തര്‍ജ്ജനി

സുരേഷ് എം .ജി

ഫോണ്‍: 9946915277
ഇ മെയില്‍‍: suresh_m_g@rediffmail.com

Visit Home Page ...

കഥ

ഒരു പ്രേതകഥ, എന്റെ സ്വന്തം സത്യാനുഭവം

റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ കഥയുടെ സ്വതന്ത്രവിവര്‍ത്തനം

ഇതിന്റെ അങ്ങേത്തലയ്ക്കലുള്ള ലോകത്തില്‍, കടകളിലെ ജനലുകളില്‍ നിന്നും പുസ്തകങ്ങളും ചിത്രങ്ങളും കളിക്കോപ്പുകളും പുറത്തെ കാഴ്ചകാണുന്ന ലോകത്തില്‍, നാലരികും കൂട്ടിമുട്ടിക്കുവാനായി ആയിരക്കണക്കിനാളുകള്‍ ജീവിതം പാഴാക്കുന്ന അങ്ങേ ലോകത്തില്‍, മാനുഷരുടെ ഉള്ളുകളെക്കുറിച്ച്‌ സത്യമായ കഥകളെഴുതുന്ന ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നുണ്ട്‌; മിസ്റ്റര്‍ വാള്‍ട്ടര്‍ ബസന്ത്‌ എന്നാണദ്ദേഹത്തിന്റെ പേര്‌. അദ്ദേഹം, അദ്ദേഹത്തിന്റെ തൂലിക ജീവന്‍കൊടുത്ത പ്രേതങ്ങളെ, ഒട്ടൊന്ന്‌ രസാവഹമായി, കൈകാര്യം ചെയ്യണമെന്ന്‌ നിഷ്കര്‍ഷിക്കും - കുറച്ചധികം എഴുതിയിട്ടുമുണ്ടദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രേതങ്ങള്‍ നമുക്കറിയാവുന്ന കാര്യങ്ങള്‍ സംസാരിക്കുന്നു, ചിലപ്പോഴൊക്കെ കുറച്ച് അശ്ലീലം കലര്‍ത്തിയും സംസാരിക്കുന്നു. നിങ്ങള്‍ക്ക്‌ വൈസ്രോയ്‌ മുതല്‍ പ്രാദേശികദിനപത്രം വരെ എന്തിനെ വേണമെങ്കിലും വളരെ ലളിതമായി എടുക്കാം, എന്നാല്‍ ഒരു പ്രേതത്തിനെ അങ്ങിനെ കൈകാര്യം ചെയ്യരുത്‌, പ്രത്യേകിച്ചും ഒരിന്ത്യന്‍ പ്രേതത്തിനെ.

ഇവിടെ ഈ നാട്ടിലെ പ്രേതങ്ങള്‍ പല രൂപങ്ങളുമെടുക്കും. തടിച്ചുകൊഴുത്ത്‌ തണുത്ത ശവശരീരങ്ങളുടെ രൂപത്തില്‍ അവര്‍ ചിലപ്പോള്‍ വഴിയരികിലെ മരങ്ങളില്‍ ഒളിച്ചിരിക്കും. ആരെങ്കിലും അതുവഴി കടന്നുപോയാല്‍, അവരുടെ തോളില്‍ കയറി ഇരിപ്പാകും. പ്രസവത്തില്‍ മരിച്ചുപോയ സ്ത്രീകളുടെ പ്രേതങ്ങളും ഇവിടെയുണ്ട്‌. അവ സന്ധ്യാ സമയത്ത്‌ വഴികളിലൂടെ അലഞ്ഞു നടക്കും, അല്ലെങ്കില്‍ ഗ്രാമാതിരുകളിലെ വയലുകളില്‍ ഒളിച്ചിരിക്കും. എന്നിട്ട്‌ ശ്യംഗാരത്തോടെ അതുവഴിപോകുന്നവരെ കൈകൊട്ടിവിളിക്കും. നിങ്ങളാവിളി കേട്ട്‌ അവരുടെ അരികിലെത്തിയാല്‍, പിന്നെ നിങ്ങളുടെ ആത്മാവിന്‌ ഈ ലോകത്തിലും പരലോകത്തിലും ഗതി കിട്ടില്ല. എന്നാല്‍ നിങ്ങള്‍ക്ക്‌ കുറച്ച്‌ ബുദ്ധിയുണ്ടെങ്കില്‍ അവരെ എളുപ്പത്തില്‍ തിരിച്ചറിയുവാനാകും. അവരുടെ കാല്‍പാദങ്ങള്‍ പുറകോട്ട്‌ തിരിഞ്ഞിരിക്കുമത്രെ. കിണറ്റിലെറിഞ്ഞ്‌ കൊല്ലപ്പെട്ട കൊച്ചുകുട്ടികളുടെ പ്രേതങ്ങളുമുണ്ട്‌. അവര്‍ അധികവും വെള്ളം കോരാന്‍ വരുന്ന സ്ത്രീകളെയാണ്‌ നോട്ടമിടുക. വെള്ളം കോരാന്‍ സ്ത്രീകള്‍ പാത്രം കിണറ്റിലേക്കെറിഞ്ഞാല്‍ ഇവര്‍ കിണറ്റില്‍ കിടന്ന്‌ ഉച്ചത്തില്‍ നിലവിളിക്കും. എന്നിട്ട്‌ അവരെ കരക്കു കയറ്റണമെന്ന്‌ അഭ്യര്‍ത്ഥിക്കും. ചിലപ്പോള്‍ കയ്യെത്തിച്ച്‌ വെള്ളം കോരുന്ന സ്ത്രീകളുടെ കയ്യില്‍ കയറിപ്പിടിച്ചായിരിക്കും ഈ അഭ്യര്‍ത്ഥന. അല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ അടുത്തുള്ള കുറ്റിക്കാട്ടിലിരുന്നു കരയും. എന്നാല്‍ ഇവയൊക്കെ പ്രാദേശികപ്രേതങ്ങളാണ്‌. ഇന്നാട്ടുകാരെയല്ലാതെ ഒരിക്കലും അവര്‍ സാഹിബുമാരെ (സായിപ്പന്മാരെ) ഉപദ്രവിക്കില്ല. ഒരൊറ്റ പ്രാദേശികപ്രേതവും ഇന്നേവരെ ഒരു ഇംഗ്ലീഷുകാരനെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ഇംഗ്ലീഷുകാരുടെ പ്രേതങ്ങള്‍ അങ്ങിനെയല്ല. അവര്‍ കറുത്തവനെന്നോ വെളുത്തവനെന്നോ ഭേദമില്ലാതെ എല്ലാവരേയും ഒരു പോലെ ഭയപ്പെടുത്തിക്കൊല്ലും.

മിക്കവാറും ഓരോ സ്ഥലത്തിനും അവരുടേതായ പ്രാദേശികപ്രേതങ്ങളുണ്ട്‌. സിംലയില്‍, സൈറിയില്‍, ഓള്‍ഡ്‌ റോഡിലെ അതിഥി മന്ദിരത്തില്‍ ഇടയ്ക്കിടെ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്ന ആ സ്ത്രീയെ കൂടാതെ തന്നെ രണ്ടെണ്ണമുണ്ട്‌. മുസൌറിയില്‍ നല്ല ജീവനുള്ള ഒരു പ്രേതഭവനം തന്നെയുണ്ട്‌. ലാഹോറില്‍ രാത്രിയില്‍ ഒരു വീട്ടില്‍ കാവല്‍ ജോലി ഏറ്റെടുക്കുന്നത്‌ ഒരു വെള്ളക്കാരിയുടെ പ്രേതമാണ്‌. അവരുടെ ഒരു വീട്ടില്‍ എല്ലാ ശരത്കാലരാത്രികളിലും ഒരു കുതിരവണ്ടി പാറയ്ക്കുമുകളില്‍ നിന്നും മറിഞ്ഞുവീണ ആ ഭീകരദ്യശം ആവര്‍ത്തിക്കുന്നു എന്നാണ്‌ ഒരിക്കല്‍ ഡല്‍ഹൌസി പറഞ്ഞത്‌. മുറെയിലുള്ള പ്രേതം എപ്പോഴും സന്തോഷത്തിലാണത്രെ. അവിടെ ഈയ്യിടെ കോളറയുടെ കെടുതിയുണ്ടായതിനാല്‍ ഇനി ദുഃഖം നിറഞ്ഞ ചില പ്രേതങ്ങളും വന്നുകൂടായ്കയില്ല. പിന്നെ മിയാന്‍ മിറിലെ ഓഫീസര്‍മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ ചിലപ്പോള്‍ രാത്രികളില്‍ അകാരണമായി വാതിലുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യും. അവിടത്തെ കസേരകള്‍ ചിലപ്പോള്‍ അമിതഭാരം താങ്ങുവാനാകാതെ കരയും, നമുക്കു കാണാനാകാത്ത ആരൊക്കെയോ അതിന്മേല്‍ കയറിയിരിക്കുന്നുവത്രെ, അവര്‍ക്ക്‌ ഭാരം വളരെ കൂടുതലാണത്രെ. പേഷവാറിലെ ഒരു വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുവാനുള്ള ധൈര്യം ഇന്നുവരെ ആര്‍ക്കും വന്നിട്ടില്ല. പിന്നെ അലഹാബാദിലെ ഒരു ബംഗ്ലാവില്‍ എന്തോ പന്തികേടുണ്ട്‌, അതെന്താണെന്ന്‌ വ്യക്തമല്ല. നാട്ടുരാജ്യങ്ങള്‍ എത്രകണ്ട്‌ പഴയതാകുന്നുവോ അവിടെ ഭാര്‍ഗ്ഗവീനിലയങ്ങളും അത്രകണ്ട്‌ പെരുകുന്നു.

