തര്‍ജ്ജനി

പി. സോമനാഥന്‍

മലയാളവിഭാഗം,
കാലിക്കറ്റ് യൂനിവേഴ് സിറ്റി.

Visit Home Page ...

ലേഖനം

ജാഗ്രതൈ: കണ്ണാടിയില്‍ പോലീസ്‌

കേരളത്തിലെ കുട്ടി‍കള്‍ കള്ളനും പോലീസും കളിച്ചിരുന്നു‍, പണ്ട്‌, കളിത്തോക്കുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും വരുന്നതിന്‌ മുമ്പ്‌. പഴുത്ത പ്ലാവിലകൊണ്ട്‌ തുന്നി‍യുണ്ടാക്കിയ തൊപ്പിയും ബെല്‍റ്റും ധരിച്ച് സങ്കല്‍പിച്ചുണ്ടാക്കിയ കൊമ്പന്‍മീശ പിരിച്ച്‌ കണ്ണുരുട്ടി‍ പരുപരുത്ത ശബ്ദത്തില്‍ അി‍റയാവുന്ന തെറിമുഴക്കി കുട്ടി‍കള്‍ പോലീസുകാരായി വിലസി. കുനിച്ചുനിര്‍ത്തി കൂമ്പിനിടിച്ച്‌ എന്ന പ്രയോഗം നിലവില്‍വരുന്നതിനുമുമ്പ്‌ കള്ളന്മാരായി വേഷമിടുവരെ ഓടിച്ചിട്ടു‍പിടിച്ച്‌ ആകുംപോലെ പെരുമാറി. നാടകങ്ങളില്‍നിന്നാ‍ണ്‌ ആ പോലീസ്‌ സങ്കല്‍പ്പം കളിത്തട്ടി‍ലേക്കിറങ്ങിവന്നത്‌. ഉറങ്ങാത്ത കുട്ടി‍കളെ ഉറക്കാനും ശാഠ്യം പിടിക്കുന്നവരെ മെരുക്കാനും ഇതേ സങ്കല്‍പത്തെ രക്ഷിതാക്കള്‍ നട്ടു‍നനച്ചുവളര്‍ത്തി. അവരുടെ മുന്നി‍ലേക്ക്‌ പോലീസ് മര്‍ദ്ദനങ്ങളുടെ കഥകള്‍ പത്രവാര്‍ത്തകളായി വരുമ്പോള്‍ അതൊരു നൊള്‍സ്റ്റാജിക്ക്‌ ഓര്‍മ്മയാകുന്നത്‌ സ്വാഭാവികം. എല്ലാം പണ്ടു ഞാന്‍ സങ്കല്‍പിച്ചതുപോലെ, എന്തൊരു കാലമായിരുന്നു‍ അത്‌. എത്ര ആസ്വാദ്യകരമാണ്‌ ആ ഓര്‍മ്മകള്‍.

ലോക്കപ്പുമരണങ്ങളും കസ്റ്റഡിയിലെ പീഡനങ്ങളുംകൊണ്ട്‌ കേരളാ പോലീസ്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്ന പശ്ചാത്തലത്തില്‍ ശാസ്ത്രീയവും പരിഷ്കൃതവുമായ കുറ്റാന്വേഷണരീതികള്‍ നമ്മുടെ പോലീസിനു വശമില്ല എന്നാ‍ണ്‌ പൊതുവായ ആക്ഷേപം. അപലപിക്കുന്നതിലും ആക്ഷേപിക്കുന്നതിലും പോലീസുകാരടക്കം ഉള്‍പ്പെടും. വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കിലും, അതത്രയും ഒരു പരിഷ്കൃതസമൂഹത്തിന്‌ മാനക്കേടുണ്ടാക്കുതാണെങ്കിലും ഈ വിലയിരുത്തല്‍ മുഴുവന്‍ ശരിയല്ല. നമ്മുടെ പോലീസ്‌ മഹാമോശക്കാരും പോലീസല്ലാത്ത മലയാളികളെല്ലാം മഹാമര്യാദക്കാരും എന്നു‍ ഞെളിയുന്ന നമ്മുടെ കപടസദാചാരബോധത്തിന്റെ പ്രകാശനംകൂടിയാണ്‌ ഈ വിലയിരുത്തല്‍. ഇന്ത്യയിലെ നിലവാരംവെച്ച്‌ നമ്മുടെ പോലീസ്‌ അത്രയ്ക്കു മോശമാണെന്ന്‌ പറയാമോ? പ്രശ്നം ശാസ്ത്രീയധാരണയുടെ കുറവാണെന്ന് പറയാനാവില്ല. സിദ്ധാന്തങ്ങള്‍ പലതും നാം നേരിട്ട്‌ ഇറക്കുമതി ചെയ്യുന്നതാണെങ്കിലും പോലീസുകാര്‍ ഇവിടെ ജനിച്ചുവളര്‍ന്നവര്‍തയൊണ്‌. നമ്മുടെ ഞാറ്റുവേലകള്‍ അനുഭവിച്ചു വളര്‍ന്നവര്‍. അതിന്റെ സ്വഭാവഗുണം അവര്‍ക്കും കാണാതിരിക്കുകയില്ല. അങ്ങനെ വരുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ നമ്മിലേക്ക്‌ കൂടി വിരല്‍ ചൂണ്ടുതിന്റെ അസ്ക്യത പേറേണ്ടിവരുമെങ്കിലും അത്തരം ഒരാലോചന പ്രസക്തമാണ്‌.

