തര്‍ജ്ജനി

മുഖമൊഴി

വീണ്ടും ഒരു തെരഞ്ഞെടുപ്പുകാലം

കേരളത്തിലും തമിഴകത്തും പിന്നെ ചില സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കാലാവധിപൂര്‍ത്തിയാക്കിയ നിയമസഭകള്‍ അവസാനത്തെ യോഗവും ചേര്‍ന്നു് പിരിഞ്ഞിരിക്കുന്നു. സഭയ്ക്കകത്തും പുറത്തും തര്‍ക്കിച്ച വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പിനുള്ള ആയുധങ്ങളാക്കി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണു് മുന്നണികളെല്ലാം. വേനല്‍ച്ചൂടിനെ നിസ്സാരമാക്കുന്ന പോരാട്ടവീര്യവുമായി നേതാക്കളും അണികളും രംഗത്തിറങ്ങുമ്പോള്‍ തെരഞ്ഞെടുപ്പു് പ്രവാചകരും സര്‍വ്വേകളും പ്രവചനങ്ങളുമായി രംഗത്തെത്തുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആരൊക്കെ എവിടെയെല്ലാം മത്സരിക്കും എന്നതുമുതല്‍ ഏതൊക്കെ മുന്നണികള്‍ക്കു് എത്ര സീറ്റു് ലഭിക്കും എന്നുവരെ പ്രവചിക്കാന്‍ അവര്‍ തയ്യാറാവുന്നു. മുന്നണികളാവട്ടെ സീറ്റു് വീതം വെക്കുന്നതിന്റെ തര്‍ക്കങ്ങളില്‍ മുഴുകിയിരിക്കുന്നു. തെരഞ്ഞെടുപ്പു് ഒരു ഉത്സകാലമാക്കാന്‍ മാദ്ധ്യമങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ജനാധിപത്യത്തിലെ പരമാധികാരികളായ സമ്മതിദായകര്‍ക്കു് ഒടുവില്‍ സ്വന്തം തീരുമാനങ്ങള്‍ക്കു് ആവിഷ്കാരം നല്കാന്‍ ഒരു അവസരം സമാഗതമാവുന്നു, സമ്മദിദാനത്തിന്റെ പവിത്രമുഹൂര്‍ത്തം.

പൊതുജീവിതത്തിലെ അഴിമതി ഈ തെരഞ്ഞെടുപ്പുകാലത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരിക്കും. രാഷ്ട്രീയപ്രവര്‍ത്തകരുടേയും മന്ത്രിമാരുടേയും അഴിമതി പുതിയ വാര്‍ത്തയല്ല. ഭരണകാലത്തെ അഴിമതിയുടെ പേരില്‍ ഒരു മന്ത്രി ഇപ്പോള്‍ തടവറയിലാണു്. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യം. സംസ്ഥാനത്തെ മന്ത്രി മാത്രമല്ല കേന്ദ്രമന്ത്രിസഭയിലെ ഒരംഗവും ഇക്കൂട്ടത്തില്‍പ്പെടുന്നു. അഴിമതിത്തുകയുടെ വലുപ്പം ആരെയും അമ്പരപ്പിക്കും വിധം വലുതാണു്. അഴിമതിയെ പ്രതിരോധിക്കാനുള്ള പരമോന്നതസംവിധാനമായ സെന്‍ട്രല്‍ വിജിലന്‍സു് കമ്മീഷന്‍ ചെയര്‍മാന്‍ അഴിമതിക്കേസിന്റെ പേരില്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. തന്റെ പേരിലുള്ള കേസിനെക്കുറിച്ചുള്ള വിവരം മറച്ചുപിടിച്ചു് ഈ പദവിയിലിരിക്കുവാന്‍ നിശ്ചയിച്ച പ്രസ്തുതവ്യക്തി അവസാനനിമിഷം വരെ രാജിവച്ചൊഴിയാന്‍ സന്നദ്ധനായില്ല. നീതിയേയും അഴിമതിയെയും കുറിച്ചു് ഇത്രത്തോളം ലാഘവമുള്ള വീക്ഷണം പുലര്‍ത്തുന്ന വ്യക്തിയെ വിജിലന്‍സു് കമ്മീഷണറാക്കാന്‍ നിശ്ചയിച്ച തീരുമാനം കേമം തന്നെ. നീതിപീഠത്തില്‍ നിന്നും നീതിക്കു് വിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നതിനെക്കുറിച്ചും വാര്‍ത്തകള്‍ ഇതിനിടെ പുറത്തു വന്നു. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റീസായിരുന്ന മലയാളിയായ ന്യായാധിപന്‍ കേന്ദ്രമനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി നിയമിതനായപ്പോഴാണു് ഈ വാര്‍ത്തകള്‍ പുറത്തു വരുന്നതു്. അദ്ദേഹത്തിന്റെ സ്വത്തുവിവരം അറിയാനായി വിവരാവകാനിയമം അനുസരിച്ചു് ഹരജി നല്കിയ അപേക്ഷകനു് പ്രസ്തുതവിവരങ്ങള്‍ നല്കരുതെന്നു് ഇദ്ദേഹം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍! നിയമാനുസൃതം നല്കാവുന്ന വിവരങ്ങള്‍, നിയമത്തിന്റെ വ്യവസ്ഥകളിലെ പഴുതുകള്‍ ഉപയോഗിച്ചു് നിഷേധിക്കുവാന്‍ ഒരു മുന്‍ന്യായാധിപന്‍ ശ്രമിക്കുന്നിടത്തോളം കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു.