ഗ്രാന്റ് ട്രങ്ക്‌ റോഡിലെ ചില അതിഥി മന്ദിരങ്ങളുടെ തൊടിയില്‍ തന്നെ സെമിത്തേരികളുണ്ട്‌. അതുവഴി നിങ്ങള്‍ കല്‍ക്കട്ടയില്‍ നിന്നും വടക്കുപടിഞ്ഞാറുഭാഗത്ത് എവിടേക്കെങ്കിലും യാത്രപോകുകയാണെങ്കില്‍, അവിടെ നിങ്ങള്‍ക്ക്‌ "നശ്വരമായ ഈ ജീവിതത്തിന്‍റെ മാറ്റങ്ങളും അവസരങ്ങളും" നേരില്‍ കാണുവാനാകും. ഇത്തരം ബംഗ്ലാവുകള്‍ താമസയോഗ്യങ്ങളാണെന്ന അഭിപ്രായമില്ല. അതിന്റെ പഴക്കമാണൊരു കാരണം. പഴക്കം പോലെ തന്നെ അഴുക്കുപുരണ്ടതുമാണവ. അവിടത്തെ അതിഥിമന്ദിര സൂക്ഷിപ്പുകാരനും കെട്ടിടത്തിന്റെ അത്രതന്നെ പഴക്കമുണ്ടാകും. അയാള്‍ ഒന്നുകില്‍ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും, അല്ലെങ്കില്‍ ദീര്‍ഘമൌനങ്ങളിലേക്ക്‌ വഴുതിവീഴും. രണ്ടായാലും അയാളെക്കൊണ്ട്‌ ഉപകാരങ്ങള്‍ ഉണ്ടാകില്ല. നിങ്ങള്‍ക്ക്‌ അയാളുടെ ചെയ്തികളില്‍ ദേഷ്യം വരികയും അത്‌ പ്രകടിപ്പിക്കുകയുമാണെങ്കിലോ, പിന്നെ അയാള്‍ പഴംപുരാണങ്ങളുടെ കെട്ടഴിക്കുകയായി. പണ്ട്‌ അയാള്‍ ഒരു സാഹിബിന്റെ (വെള്ളക്കാരന്റെ) കൂടെ ജോലിചെയ്തുകൊണ്ടിരുന്ന കാലത്ത്‌, സാഹിബ്‌ മരിച്ചു മണ്ണടിഞ്ഞിട്ട്‌ വര്‍ഷം മുപ്പത്‌ മുപ്പത്തിയഞ്ചായി, ഈ നാട്ടുരാജ്യത്തിലെ ഒരാള്‍ക്കും അയാളെ ഒന്ന്‌ പുരികമുയര്‍ത്തി നോക്കുവാനുള്ള ധൈര്യമില്ലായിരുന്നു. അങ്ങിനെയങ്ങിനെ പിറുപിറുത്ത്‌ അയാള്‍ പാത്രങ്ങളില്‍ തട്ടിയും, പാത്രങ്ങളും തളികകളും കൈകളില്‍ നിന്ന്‌ വഴുതിവീണും, പാത്രങ്ങള്‍ക്കിടയില്‍ കാല്‍ വഴുതിയും നീങ്ങും. അപ്പോള്‍ അയാളെ കണ്ടാല്‍ അയാളെ വിഷമിപ്പിക്കേണ്ടിയിരുന്നില്ലെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നും.

ഈ അതിഥി മന്ദിരങ്ങളില്‍ നിങ്ങള്‍ പ്രേതങ്ങളെ കണ്ടുമുട്ടുമെന്നത്‌ ഉറപ്പ്‌. കണ്ടാല്‍ നിങ്ങള്‍ അവയെ ഗൌനിക്കണം. പണ്ട്‌ ഇത്തരം അതിഥിമന്ദിരങ്ങളില്‍ എനിക്ക്‌ വളരെയധികം താമസിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരിടത്തും മൂന്ന്‌ രാത്രികളില്‍ കൂടുതല്‍ ഞാന്‍ തങ്ങിയിട്ടില്ല. ഇത്‌ അനുഭവത്തില്‍നിന്ന്‌ പഠിച്ച പാഠമാണ്‌. ഇഷ്ടികചുമരുകളും, ഇരുമ്പിന്റെ ഉത്തരവും കഴുക്കോലുമുള്ള സര്‍ക്കാര്‍വക അതിഥിമന്ദിരങ്ങളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്‌. അവിടെ മുറി നിറയെ ഫര്‍ണീച്ചറുകളുണ്ടാകും. വാതില്‍ക്കല്‍ നിങ്ങളെ സ്വീകരിക്കുവാന്‍ ഒരു പാമ്പ്‌ കൂടുകൂട്ടിയിട്ടുണ്ടാകും. പിന്നെ, ഏതെങ്കിലും പഴയ വീടുകള്‍, ചില മാറ്റങ്ങളോടെ അതിഥിമന്ദിരങ്ങളാക്കിയതിലും ഞാന്‍ താമസിച്ചിട്ടുണ്ട്‌. അവിടെ ഒന്നും അതിന്റെ സ്ഥാനത്തായിരിക്കില്ല. അത്താഴത്തിന്‌ കൂട്ടിന്‌ ഒരു മൂങ്ങപോലുമുണ്ടാകില്ല. പണ്ട്‌ രാജകൊട്ടാരങ്ങളായിരുന്ന ഇടങ്ങളിലും ഞാന്‍ താമസിച്ചിട്ടുണ്ട്‌. ഇവിടെ വിണ്ടുനില്ക്കുന്ന ചുമരുകള്‍ക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ്‌ പൊട്ടിയ ജനല്‍പാളികളിലൂടെ വരുന്ന കാറ്റുപോലെ തന്നെ അസഹ്യമാണ്‌. അവസാനമായി ഒരു അതിഥിയെത്തിയിട്ട്‌ പതിനഞ്ചില്‍ പരം മാസങ്ങളായ അതിഥി മന്ദിരങ്ങളിലും ഞാന്‍ താമസിച്ചിട്ടുണ്ട്‌.

ഇവിടങ്ങളിലെ അനുഭവങ്ങള്‍ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. പലതരം വ്യക്തികളെ ഞാന്‍ ഇവിടങ്ങളില്‍ വച്ച്‌ കണ്ടിട്ടുണ്ട്‌. അതില്‍ മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്ക്‌ യാത്രതിരിച്ചിരിക്കുന്നവര്‍, ബ്രിട്ടീഷ്‌ പട്ടാളത്തില്‍ നിന്നും ഒളിച്ചോടി പോരുന്നവര്‍, കാണുന്നവര്‍ക്കെല്ലാം വിസ്കി നല്കുകയും അവരുടെ മേലെല്ലാം വിസ്കി തൂവുകയും ചെയ്യുന്നവരെന്നിങ്ങനെ പലരുമുണ്ട്‌. എന്നാല്‍ ഇതിലൊക്കെ ഭാഗ്യം ഇത്രയൊക്കെ കണ്ടിട്ടും ആരും എന്റെമേല്‍ അവരുടെ കുഞ്ഞിന്റെ പിത്യത്വം ആരോപിച്ചു വരികയുണ്ടായിട്ടില്ല എന്നതാണ്‌. നമ്മുടെ ജീവിതത്തിലെ ട്രാജഡികളില്‍ ഒരു പ്രധാന പങ്ക്‌ ഇത്തരം അതിഥിമന്ദിരങ്ങളിലാണു് സംഭവിക്കുന്നത്‌ എന്നത്‌ മുന്‍നിറുത്തി, ഈ അതിഥി മന്ദിരങ്ങളില്‍ ഒന്നിലും വച്ച്‌ ഒരു പ്രേതത്തെപ്പോലും കണ്ടുമുട്ടുവാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടില്ലെന്നുള്ളത്‌ എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു. ഇത്തരം അതിഥിമന്ദിരങ്ങളില്‍ വച്ച്‌ മരണമടഞ്ഞവര്‍ ഒട്ടനവധിയുണ്ടാകണം. അതുകൊണ്ടു തന്നെ ഇങ്ങിനെയുള്ള ഇടങ്ങളില്‍ ഒട്ടൊന്ന്‌ ഭ്രാന്തുകയറിയ പ്രേതങ്ങളും അനവധിയുണ്ടാകണം.