വഴിവക്കില്‍ വാഹനത്തിന്‌ കൈകാണിക്കുന്ന പോലീസുകാരന്‍ "സാര്‍, സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക്‌ താങ്കളെ സഹായിക്കാന്‍ ഞങ്ങളെ അനുവദിച്ചാലും. മതിയായ രേഖകളോടെയല്ലേ താങ്കള്‍ ഈ വാഹനം ഓടിക്കുന്നത്‌" എന്ന്‌ ചോദിച്ചാല്‍ ഏതു മലയാളിയും ഒരു സ്ഥലജലഭ്രാന്തിയില്‍ പെട്ടു‍പോകും. ഒരു സുപ്രഭാതത്തില്‍ വാതിലിനു മുട്ടിവിളിക്കുന്ന പോലീസുകാരന്‍ "സാര്‍, ഈ രാജ്യത്തെ സേവിക്കുന്നതിന്‌ താങ്കള്‍ക്ക്‌ ഒരവസരം തരുന്നതില്‍ താങ്കള്‍ സന്തോഷിക്കുമല്ലോ" എന്ന മുഖവുരയോടെ ഒരു പരിചയക്കാരന്റെ വിലാസവും കാര്യങ്ങളും അന്വേഷിച്ചാല്‍ നമ്മില്‍ എത്ര പേര്‍ സന്തോഷത്തോടെ അയാള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ നല്‍കും? അതേസമയം പഴയ കളിക്കാലത്തിലെപോലെ നിലത്തു രണ്ട്‌ ചവിട്ടുചവിട്ടി‍ക്കൊണ്ട്‌ ഏറ്റവും മര്യാദകെട്ട ഭാഷയിലാണ്‍്‌ ഇത്‌ ചോദിക്കുന്നതെങ്കില്‍ പേടിച്ചെങ്കിലും ചിലപ്പോള്‍ സത്യം പറഞ്ഞുപോയെന്നിരിക്കും. പോലീസിനു വേണ്ടത്‌ സത്യസന്ധമായ മറുപടിയാണെങ്കില്‍ ഇതില്‍ ഏതു മാര്‍ഗ്ഗമാണ്‌ അവലംബിക്കേണ്ടത്‌. കുഴപ്പം മുഴുവന്‍ പോലീസിന്റേതാണോ? ഏതൊരു മനുഷ്യനെയും സംശയത്തോടെ മാത്രം നിരീക്ഷിക്കുന്ന പോലീസ്‌ ബുദ്ധി നമ്മുടെ ഉത്തരവാദിത്തരാഹിത്യത്തിന്റെ കൂടി സൃഷ്ടിയല്ലേ. ചിലപ്പൊഴെങ്കിലും നമ്മളത്‌ ശരിക്കും അര്‍ഹിക്കിന്നു‍മില്ലേ.

