തര്‍ജ്ജനി

ശ്രീകുമാര്‍. പി

നാടന്‍പ്ലാക്കല്‍
പത്തനംതിട്ട
റാന്നി
അയ്‌രൂര്‍

ബ്ലോഗ് http://valappotukal.blogspot.com/
ഫോണ്‍: 9645148698

Visit Home Page ...

കഥ

ഊരാക്കുടുക്ക്

ഏതോ സിനിമാ ക്ലൈമാക്സ് പോലെ മഴയും കാറ്റും തമ്മില്‍ അടിപിടി കൂടുന്ന അന്തരീക്ഷം. യാതൊരു പണിയും ഇല്ലാതെ വല്ലവരും എന്തെടുക്കുന്നു എന്നുമാത്രം ചിന്തിച്ചു കുന്തിച്ചിരിക്കുന്ന നാട്ടുകാരെ നടുക്കികൊണ്ട് ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു, റെയില്‍പാളത്തില്‍ വീണ്ടും ഒരു അജ്ഞാതന്‍ ‌… ചായക്കടക്കാരന്‍‌ വാസുവിനു നാളെ എന്തായാലും കുശാല്‍ “ എടീ പോത്തെ … “ സ്നേഹം മൂത്താല്‍ ഇതിലും നല്ല ഒരു പേരു ഭാര്യ സരോജത്തെ വിളിക്കണമെങ്കില്‍ അയാളു രണ്ടണ്ണം വിടണം. “നല്ല വെള്ളിപാത്രം പോലെ നിന്റെ ഉഴുന്നു വട പത്തമ്പതു ചുട്ടോ… മാവു കൂട്ടണ്ട, വിടവല്പം കൂട്ടിക്കോ, നാലാളുകാണട്ടെ………“ സംഗതി ഇഷ്ടപെട്ടപോലെ അവളൊന്നു പുഞ്ചിരിച്ചു ശീലാവതി, സതി എന്തു പണ്ടാരമെങ്കിലും ആയിക്കോട്ടെ..

ജനം ഒഴുകുകയാണ് കറയില്‍ പാളത്തില്‍ അങ്ങനെ തെറിച്ചു കിടക്കുകയാണ് പൂക്കളമിട്ടപോലെ, പഹയന്‍‌. എന്തു ചേലാ കാണാന്‍. ചത്തുകിടക്കുകയാണെന്നാരും പറയില്ല.. 90ല്‍ എത്തിയ കിളവനും നടക്കാന്‍ പഠിക്കുന്ന കുരുന്നും എന്നു വേണ്ട, റെയില്‍പാളത്തില്‍ നിരന്നു നില്ക്കുകയാണ്‍… നായിറങ്ങും. മണം പിടിക്കും. പാഞ്ഞു നടക്കും…. ഉത്സവത്തിന് ആനക്കുപിറകെ പായും പോലെ പട്ടിക്കു പിറകെ പോകാം എന്നൊക്കെ കരുതിനില്ക്കുന്ന ജനത്തിനിടയിലേക്കു പാഞ്ഞടുത്ത് മതിലിലിടിച്ചു നിന്നു, “പോലീസ്“.

മീശ പോയിട്ടോരു പൂട പോലും പിരിക്കാനില്ലാതെ പിരിയെടുത്ത് എസ് ഐ കൊമ്പന്‍, നായയെ പ്രതീക്ഷിച്ച ജനത്തെ നടുക്കി കൊണ്ടവനലറി,
“മാറി നിക്കടാ……………………………………….“