എന്നാല്‍ എന്റെ കാത്തിരിപ്പിനും അവസാനമുണ്ടായി. ഞാന്‍ എന്റെ പ്രേതത്തെ കണ്ടു. പ്രേതത്തെയല്ല, പ്രേതങ്ങളെ. കാരണം അവര്‍ രണ്ടുപേരുണ്ടായിരുന്നു. ആ നിമിഷം വരേക്കും ബസന്ത്‌ അവരെ കൈകാര്യം ചെയ്ത രീതികളോട്‌ എനിക്ക്‌ സഹതാപമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അതിന്ന്‌ എതിരായ അഭിപ്രായം പ്രകടിപ്പിക്കുന്നു.

ഞാനന്ന്‌ താമസിച്ച ബംഗ്ലാവിനെ കത്മല്‍ അതിഥിമന്ദിരമെന്ന്‌ നമുക്ക് വിളിക്കാം. അത്‌ ഭയാനകതയുടെ ഏറ്റവും ചെറിയ ഭാഗമേ ആകുന്നുള്ളു. കുറച്ചെങ്കിലും ബുദ്ധിയുള്ള ഒരുത്തന്‌ അതിഥിമന്ദിരത്തില്‍ അന്തിയുറങ്ങേണ്ട ഒരാവശ്യവും വരില്ല. കല്യാണം കഴിച്ച്‌ സുഖമായി ജീവിക്കുകയേയുള്ളു. കത്മല്‍ അതിഥിമന്ദിരം വളരെ പഴയതും ജീര്‍ണ്ണിച്ചതും ഇതുവരേക്കും ഒരു അറ്റകുറ്റപണികള്‍ക്കു് വിധേയമാകാത്തതുമായിരുന്നു. നിലം പൊട്ടിപ്പൊളിഞ്ഞതായിരുന്നു. ചുമരുകളില്‍ അഴുക്കും പൂപ്പലും പറ്റിപ്പിടിച്ചിരിക്കുന്നു. ജനലുകളും അതുപോലെ തന്നെ അഴുക്കിനാല്‍ കറുത്തിരിക്കുന്നു. പ്രാദേശികരയായ കീഴുദ്യോഗസ്ഥരാണിവിടെ അധികവും വന്നുപോകാറുള്ളത്‌, വെള്ളക്കാര്‍ വളരെ അപൂര്‍വ്വമായേ വരാറുള്ളു. ഇതെനിക്ക്‌ അവിടത്തെ മന്ദിരം സൂക്ഷിപ്പുകാരനില്‍ നിന്നും ലഭിച്ച വിവരമാണ്‌. പ്രായാധിക്യത്താല്‍ നടു വളഞ്ഞ്‌ റ പോലായൊരാളായിരുന്നു അവിടുത്തെ മന്ദിരംസൂക്ഷിപ്പുകാരന്‍.

ഞാനവിടെ എത്തിയപ്പോള്‍ മഴപെയ്യുന്നുണ്ടായിരുന്നു. മഴയ്ക്കകമ്പടിയായി കാറ്റുമുണ്ടായിരുന്നു. കാറ്റ്‌ ചുറ്റിലും കള്ളുചെത്തുകാരന്‍ മരത്തിന്റെ മുകളില്‍ കയറി കയ്യിലെ എല്ലുകൊണ്ട്‌ തട്ടുമ്പോഴുണ്ടാകുന്ന ശബ്ദം പോലൊരു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഞാന്‍ ചെന്നു കയറിയത്‌ മന്ദിരംസൂക്ഷിപ്പുകാരന്‌ വല്ലാതെ ഇഷ്ടപ്പെട്ടുവെന്ന്‌ തോന്നുന്നു. വളരെനാള്‍കൂടിയാണയാള്‍ക്ക്‌ ഒരു ഇംഗ്ലീഷുകാരനെ അതിഥിയായി കിട്ടുന്നത്‌. പണ്ട്‌ അയാളൊരു ഇംഗ്ലീഷുകാരന്റെ വേലക്കാരനായി ജോലിചെയ്തിട്ടുണ്ട്‌. ഞാനയാളുടെ ആ പഴയസാഹിബിനെ അറിയുമോ എന്നായിരുന്നു ആദ്യചോദ്യം. അക്കാലത്ത്‌ അയാള്‍ വളരെ പ്രശസ്തനായിരുന്നുവത്രെ. അയാള്‍ ആ പഴയ സാഹിബിന്റെ പേരുപറഞ്ഞു. അദ്ദേഹം മരിച്ചുമണ്ണടിഞ്ഞുപോയിട്ട് കാല്‍നൂറ്റാണ്ടെങ്കിലും പിന്നിട്ടിരിക്കും. ആ സാഹിബിന്റെ യൌവ്വനകാലത്തെ ഒരു ജീര്‍ണ്ണിച്ചചിത്രം അയാളെനിക്കു കാണിച്ചു തന്നു. അതുപോലൊരു തല ഏതോ പത്രികകളില്‍ അച്ചടിച്ചുവച്ചിരിക്കുന്നത്‌ ഞാന്‍ ഒരു മാസം മുന്നേ കണ്ടിരുന്നു. ഏതോ മരണവാര്‍ഷികക്കുറിപ്പായിരുന്നു എന്നു തോന്നുന്നു. ഞാന്‍ അതിനെക്കുറിച്ച്‌ എന്റെ ആതിഥേയനോട്‌ ഒന്നും പറഞ്ഞില്ല.

ഇരുട്ട്‌ പരന്നു തുടങ്ങിയപ്പോള്‍ മന്ദിരം സൂക്ഷിപ്പുകാരന്‍ എനിക്കുള്ള ഭക്ഷണം തേടിപ്പോയി. അയാളതിനെ ഭക്ഷണം എന്നു വിളിക്കുവാന്‍ താത്പര്യപ്പെട്ടില്ലെന്നു തോന്നുന്നു. പകരം തീറ്റ എന്ന പദമാണുപയോഗിച്ചത്‌. എന്നെ അവഹേളിക്കുവാനോ കളിയാക്കുവാനോ ആയല്ല അങ്ങിനെയൊരു പദം അയാളുപയോഗിച്ചത്‌. ഭക്ഷണം എന്ന വാക്കുതന്നെ അയാള്‍ മറന്നുപോയിരിക്കുന്നു എന്നെനിക്കു തോന്നി.

അയാള്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍, ഞാന്‍ അതിഥി മന്ദിരം നടന്നു കണ്ടു. എന്റേതുകൂടാതെ മൂന്നു മുറികള്‍ കൂടിയുണ്ട്‌. എന്റേത്‌ ഏറ്റവും അരികിലുള്ള മുറിയാണ്‌. ഓരോന്നിനും മഞ്ഞപ്പുകലര്‍ന്ന വെളുത്തവാതിലുകളുണ്ട്‌. അവ ഇരുമ്പിന്റെ നീളമുള്ള താഴുകള്‍കൊണ്ട്‌ ബന്ധിച്ചിട്ടുണ്ട്‌. കെട്ടിടത്തിന്‍റെ പുറംഭിത്തികള്‍ നല്ല ഉറപ്പുള്ളവയെങ്കിലും അകത്തുള്ള ഭിത്തികള്‍, അതായത്‌ മുറികളെ തമ്മില്‍ തമ്മില്‍ തിരിക്കുന്ന ഭിത്തികള്‍ അത്ര ഉറപ്പുള്ളവയായി തോന്നിയില്ല. എന്റെ മുറിയില്‍ ഞാന്‍ ഓരോ കാലടിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും മറ്റ്‌ മൂന്ന്‌ മുറികളിലും പ്രതിധ്വനിക്കുന്നത്‌ എനിക്ക്‌ കേള്‍ക്കാമായിരുന്നു. ചുമരിലേക്ക്‌ അടിച്ചു വിട്ട ഒരു പന്തു പോലെ അകലെയുള്ള ചുമരില്‍ നിന്നും അത്‌ പ്രതിധ്വനിച്ച്‌ എനിക്കു നേരെ തിരിച്ചു വന്നു. അതിനാല്‍ തന്നെ വാതില്‍ അടച്ചിടുവാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ വിളക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല - പകരം മെഴുകുതിരികളായിരുന്നു, അവ അണയാതിരിക്കുവാന്‍ ചില്ലിന്റെ ആവരണങ്ങളില്‍ അവയെ ഇറക്കിവച്ചിരുന്നു. എന്നാല്‍ കുളിമുറിയില്‍ ഒരു തിരി എണ്ണയിട്ട്‌ കത്തിച്ചുവച്ചിരിക്കുന്നു.

സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ കാലെടുത്തുവച്ചിട്ടുള്ളതില്‍ ഏറ്റവും മോശമായ അതിഥിമന്ദിരങ്ങളില്‍ ഒന്നാണിത്‌. തീകായുവാന്‍ ഒരിടമില്ല, ജനലുകള്‍ തുറക്കുവാനാകുന്നില്ല, അതിനാല്‍ തന്നെ ഒരു കൂന കല്‍ക്കരി ഉപകാരമില്ലാതെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു. മഴയും കാറ്റും കെട്ടിടത്തിനു ചുറ്റിലും വീശിയടിച്ച്‌ നൃത്തം ചെയ്തുകൊണ്ടേയിരിക്കുന്നു, കള്ളുചെത്തുവാന്‍ മാത്രമുപയോഗിക്കുന്ന പനമരങ്ങള്‍ കാറ്റില്‍ ഉച്ചത്തിലുച്ചത്തില്‍, എന്തൊക്കെയോ കരണ്ടു തിന്നുന്നതുപോലേയോ അലറി വിളിക്കുന്നതുപോലെയോ ഉള്ള ശബ്ദമുണ്ടാക്കുന്നു. കെട്ടിടത്തിനു ചുറ്റിലും ഒരര ഡസന്‍ കുറുക്കന്‍മാരെങ്കിലും പാട്ടുപാടി നടക്കുന്നു. കുറച്ചകലെ നിന്ന്‌ ഒരു കഴുതപ്പുലി അവയെ കളിയാക്കിക്കൊണ്ടിരിക്കുന്നു. കഴുതപ്പുലി സദ്ദൂസികളെ ഉയിര്‍പ്പിനെക്കുറിച്ച്‌ ഉറപ്പുള്ളവരാക്കും - ഏറ്റവും മോശമായുള്ള മരണത്തില്‍ അകപ്പെട്ടവരെപ്പോലും. പിന്നെ കുറച്ചുകഴിയുമ്പോഴേക്കും എന്റെ "തീറ്റ" വന്നു ചേര്‍ന്നു. അതൊരു നാടന്‍വിഭവമാണോ അതോ ഇംഗ്ലീഷ്‌ വിഭവമാണോ എന്നു പറയുക ബുദ്ധിമുട്ടായിരുന്നു. രണ്ടിന്റേയും മിശ്രിതമോ, രണ്ടിന്റേയും മറ്റൊരു രൂപാന്തരമോ എന്തോ. അതിനു പുറകില്‍ എന്റെ മന്ദിരം സൂക്ഷിപ്പുകാരന്‍ മരിച്ചു മണ്ണടിഞ്ഞുപോയ ഇംഗ്ലീഷുകാരെക്കുറിച്ച്‌ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. കാറ്റ്‌ മെഴുകുതിരിയെ ഊതിക്കെടുത്തുവാന്‍ ആവത്‌ ശ്രമിക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നും ചെറുത്തുനിന്നിരുന്ന മെഴുകുതിരി നാളം ചുമരില്‍ മെത്തയുടേയും കൊതുകുവലയുടേയും അമൂര്‍ത്തരൂപങ്ങള്‍ വരച്ചുകൊണ്ടിരുന്നു. തന്റെ കഴിഞ്ഞ കാലത്തിലെമാത്രമല്ല ഇനി ശേഷിച്ച ജീവിതത്തില്‍ ചെയ്യുവാന്‍ പോകുന്നതുമായ എല്ലാ തെറ്റുകുറ്റങ്ങളെക്കുറിച്ചും ഒരു മനുഷ്യനെ ഓര്‍മ്മിപ്പിക്കുവാന്‍ ഉതകുന്നതായിരുന്നു ആ സായാഹ്നവും ഭക്ഷണവും.

അനേകായിരം കാരണങ്ങള്‍കൊണ്ട്‌ ഉറക്കം വരിക എന്നത്‌ എളുപ്പമായിരുന്നില്ല. കുളിമുറിയിലെ തിരിയില്‍ നിന്നും അരിച്ചിറങ്ങിയ വെളിച്ചം എന്റെ മുറിയുടെ ചുമരില്‍ വ്യത്തികെട്ട ചിത്രങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു. കാറ്റ്‌ അസഭ്യം പറയുവാന്‍ തുടങ്ങിയിരിക്കുന്നു.

അങ്ങിനെ രക്തം കുടിയ്ക്കുവാനുതകുന്നവര്‍ക്ക്‌ പാകമായ രീതിയില്‍ പരിസരമൊരുങ്ങിയപ്പോള്‍ പുറത്തുനിന്നും കരടികളുടെ ഞരക്കങ്ങള്‍ കേട്ടുതുടങ്ങി. ആദ്യം ഒന്ന്‌, പിന്നെ ഒന്നുകൂടി, വീണ്ടുമതാ ഒന്ന്‌, അങ്ങിനെ മൂന്നെണ്ണം. അവ എവിടെനിന്നോ നിലത്തേക്കെടുത്തുചാടി. ചാട്ടത്തിന്റെ ആഘാതം എന്റെ മുറിയുടെ മുന്‍വാതില്‍ വരെയെത്തി. വാതിലൊന്നു കുലുങ്ങി. "ആരോ അകത്തുവരുവാന്‍ ശ്രമിക്കുകയാണ്‌" എനിക്കു തോന്നി. ഞാനുച്ചത്തില്‍ ആഗതന്‌ സ്വാഗതമരുളുകയും ചെയ്തു. എന്നാല്‍ പിന്നീട്‌ അനക്കമൊന്നുമുണ്ടായില്ല. കാറ്റടിച്ചതായിരിക്കും എന്ന്‌ ഞാന്‍ സമാധാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മന്ദിരത്തിന്‍റെ മുന്‍വാതില്‍ വലിച്ചുതുറക്കുന്ന ശബ്ദം കേട്ടു. ഒട്ടൊന്ന്‌ ധാര്‍ഷ്ട്യത്തോടെ അത്‌ അകത്തേക്ക്‌ തള്ളി തുറക്കപ്പെടുകയാണ്‌. "അതേതെങ്കിലും സബ്‌-ഡെപ്യൂട്ടി അസിസ്റ്റന്റുമാരായിരിക്കും." ഞാന്‍ എന്നോട്‌ തന്നെ പറഞ്ഞു. "അദ്ദേഹത്തിനോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമുണ്ടാകും. ഇനിയവര്‍ വെടിവട്ടത്തിന്നൊരുങ്ങും. ചുരുങ്ങിയത്‌ ഒരു മണിക്കൂറെങ്കിലും ഉച്ചത്തില്‍ സംസാരിച്ചും മുറുക്കിത്തുപ്പിയും പുകവലിച്ചും പാഴാക്കും." ഞാന്‍ പിറുപിറുത്തു.