മുമ്പ്‌ ജയരാജ്‌ വാര്യരും സംയുക്താവര്‍മ്മയും കൂട്ടരും അമേരിക്കയില്‍ പര്യടനം നടത്തുമ്പോള്‍ വിമാനത്തില്‍വെച്ച്‌ ആംഗ്യഭാഷയില്‍ എന്തെല്ലാമോ പറഞ്ഞതിന്‌ പോലീസിന്റെ ചോദ്യം ചെയ്യലിന്‌ വിധേയമായതിനെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നിരുന്നു‍. മലയാളിതാരങ്ങളോട്‌ അമേരിക്കന്‍പോലീസ്‌ അപമര്യാദയായി പെരുമാറി എന്നാ‍യിരുന്നു‍ മലയാളപത്രങ്ങളിലെ വാര്‍ത്ത. സപ്തംബര്‍ പതിനൊന്നി‍നു ശേഷം അമേരിക്കന്‍ജനത അനുഭവിക്കുന്ന ആപച്ഛങ്കകളും അരക്ഷിതത്വവും എത്രമാത്രമുണ്ടെന്ന്‌ തെളിയിക്കുതായിരുന്നു‍ ആ സംഭവം. അതോടൊപ്പം സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസിലുള്ള വിശ്വാസവും ഈ വാര്‍ത്തയില്‍ അടങ്ങിയിട്ടു‍ണ്ട്‌. താരങ്ങളുടെ അസാധാരാണമായ പെരുമാറ്റം കണ്ട്‌ പേടിച്ചുപോയ ഏതോ മദാമ്മയാണ്‌ വിവരം അപ്പോള്‍ത്തന്നെ പോലീസില്‍ അറിയിച്ചത്‌. ഇന്ത്യയിലെ ഏതെങ്കിലും ഒരു വിമാനത്തിലോ ബസ്സിലോ മേറ്റെവിടെയെങ്കിലുമോ ആണ്‌, മുംബൈ ഭീകരാക്രമണത്തിനുശേഷവും ഇത്തരത്തില്‍ സംശയകരമായ ഒരനുഭവം ഉണ്ടാകുന്നതെങ്കില്‍ സ്വന്തമായി മൊബെയിലുള്ള എത്ര ഇന്ത്യന്‍ പൌരന്മാര്‍ പോലീസിനെക്കുറിച്ച്‌ ചിന്തിക്കും. നമ്മുടെ വീടിനടുത്ത്‌ ബോംബുകളാണെന്ന് സംശയിക്കുന്ന വല്ലതും കണ്ടാല്‍ നേരെ പോലീസിലറിയിക്കാന്‍ നമുക്ക്‌ കഴിയാത്തത്‌ നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള സത്യസന്ധമായ ഭയംകൊണ്ടു മാത്രമല്ല. വെറുതെ വേണ്ടാത്ത വയ്യാവേലി തലയില്‍വെക്കാനിഷ്ടമില്ലാഞ്ഞിട്ടു‍കൂടിയാണ്‌. രാജ്യസുരക്ഷ നമുക്ക്‌ വേണ്ടാത്ത വയ്യാവേലിയാണ്‌. അഥവാ ആരെങ്കിലും നേരെ പോലീസ്‌ സ്റ്റേഷനില്‍ച്ചെന്ന്‌ വിവരങ്ങള്‍ പറഞ്ഞാല്‍ അയാള്‍ക്ക്‌ ഒന്നു‍കില്‍ സ്ഥിരബുദ്ധിയില്ല അല്ലെങ്കില്‍ അയാള്‍ക്കതില്‍ കാര്യമായ പങ്കെന്തോ ഉണ്ട്‌ എന്നാ‍വും ആദ്യത്തെ വിചാരം. പോലീസിനെ നമ്മുടെ സേവകരായി കാണാന്‍ നമുക്കിതുവരെ കഴിഞ്ഞിട്ടി‍ല്ല എന്നത്‌ പോലീസിന്റെ മാത്രം കുഴപ്പമാണെന്ന് തോന്നുന്ന‍ി‍ല്ല.

