തര്‍ജ്ജനി

ഹേന ചന്ദ്രന്‍

പട്ടേല്‍മന,
ഫാ.ഡിസ്മസ് റോഡ്,
ഇരിങ്ങാലക്കുട.
തൃശൂര്‍ ജില്ല.
ഇ മെയില്‍: henachandran@gmail.com
ബ്ലോഗ്: http://mylanchisays.blogspot.com/, http://karnatakaviseshangal.blogspot.com/

Visit Home Page ...

കഥ

തിരിവിനപ്പുറം ചരിത്രം കാത്തുനില്ക്കുന്നു.

ഒരു പാട്ടുകൂടിയേ ഉള്ളൂ, ആരവങ്ങള്‍ നിലച്ച് നിശ്ശബ്ദത പടര്‍ന്ന് അസുഖകരമായ ഓര്‍മകളിലേക്ക് നാട് മുങ്ങിപ്പോകാന്‍ … ദൂരെ കേള്‍ക്കുന്ന ഒറ്റപ്പെട്ട പടക്കങ്ങളുടെ ശബ്ദം..  മേശപ്പൂവിന്റെ സീല്‍ക്കാരം..  അതിനിടയിലും നിശ്ശബ്ദമാകാന്‍ കഴിയുന്ന ജനക്കൂട്ടം.. ഓര്‍മകളുടെ പൊള്ളലും പേറി താഴേക്കുനോക്കി നെടുവീര്‍പ്പിടുന്ന മുതിര്‍ന്നവര്‍ .. ഒരു നിമിഷം കൊണ്ട് നഷ്ടമായതെന്തെന്ന് പകച്ചുനോക്കുന്ന കുട്ടികള്‍ …

പിണ്ടിപ്പെരുന്നാളാണ്, ആണ്ടിലൊരിക്കല്‍ വീട്ടില്‍ വരുന്ന ഒരേയൊരു സന്ദര്‍ഭം.. വരാതിരിക്കാന്‍ കഴിയാത്ത എന്നു വേണം ശരിക്കു പറയാന്‍ .. ചേട്ടന്റെ മക്കളോടൊപ്പം കൌതുകക്കണ്ണുമായി പൊന്നൂട്ടിയുമുണ്ട്, പിണ്ടി കുത്താനും അലങ്കരിക്കാനും എല്ലാം.. ഇടക്കിടെ ഓര്‍മകളെ തോണ്ടിയെടുക്കാന്‍ പാകത്തിന് സംശയങ്ങളും വരും.. “അച്ഛന്റെ കുട്ടിക്കാലത്ത് പിണ്ടി ഇങ്ങനെത്തന്ന്യാണോ കുത്താറ്? ഇങ്ങനെയാണോ അലങ്കരിക്കാറ്? “.... മറുപടികളിലൂടെ അവള്‍ സഞ്ചരിച്ചെത്തുന്ന ലോകത്ത് കാത്തിരിക്കുന്നത് വെടിക്കെട്ടും വര്‍ണക്കുടകളും , കൈവിട്ടാല്‍ ഉയര്‍ന്നു പൊങ്ങുന്ന ഹൈഡ്രജന്‍ ബലൂണും കളിപ്പാട്ടക്കടകളും മാത്രമല്ലെന്ന് എങ്ങനെ പറയും? ഒന്നും പഴയതുപോലെ അല്ലെങ്കിലും വെറുതെ പറയാതെ വയ്യ.. “എല്ലാം ഇങ്ങനെത്തന്നെ പൊന്നൂ...”

വര്‍ണക്കൊടികള്‍ക്കു പകരം കുരുത്തോല കൊണ്ടാണ് പിണ്ടി അലങ്കരിച്ചിരിക്കുന്നത്. ഏറ്റവും മുകളില്‍ കുരുത്തോലകൊണ്ടുതന്നെ ഉണ്ടാക്കിയ നക്ഷത്രം, അതിന്റെ നടുവില്‍ ചുവന്ന നിറത്തിലുള്ള ചെറിയ മെഴുകുതിരി, പിണ്ടിയില്‍ നിറയെ രണ്ടീര്‍ക്കിലിയുടെ ബലത്തില്‍ ചുറ്റിനും വച്ച ചെരാതുകള്‍ ... സന്ധ്യയാവട്ടെ.. എല്ലാം തെളിഞ്ഞു കത്തുമ്പോള്‍ മനസിലും പെരുന്നാള്‍ നിറയണം...