എന്നാല്‍ പിന്നെ ശബ്ദങ്ങളോ കാലടികളോ കേട്ടില്ല. അടുത്ത മുറിയില്‍ ബാഗുകള്‍ ഇറക്കിവയ്ക്കുന്ന ശബ്ദം കേട്ടില്ല. വാതിലടഞ്ഞു. എന്നെ എന്റെ സമാധാനത്തിന്റെ വഴിയില്‍ തന്നെ വിട്ടതിന്‌ ഞാന്‍ ദൈവത്തിനോട്‌ നന്ദി പറഞ്ഞു. അപ്പോഴും ആ കരടികള്‍ എങ്ങുപോയി മറഞ്ഞു എന്നറിയുവാനുള്ള താത്പര്യം എന്നില്‍ നിറഞ്ഞു നിന്നു. ഞാന്‍ മെത്തയില്‍ നിന്നെഴുന്നേറ്റു. ഇരുട്ടിലേക്ക്‌ നോക്കി. അവിടെയൊന്നും കരടികള്‍ വരികയോ പോകുകയോ ചെയ്തതിന്‍റെ ഒരു ലക്ഷണവും കണ്ടില്ല. ഞാന്‍ തിരികെ മെത്തയിലേക്ക്‌ നടന്നു. പെട്ടെന്ന്‌ ഞാനൊരു ശബ്ദം കേട്ടു. ഈ ശബ്ദം എന്തിന്റെയെന്ന്‌ ഏതൊരു മനുഷ്യനും തിരിച്ചറിയുവാനാകും. ഇത്‌ ഒരു ബില്ല്യാര്‍ഡ്‌ ബോളില്‍ കളിക്കാരന്‍ ആഞ്ഞടിക്കുമ്പോള്‍ പന്ത്‌ ഉരുണ്ടുപോകുന്ന ശബ്ദമാണ്‌. ഈ ശബ്ദം പോലെ മറ്റൊരു ശബ്ദമില്ല. ഞാന്‍ കാതോര്‍ത്തു. കുറച്ചുകഴിഞ്ഞപ്പോള്‍ അതുപോലെ വീണ്ടും ഒരു ശബ്ദം കൂടി കേട്ടു. ഞാന്‍ എന്‍റെ മെത്തയിലേക്ക്‌ ചാടിക്കയറി. ഞാന്‍ ഭയന്നിരുന്നോ - തീര്‍ച്ചയായും ഇല്ല. അപ്പോഴും ആ കരടികള്‍ എവിടെപ്പോയി മറഞ്ഞു എന്നായിരുന്നു എന്റെ ചിന്ത മുഴുക്കെ. ആ ചിന്ത തന്നെയായിരിക്കണം എന്നെ മെത്തയിലേക്ക്‌ ചാടിക്കയറുവാന്‍ പ്രേരിപ്പിച്ചത്‌.

അടുത്ത നിമിഷത്തില്‍ ബില്ല്യാര്‍ഡിന്റെ പന്ത്‌ മേശയുടെ വശങ്ങളില്‍ രണ്ടു തവണ തട്ടി നീങ്ങുന്ന ശബ്ദം ഞാന്‍ കേട്ടു. എന്റെ ശരീരത്തിലെ രോമങ്ങളത്രയും എഴുന്നേറ്റുനിന്നു. അങ്ങിനെപറഞ്ഞാന്‍ അത്‌ തെറ്റായിരിക്കും. ശരീരമാസകലം ത്വക്ക്‌ വലിഞ്ഞു മുറുകി. ആ വലിഞ്ഞുമുറുകലില്‍ എനിക്ക്‌ ബോധക്ഷയം സംഭവിക്കുമെന്നും എന്റെ കാലടി മുതല്‍ ഉച്ചിവരെ എന്തോ ഒന്ന്‌ വലിഞ്ഞുകയറിപ്പോകുന്നുവെന്നും എനിക്കു തോന്നി. ആ തോന്നലിനെയാണ്‌ ഞാനെന്റെ രോമം എഴുന്നുനിന്നതായി പറഞ്ഞത്‌.

വീണ്ടും ഒരു ക്ലിക്ക്‌ ശബ്ദവും പന്തുരുളുന്ന ശബ്ദവും കേട്ടു. ഇത്‌ ഒരു ബില്ല്യാര്‍ഡ്‌ മേശയില്‍ നിന്നല്ലാതെ വരില്ല. അതുറപ്പ്‌. ഞാന്‍ എന്നോട്‌ തന്നെ വളരെ നേരം തര്‍ക്കിച്ചു; അടുത്ത മുറിയില്‍ ആകെയുള്ള മരഉരുപ്പടികള്‍ ഒരുമേശ, രണ്ടു കസേര, ഒരു കട്ടിള്‍, ഇത്രമാത്രം, ഇവയ്ക്ക്‌ എങ്ങിനെ ഒരു ബില്ല്യാര്‍ഡ്‌ മേശയുടെ ശബ്ദമുണ്ടാക്കുവാനാകും? രണ്ടു മൂന്നുതവണ കൂടി ഞാന്‍ അതേശബ്ദങ്ങളുടെ ആവര്‍ത്തനം കേട്ടു. ഞാന്‍ എന്നോട്‌ തര്‍ക്കിക്കുന്നത്‌ നിറുത്തിവച്ചു. എനിക്കുറപ്പായി. ഞാന്‍ എന്റെ പ്രേതത്തിനെ കണ്ടെത്തിയിരിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെടുവാന്‍, ഈ അതിഥിമന്ദിരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍, അന്നേരം എന്തും നല്കുവാന്‍ ഞാന്‍ തയ്യാറായിരുന്നു. ഞാന്‍ എന്റെ ചെവി വട്ടംപിടിച്ചു. അപ്പുറത്തെ മുറിയില്‍ കളി മുറുകുകയാണ്‌. ഓരോ തവണ പന്തിന്‍മേല്‍ ക്ലിക്ക്‌ എന്ന്‌ കുത്തിയടിക്കുന്നതും പന്ത്‌ വട്ടം ചുറ്റി കുഴിയില്‍ വീഴുന്നതും ഞാനറിഞ്ഞു. ഇടക്ക്‌ പന്ത്‌ മേശയുടെ അരികില്‍ തട്ടിക്കറങ്ങി വീണ്ടും മറ്റൊരരുകില്‍ തട്ടി എങ്ങോ പോയി നിന്നു. ചിലപ്പോളത്‌ മറ്റൊരു പന്തില്‍ കൂട്ടിയിടിച്ചു. എന്റെ സംശയം പമ്പ കടന്നു. അപ്പുറത്തെ മുറിയില്‍ ആരൊക്കെയോ കൂടി ബില്ല്യാര്‍ഡ്സ്‌ കളിക്കുകയാണ്‌.... പക്ഷേ ഒരു ബില്ല്യാര്‍ഡ്സ്‌ മേശയിടുവാന്‍ മാത്രം വലിപ്പം അടുത്ത മുറിക്കില്ലല്ലോ?

കാറ്റ്‌ നിലയ്ക്കുന്ന ഇടവേളകളില്‍ ഞാന്‍ ആ പന്തിന്റെ ശബ്ദം കൂടുതല്‍ ശ്രദ്ധിച്ചു - ഓരോ ചലനവും എനിക്ക്‌ വ്യക്തമായി കേള്‍ക്കാമായിരുന്നു. ശബ്ദങ്ങള്‍ കേള്‍ക്കാനാകുന്നില്ലെന്ന്‌ എന്നെ വിശ്വസിപ്പിക്കുവാന്‍ ഞാന്‍ പലതവണ ശ്രമം നടത്തി, എന്നാല്‍ അത്‌ പൂര്‍ണ്ണപരാജയമായിരുന്നു.

ഭയം എന്നാല്‍ എന്താണെന്ന്‌ നിങ്ങള്‍ക്കറിയാമോ? അപമാനം, പരിക്ക്‌ അല്ലെങ്കില്‍ മരണം എന്നിവ മൂലമുണ്ടാകുന്ന സാധാരണ ഭയമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത, നട്ടെല്ലിലൂടെ തണുപ്പ്‌ അരിച്ചിറക്കുന്ന, നിങ്ങളൊരിക്കലും കണ്ടിട്ടില്ലാത്ത വസ്തുവിനെക്കുറിച്ചുള്ള ഭയം. വായും തൊണ്ടയും വരണ്ടൊട്ടുന്ന ഭയം. കൈവള്ളകള്‍ പോലും വിയര്‍ത്തൊലിക്കുന്ന ഭയം. നിങ്ങളുടെ നാഡികളുടെ പ്രവര്‍ത്തനം നിലനിറുത്തുവാന്‍ നിങ്ങള്‍ പ്രയാസപ്പെടുന്നതരത്തിലുള്ള ഭയം. ഇത്‌ നല്ലൊരു ഭയം തന്നെ -- ഒരു പേടിത്തൊണ്ടന്റെ ഭയം, അതിനെ അഭിനന്ദിക്കാതിരിക്കുവാന്‍ നിവൃത്തിയില്ല. ഒരു അതിഥിമന്ദിരത്തില്‍ രാത്രിയില്‍ ബില്ല്യാര്‍ഡ്സ്‌ കളിക്കുക എന്ന അവിശ്വസനീയത, അതിതാ ഇവിടെ സത്യമായിരിക്കുന്നു. ഒരുത്തന്‍ മദ്യത്തിന്‍റെ ഉന്മത്തതയുടെ ഉത്തുംഗത്തിലായിരുന്നാല്‍ പോലും ഇങ്ങിനെയൊന്ന്‌, ഇവിടെ ഈ പാതിരാത്രിയില്‍ ബില്ല്യാര്‍ഡ്സ്‌ കളിക്കുക എന്നത്‌, ഊഹിച്ചെടുക്കുവാനാകില്ല.