പൊതുതാല്‍പര്യം പൊതുസ്വത്ത്‌ തുടങ്ങിയ ആശയങ്ങള്‍ മലയാളി മനസ്സിലാക്കുന്നത്‌ വിചിത്രമായ രീതിയലാണ്‌. സമരത്തിനിടെ സര്‍ക്കാര്‍ വാഹനങ്ങള്‍ തെരഞ്ഞുപിടിച്ചാണ്‌ നമ്മള്‍ കല്ലെറിയുതും കത്തിക്കുന്നതും. തല്ലിത്തകര്‍ക്കുന്നത്‌ സര്‍ക്കാര്‍ ഓഫീസുകളായിരിക്കും. അക്കാര്യത്തില്‍ കേമമാണ്‌ നമ്മുടെ സേര്‍ച്ച്‌ എഞ്ചിനുകള്‍. സര്‍ക്കാര്‍ എന്നാ‍ല്‍ നമുക്ക്‌ നാഥനില്ലാത്ത, ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒന്നാണ്‌. സര്‍ക്കാര്‍വക ഭൂമി ആര്‍ക്കും കയ്യേറാവുതാണ്‌. അങ്ങ്‌ മതികെട്ടാ‍നിലും ചിന്നക്കനാലിലും മാത്രമല്ല. കേരളത്തിലെ ഓരോ പഞ്ചായത്തിന്റെയും അധീനതയിലുമുള്ള ഭൂമിയിലെ ഇളനീരുകള്‍ ആര്‍ക്കും എപ്പോഴും കുടിച്ചുതീര്‍ക്കാനുള്ളതാണ്‌. തെരുവുവിളക്കുകള്‍ നമുക്ക്‌ "പള്ളിക്കൂടം വിട്ടു‍വരും / പിള്ളേര്‍ക്കറിയാന്‍ കുറിയായും" എന്ന്‌ വൈലോപ്പിള്ളി പറഞ്ഞതുപോലെ ഉന്നം പരീക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമാണ്‍്‌. പൊതുസ്വത്ത്‌ ആരുടേതുമല്ലാത്ത സ്വത്താണ്‌. ആര്‍ക്കും എപ്പോഴും ദുരുപയോഗം ചെയ്യാവുന്നത്‌. അല്ലാതെ അത്‌ എല്ലാവര്‍ക്കും അവകാശവും ഉത്തരവാദിത്തവുമുള്ള സ്വത്തല്ല. (ഒട്ടും ലജ്ജയില്ലാതെ എല്‍.ഡി.എഫ്‌. ഗവണ്മെന്റ്‌, യു.ഡി.എഫ്‌ ഗവണ്മെന്റ്‌ എന്നെല്ലാം വിശ്വസിക്കാനും വിശേഷിപ്പിക്കാനും ആണ്‌ നമുക്ക്‌ താല്‍പര്യം. നമ്മുടെ ജനാധിപത്യം പാര്ട്ട്യാധിപത്യം മാത്രമെന്നാണ്‌ അതുവഴി സ്വയം സമ്മതിക്കുന്നത്‌.) കേരളത്തിലെ ഏതെങ്കിലും പൊതുകക്കൂസിലോ മൂത്രപ്പുരയിലോ ഒരിക്കലെങ്കിലും കയറിയിട്ടു‍ള്ളവര്‍ക്ക്‌ നമ്മുടെ പൊതുകാര്യവ്യഗ്രതയുടെ തനിസ്വരൂപം കണ്ടറിയുതിന്‌ പ്രയാസമുണ്ടാവില്ല.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ കോളേജുകളിലും വൈദ്യുതി ലഭ്യമാണ്‌. തുടങ്ങുമ്പോഴെങ്കിലും ഏതാണ്ടെല്ലാ ക്ലാസ്സുമുറികളും ഇലക്ട്രിഫൈഡാണ്‌. അതില്‍ എത്രയെണ്ണം ഇപ്പോഴും കേടുകൂടാതെയുണ്ട്‌ എന്ന കണക്കെടുത്താലറിയാം ചുമ്മാ നശിപ്പിക്കാനുള്ളതാണ്‌ പൊതുമുതല്‍ എന്ന ജീവിതപാഠം നമ്മള്‍ എത്രപെട്ടെന്ന്‌ എത്ര അനായാസമായി എത്ര സ്വാഭാവികമായി ആര്‍ജ്ജിച്ചെടുക്കുന്നു‍. ആര്‍ജ്ജിച്ചെടുക്കുന്നത്‌ സമൂഹത്തില്‍ നിലനില്‍ക്കുന്നരീതികളും ശീലങ്ങളുമാണെന്നതിനാലാണ്‌ അതേപദംതന്നെ‍ ഉപയോഗിക്കുന്നത്‌. ഇതൊന്നും ആരും പഠിപ്പിക്കുന്നതല്ല. എന്നാ‍ല്‍ ആരും ഇത്‌ പഠിക്കാതെപോകുന്നി‍ല്ല. നൂറുശതമാനം വിജയം! അതുവെച്ചു നോക്കുമ്പോള്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി അത്ര വലിയ കാര്യമല്ലെന്ന് ബോദ്ധ്യപ്പെടും. സാധാരണക്കാരന്‌ കയ്യിട്ടു‍ വാരാവുന്നത്‌ ഒരു കരിക്കോ ഇളനീരോ മാത്രം. അതില്‍ക്കൂടുതല്‍ കയ്യിട്ടു‍വാരാന്‍ അവസരം കിട്ടുന്ന‍ ഭാഗ്യവാന്മാര്‍ അതുപയോഗിക്കുന്നു‍. യുക്തി ലളിതം. വിശകലനം സുഭദ്രം.

ഇവിടെ വിഷയം അഴിമതിയുടേതല്ല, പീഡനത്തിന്റേതാണ്‌. പോലീസുകാര്‍ അഴിമതി കാണിക്കുന്നതില്‍ വലിയ പുതുമയൊന്നു‍മില്ല. ഒട്ടും പരാതിയുമില്ലാ നമുക്കതില്‍. പക്ഷെ പീഡനം. അത്‌ ഏറെക്കുറെ പോലീസിന്റെ മാത്രം കുത്തകയല്ലേ എന്നു‍ ചോദിച്ചേക്കാം. ഈ വിശകലനവും വാസ്തവവും വസ്തുനിഷ്ഠവുമാണോ? പൊതുനിരത്ത്‌ കയ്യേറിയാണല്ലോ മലയാളികള്‍ സംഘടിതശക്തിയുടെ പെരുമ വിളിച്ചറിയിക്കുന്നത്‌. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ഘോഷയാത്രകള്‍, സമ്മേളനങ്ങള്‍, വാര്‍ഷികങ്ങള്‍, പൊതുപ്രകടനങ്ങള്‍ തുടങ്ങിയ ആചാരങ്ങള്‍ അനുഷ്ഠിക്കുത്‌ അമ്പലമോ പള്ളിയോ അക്കാദമിയോ രാഷ്ട്രീയസംഘടനകളോ സാംസ്കാരികസംഘങ്ങളോ മൌലികവാദികളോ ആരുമാകട്ടെ, അവരെല്ലാം കയ്യേറുന്നത്‌ പൊതുനിരത്തുകളാണ്‌. അതിനിടയില്‍ ചില വളണ്ടിയര്‍മാര്‍ ഗതാഗതനിയന്ത്രണത്തിന്‌ നേതൃത്വം നല്‍കുതു കണ്ടിട്ടി‍ല്ലേ. താല്‍ക്കാലിക പോലീസാണവര്‍. പെരുമാറ്റവും വ്യത്യസ്തമാവില്ല. അവസരംകിട്ടാ‍ത്തതുകൊണ്ടു മാത്രം വിശ്വരൂപം കാണിക്കാനാകാതെ നമ്മിലോരോരുത്തരിലും പരപീഡകനായ ഒരു കുഞ്ഞു പോലീസ്‌ ഉറങ്ങിക്കിടപ്പുണ്ട്‌. ഈ പോലീസിനെ തൃപ്തിപ്പെടുത്താനല്ലേ കള്ളനും പോലീസും കളി.