ഷിബു പോലീസ്, ശക്തരില്‍ ശക്തന്‍. കള്ളന്മാരുടെ പേടിസ്വപ്നം മെലിഞ്ഞിട്ടാണെങ്കിലും ആരോഗ്യദൃഡഗാത്രന്‍.... പല്ലുന്തിയാണെങ്കിലും സുന്ദരന്‍.... രാത്രി കരിമ്പടം മൂടിയപ്പോള്‍ നാട്ടുകാര്‍ക്കു നിരാശരായി മടങ്ങണ്ടി വന്നു. ഷിബുപോലീസിനെ കാവലേല്പിച്ചു കൊമ്പന്‍ വണ്ടിയുമായി സ്ഥലം വിട്ടു ഡമ്മി കാണിച്ചു വെരട്ടാന്‍ നാട്ടുകാരും ഇല്ലാതായപ്പോള്‍ ഷിബു ബീഡികള്‍ കത്തിച്ചുതുടങ്ങി. പുകച്ചുരുളില്‍ തലമൂടിയാല്‍‌ പിന്നെ ഒന്നും കാണണ്ടല്ലൊ…. ആരോ കൊണ്ടിട്ട കസേരയില്‍ ഇരുന്നതും അലറിവിലിച്ചൊരു ട്രയിന്‍ പാഞ്ഞു പോയി.. ആടി ഉലഞ്ഞു, വാഴ വെട്ടിയിട്ടപോലെ കസേരയുമായി ഷിബു മലര്‍ന്നു…

കടപൂട്ടും മുമ്പ് സരോജം തന്ന ഉഴുന്നുവട കഴിച്ചതു മുതല്‍ തുടങ്ങിയതാ ഒരു കാറും കോളും. ആളൊഴിയുന്ന വരെ മസിലുപിടിച്ചു .. ഇനി കഴിയില്ല തിരമാലകളെ തീരത്തിറക്കി വിടണം.. പെട്രോള്‍മാക്സിനെ കൊതുകള്‍ക്കു കളിക്കാന്‍ വിട്ടിട്ട് നിഴലിലേക്കിറങ്ങി ഇരുന്നു.. സെക്കന്റ് ഷോ കഴിഞ്ഞു സല്ലപിച്ചു നിന്നിരുന്ന ശുനകന്മാര്‍ കുറ്റി‌ക്കാട്ടില്‍ നിന്നും പാഞ്ഞു പോകുന്നതു കണ്ടപ്പോള്‍ അയാള്‍ക്ക് ഭാര്യ അമ്മിണിയേയും തയ്യക്കടക്കാരന്‍ പിള്ളയേയും ഓര്‍മ്മ വന്നു.. ശവം! ഈ പുല്ലന്‍ ചത്തു കിടക്കുന്നതു അവന്റെ ഭാഗ്യം. അല്ലെ കൊന്നു കെട്ടിത്തൂക്കിയേനെ ഷിബു പോലീസ്, അത്രക്കു കലിപ്പു പിടിച്ച് അമര്‍ത്തി മൂളിയതും സുനാമി തിരമാലകള്‍ ആഞ്ഞടിച്ച് എല്ലാം തകര്‍ത്തു കൂട്ടി..

പുത്തന്‍മുണ്ട് വലിച്ചുകീറി സൂര്യന്‍ ഒളിഞ്ഞുനോക്കി… പള്ളിക്കാവിലെ ഉത്സവം കഴിഞ്ഞു വന്ന ചെറുവാണിഭക്കാര്‍ നേരത്തെ തന്നെ ട്രാക്കിനിരുവശവും കടകള്‍ കൂട്ടി.. അവരുടെ കയ്യില്‍നിന്നും സ്ഥലവാടക പിരിക്കാന്‍ ഷിബുപോലീസു് രാവിലെ തന്നെ ഉഷാറായി നില്കുന്നു. അന്നാട്ടിലാര്‍ക്കും അന്നു പാലും പത്രവും കിട്ടില്ല. അവര്‍ രണ്ടാളും തലമൂടികെട്ടി സൈക്കിളിനടുത്തായി ഇരിക്കുന്നുണ്ട്. പല ഗൃഹനാഥന്മാരും രാവിലെ പാത്രവുമായി അവിടെ ക്യൂ നില്ക്കുന്നു. കൊച്ചുകുഞ്ഞിന്റെയും വറീതിന്റെയും ജീപ്പുകള്‍ ആളുകളുമായി ഷട്ടില്‍ അടിച്ചു തുടങ്ങി.. ഒരാഴ്ചയായി തേക്കാത്ത പല്ലും കാട്ടി അവര്‍ക്കിടയിലേക്ക് നേതാവ് തീപ്പൊരി കലേഷ് കടന്നുവന്നു. ഒരു മാസമായി കേരളത്തെ എങ്ങോട്ടോ പറഞ്ഞുവിടുന്ന കേരളയാത്ര കഴിഞ്ഞുള്ള വരവാണ്. കാക്കി കണ്ടപ്പോള്‍ ഒന്നു ശങ്കിച്ചെങ്കിലും പരേതനെക്കുറിച്ചു തിരക്കി നടന്നു..