ഈ അതിഥി മന്ദിരങ്ങളെക്കുറിച്ചിത്രയും ഗഹനത്തില്‍ പഠിക്കുന്നതിന്‌ ഇങ്ങിനേയും ഒരു ദൂഷ്യവശമുണ്ട്‌. അത്‌ അനന്തമായ സത്യസന്ധത, ചെറുകാര്യങ്ങളില്‍ വിശ്വാസം വളര്‍ത്തുന്നു. അതിഥിമന്ദിരങ്ങളെക്കുറിച്ച്‌ ഇത്തിരിയെങ്കിലും ഭയമുള്ള ഒരാളോട്‌ മറ്റൊരാള്‍ : "അടുത്ത മുറിയില്‍ ഒരു ശവശരീരമുണ്ട്‌, അതിന്നടുത്തതില്‍ ഭ്രാന്തിയായ ഒരു പെണ്‍കുട്ടിയുണ്ട്‌, ഇവിടെ അടുത്ത്‌ ഒരു അറുപത്‌ നാഴിക ദൂരത്തുനിന്നാണ്‌ ഒരു സ്ത്രീ ഒരുത്തന്റെ കൂടെ ഒരു ഒട്ടകപ്പുറത്ത്‌ ഒളിച്ചോടിയത്‌" എന്നൊക്കെ പുലമ്പിയാല്‍, ഒന്നും സത്യമാകാതിരിക്കുവാന്‍ സാധ്യതയില്ല എന്ന്‌ അറിവുള്ളതിനാല്‍ കേള്‍വിക്കാരന്‍ ആ പറഞ്ഞതിനെയൊക്കെ അപ്പാടെ തള്ളിക്കളയുവാന്‍ തയ്യാറാകില്ല. ഒരു അതിഥി മന്ദിരത്തില്‍ എന്തുവേണമെങ്കിലും സംഭവിക്കാമെന്ന്‌ ആ കേള്‍വിക്കാരന്നറിയാം.

ഈ സത്യസന്ധത ഒരു പരിധിവരെയെങ്കിലും പ്രേതങ്ങള്‍ക്കുമുണ്ട്‌. ഒരു സാധാരണമനുഷ്യന്‍ ഈ സാഹചര്യത്തില്‍ കണ്ണുകളടച്ച്‌ വശംതിരിഞ്ഞുകിടന്ന്‌ ഉറങ്ങിപ്പോയേനെ. എന്നാല്‍ എനിക്കതിനായില്ല. എന്റെ ശരീരത്തിലുള്ള രക്തമത്രയും അപ്പോള്‍ എന്റെ ഹൃദയത്തിന്നകത്തേക്കെത്തിയിരിക്കുന്നു. ഹൃദയം അതിനെയവിടെനിന്നും ശരീരത്തിന്‍റെ വിവിധഭാഗങ്ങളിലേക്കെത്തിക്കുവാന്‍ പെടാപാടുപെടുകയാണ്‌. അടുത്ത മുറിയില്‍ നടക്കുന്ന ബില്ല്യാര്‍ഡ്സ്‌ കളിയുടെ ഓരോ ചലനങ്ങളും അപ്പോഴും എനിക്കു കേള്‍ക്കാനുണ്ട്‌. പന്തുരുളുന്നതും പന്ത്‌ മേശയുടെ അരികില്‍ തട്ടി തെറിച്ചുപോകുന്നതുമായ ശബ്ദങ്ങള്‍ ആ മുറിയുടെ ഇരുമ്പുചട്ടകളുള്ള വാതിലും കടന്ന്‌ എന്നെ തേടി വന്നുകൊണ്ടിരുന്നു. കളിയില്‍ ഒരഭിപ്രായവ്യത്യാസമുണ്ടാകുകയും കളിക്കാര്‍ ഒരു റഫറിയേയോ സ്കോറുകള്‍ സൂക്ഷിക്കാന്‍ കഴിവുള്ള ഒരാളേയോ തേടുകയും ചെയ്യുമോ എന്നായിരുന്നു എന്റെ ഭയം. വളരെ ബാലിശമായ ഒരു ഭയം അല്ലേ, ഈ ഇരുട്ടത്ത്‌ കളിക്കുവാന്‍ കഴിവുള്ള അവര്‍ ഇത്തരം കാര്യങ്ങളില്‍ വേവലാതിപ്പെടുന്നവരാകില്ലല്ലോ? അതെന്റെ ഭയം മാത്രമാണെന്ന്‌ എനിക്കുമറിയാമായിരുന്നു, എന്നാല്‍ ആ ഭയം സത്യമായും ഒരു ഭയമായിരുന്നു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ കളിയവസാനിച്ചു. വാതിലുകള്‍ വലിച്ചടയ്ക്കുന്ന ശബ്ദം വന്നു. ഞാന്‍ നന്നേ ക്ഷീണിതനായിരുന്നു, അതിനാല്‍ തന്നെ ഉറങ്ങിപ്പോയി. ക്ഷീണമില്ലായിരുന്നെങ്കില്‍ വെളുക്കും വരെ ഉണര്‍ന്നിരിക്കുമായിരുന്നു ഞാന്‍. അതെന്തോ ആകട്ടെ, ലോകത്തിലുള്ള എന്ത്‌ തരാമെന്നു പറഞ്ഞാലും അപ്പോള്‍ ഞാന്‍ അടുത്ത മുറിയുടെ വാതിലൊന്ന്‌ തുറന്ന്‌ നോക്കുമായിരുന്നില്ല.

നേരം വെളുത്തപ്പോള്‍ കഴിഞ്ഞ രാത്രി ഞാന്‍ ബുദ്ധിപൂര്‍വ്വമാണ്‌ പെരുമാറിയതെന്ന്‌ സ്വയം പ്രഖ്യാപിച്ചു. ഉടന്‍ സ്ഥലം ഒഴിവാക്കുവാനായുള്ള മാര്‍ഗ്ഗങ്ങളാരാഞ്ഞു.

ഞാന്‍ മന്ദിരം സൂക്ഷിപ്പുകാരനുമായി ചങ്ങാത്തം കൂടി. "ഇന്നലെ രാത്രി ആ കരടികള്‍ നമ്മുടെ ഈ മന്ദിരത്തിനു ചുറ്റിലും എന്തെടുക്കുകയായിരുന്നു?" ഞാന്‍ ചോദിച്ചു.

"കരടികളോ?" എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഞാന്‍ അടുത്ത മുറിയിലേക്ക്‌ പോയി. വെളിച്ചം തുറന്നിട്ട വാതിലിലൂടെ മുറിയില്‍ ശോഭ പരത്തി. ഞാന്‍ അപ്പോള്‍ തീര്‍ത്തും ധൈര്യവാനായി. അന്നേരം ആരെങ്കിലും വരികയാണെങ്കില്‍ ഞാനും കുറച്ചു നേരം ബില്ല്യാര്‍ഡ്സ്‌ കളിക്കുവാന്‍ തയ്യാറായിരുന്നു.

"ഈ സ്ഥലം വളരെക്കാലമായി അതിഥിമന്ദിരം തന്നെയായിരുന്നോ?" ഞാന്‍ ചോദിച്ചു.

"ഹേയ്‌ ... അല്ല" മന്ദിരം സൂക്ഷിപ്പുകാരന്‌ ഓര്‍മ്മയില്‍ പരതേണ്ടി വന്നില്ല. "ഒരു പത്തിരുപത്‌ വര്‍ഷമേ ആയിട്ടുള്ളു ഇതൊരു അതിഥി മന്ദിരമായിട്ട്‌, അതിനു മുമ്പ്‌ ഇത്‌ അവര്‍ ബില്ല്യാര്‍ഡ്സ്‌ കളിച്ചിരുന്ന സ്ഥലമാണ്‌. "

"ഏന്ത്‌?"