“അപ്പറത്തെ വീട്ടിലെ വെല്യേ പിണ്ടിയേക്കാളും നല്ലത് നമ്മടെയാ അല്ലേ അച്ഛാ?”.. ചിരിച്ചുകൊണ്ട് അവളുടെ തലയില്‍ തലോടി ശരിവക്കുമ്പോള്‍ ദൂരെ ബാന്റ് മേളം ഉയര്‍ന്നു തുടങ്ങിയിരുന്നു..

“അമ്പ് ആലിന്റവടെ എത്താറായി, പടക്കം എവടെ?”..
“ഇങ്ങട്ട് എത്തട്ടെ പിള്ളരേ, ഒന്ന് ക്ഷമിക്ക് “..
“ഈ കൊമ്പുമ്മല് തൂക്കിയിട്ടാ മതി മാലപ്പടക്കം, അല്ലെങ്കി ആള്‍ക്കാരടെ മേത്തക്ക് തെറിക്കും.. കഴിഞ്ഞ കൊല്ലം തോമാസേട്ടന്റെ വീട്ടില് ണ്ടായത് ഓര്‍മല്യേ? “
“ അതെന്റെയാ ഇങ്ങ് താ .. ഇങ്ങ് താ...”
“ പോടി അവടന്ന് .. ഇതെല്ലാര്‍ക്കും കൂടിയുള്ളതാ.. ഇപ്പ തരില്യ. “
“ അമ്മേ.. കുഞ്ഞേട്ടന്‍ എനിക്ക് കമ്പിത്തിരി തരണില്യാ..”
“ ചെവിതല കേള്‍പ്പിക്കില്യ പിള്ളേര്.. “

ആലിന്റെ അടുത്തെത്താറായ ബാന്റ്മേളം തമിഴില്‍ നിന്ന് ഹിന്ദിയിലേക്ക് ചാടി.. ടെംപോയില്‍ അലങ്കരിച്ച് തയ്യാറാക്കിയ അമ്പ് പിന്നാലെ..  നാടുമുഴുവന്‍ ആ വാഹനം പിന്നോട്ടാണ് പോവുക.. സാധ്യമാവുന്നത്ര പതുക്കെ.. ഓര്‍ത്താല്‍ കൌതുകം .. ദൈവം മുന്നിലേക്കും ദൈവത്തിന്റെ വാഹനം പിന്നിലേക്കും...

ഓര്‍മകളുടെ യാത്രയും പലപ്പോഴും ഇങ്ങനെത്തന്നെ, തൊങ്ങല്‍ പിടിപ്പിച്ച ഓര്‍മകളുമായി നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ ഓര്‍മകള്‍ക്കൊരിക്കലും മുന്നോട്ട് നീങ്ങാനാവില്ല, കൂടുതല്‍കൂടുതല്‍ പിന്നിലേക്ക്.. പഴയ ഓര്‍മകളെന്ന് വാസ്തവത്തില്‍ നാം കരുതുന്നതെല്ലാം പഴയതിന്റെ പുനര്‍ജന്മമാണ്..ഓര്‍മകള്‍ക്ക് ജീവന്‍ ഇന്നിലേയുള്ളൂ.. അല്ലെങ്കില്‍ അന്നത്തെ പിണ്ടിപ്പെരുന്നാളിന്റെസ്മരണകള്‍ക്ക് ഇത്രയും ഊര്‍ജം എങ്ങനെ വരാന്‍ ? തലക്കുമീതെ  പലതരം അമിട്ടുകള്‍ പൊട്ടിച്ചിതറുമ്പോള്‍ കഴുത്ത് ആവുന്നത്ര വളച്ച് മുകളിലേക്ക് നോക്കിനില്‍ക്കെ, വിതറുന്ന വര്‍ണങ്ങള്‍ മാത്രമാണോ യഥാര്‍ഥത്തില്‍ സുന്ദരമാകുന്നത്?

“അച്ഛാ...... എനിക്ക് ഓലപ്പടക്കം പൊട്ടിക്കാന്‍ തരില്യാന്ന് പറഞ്ഞു വിവേട്ടന്‍ …”
“വിവേക്.... “
“തിരിക്ക് നീളം കൊറവാ പാപ്പാ.. “
“സാരല്യ, നീയവള്‍ക്ക് അതൊരു ഈര്‍ക്കിലീല് കുത്തിക്കൊടുക്ക്.. “
“വാടീ. “

ഒരാഘോഷവും എല്ലാവര്‍ക്കും ഒരുപോലെയാവാന്‍ വഴിയില്ല, ഒരേ മനസോടെ എന്നൊക്കെ പറയാമെന്ന് മാത്രം. ഭാരമുള്ള വര്‍ണക്കുട പിടിച്ചു നടക്കുന്ന പാവങ്ങള്‍ക്കും, അമ്പിന്റെ കൂടെ ടെംപോയില്‍ ബാലന്‍സ് ചെയ്ത് നിന്ന് മരക്കൊമ്പില്‍നിന്നും വൈദ്യുതക്കമ്പിയില്‍നിന്നും ദൈവത്തിന്റെ അലങ്കാരങ്ങളെ രക്ഷിക്കാനായി മടക്കിയും നിവര്‍ത്തിയും കഷ്ടപ്പെടുന്നവര്‍ക്കും, ബോധമുള്ളവരുടെയും ഇല്ലാത്തവരുടെയും ഇല്ലെന്ന് നടിക്കുന്നവരുടെയും പടക്കങ്ങളുടെയും പൂത്തിരികളുടെയും മേശപ്പൂക്കളുടെയും ഇടയിലൂടെ അപകടമില്ലാതെ പിന്നിലേക്ക് വണ്ടിയോടിക്കുന്ന ഡ്രൈവര്‍ക്കും, കളിപ്പാട്ടക്കടക്കാര്‍ക്കും, കരിമ്പുവില്‍പ്പനക്കാര്‍ക്കും, അങ്ങനെയങ്ങനെ എല്ലാവര്‍ക്കും, ഈ പെരുന്നാള്‍ അവരവരുടേതായ രീതികളില്‍ മാത്രമാണ് പ്രധാനമാകുന്നത്. എന്തിന്, ഇവിടെ ഈ വീട്ടില്‍ ഒരേ മനസാണോ..?

“അച്ഛാ അച്ഛാ.. ഞാനും പോട്ടേ പള്ളീല്‍ക്ക്? “
“അതിന് ആരാ പോണേ അങ്ങട്ടൊക്കെ? ദാ ആ വളവു വരേ പോവൂ ഇവരൊക്കെ “
“അല്ലച്ഛാ.. വിവേട്ടനും വ്യാസേട്ടനും പോണുണ്ട്.. വിനിച്ചേച്ചിയേം കൊണ്ടോണ് ണ്ട്.. എനിക്ക് പോണം...പ്ലീസ് അച്ഛാ. “
“സൌമിയേച്ചീ, വിവേകും വികാസും പോണുണ്ടോ ? “
“ണ്ട് ന്നാ പറഞ്ഞേ.. വിനിക്കുട്ടീം വാശി പിടിക്കുണു പോണം ന്ന്.. ഇവന്മാര് നോക്കീല്യെങ്കിലോ ന്ന് പേടിച്ചട്ടാ, ല്യെങ്കി വിടാര്‍ന്നു.. “
“പാപ്പനും കൂടി വന്നൂടേ? എന്നാ പിന്നെ വിനിക്കുട്ടിയേം പൊന്നൂട്ടിയേം കൊണ്ടൂവാലോ.. “
“ഞാനില്യ.. നിങ്ങള് നല്ലോണം ശ്രദ്ധിച്ചാ മതി..”
“വേണ്ട വേണ്ട.. വെല്യോര് ആരെങ്കിലും ഇല്യാണ്ടെ ഞാനില്യ ഇതുങ്ങളെ മേക്കാന്‍ ..”
“അച്ഛാ പ്ലീസ് അച്ഛാ.. വാ അച്ഛാ..”
“ ഉം. ആലോചിക്കാം.. ആദ്യം അമ്പ് ഇവടെ എത്തട്ടെ..”
“ ഹായ്.. …...വിനിച്ചേച്ച്യേ...... നമ്മള് പോവും....”
“പതുക്കെ ഓടു മോളേ.. വീഴും..”

