തര്‍ജ്ജനി

ജയദേവ്‌ കൃഷ്ണന്‍

പാഴിയോട്ട് മന
കുറുമ്പത്തൂര്‍.
വഴി തിരുനാവായ.

Visit Home Page ...

കവിത

മെമ്മറികാര്‍ഡ്‌ തിന്ന അരണ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിയ്ക്കാനണത്രെ
അരണ
മെമ്മറികാര്‍ഡ്‌ തിത്‌,
മനസ്സിലുള്ള അപകര്‍ഷതാബോധമാണ്‌
അതിനെ എട്ട് ജി.ബി. കാര്‍ഡ്‌ തീറ്റയിലെത്തിച്ചത്‌.
ഒന്നോര്‍മ്മിയ്ക്കാന്‍ മാത്രം
സാധിച്ചു -
ചേരയെ തിന്നുന്നിടത്തെത്തിയാല്‍
നടുക്കണ്ടം തിന്നണം.

വംശപാരമ്പര്യം
തന്റെ സമൂഹത്തിനുവരുത്തിയ
നഷ്ടങ്ങളെക്കുറിച്ച്‌
ഏറെ പറയണമെന്നുണ്ട്‌.
പക്ഷേ
എല്ലാം നിമിഷംകൊണ്ട്‌ മറന്നുപോയി.
ചരിത്രപരമായ ഓര്‍മ്മപ്പിശകുകള്‍
കണ്‍മുമ്പില്‍
ദുരന്തങ്ങള്‍ ആവര്‍ത്തിച്ചത്‌,
അതിരുകാത്ത യുവത്വത്തിന്റെ
സംഭൃതശേഷി
ചോര്‍ന്നുപോയത്‌,
അടയാളമോര്‍മ്മിച്ചെടുക്കാനാകാതെ
മാറി മാറി
ഇണചേര്‍ന്നത്‌,
പേരുമറന്ന്
പരിചയപ്പെടുത്താനാകാതെ പോയത്‌,
ചൂരുമറന്ന്
നല്ലകാലം കുപ്പയില്‍ വാണത്‌,
ഒച്ച മറന്ന്
മാപ്പര്‍ഹിയ്ക്കാത്ത മൌനത്തോട്‌
സമരസപ്പെട്ടത്‌,
തലമറ്‌
എണ്ണതേയ്ക്കാന്‍ തുടങ്ങിയത്‌ -
എല്ലാം പറയണമെന്നുണ്ട്‌
പക്ഷേ . . . . . . . .
ഒരരണ ഓര്‍മ്മ വീണ്ടെടുക്കാന്‍
തുടങ്ങുന്ന നിമിഷമാകുമോ
ഈ നൂറ്റാണ്ടിന്റെ ചരിത്രമുഹൂര്‍ത്തം?
മെമ്മറികാര്‍ഡില്‍
ഒരു തലമുറയ്ക്കുവേണ്ട ഓര്‍മ്മകള്‍
പിന്നെ കാടിനുവേണ്ട
ഇലകള്‍
ഒരായുസ്സില്‍ കേട്ടുതീരാത്ത
പാട്ടുകള്‍
മുറിവേറ്റ വസന്തത്തിനുവേണ്ട
പൂവുകള്‍
അമ്പൊടുങ്ങാത്ത
ആവനാഴി
ദഹനക്കേടും
ഉന്മാദവും
ഛര്‍ദ്ദിച്ചുകൂട്ടി‍യ ഓര്‍മ്മകളുമായി
അരണ
കാലത്തിന്റെ
ഐസിയുവിലാണ്‌.

Subscribe Tharjani |
Submitted by RAJEEV CHITRABHANU (not verified) on Wed, 2011-04-06 07:56.

വൃത്തവും പ്രാസവുമില്ലാത്ത ഒരു കവിത ജയന്‍ ഇതിനു മുന്‍പ് എഴുതി കണ്ടിട്ടില്ല. ഏതായാലും "ചേരയെ തിന്നു തുടങ്ങിയെങ്കില്‍" നന്നായി എന്നാണ് പറയാനുള്ളത്. ഓര്‍മ്മകള്‍ ആണ് പ്രധാന വിഷയം എന്ന് തോന്നുന്നു? ഇതിനു മുന്‍പത്തെ ബസ്സിന്റെ കവിതയിലും, ഇപ്പോഴും.