"ഇവിടെ റയില്‍വെയുടെ ജോലിക്കായി വന്ന സാഹിബുമാര്‍ക്ക്‌ ബില്ല്യാര്‍ഡ്‌ കളിക്കുവാനുള്ള മുറി. അന്ന്‌ റയില്‍വെ സാഹിബുമാര്‍ താമസിച്ചിരുന്ന മന്ദിരത്തിലും ഞാന്‍ തന്നെയാണ്‌ ജോലി ചെയ്തിരുന്നത്‌. ഞാനന്ന്‌ ഇവിടേക്ക്‌ സാഹിബുമാര്‍ക്കുള്ള ബ്രാണ്ടിച്ചാരായവുമായി വരാറുണ്ടായിരുന്നു. അന്ന്‌ ഈ മൂന്നുമുറികളും കൂടി ഒറ്റ വലിയ മുറിയായിരുന്നു. നടുക്ക്‌ ഒരു വലിയ മേശയുണ്ടായിരുന്നു. അതിന്മേലാണവര്‍ കളിച്ചിരുന്നത്‌. ആ സാഹിബുമാരൊക്കെ മരിച്ചുപോയി. അവരുണ്ടാക്കിയ റയില്‍വെ ഇപ്പോഴുമോടുന്നു. കണ്ടില്ലേ ഇതുവഴി കാബൂളിലേക്ക്‌ പോകുന്ന ഈ റയില്‍പാത.. "

"ആ സാഹിബുമാരെക്കുറിച്ച്‌ എന്തെങ്കിലും ഓര്‍മ്മയിലുണ്ടോ?"

"അതൊക്കെ വളരെ പണ്ടല്ലേ. എന്നാലും എനിക്കിപ്പോഴു അതിലൊരു സാഹിബിനെ മറക്കുവാന്‍ പറ്റുന്നില്ല. നല്ല തടിയുള്ള ഒരാളായിരുന്നു അദ്ദേഹം. ദേഷ്യം മൂക്കിന്റെ തുമ്പത്തായിരുന്നു. ഒരുദിവസം ഇവിടെ കളിച്ചുകൊണ്ടിരുന്നതിനിടയ്ക്ക്‌ അദ്ദേഹം എന്നെ വിളിച്ചു: 'മംഗള്‍ താന്‍ വെള്ളം കൊണ്ടുവാ, കുറച്ച്‌ ബ്രാണ്ടിയും' എന്നുറക്കെ വിളിച്ചുപറഞ്ഞു. ഞാന്‍ ഗ്ലാസ്‌ നിറച്ചു. അദ്ദേഹമപ്പോള്‍ കളിയില്‍ അടുത്തയടിയടിക്കുവാനായി മുന്നോട്ടാഞ്ഞ്‌ വടിയില്‍ ഉന്നം പിടിക്കുകയായിരുന്നു, പെട്ടെന്ന്‌ അദ്ദേഹത്തിന്റെ തല മേശയിലേക്ക്‌ ചരിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണട ഊരി താഴെവീണു. അവിടെയുണ്ടായിരുന്ന മറ്റ്‌ സാഹിബുമാരും ഞാനും കൂടി ഓടിച്ചെന്ന്‌ അദ്ദേഹത്തെ താങ്ങി നിറുത്തി. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ പോയിരുന്നു. അദ്ദേഹത്തെ പുറത്തേക്ക്‌ കൊണ്ടുപോകുവാന്‍ ഞാനും കൂടി സഹായിച്ചു. എന്തൊരു കരുത്തുള്ള സാഹിബായിരുന്നു അദ്ദേഹം! പക്ഷേ പറഞ്ഞു തീരുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്‍റെ ജീവന്‍ പോയി. പക്ഷേ ഈ മെലിഞ്ഞ വയസ്സന്‍ ഇന്നും ജീവിക്കുന്നു. നിങ്ങളുടെയെല്ലാം കടാക്ഷംകൊണ്ട്‌. "

അക്കഥയെനിക്ക്‌ ദഹിക്കാവുന്നതിലും കൂടുതലായി! എനിക്കെന്റെ പ്രേതം എവിടെനിന്നും വന്നുവെന്നതിനുള്ള കാരണം കണ്ടെത്തുവാനായി. ഇതുവച്ച്‌ ഞാന്‍ മനശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ഒരു കത്തെഴുതും - ഈ സാമ്രാജ്യത്തെമുഴുക്കെ ഞാനീ കഥ കേള്‍പ്പിക്കും. ഞാന്‍ സത്യമായും പ്രേതത്തിനെ കണ്ടിരിക്കുന്നു. എന്നാല്‍ എന്തെങ്കിലും എനിക്ക്‌ ചെയ്യണമെങ്കില്‍ ആദ്യം എനിക്ക്‌ ഈ പ്രേതബംഗ്ലാവില്‍ നിന്നും രക്ഷപ്പെടണം. അതായത്‌ ഒരു എണ്‍പത്‌ നാഴിക ഈ വയലിലിനു കുറുകെ ഇന്ന്‌ വൈകുന്നേരമാകുമ്പോഴേക്കും എനിക്ക്‌ യാത്ര ചെയ്യണം. പിന്നെ വേണമെങ്കില്‍ ആ മനശാസ്ത്രഗവേഷകസമൂഹം അവരുടെ ആള്‍ക്കാരെ ഇവിടെ എന്താണു സംഭവിക്കുന്നത്‌ എന്നറിയുവാനായി അയച്ചോട്ടെ.

ഞാനെന്റെ മുറിയിലേക്ക്‌ പോയി. സാധങ്ങള്‍ വലിച്ച്‌ എന്റെ സഞ്ചിയിലിടുവാന്‍ തുടങ്ങി. അതിനു മുമ്പ്‌ അവിടെ നടന്നതെല്ലാം ഞാന്‍ കുറിച്ചുവച്ചു. ഒരു സിഗരറ്റു വലിച്ചു. അപ്പോള്‍ ഞാന്‍ അടുത്ത മുറിയില്‍ വീണ്ടും കളിയാരംഭിച്ചതറിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇത്തവണത്തെ കളിയ്ക്ക്‌ എന്തോ ചെറിയ ഒരു വ്യത്യാസമുണ്ട്‌. ബില്ല്യാര്‍ഡ്സിന്റെ പന്ത്‌ ചീറിയൊഴുകിപോകുന്ന ആ ശബ്ദം എനിക്ക്‌ കേള്‍ക്കാനാകുന്നില്ല. അല്ലെങ്കില്‍ അതിന്‌ ഇന്നലെ രാത്രിയില്‍ ഞാന്‍ കേട്ട അത്രതന്നെ നീളമില്ല.

ആ മുറിയുടെ വാതിലപ്പോള്‍ തുറന്നു കിടക്കുകയായിരുന്നു. പന്ത്‌ രണ്ടുതവണ തട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. ഒരിക്കല്‍ തട്ടി മേശക്കരികില്‍ ചെന്നിടിക്കുമ്പോഴുള്ള ആ ഇരട്ടശബ്ദം. എനിക്ക്‌ പക്ഷേ അപ്പോള്‍ ഭയം തോന്നിയില്ല്‌. ഞാന്‍ മുറിയിലേക്ക്‌ പ്രവേശിച്ചു. കാരണം അപ്പോഴേക്കും സൂര്യന്‍ ഉഗ്രപ്രതാപിയാകുവാനും വെളിച്ചം വാരിവിതറുവാനും തുടങ്ങിയിരുന്നുവല്ലോ. മുറിക്കകത്തേക്ക്‌ ചെറിയൊരു കാറ്റും ഇളകിയെത്തുന്നുണ്ടായിരുന്നു.

ഞാന്‍ ശ്രദ്ധിച്ചു. സാമാന്യം നല്ല വേഗതയില്‍ തന്നെ കളി നടന്നുകൊണ്ടിരിക്കുകയാണ്‌. ഞാന്‍ ശ്രദ്ധിച്ചു. മുറിയുടെ സീലിങ്ങിനുമുകളില്‍ നിന്നാണാശബ്ദം വരുന്നത്‌. അതെ, അവിടെ എലികള്‍ പരക്കം പായുകയാണ്‌. അതിന്നിടയ്ക്ക്‌ ഇളകിക്കിടക്കുന്ന വാതിലിന്റെ ഇരുമ്പുതാഴുകള്‍ കാറ്റത്ത്‌ ഇളകിയാടി എവിടേയോ തട്ടുകയും ചെയ്യുന്നു. അങ്ങിനെ തട്ടുമ്പോള്‍ അവ ഞാനതുവരേക്കും കേട്ട "ക്ലിക്ക്‌" ശബ്ദമുണ്ടാക്കുന്നു. ആ തട്ടലിനോടൊപ്പം പായുന്ന എലി ഒരു ശീല്‍ക്കാരശബ്ദമുണ്ടാക്കുന്നു.