ബാന്റ്മേളം മലയാളം വായിക്കാന്‍ തുടങ്ങി. മെലഡി ആയിട്ടുപോലും കൂടെയാടുന്നവര്‍ക്ക് കുലുക്കമില്ല.. അകത്ത് ചെന്ന ലഹരിയും ആഘോഷത്തിന്റെ ലഹരിയും കൂടി ചുറ്റുമുള്ളതെല്ലാം വിസ്മരിക്കാന്‍ അവരെ പ്രേരിപ്പിക്കും. മറക്കുന്നതല്ല ശരിക്കും, ചുറ്റുപാടുകള്‍ അപ്രസക്തമാകുംവിധം ആഘോഷത്തിന്റെ നിര്‍വൃതിയിലായിപ്പോകും അപ്പോള്‍ .. പക്ഷേ, പൊടുന്നനെയാകും ചില ഓര്‍മകള്‍ അമിട്ടുപൊട്ടും പോലെ വിരിഞ്ഞു തെളിയുന്നത്.. ശബ്ദം നല്‍കിയ ഞെട്ടലും വര്‍ണങ്ങള്‍ വിതറുന്ന വിസ്മയവും ഒന്നിച്ച്...

“അവര് വരണേന് മുമ്പ് നെലച്ചക്രം കത്തിച്ചോ വേണെങ്കി..”
“നീങ്ങി നിക്കെടി കാലു പൊള്ളിക്കാതെ.. “
“ഞാനും ഒരെണ്ണം.. വിവേട്ടാ വിവേട്ടാ... ഒരണ്ണം.. ഒരെണ്ണം...”
“പൊന്നൂ വേണ്ടാ.. അതപകടമാ..”
“അപ്പോ ഇവര് കത്തിക്കണതോ?.”
“അവര് വെല്യേ കുട്ട്യോളല്ലേ..?”
“ഞാനും വെല്ലീതാ.. “
“ഇങ്ങ് വാ.. പിടിക്ക്.. മെല്ലെ.. സൂക്ഷിച്ച്...”
“ഹായ് ഹായ് ഹായ്....”

മാലബള്‍ബുകളില്‍ ഇത്തവണ നീല നിറത്തിനാണ് പ്രാധാന്യം. നല്ല നീല.. കാണുമ്പോള്‍ എന്തിനെന്നറിയാതെ ഒരു ശാന്തത നിറയുന്ന പോലെ.. പക്ഷേ, സ്നേഹഭവനില്‍ മുഴുവന്‍ നീലകൊണ്ടലങ്കരിച്ചതു കണ്ടപ്പോള്‍ എന്തോ മടുപ്പാണു തോന്നിയത്.. ഏറെ ശാന്തിയും മടുപ്പിക്കുമോ? ആ നീലയുടെ ഇടയില്‍ അവിടവിടെ കുറച്ചു വെള്ളയും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ഓര്‍ത്തു.

"കുട്ടാ.. ദേ ഫോണടിക്കണൂ..”
"ഞാനെടുക്കാം ഏടത്തീ...”
"സതിച്ചിറ്റ വിളിക്കുമെന്നു പറഞ്ഞിരുന്നു, അവരാവും..”
"നോക്കട്ടെ..”

"ഹലോ...”
"ഏത്?”
"അല്ലല്ലോ.. റോങ്നമ്പറാണ് ട്ടോ....”

പുറത്തുനിന്നും കണ്ണുകൊണ്ട് ആരാന്ന് ചോദിക്കുന്ന ഏടത്തിയോട് ആരുമല്ലെന്ന് മറുപടി കാണിച്ച് അടുക്കളയിലേക്ക് നടന്നു, ദാഹിക്കുന്നു...

"അമ്മൂ..?”
"ആ കുഞ്ഞമ്മാമാ...?”
"അതെ .. നീയെന്താ ഇവടെ? ബാക്കിയെല്ലാരും പുറത്തുണ്ടല്ലോ..”
"ഒന്നൂല്യ കുഞ്ഞമ്മാമാ..”
"എന്താ പറ്റിയേ നിനക്ക്? വയ്യായ്ക വല്ലതും ണ്ടോ?”
"ഒന്നൂല്യ .. കുഞ്ഞമ്മാമന്‍ പൊക്കോളൂ. ഞാന്‍ വരാം...”
"അമ്മൂ...”