നിയമനിര്‍മ്മാണസഭ, കോടതി, ഭരണനിര്‍വ്വഹണസംവിധാനം എന്നിങ്ങനെയുള്ള ജനാധിപത്യത്തിന്റെ മൂന്നു് സ്തംഭങ്ങളും പൗരസമൂഹത്തിന്റെ പ്രതീക്ഷകളുടെ പരിധിക്കു പുറത്താണു്. എന്നിരുന്നാലും സാഹസികമായ പ്രതിരോധത്തിലൂടെയും പോരാട്ടങ്ങളിലൂടെയും വഴിപിഴച്ചുപോവുന്ന ഈ സംവിധാനങ്ങളെ പാളത്തിലേക്കു് തന്നെ തിരിച്ചെത്തിക്കുവാനുള്ള പരിശ്രമങ്ങള്‍ അനവരതം നടന്നുകൊണ്ടിരിക്കുന്നുവെന്നതാണു് നമ്മുടെ ജനാധിപത്യം ആരോഗ്യത്തോടെ നിലനില്ക്കുവാനുള്ള കാരണം. അതോടൊപ്പം അയ്യാണ്ടുകളുടെ ഇടവേളകളില്‍ ജനവിധിക്കു് വിധേയരായിത്തീരണം ഏതു് ഭരണാധികാരിയും എന്ന വ്യവസ്ഥയും. വ്യവസ്ഥിതിയുടെ എല്ലാ പരിമിതികളും അവഗണിച്ചു് പ്രതീക്ഷവെച്ചുപുലര്‍ത്താന്‍ അതു് നമ്മെ പ്രേരിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യസംവിധാനം സ്വതന്ത്രഭാരതത്തിന്റെ ആറു് പതിറ്റാണ്ടുകള്‍ക്കുശേഷവും നമ്മില്‍ പ്രത്യാശയുണര്‍ത്തിക്കൊണ്ടു് ഇപ്പോഴും നിലനില്ക്കുന്നതു് ഇക്കാരണത്താലാണു്. ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവം എടുത്തുകാട്ടി തെരഞ്ഞെടുപ്പു് പ്രക്രിയയില്‍ നിന്നും വിട്ടുനിന്ന മുന്‍കാലവിപ്ലവകാരികളില്‍ മിക്കവരും ഇന്നു് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാവുന്നു. മുന്നണികളുടെ ശക്തിപരീക്ഷണത്തിനിടയില്‍ ഇവരില്‍ പലരും വിജയം കണ്ടെത്തുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ പരമപ്രാധാന്യം ഇന്നു് എല്ലാവരും അംഗീകരിക്കുന്നു. അംഗീകരിക്കാത്തവര്‍ ജനാധിപത്യം എന്ന വ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത മതമൗലികവാദികള്‍ മാത്രമാണെന്നു് കാണാം.