10 മണി കഴിഞ്ഞു കൊമ്പന്‍ എത്തിയിട്ടില്ല. അടുത്തുള്ള പ്രൈമറി സ്കൂളിനവധി പ്രഖ്യാപിച്ചു. അനുശോചനം അറിയിക്കാന്‍ കുട്ടികളെ കറുത്ത റിബണ്‍ കുത്തി വേയിലത്തടുക്കി നിര്‍ത്തുകയാണ്‍ കൃഷ്ണന്‍ മാഷ്. മാത്തന്‍ പൂക്കടയില്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയ പൂവുകള്‍ പോലെ തലകുനിച്ച് വിയര്‍ത്തൊലിച്ചു കുരുന്നുകളും അതിനടുത്തായി കാലന്‍കുടയുമായി കൃഷ്ണന്‍മാഷും.. കൊമ്പന്‍ വന്നാലേ ആളുകള്‍ക്ക് അവിടേക്കു പ്രവേശനം ഒള്ളു. ഇപ്പോള്‍ ഷിബു പോലീസിന്റെ ഭരണമല്ലേ.. പാലിനും പത്രത്തിനുമായി ഇറങ്ങിയ ഗ്രഹനാഥന്മാരെ തപ്പി നൈറ്റിഇട്ട നായികമാര്‍ നിരത്തിലിറങ്ങിത്തുടങ്ങി. ഇന്നു കെട്ട്യോനും കുട്ടിയോള്‍ക്കും തീറ്റ സരോജം വക റ്റീഷോപ്പില്‍… ചില്ലു ഗ്ലാസ്സിലൂടെ തെളിഞ്ഞുകാണുന്ന സരോജത്തിന്റെ വടകളെ നോക്കി… കള്ളന്‍ പാക്കരന്‍ വിളിച്ചു പറഞ്ഞു ചേച്ചീടെ വടയങ്ങു മൊരിഞ്ഞു പോയല്ലോ… പ്ഫ.. @#@#%% വടിപോലെ വെളുത്തിരുന്ന കീറിയ തോര്‍ത്തൊന്നു കൂടെ വലിച്ചു പിടിച്ചു മലയിടിഞ്ഞു വരുന്നതു കണ്ട പാക്കരന്‍, ചൂടു മുട്ട വിഴുങ്ങി. അങ്ങു താഴെ അടിവാരത്തു ചെന്നു പൊട്ടി പുറത്തുചാടിയ പൂവന്‍, നെഞ്ചത്തടിച്ചു കൂവിപ്പോയി..

കവലയിലെ ഒഴിഞ്ഞ പീടികത്തിണ്ണയില്‍ കയറി അനുശോചനസമ്മേളനം നടത്തുകയാണ് തീപ്പൊരി. കണ്ണുകാണാത്ത ഒരമ്മാവനും കാലുറക്കാത്ത വറീതും പിന്നെ പാട്ടപെറുക്കുന്ന രണ്ടു പീക്കിരികളും..