ചേര്‍ത്തുനിര്‍ത്തി നെറുകില്‍ ചുംബിച്ച് ഒരുനിമിഷം നിന്നു. ..

ചില പിന്‍മാറ്റങ്ങളെ ഭീരുത്വമെന്ന് പറയാനാവില്ല നമുക്ക്.. സ്വാര്‍ത്ഥം വെടിയുന്ന ചില നിമിഷങ്ങളില്‍ നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ പിന്‍വാങ്ങലായോ ഒളിച്ചോട്ടമായോ മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം..  സൂക്ഷിച്ചുനോക്കിയാലറിയാം നിശ്ശബ്ദമായ പൊരുതലിന്റെ കരുത്ത്..

"അമ്മൂ...”
"ഊം..”
"വരൂ.. അങ്ങോട്ട് പോകാം...”
"ഞാന്‍ …..”
"ഒന്നും പറയണ്ട, വരൂ..”

"ആലിന്‍കൊമ്പില് തൂക്കിയിട്ട ആള്‍രൂപം പൊട്ടിത്തെറിക്കണത് ഞാനിന്നലെ സ്വപ്നം കണ്ടു കുഞ്ഞമ്മാമാ..”

ഞെട്ടലോടെ ചുറ്റും നോക്കി.. ഭാഗ്യം ആരും കേട്ടില്ല..

"പടക്കത്തിന്റെ ചീളുകള്‍ പെറുക്കാന്‍ ചെന്നപ്പോ അതിന്‍റെടേല് പെടക്കണ കണ്ണ് അമ്മാമാ..”
"ഈശ്വരാ..”
"എനിക്ക് പേടിയാവുണു അങ്ങട്ട് വരാന്‍ .. ”
"ഒന്നൂല്യ അമ്മൂ. പേടിക്കാതെ..”­

സ്വപ്നങ്ങളല്ല, ഓര്‍മകളാണ്.. പിടക്കുന്ന കണ്ണുകളില്‍ നിന്ന് തെറിച്ചുവീണ ചോര മുഖത്തു പുരളുന്നപോലെ നീറുന്ന ഓര്‍മകള്‍ ….. പറയേണ്ടത് എന്താണെന്നറിയാതെ, ഭയം കൊത്തിയ കണ്ണുമായി നില്‍ക്കുന്ന അമ്മുവിനെ ചേര്‍ത്തുപിടിച്ച് പുറത്തേക്ക് നടന്നു. ഓര്‍മകള്‍ ഭാരമല്ലാതാവുന്ന രാസവിദ്യ ഇവള്‍ക്കെങ്കിലും മനസിലാകണം. ആലിന്‍ചോട്ടില്‍ പൊട്ടിത്തെറിക്കുന്ന പടക്കങ്ങള്‍ക്ക് അറപ്പുണ്ടാക്കുന്ന ചോരമണമല്ലെന്ന്, മനം നിറഞ്ഞ് നമിച്ചുപോകുന്ന വീര്യത്തിന്റെ ഗന്ധമാണെന്ന് അറിയണം..

"നിങ്ങളിത് എവടെയായിരുന്നു? ദേ അമ്പ് ടീച്ചര്‍ടെ പറമ്പിന്റെ മുമ്പിലെത്തി....”
"ഉം.. അമ്മു ചെല്ല്, അവരൊക്കെ ദേ അവടെണ്ട്.. ”
"പേടിണ്ടെങ്കി പടക്കം തൊടണ്ടാട്ടോ.....”
"അവക്ക് പേടിയൊന്നൂല്യ, സൌമിയേച്ചി അവളെ പറഞ്ഞ് പേടിപ്പിക്കാണ്ടിരുന്നാ മതി...”
"നീ പൊക്കോ മോളേ, പേടിക്കണ്ട, ഞങ്ങളൊക്കെ ഇവടെണ്ട്..”
"ഉം...”

വിറക്കുന്ന കാലുമായാണ് അവള്‍ പോകുന്നതെന്നറിഞ്ഞിട്ടും കൂടെപ്പോകാനായില്ല. ചില ഓര്‍മകളെ, ചില സ്വപ്നങ്ങളെ തനിയെത്തന്നെ നേരിടണം..

