച്ച, എന്നാല്‍ ചോദിക്കാതിരുന്നതുമായ ഒരു ചോദ്യമുണ്ടെങ്കില്‍ ആ ചോദ്യവും അതിനുത്തരവും കൂടി പറയുമോ?

ഉത്തരം: മരുഭൂമിയില്‍ കണ്ട വെള്ളത്തെക്കുറിച്ച്‌, കിളികളെക്കുറിച്ച്‌, കിളിക്കൂടുകളെപറ്റി ഒക്കെ എന്തുകൊണ്ട്‌ ചോദിച്ചില്ല എന്നു്‍ ഖേദിക്കുന്നു. ഇതൊന്നും മരുഭൂമിയിലില്ല എന്നാ‍ണ്‌ പലരും എന്നോ‍ട്‌ പറഞ്ഞത്‌. പക്ഷേ പലപ്പോഴും ഇതെല്ലാം കണ്ട്‌ തിരിച്ചെത്തുമ്പോള്‍ ജീവിതത്തിന്‌ തീര്‍ത്തും വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളാണുള്ളത്‌ എന്നു്‍ ഞാന്‍ മനസിലാക്കി.

Subscribe Tharjani |