“ആരാദ്യരായ നാട്ടുകാരെ, ഇന്നലെ വരെ നമ്മളിലൊരാളായി എല്ലാവറ്ക്കും പ്രിയപ്പെട്ടവനായി നടന്ന ചെറുപ്പക്കാരനിതാ പാളത്തില്‍ മെറ്റലുപോലെ ചിതറിക്കിടക്കുന്നു. ഇതിലും വലുതെന്തോ പാവത്തിനു വരാനുള്ളതാണ് ഇങ്ങനെ ആയതില്‍ നമുക്ക് സന്തോഷിക്കാം…ഇത് മുഖ്യമന്ത്രിയുടെ അനാസ്ഥയല്ലേ. നാളെ ഞാനോ നിങ്ങളോ ഇങ്ങനെ കിടന്നാല്‍ നാടിന്റെ സ്ഥിതി എന്താവും. എവിടെ നിന്നോ വന്നു നമ്മുടെ നാടിനുവേണ്ടി രക്ക്തസാക്ഷിയായ ചെറുപ്പക്കാരന് എന്റെയും ഈ നാടിന്റെയും ഒരായിരം അഭിവാദ്യങ്ങള്‍. നാട്ടുകാരെ, നിങ്ങള്‍ക്കറിയാമോ ഇന്നു ഞാന്‍ കോശിസാറിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, ഇന്നലെ അദ്ദേഹം അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ വരെ വന്ന് നമ്മുടെ പൊന്നോമനപുത്രനെ കണ്ട് അഭിനന്ദങ്ങള്‍ അര്‍പ്പിച്ചു പോകാമായിരുന്നു എന്നാണു പറഞ്ഞത്. ഈ അവസരത്തില്‍ ഞാന്‍ അദ്ദേഹത്തെ അനുശോചിക്കട്ടേ. എല്ലാവിധ മംഗളാശംസകളും നേര്‍ന്നുകോണ്ട് ഞാന്‍ തുടരുകയാണ്…“ കേന്ത്രത്തിന്റെ അനാസ്ഥയാണു കാരണമെന്നു പറഞ്ഞ് കരിദിനവും ഹര്‍ത്താലും പ്രഖ്യാപിച്ച് ഭരണപക്ഷത്തെ ചില നേതാക്കന്മാരും നിരത്തിലിറങ്ങി.

കുതിരപ്പട പാഞ്ഞടുത്തപോലെ പൊടിപറത്തി യുദ്ധകാഹളം മുഴക്കി അവരെത്തി. അവരെ അനുഗമിച്ചുകൊണ്ട് മൂക്കള ഒലിപ്പിക്കുന്ന നാലഞ്ചു പിള്ളേരും. പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു. നാട്ടുകാരെ നിര്‍ത്തി പലപല ഫോട്ടോകള്‍ എല്ലാവരും ഗ്രൂപ് ഫോട്ടോയ്ക്കു പോസ്സ് ചെയ്യുന്നപോലെ നിരന്നു നിന്നു.. കുട്ടികളെ പിടിച്ച് നീളം, പൊക്കം, വണ്ണം അങ്ങനെ പലപോസ്സുകള്‍, അവസാനം പരേതന്റെ ഇരിക്കുന്നതും നിക്കുന്നതും അനന്ത ശയനത്തിലുള്ളതുമായവ . പീടികത്തിണ്ണയില്‍ കയറി വാസു-സരോജാ ദംമ്പതിമാരുടെ പോസ്സും. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ആലോചിക്കുന്നതാ ഒരു ഫോട്ടോ എടുക്കണമെന്ന്. അയാളേക്കൊണ്ട് ഇങ്ങനെ ഒരു ഗുണമുണ്ടായി . ഒരു കോപ്പി ചോദിക്കണമെന്നു വാസുവിനോടു സരോജത്തിനു പറയണമെന്നുണ്ടായിരുന്നു, പക്ഷെ ആ പെണ്ണിന്റെ റ്റീ ഷര്‍ട്ടിന്റെ വിഷമം കണ്ടപ്പോള്‍ വേണ്ടന്നു തോന്നി. തോക്കു ചൂണ്ടി അവള്‍ വരുന്നതു കണ്ടപ്പോള്‍. തോക്കുള്ളവരൊക്കെ ഉണ്ടതപ്പിപ്പോയി!.എന്റമ്മേ ഞാനൊന്നും പറയുന്നില്ലേ.. ചെവി കേള്‍ക്കാത്ത ആരോടോ ആണ് സംസാരിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി, “കേള്‍ക്കുന്നുണ്ടോ….“ കറയില്‍ പാളത്തില്‍ വീണ്ടുമൊരു അജ്ഞാത ശരീരം, അയാളെക്കുറിച്ചെന്തെങ്കിലും അറിയാമൊ എന്നു നാട്ടുകാരില്‍ ചിലരോടു നമുക്കു ചോദിക്കാം, തീപ്പൊരി ചാടിവീണതു തോക്കിനു മുമ്പിലേക്ക് , “ചേട്ടാ ഇതിലേക്കു, ഇവിടെ നോക്കു എന്നെയല്ല അങ്ങനെ നോക്കാതെന്നെ ശൊ… ആരേലും കാണും, ഇതില്‍, ഇതാണ് ക്യാമറ. ഈ മരിച്ച ആളിനെക്കുറീച്ചു ചേട്ടന്റെ അഭിപ്രായം എന്താണ്. “ “നല്ലമനുഷ്യനാണ്, നിഷ്കളങ്കനും സത്‌സ്വഭാവിയുമായവന്‍“ ചേട്ടനിയാളെ നേരത്തെ പരിചയമുണ്ടോ. “ കുട്ടി ആ മുഖത്തേക്കു നോക്കു, എന്തു നിഷ്കളങ്കത, കണ്ണുകളിലെ വികാരം കണ്ടാല്‍ അറിയാം ആളു പാവമാണന്ന്, കഴിഞ്ഞ ഒരു മാസമായി ഈ ഗ്രാമത്തിലുണ്ടായിരുന്നു അയ്യാള്‍“ ആരും കണ്ടിട്ടില്ല ഇതിനുമുമ്പെന്നാണല്ലോ അറിയാന്‍ കഴിഞ്ഞത്. “ ഇല്ല എങ്കിലും ഇവിടെ ഉണ്ടായിരുന്നു എന്നതിനു തെളിവല്ലെ ഈ കിടക്കുന്നത്.” ഒനീട റ്റിവിയുടെ പരസ്യം പോലെ ചിലതലകള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കഴുത്തുനീട്ടി, “നാട്ടുകാരുടെ ഇടയില്‍ തന്നെ പല ദുരൂഹതകളും മറഞ്ഞിരിക്കുന്നു, കൊലപാതകമാണൊ, അത്മഹത്യയൊ. ചോദ്യം ബാക്കിവച്ച് ക്യാമറാമാന്‍ ശശിക്കൊപ്പം നീനാകുര്യന്‍“‌.