"പിള്ളേരോട് ഇനി കമ്പിത്തിരി പിന്നെ കത്തിക്കാമെന്നു പറ”
"നേര്‍ച്ചക്കുള്ളത് എവടെ?”
"ഞാന്‍ ചേട്ടന്റേല് തന്നതല്ലേ? എവടെ വച്ചു?”
"അയ്യോ, ഞാനത് ഉമ്മറത്തിണ്ണേല് വച്ചു. എടുത്തിട്ട് വരാം..”
"ഇങ്ങനെ ഒരു മറവി!”
"ദാ വരണൂ..”

പള്ളിയിലേക്കുള്ള നേര്‍ച്ചകള്‍ അമ്പിനുമുന്നിലെ പെട്ടിയിലിടണം.. ജാതിനോക്കാതെ നേര്‍ച്ചപ്പെട്ടി നിറഞ്ഞുതുടങ്ങിയതിന് അമ്മുവിന്റെ പേടിയോളം പഴക്കം മാത്രം.. അന്നിവളുടെ കൂടെയുണ്ടായിരുന്ന എല്ലാ കുഞ്ഞുങ്ങളും ഓര്‍മകളുടെ ഭാരമൊഴിഞ്ഞ് സ്വസ്ഥരായി.. ഇവള്‍ മാത്രം എന്തേ....?
ഒരുപക്ഷേ, അമ്മുവിന്റെ ഓര്‍മകള്‍ തുടങ്ങുന്നതുതന്നെ ഈ ആലിന്‍ ചുവട്ടില്‍നിന്നാവണം.... ഭ്രാന്തമെന്ന് നമ്മള്‍ വിളിക്കുന്ന ഓര്‍മകളും കിനാവുകളും സ്വന്തമായിരുന്നതിനാല്‍ പെരുന്നാളിന്റെ മീതെ പെയ്യാനിറങ്ങിയ അഗ്നിഗോളത്തെ ശരീരത്തിലേക്ക് ആവാഹിച്ച് ദൈവത്തെയും മനുഷ്യരെയും ഒരുപോലെ രക്ഷിച്ച ധീരതയുടെ ഓര്‍മ.. ദൈവത്തിനു ജീവന്‍കൊടുത്ത് മരണത്തിലേക്ക് ചിതറിത്തെറിച്ച ഒരമ്മയുടെ ഓര്‍മ....

മറക്കാതിരിക്കട്ടെ, ഒരിക്കലും..

ബാന്റ്മേളം അടുത്തുവന്നു.. ഓര്‍മകള്‍ ഇരച്ചുകയറി നാടിന്റെ മുഴുവന്‍ നാവുകളും പിഴുതെറിഞ്ഞു..ഓര്‍മകള്‍ പ്രാര്‍ത്ഥനകളായി...

അമ്മുവിന് പേടിയാവുന്നുണ്ടാവുമോ..? ഇല്ല.. അവള്‍ കിനാവില്‍ തെളിയുന്ന ഓര്‍മകളുടെ ധീരത തിരിച്ചറിഞ്ഞിരിക്കുന്നു..
അമ്മുവിന്റെ കണ്ണില്‍ മേശപ്പൂ പൂത്തു.. തല ഉയര്‍ത്തി ഉറച്ച കാല്‍വെപ്പോടെ അവള്‍ നടന്നു, ആള്‍ക്കൂട്ടം ആദരവോടെ വഴിമാറിക്കൊടുത്തു.. ആല്‍ച്ചുവട്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിനടുത്തുചെന്ന് തൊട്ടുതൊഴുതു.... ധീരമായി ആല്‍ത്തറയിലേക്കു കയറി.. കാണിക്കയിടാന്‍ ചെന്ന പൊന്നൂട്ടിയും മിണ്ടാതെ പിന്നാലെ ചെന്നു... അമ്മു ആല്‍ത്തറക്കല്‍ നിന്ന് കൈ നീട്ടി.. ആ കൈപിടിച്ച് ഏറെ സുരക്ഷിതയായി പൊന്നൂട്ടി പടികള്‍ കയറി..
ദേവനെ അലങ്കരിച്ച ദീപവിധാനങ്ങളില്‍ ഇരുവരും അലംകൃതരായി... മുഖത്ത് ദേവപ്രഭ വിടര്‍ന്നു.. കാലം തൊഴുതുനിന്നു....

Subscribe Tharjani |