നിയമപാലനം ആവശ്യമായി വരുന്നത്‌ നിയമലംഘനം നടക്കുന്നി‍ടത്താണല്ലോ. മാസത്തില്‍ ഇത്ര കേസെങ്കിലും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആ പോലീസ്‌ സ്റ്റേഷന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നി‍ല്ല എന്നാ‍ണ്‌ നമ്മുടെ നയം. പെറ്റിക്കേസുകള്‍കൊണ്ട്‌ നിശ്ചിത എണ്ണം തികയ്ക്കാനായി മാസമാവസാനം അടുക്കുമ്പോള്‍ പോലീസുകാര്‍ റോഡിലിറങ്ങി ഹെല്‍മെറ്റുവേട്ടയും മറ്റും നടത്തുന്നത്‌ ഒരു പതിവു കാഴ്ചയാണ്‌ കേരളത്തില്‍. (ഹെല്‍മറ്റ്‌ ധരിക്കാത്തവര്‍ നിയമലംഘനത്തിനു വിധിച്ചിട്ടു‍ള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ സദ്ധരാവില്ല. പകരം മരണത്തിലേക്ക്‌ വണ്ടിയോടിച്ചു പോകാന്‍ മടിക്കുകയില്ല.) നിയമലംഘനമാണ്‌ നമ്മുടെ ശീലം എന്നാ‍ണ്‌ ഇത്‌ വെളിവാക്കുന്നത്‌. ഇനി നിയമലംഘനം പ്രതികരണം ആവശ്യപ്പെടുന്ന സാഹചര്യമാണെങ്കില്‍ ശരാശരി മലയാളിയുടെ പ്രതികരണം എന്തായിരിക്കും. ബന്ദ്‌ അല്ലെങ്കില്‍ അതുതന്നെ വേഷം മാറിയെത്തുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിത‍ന്നെ നിയമലംഘനമാണ്‌. അതേസമയം അത്‌ സ്വയം നിയമം പ്രഖ്യാപിക്കുകയും ചെയ്യുന്നു‍. അന്ന്‌ കട തുറക്കുന്നത്‌ ചാരപ്പണിയാണ്‌. അന്ന്‌ വാഹനം റോഡിലിറക്കുന്നത്‌ അങ്ങേയറ്റത്തെ രാജ്യദ്രോഹമാണ്‌. അന്ന്‌ വഴിനടക്കുന്നതുതന്നെ‍ അരാഷ്ട്രീയഗൂഢാലോചനയാണ്‌. (ചെയ്യാവുന്നത്‌ തലേന്നേ‍ ബീവറേജസിന്റെ മുന്നി‍ല്‍ ക്യൂ നിന്ന് സംഘടിപ്പിച്ച കുപ്പിയും ഇത്തിരി ചിക്കണും ഒരുക്കി ചീട്ടു‍കളിയുമായി കൂട്ടു‍കാരോടൊപ്പം ആഘോഷിച്ച്‌ രാഷ്ട്രീയപ്രതിബദ്ധത തെളിയിക്കുകതന്നെ‍.) അതാരെങ്കിലും ലംഘിച്ചാല്‍, ലംഘിക്കുകതന്നെ‍ വേണമെന്നില്ല, അങ്ങനെ തോന്നി‍യാലും മതി, അവരെ മര്‍ദ്ദിക്കുന്നതില്‍ എന്തെങ്കിലും മനസ്സാക്ഷിക്കുത്ത്‌ നമുക്കില്ലെന്നാണ്‌ പത്രവാര്‍ത്തകള്‍ പറയുന്നത്‌. മതവികാരമായാലും സംഘടനാവികാരമായാലും അതു തികച്ചും മൌലികവും തീര്‍ത്തും ലോലവും വളരെ പെട്ടെന്ന്‌ വ്രണപ്പടുന്നതുമാണ്‌. അതെങ്ങാന്‍ വ്രണപ്പെട്ടാ‍ല്‍പ്പിന്നെ‍ ആ മതചിന്തയുടെയും സംഘടനാചിന്തയുടെയും മൂല്യങ്ങളെന്തുതന്നെ‍ ആയാലും അതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നഗ്നമായ ആക്രമണം അഴിച്ചുവിടുന്നത്‌ ധര്‍മ്മവും നീതിയുമായി കൊണ്ടാടുന്ന സമൂഹമാണ്‌ നാം. അത്രയ്ക്കേയുള്ളൂ നമ്മുടെ ചിന്താലോകം. കേരളത്തിലെ സ്ക്കൂളുകളിലും കലാലയങ്ങളിലും വര്‍ഷംതോറും പലകുറി നടക്കുന്ന രാഷ്ട്രീയസംഘട്ടനങ്ങളില്‍ ഏതെങ്കിലും രാഷ്ട്രീയമായ പോളിസിയുടെയോ നിലപാടിന്റെയോ പ്രതികരണത്തിന്റയോ ഭാഗമായുണ്ടാകുന്നതാണോ? കൊടി നശിപ്പിച്ചു, കൊടിമരം നശിപ്പിച്ചു, തുറിച്ചുനോക്കി, മറ്റേതോ കോളേജില്‍ ആരോ ആരെയോ ക്രൂരമായി മര്‍ദ്ദിച്ചു, എന്നി‍ങ്ങനെ മതിയായ കാരണങ്ങള്‍. തെണ്ടീ, പട്ടീ‍ കയ്യും കാലും വെട്ടി‍യെടുത്ത്‌ (ഏലംകുളത്തേയ്ക്കോ പാണക്കാട്ടേക്കോ ഒക്കെ) പാര്‍സലയക്കും എന്ന്‌ സംസ്കാരസമ്പമായ, സമാധാനം തുളുമ്പുന്ന മുദ്രാവാക്യങ്ങള്‍. ഇതു മാത്രം മതിയാവും അതിന്റെ അന്തസ്സത്ത വെളിവാകാന്‍. ക്ലാസ്മേറ്റസ്‌ എന്ന സിനിമയില്‍ വളരെ ലാഘവത്തോടെ കാണിച്ചിരിക്കുന്നതുപോലെ എതിര്‍കക്ഷിയെ, അവര്‍ എതിര്‍കക്ഷിയാണെന്ന ഒറ്റക്കാരണത്താല്‍ കാണുമ്പോഴൊക്കെ കായികമായി നേരിടുന്നതിനെയാണ്‌ നാം രാഷ്ട്രീയം എന്നു‍ വിളിക്കുന്നത്‌. കാര്യങ്ങള്‍ എതിര്‍പക്ഷം രാഷ്ട്രീയവല്‍ക്കരിച്ചുകളഞ്ഞു എന്നു‍ പരാതിപ്പെടുന്നവരാണ്‌ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകര്‍. മുംബൈ ആക്രമണം നടന്നപ്പോള്‍ ടി.വി. ചാനലുകളില്‍ ചര്‍ച്ചയ്ക്കുവന്ന നമ്മുടെ രാഷ്ട്രീയനായകന്മാര്‍ പറഞ്ഞത്‌ ഇവിടെ രാഷ്ട്രീയം മാറ്റിവെച്ച് നമുക്ക്‌ രാജ്യതാല്‍പര്യത്തെക്കുറിച്ച്‌ ഗൌരവമായി ചര്‍ച്ച ചെയ്യാമൊന്നാണ്‌. രാഷ്ട്രീയം രാജ്യതാല്‍പര്യത്തിനെതിരാണെന്ന്‌ കുമ്പസാരം. രാഷ്ട്രീയം അത്രയ്ക്ക്‌ മോശമാണെന്ന്‌ മറ്റാരും പറയാറുമില്ല. ഇത്‌ സംഘടിതശക്തികളുടെ മാത്രം സ്വഭാവമാണെങ്കില്‍ സംഘടനയാണ്‌ കുഴപ്പം എന്നു‍ വിചാരിക്കാമായിരുന്നു‍.