ഇന്നലത്തെ ബഹളമൊന്നുമില്ലാതെ കൊമ്പനെത്തി. ആമ്പുലന്‍സില്ല, പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ ഡോക്ടറുമില്ല. അനിശ്ചിതകാലസമരം തുടങ്ങിയത്രേ. മോര്‍ച്ചറി ഉണ്ടായിരുന്നെങ്കില്‍ അവിടെ വരെ എങ്ങനെയും കൊണ്ടു പോകാം, ഇതിപ്പോ. എന്താണോരു പോംവഴി, പരേതനു ഒരു സോഡായോ കാപ്പിയോ കൊടുത്ത് എണീപ്പിച്ചു വീട്ടില്‍ വിടണ്ടി വരുമോ. മുത്തോലികവലക്ക് ഡോക്ടറുണ്ട്, പക്ഷെ മൃഗത്തിന്റെയാ. കുത്തി വയ്ക്കാനറിയാം, അതു നേരാ. ഒരിക്കല്‍ കമലേടെ കിടാവിനെ കുത്താന്‍ വന്നിട്ടു പെറ്റതു കമലയാ.. കണാരന്‍ വൈദ്യന് ആളുപോയിട്ടുണ്ട് പക്ഷെ കീറിമുറിക്കാന്‍ പറ്റുമോ. ചെങ്കോട്ടോരു ഡാക്കിട്ടറില്ലെ? പക്ഷെ ചില്ലറ ഇറങ്ങും. അഭിപ്രായങ്ങളുടെ കൂമ്പാരം അഴുകി നാറിത്തുടങ്ങിയപ്പോള്‍ ആളുകള്‍ മൂക്കുപൊത്തി കുന്തിച്ചിരുന്നു. അങ്ങനെ നാടിന്റെ രക്ഷക്കും നാട്ടുകാര്‍ക്കും വേണ്ടി അന്നാട്ടിലെ ആദ്യത്തെ സഘടന നിലവില്‍വന്നു AMMA അജ്ഞാത മരണ മുന്നണി അസ്സോസിയേഷന്‍. എവിടെയെങ്കിലും ഒരു കസേര മോഹിച്ചു നടന്ന തീപ്പൊരി അങ്ങനെ അമ്മയുടെ പ്രസിഡന്റായി, പിന്നെ ആരൊക്കെയോ എതാണ്ടോക്കെയോ ആയി. എല്ലാം വളരെ വേഗം നടന്നു പിരിക്കാന്‍ മിടുക്കരായവര്‍ പിരിച്ചുകൂട്ടി, സ്കൂളില്‍ അടുത്തമാസം പരേതന്റെ ഫോട്ടൊ ഉള്ള സ്റ്റാമ്പിറക്കും എന്നുപറഞ്ഞു പിള്ളകളുടെ പള്ളതപ്പി. വറീതിന്റെ ജീപ്പില്‍ അമ്മയുടെ മക്കള്‍ ഡക്കിട്ടറെ ലക്ഷ്യമാക്കി യാത്രയായി, കുതരവണ്ടിക്കു പിറകെ ആല്‍ത്തറ വരെ പലരും അനുഗമിച്ചു, അവിടെയാണല്ലോ സ്വര്‍ഗ്ഗകവാടം മറനീക്കി തലമൂടി കയറിയവരില്‍ പലരും അവിടെ കിടന്നു. ചിലര്‍ ഇഴഞ്ഞും ഒഴുകിയും തിരികെയെത്തി, ഇപ്പൊഴും ചെത്തു പാലക്കാട്ടൂന്നല്ലേ എന്തായാലും..