മുന്നണികള്‍, മാനിഫെസ്റ്റോകള്‍, തെരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍, പ്രചരണകോലാഹലങ്ങള്‍, ആരോപണപ്രത്യാരോപണങ്ങള്‍, അവകാശവാദങ്ങള്‍ ....... തെരഞ്ഞെടുപ്പുപ്രക്രിയുടെ പശ്ചാത്തലത്തില്‍ ഇവയെല്ലാം ഒരുങ്ങുകയാണു്. ഏകകക്ഷിഭരണം ഇന്ത്യയില്‍ അവസാനിച്ചിരിക്കുന്നു, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും. പ്രബലമായ കക്ഷികളെല്ലാം പ്രത്യയശാസ്ത്രത്തിന്റെ പേരിലും വ്യക്തിരാഷ്ട്രീയത്തിന്റെ പേരിലും പലതായി വിഭജിക്കപ്പെട്ടിരിക്കുന്നു. അധികാരമാണു് ഇവരുടെയെല്ലാം മുഖ്യപരിഗണന. അധികാരത്തിലെത്താന്‍ സൗകര്യത്തിന്റെ ബന്ധങ്ങള്‍ ഈ കക്ഷികളെല്ലാം സ്ഥാപിച്ചെടുക്കുന്നു. വിലപേശലുകളിലൂടെ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാനാണു് ഈ സംഘടനകളെല്ലാം ശ്രമിക്കുന്നതു്. തലേന്നാള്‍ വരെ ശത്രുക്കളായിരുന്നവര്‍ നേരം ഇരുണ്ടു് വെളുക്കുന്നതോടെ മിത്രങ്ങളായി മാറുന്ന മഹേന്ദ്രജാലം നാം ആവര്‍ത്തിച്ചു കണ്ടതാണു്, അതു് വരും നാളുകളില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. മുമ്പു് പറഞ്ഞതെല്ലാം മാറ്റിപ്പറയേണ്ടിവരുന്ന അവസ്ഥ ഈ സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും അശേഷം അലോസരമുണ്ടാക്കുന്നില്ല. ആദര്‍ശാത്മകത വാക്കിലോ പ്രവൃത്തിയിലോ അശേഷം പ്രകടമാക്കാത്ത ഇത്തരക്കാര്‍ തെരഞ്ഞെടുപ്പില്‍ വിജയികളാവുന്നതു് അവരുടെ നയസമീപനങ്ങളോടു് ജനങ്ങള്‍ പുലര്‍ത്തുന്ന അനുഭാവത്താലല്ല, മറിച്ചു്, അവര്‍ പ്രതിനിധാനം ചെയ്യുന്ന മുന്നണിയോട് രാഷ്ട്രീയവിധേയത്വം പുലര്‍ത്തുന്ന അനുയായിവൃന്ദത്തിന്റെ നിരുപാധികമായ പിന്തുണയാലാണു്.

പൊതുജീവിതത്തില്‍ ഇതിനകം ദുഷ്കീര്‍ത്തിപരത്തിയവര്‍പോലും മുന്നണി രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തിന്റെ ഗുണഭോക്താക്കളായി ജയിച്ചുകയറുന്നു. മൂല്യങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ ഇത്തരം കുറുക്കുവഴികളിലൂടെ അധികാരത്തിലെത്തിച്ചേരുമ്പോള്‍ അവരെ രക്ഷിച്ച മുന്നണിയുടെ നിയന്ത്രണംപോലും അവരിലുണ്ടാവില്ല. അഞ്ചു് വര്‍ഷക്കാലം നിരങ്കുശമായ അധികാരത്തിന്റെ തേര്‍വാഴ്ചകാണാന്‍ സമ്മതിദായകര്‍ നിര്‍ബ്ബന്ധിതരാവും. മുന്നണികളോടോ, രാഷ്ട്രീയകക്ഷികളോടോ നിരുപാധികമായ വിധേയത്വം പുലര്‍ത്തുന്നതു് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ താല്പര്യങ്ങള്‍ക്കെതിരാണ്. പക്ഷപാതരഹിതമായും നിര്‍ഭയമായും സമ്മതിദാനാവകാശം വിനിയോഗിക്കാവുന്ന പക്വത നമ്മുടെ സമ്മതിദായകര്‍ നേടേണ്ടതുണ്ട്. ഇന്നത്തെ നിലയില്‍ ഇടത്തരക്കാരായ ഒരു ചെറുവിഭാഗത്തിന്റെ തീരുമാനമാണു് പ്രബലമായ മുന്നണികളില്‍ നിന്നും വോട്ടിന്റെ ചാഞ്ചാട്ടം ഉണ്ടാക്കുന്നതു്. ജീവിതത്തില്‍ പലതരം വിധേയത്വങ്ങള്‍ പുലര്‍ത്താന്‍ ബാദ്ധ്യസ്ഥരായി ജീവിക്കുന്നവരില്‍ നിന്നും സ്വതന്ത്രമായ തീരുമാനം സമ്മതിദാനത്തില്‍ പ്രതീക്ഷിക്കുക വയ്യ. എന്നനിരുന്നാലും നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയവരാണ് നമ്മുടെ സമ്മതിദായകര്‍. നമ്മുക്ക് അവരില്‍ പ്രതീക്ഷയര്‍പ്പിക്കാം. ജനാധിപത്യത്തിന്റെ സാര്‍ത്ഥകവും ഫലപ്രദവുമായ ആവിഷ്കാരമായി സമ്മതിദാനങ്ങള്‍ മാറട്ടെ.

Subscribe Tharjani |