ഒരു ബസ്സില്‍ക്കേറാനും തിരക്കുള്ള ഒരു കടയില്‍നി്ന്ന്‌ സാധനം വാങ്ങാനും മലയാളികള്‍ ആരുടെയും പുറകിലായിപ്പോവില്ല. ഇടിച്ചുകയറുക എന്നതാണ്‌ നമ്മുടെ പ്രഖ്യാപിതനയം. ആരെയും ഇടിച്ചിടും. ഇങ്ങനെ ഇടിച്ചിടുന്ന സ്വഭാവമുള്ളതിനാല്‍ റോഡപകടങ്ങള്‍ നമുക്ക്‌ സ്വാഭാവികമാണ്‌. ഒന്നു‍രണ്ടാളെങ്കിലും മരിച്ചില്ലെങ്കില്‍ ആ അപകടത്തിന്‌ വാര്‍ത്താമൂല്യമില്ലെന്നാണ്‌ നാട്ടു‍നടപ്പ്‌. അപകടം നടന്നാലോ, നിയമലംഘനത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും പെട്ടെന്ന്‌ ബോധോദയംവന്ന് കോമരം തുള്ളുന്ന മലയാളികള്‍ നേരെ അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറെ ആരാഞ്ഞുപിടിച്ച്‌ കൈകാര്യം ചെയ്യുന്നു‍. അക്രാമകമാണ്‌ നമ്മുടെ ജനക്കൂട്ടം. അതുകൊണ്ട്‌ ഡ്രൈവിംഗിന്റെ ആദ്യപാഠം അപകടമുണ്ടായാല്‍ ഡ്രൈവര്‍ ചെയ്യേണ്ടത്‌ ഉള്ള ജീവനുംകൊണ്ട്‌ ഓടുക എന്നതാണ്‌. നഗരത്തില്‍ മോഷണം നടത്തിയതായി സംശയമുണ്ടായപ്പോള്‍ ഒരു സ്ത്രീയെ പട്ടാ‍പ്പകല്‍ ജനമദ്ധ്യത്തില്‍വെച്ച്‌ കായികമായി കൈകാര്യം ചെയ്തവരാണ്‌ മലയാളികള്‍. അതുകണ്ടുരസിക്കുക മാത്രമല്ല മൊബൈലില്‍ ചിത്രീകരിച്ച്‌ ആ രസത്തെ അനശ്വരമായ കലാസൃഷ്ടിയാക്കാനും ഉത്സാഹം കാണിക്കുവര്‍. (കാണാനറയ്ക്കുതാണ്‌ നമ്മുടെ മൊബൈല്‍ ഫോണ്‍. ക്യാമറയ്ക്ക്‌ എന്നും കൌതുകമെന്നതാണ്‌ കൌതുകം.) നമ്മുടെ സിനിമയില്‍ നായകന്‍ പോലീസല്ലെങ്കില്‍ അയാള്‍ ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനത്തിന്‌ വിധേയനാവുകയും അതേനാണയത്തില്‍ പ്രതികാരം ചെയ്ത്‌ ജനങ്ങളെ രോമാഞ്ചമണിയിക്കുകയും ചെയ്യും. നായകന്‍ പോലീസുകാരനാണെങ്കില്‍ വില്ലന്മാരെ ലോക്കപ്പിലിട്ട്‌ മര്‍ദ്ദിച്ച്‌ സത്യം മുഴുവന്‍ തത്ത പറയുമ്പോലെ പറയിപ്പിച്ചുകൊണ്ട്‌ ആളുകളുടെ ആരാധനാപാത്രമാവും. രണ്ടായാലും ലോക്കപ്പ്‌ മര്‍ദ്ദനം ഉറപ്പ്‌. ചിലപ്പോള്‍ തടിമിടുക്ക്‌ കാട്ടി‍ കവലയില്‍വെച്ച്‌ പോലീസിനെ ഭീഷണിപ്പെടുത്തുകയും വേണ്ടിവന്നാല്‍ പെരുമാറുകയും ചെയ്തിരിക്കും. അത്തരം ദൃശ്യങ്ങള്‍ ബോക്സോഫീസ്‌ ഹിറ്റുകളാകുന്നത്‌ അവസരം കിട്ടി‍യാല്‍ ചാടിവീഴാന്‍ പാകത്തില്‍ നമ്മുടെയുള്ളില്‍ പതുങ്ങിയിരിക്കുന്ന അക്രാമകതയ്ക്ക്‌ തെളിവല്ലേ. സമരത്തിനിടെ പോലീസിനെ കല്ലെറിയുമ്പോഴും സംഘടിതമായിച്ചെന്ന്‌ സ്റ്റേഷന്‍ വളഞ്ഞ്‌ പ്രതികളെ ഇറക്കിക്കൊണ്ടുവരുമ്പോഴും ഹിംസാത്മകമായ ആ സിനിമാനായകസങ്കല്‍പമല്ലേ നമ്മെ ഭരിക്കുന്നത്‌. അത്തരത്തിലുള്ള സമരങ്ങള്‍ക്ക്‌ മാത്രമേ വാര്‍ത്താപ്രാധാന്യം നേടാനാകുന്നു‍ള്ളൂ എന്നത്‌ മാദ്ധ്യമങ്ങളുടെ മാത്രം കുറ്റമാണോ? ജനക്കൂട്ടമനശ്ശാസ്ത്രം പരപീഡനവ്യഗ്രമാകുന്നു‍വെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ബോധത്തില്‍ മാത്രമല്ല അബോധത്തിലും അക്രമണമനോഭാവമുണ്ടൊണ്‌ മനസ്സിലാക്കേണ്ടത്‌. പോലീസിന്റെ പീഡനോത്സുകത അതിനാല്‍ ജനഗണമനത്തിന്റെ പ്രകാശനം മാത്രമാണ്‌. ശാസ്ത്രീയവും സാങ്കേതികവുമായ മുറ്റേംകൊണ്ട്‌ നമുക്ക്‌ പീഡനത്തിന്റെ കാര്യക്ഷമത വര്‍ദ്ധപ്പിക്കാന്‍ കഴിഞ്ഞേക്കും മാത്രം.