അപ്പോഴേക്കും അടുത്തപ്രശ്നം മുളപൊട്ടി വളര്‍ന്നു പന്തലിച്ചു പൂത്തു അതിനിടിയില്‍ പലരും തണല്‍തേടി.
ഈപഹയനെ ഇവിടെ ഇട്ടു വെട്ടി നുറുക്കിയാല്‍ ചവ്വും പിണ്ടവും എന്തു ചെയ്യും? പള്ളി സെമിത്തേരി ഉണ്ടല്ലോ വിശാലമല്ലെ..
മാമോദ്ദിസാ മുങ്ങാത്ത ശവം! ദുര്‍മരണം തെമ്മാടിക്കുഴിയിലങ്ങാനും.
ഇടവക കുഞ്ഞാടുകള്‍ സ്വഭാവഗുണം കൂടിയവരായതിനാല്‍ കുമ്പസാരക്കൂടും തെമ്മാടിക്കുഴിയും പോയിട്ട് കിണറു പോലും ഇല്ലല്ലോ, ആകെ ഒരു തീട്ടകുഴിയാണുള്ളത് അതിലെങ്ങനെയാ നാറില്ലെ. അതു പരിശുദ്ധിയുള്ള കുഴിയാ..
പറമ്പുണ്ട്, അമ്പലക്കമ്മിറ്റിക്കാരോടു ചോദിക്കണം പിരിവു കൊടുക്കാം.
അവിടെ പറ്റില്ല ദുര്‍മരണം, പെലയുണ്ട്, ദേവന്മാര്‍ക്കു മരണം പേടിയാ കോപമുണ്ടായാലോ..
അതുമാത്രമല്ല ഇവനേതാ ജാതി നാളെ അതു പ്രശ്നമാവില്ലെ, കഴിഞ്ഞ ആഴ്ച ആ ജോണീടെ പൂച്ച അമ്പലനടയില്‍ കയറിയതിന് ശുദ്ധികലശം നടത്തി, ദേവപ്രശ്നം വച്ച് പുനപ്രതിഷ്ട നടത്തി പൂച്ചയെ ചുട്ടെന്നാകേട്ടത്. ഏഭ്യന്‍ മാംസം ഭക്ഷിക്കുന്ന പൂച്ചയല്ലെ, വേണം..