ഈ രണ്ട്‌ ശബ്ദങ്ങളും കൂടിച്ചേര്‍ന്നാല്‍ ഒരു ബില്ല്യാര്‍ഡ്സ്‌ മേശയില്‍ നിന്നും വരുന്ന ശബ്ദമല്ലെന്ന്‌ ആരും പറയില്ല. മേശയ്ക്കു മുകളിലൂടെ ഉരസി നീങ്ങുന്ന ബില്ല്യാര്‍ഡ്സ്‌ പന്തിന്റെ ശബ്ദം എനിക്കെങ്ങിനെ തെറ്റും. അത്‌ ഇവിടെ ക്യത്യമായും പുനരാവിഷ്കരിക്കപ്പെട്ടിരിക്കുകയല്ലേ. ശ്രദ്ധിക്കൂ... കുറച്ചൊന്ന്‌ വേഗതകൂടുതലുണ്ട്‌ എന്നല്ലേയുള്ളൂ.

അതേ സമയം എന്റെ ദുഃഖങ്ങളുടെ പങ്കാളിയായ കാദിര്‍ ബക്ഷ്‌ കോപിച്ച്‌ അകത്തുവന്നു.

"ഈ മന്ദിരം മഹാവൃത്തികെട്ടതു തന്നെ. താഴ്ന്നജാതിക്കാര്‍ താമസിക്കുന്നിടമാണെന്ന്‌ തോന്നുന്നു. വെറുതെയല്ല ഇവിടെ ഇത്രയും വൃത്തികെട്ടതായിരിക്കുന്നത്‌. ഇന്നലെ കരടികളെപ്പോലെ ആകെ മൂടിപ്പുതച്ച്‌ മൂന്നുപേര്‍ വന്നിരുന്നു. സായിപ്പന്മാര്‍ താമസിച്ചിരുന്ന ഈ മന്ദിരത്തില്‍ അന്തിയുറങ്ങുക എന്നത്‌ അവരുടെ അധികാരമാണത്രെ. ഇവിടെ ഇംഗ്ലീഷുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും താമസിക്കുവാന്‍ പാടില്ലെന്ന്‌ ഞാന്‍ പറഞ്ഞിട്ട്‌ അവര്‍ കേള്‍ക്കണ്ടെ. നമ്മുടെ ഈ പ്രിയപ്പെട്ട മന്ദിരംസൂക്ഷിപ്പുകാരന്‌ എന്ത്‌ അധികാരമുണ്ട്‌ ഇതിനൊക്കെ? അവര്‍ അവരുടെ കരുത്തുപയോഗിച്ച്‌ അകത്തു കടക്കുവാന്‍ ശ്രമിച്ചു. അവരെങ്ങാന്‍ അകത്തുകടക്കുകയായിരുന്നുവെങ്കില്‍ ഇവിടെ ഇനിയും വൃത്തികേടാക്കുമായിരുന്നു. നാണക്കേടു തന്നെ. ഇതൊക്കെ ആ മന്ദിരം സൂക്ഷിപ്പുകാരന്റെ പണിയാണ്‌. അയാളനുവദിച്ചിട്ടാണ്‌. "

വന്നിരുന്ന ഓരോരുത്തരില്‍ നിന്നും വാടകയിനത്തില്‍ രണ്ട്‌ അണവീതം നേരത്തെ അയാള്‍ വാങ്ങിവച്ചിരുന്നു എന്നതുമാത്രം കാദിര്‍ ബക്ഷ്‌ പറഞ്ഞില്ല. എന്നിട്ട്‌ എന്റെ ചെവിവട്ടത്തില്‍ അവരുടെ ശബ്ദം വീഴാതിരിക്കുവാന്‍ ശ്രമിച്ചതും ഞാന്‍ എഴുന്നേല്‍ക്കുന്നതിനുമുമ്പ്‌ അവന്‍റെ കയ്യിലുള്ള ആ വലിയ പച്ചക്കുടയെടുത്ത്‌ അവരെ അടിച്ചോടിച്ചതും അവന്‍ പറഞ്ഞില്ല. കാവല്‍ക്കാരന്റെ ജോലിചെയ്യുന്ന കാദിര്‍ ബക്ഷിന്‌ മര്യാദകള്‍ എന്തെന്നു തന്നെ അറിയില്ലല്ലോ?

ഞാന്‍ മന്ദിരം സൂക്ഷിപ്പുകാരനെ വിളിച്ചു. എന്റെ ചോദ്യങ്ങള്‍ അയാളെ കരയിപ്പിച്ചു. അയാള്‍ ക്ഷമചോദിക്കുവാനും അറിവുകേട്‌ നടിക്കുവാനും തുടങ്ങി. ഞാനയാളുമായി ദീര്‍ഘദീര്‍ഘം സംസാരിച്ചു. ഇടയ്ക്ക്‌ ഞാന്‍ മരിച്ചുപോയ എഞ്ചിനീയര്‍ സായിപ്പിന്റെ കഥ വീണ്ടും കൊണ്ടുവന്നു. മൂന്നു തവണ മന്ദിരം സൂക്ഷിപ്പുകാരന്‍ അയാള്‍ മരിച്ചത്‌ എങ്ങിനെയെന്ന്‌ എനിക്ക്‌ വിവരിച്ചു. അതില്‍ രണ്ടു തവണയും അയാളുടെ മരണം സംഭവിച്ചത്‌ ഇവിടെ നിന്നും ഏകദേശം അമ്പത്‌ നാഴിക ദൂരത്തുവച്ചായിരുന്നു. മൂന്നാമത്തെ തവണയായപ്പോള്‍ മരണം കല്‍ക്കട്ടയിലേക്ക്‌ മാറി. മരണം സംഭവിച്ചതാകട്ടെ ഒരു വണ്ടിയപകടത്തിലും.

ഒരു പക്ഷേ ഞാന്‍ ഒന്നുകൂടി പ്രോത്സാഹിപ്പിക്കുകയായിരുന്നുവെങ്കില്‍ അയാള്‍ ആ എഞ്ചിനീയറുടെ മരണവും മൃതദേഹവും കൊണ്ട്‌ ബംഗാള്‍ മുഴുക്കെ കറങ്ങിയേനെ. എവിടെയെങ്കിലും മരണമൊന്നുറപ്പിക്കുവാനുള്ള വെപ്രാളത്തില്‍.

ഞാന്‍ മുറിയൊഴിവാക്കേണ്ടെന്ന്‌ തീരുമാനിച്ചു. അന്നു രാത്രിയിലും അവിടെ തന്നെ തങ്ങി. അന്നുരാത്രിയിലും ആ അതിഥി മന്ദിരത്തിലെ പ്രേതങ്ങള്‍ ബില്ല്യാര്‍ഡ്സ്‌ കളിച്ചു. രാത്രിയേറെചെന്നപ്പോള്‍ കാറ്റ്‌ ശമിച്ചു. അപ്പോള്‍ ജനലുകളുടെ ഇളകിയാടുന്ന താഴുകളുടെ ഇളക്കവും നിലച്ചു. അതിനോടൊപ്പം ബില്ല്യാര്‍ഡ്സ്‌ കളിയും. എനിക്ക്‌ സത്യത്തില്‍ അപ്പോഴാണ്‌ വിഷമം തോന്നിയത്‌. പ്രേതത്തിനെ കാണുവാനുള്ള, പ്രേതവുമൊത്ത്‌ ഒരു രാത്രി കഴിയുവാനുള്ള അവസരമാണ്‌ ഞാന്‍ കളഞ്ഞുകുളിച്ചത്‌. സത്യസന്ധമായ ഒരു പ്രേതകഥയ്ക്കുള്ള അവസരം.

അനാവശ്യമായി കൂടുതലറിയാന്‍ ഞാനിറങ്ങാതിരുന്നുവെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നുവെങ്കിലും എനിക്കതില്‍ നിന്നും എന്തെങ്കിലും അനുഭവങ്ങളുണ്ടാകുമായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വിഷമം. സത്യമായും പ്രേതത്തിനെ കാണുവാനുള്ള ഒരവസരത്തിന്റെ നഷ്ടം. ശരിയായ സമയത്ത്‌ ഞാന്‍ എന്നെ പിടിച്ചു നിറുത്താതിരുന്നതിനാല്‍ എനിക്ക്‌ സംഭവിച്ചത്‌.

Subscribe Tharjani |