മര്യാദകളും മാന്യതകളും പ്രകടിപ്പിക്കാന്‍ മലയാളി ആംഗ്യങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. നേരത്തെ കാണിച്ച (സാങ്കല്‍പികമായ) പോലീസുകാരന്റെ ബഹുമാനപൂര്‍വ്വമായ സംഭാഷണം മാനകമലയാളത്തിലേ സാദ്ധ്യമാവൂ. അതിനു തത്തുല്യമായ നാട്ടു‍ഭാഷാപ്രയോഗം കാണില്ല. 'ആെ‍'ാ‍രുഗ്രമാം ചുംബനം' എന്നേ‍ നമ്മുടെ ശീലം. നമ്മുടെ പദാവലിയില്‍ മര്യാദ പ്രകടിപ്പിക്കാനുള്ള വാക്കുകള്‍ കുറയുന്നത്‌ നമുക്ക്‌ മാന്യമായ ജീവിതശൈലിയും പെരുമാറ്റരീതികളും പ്രസക്തമല്ലാത്തതുകൊണ്ടാണ്‌. നമ്മിലോരുരത്തരിലും ഉള്ള മര്യാദകെട്ടവനാണ്‌ പീഡനവാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നമുക്ക്‌ മര്യാദ കാണിക്കാനുള്ള എളുപ്പവിദ്യ ഇത്തരം വാര്‍ത്തകളെ ചൂണ്ടിക്കാണിച്ച്‌ കണ്ടില്ലേ, ഈ പോലീസുകാരെല്ലാം എത്ര മര്യാദകെട്ടവരാണ്‌ എന്ന്‌ വിളിച്ചു പറയുകയാണ്‌. അല്ലാതെ സ്വയം മര്യാദക്കാരനാകുകയല്ല. അതിനാല്‍ നമ്മുടെ പോലീസ്‌ (ക്വട്ടേഷന്‍സംഘവും) നമ്മുടതെ‍ പ്രതിനിധികളാണ്‌. അവര്‍ മാറണമെങ്കില്‍, മാന്യമായി പെരുമാറണമെങ്കില്‍ അവര്‍ക്കുകൂടി ആര്‍ജ്ജിച്ചടുക്കാന്‍ പാകത്തില്‍ മര്യാദങ്ങളുടെ ചില ശീലഗുണങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കണം. പക്ഷെ നമുക്കു പ്രിയം ബോധവല്‍ക്കരണമാണ്‌. അല്ലാതെ സ്വയം ബോദ്ധ്യപ്പെടലല്ല. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തെക്കുറിച്ച്‌ ഉപന്യാസം എഴുതാനും ക്ലാസ്സെടുക്കാനും അറിയാത്ത സാക്ഷരരായ മലയാളികള്‍ ആരെങ്കിലും ഉണ്ടാകും തോന്നനുന്നി‍ല്ല. എന്നാ‍ല്‍ ബോധവല്‍ക്കരണപരമ്പരയിലൂടെ നാം സ്വായത്തമാക്കിയ പാഠം ഇതാണ്‌: പ്ലാസ്റ്റിക്ക്‌ ഉപേക്ഷിക്കപ്പെടേണ്ട ശല്യംതയൊണ്‌. അതുപക്ഷെ ഒരിക്കലും സ്വന്തം വീട്ടു‍വളപ്പിലാകരുത്‌, കഴിയുന്നതും തോട്‌ പുഴ പോലുള്ള പൊതുസ്ഥലങ്ങളില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വെളിമ്പറമ്പുകളില്‍ അതുമല്ലെങ്കില്‍ ആളില്ലാപ്പറമ്പുകളില്‍. അതിനാല്‍ മര്യാദകളെക്കുറിച്ച്‌ ബോധവല്‍ക്കരണശിബിരങ്ങള്‍ സംഘടിപ്പിക്കാന്‍ നാം മുന്നിട്ടി‍റങ്ങും. വിമര്‍ശനാത്മകപഠനം നടപ്പിലാക്കുകയും ഏറ്റവും ചെറിയ വിമര്‍ശനത്തോടുപോലും അസഹിഷ്ണുവാകുകയും ചെയ്യുന്ന വിദ്യാഭ്യാസപദ്ധതിപോലെയാവും അതും മാത്രം. അതിനാല്‍ കേരളത്തിലെ റോഡപകടങ്ങളിലും രാഷ്ട്രീയസംഘട്ടനങ്ങളിലും മറ്റും ജീവന്‍ നഷ്ടപ്പടുന്ന സാധാരണപൌരന്മാരുടെകൂട്ടത്തില്‍ ലോക്കപ്പു മരണത്തിലെ രക്തസാക്ഷികളെക്കൂടി ഉള്‍പ്പെടുത്തി നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ നമുക്കിങ്ങനെയൊക്കെയങ്ങു കഴിഞ്ഞുകൂടിയാല്‍പ്പോരേ. മേമ്പൊടിയായി ഇത്തിരി ഗ്രാംഷിയും കുറച്ച്‌ അല്‍ത്തൂസറും വിതറി അല്‍പം ഫൂക്കോതളിച്ചെടുത്ത്‌ അലങ്കരിച്ച്‌ മേശപ്പുറത്ത്‌ പ്രദര്‍ശിപ്പിക്കാം. കേരളം കലികൊണ്ടുണരുന്ന നന്മ.

Subscribe Tharjani |