റെയില്‍വേ ക്രോസിനടുത്തായി തറനിരപ്പാക്കി ചാണകം മെഴുകി അരിയും പൂവുമിട്ട് പറനിറച്ച് വിളക്കുവച്ച് കുരിശും നാട്ടി തറയിലായി രണ്ടു കോടാലി ഒരു വെട്ടുകത്തി മൂന്നു കറിക്കത്തി, അടിച്ചു പൊട്ടിക്കാനുള്ള കൂടം എന്നിവ തയ്യാറാക്കി വച്ചു. അമ്മ ഭാരവാഹികളുടെ തിരിച്ചുവരവ് കൊട്ടും കുരവയുമായി നാട്ടുകാര്‍ കൊണ്ടാടി, ചെണ്ടമേളം ഒന്നൂടെ കൊഴുക്കാമായിരുന്നു ആനയെ കിട്ടിയില്ലെങ്കിലും മുമ്പില്‍ തന്നെ സരോജം നെഞ്ചും വിരിച്ച് ഉണ്ടായിരുന്നതു കൊണ്ട് ചെണ്ടക്കോലിനു താളം പിഴച്ചില്ല. ജീപ്പില്‍ നിന്നിറങ്ങിയ തീപ്പൊരി ഖേദപ്രകടനത്തോടെ തുടങ്ങി, ഡോക്ടറുടെ ഭാര്യയുടെ പട്ടിപെറ്റു. ഇന്നിനി അതിന്റെ സന്തോഷത്തിന്റെ ഇടയില്‍ അയാളെങ്ങോട്ടുമില്ലെന്നു ഭാര്യ തറപ്പിച്ചു പറഞ്ഞു, ഭാഗ്യമുള്ള പട്ടി. ഉത്തരവാദി ആരാണോ?, ഒരു ലക്ഷ്യത്തോടെ പോയവര്‍ വെറുതെ മടങ്ങി വരുമോ, ഇദ്ദേഹത്തെ അറിയാമോ, ചൈനീസ് ന്യൂടില്‍സുപോലെ വളര്‍ന്ന്, കള്ളിമുണ്ടിനടിയില്‍ മുട്ടോളം വരുന്ന വരയന്‍ വള്ളി നിക്കര്‍ തെറുത്തു കേറ്റി, ഒലിക്കുന്ന മൂക്കള ഇടക്കിടക്ക് കീറിയ തുണിചുറ്റിയ കൈ കൊണ്ട് തുടച്ച് നില്ക്കുന്ന ആജാനുബാഹു. ഇതാണ് കാലന്‍ മാത്തന്‍, കൊട്ടേഷന്‍ രംഗത്തെ മുടിചൂടാമന്നന്‍. കരളും കുടലും തിരിച്ചറിഞ്ഞു കീറിമുറിക്കാന്‍ കേമന്‍, ഏതൊരു ഡൊക്ടറെക്കാളും എക്സ്പീര്യന്‍സുള്ളവന്‍ പോരെ… കഴുത്തില്‍ മാലയുമായി മത്തായിയും ആളുകളും പരേതനടുത്തെത്തിയതും, ഒരു തല ആളുകളെ തള്ളി നീക്കി പാഞ്ഞു പോയി. അതിനു പിറകെ എസ്സ് ഐ കൊമ്പനും, ഒരു കാലും കയ്യും പടിഞ്ഞാട്ടോടിയത്രെ, ചിലര്‍ കൂടെ പോയെങ്കിലും പുഴ ചാടിനീന്തി മറുകര കയറിയതിനാല്‍ കണ്ടില്ല, പള്ളയും കഴുത്തും കണ്ണുകാണാതെ പാഞ്ഞുവന്ന പാസഞ്ചറില്‍‌ ചാടിക്കയറി എങ്ങോട്ടോ പോയി, മറ്റൊരു കയ്യും കാലും ആരും കണ്ടതുമില്ല. അലറിവിളിച്ചു മലര്‍ന്ന മാത്തതെ ആരും നോക്കിയതേയില്ല.

Subscribe Tharjani |
Submitted by SHIJU SADASIVAN (not verified) on Wed, 2011-03-09 13:01.

A REAL STORY. CONGRATS SREEKUMAR