തര്‍ജ്ജനി

മൂന്നാമിടം യൂണികോഡില്‍

ഈ ലക്കം മുതല്‍ മൂന്നാമിടം യൂണികോഡില്‍. മൂന്നാമിടം ടീമിന്‌ അഭിനന്ദനങ്ങള്‍!!!

ഈ ലക്കം വായിക്കുവാന്‍ സന്ദര്‍ശിക്കുക: http://moonnamidam.com/30/u.htm

താമസിയാതെ പുഴയും വെബ്‌ലോകവും ഈ വഴി വരുമെന്നു കരുതാം. ഒപ്പം പുതിയ യൂണികോഡ്‌ വെബ്സൈറ്റുകളും വരുമായിരിക്കും.

പേടി

ചതഞ്ഞ തക്കാളികള്‍,
പിന്നെയും കയറിയിറങ്ങും ടയറുകള്‍,
മഞ്ഞക്കണ്ണുകള്‍
തുറിക്കും ട്രാഫിക്ക് സിഗ്നല്‍

കണ്ണിലെണ്ണയൊഴിച്ചിരിക്കേണ്ടവള്‍
കണ്ണടച്ചെന്നേയുറക്കമായി!

ഇത്തിരി നിലാവ്
ഇത്തിരിയിടം മാത്രം
നനയ്ക്കുന്ന കണ്ണുനീര്‍.

കാത്തിരിക്കാന്‍ വീട്ടിലമ്മയില്ലെന്ന്
കാതിലാരോ മൂളിപ്പറക്കുന്നു!

ഒരു കരച്ചിലിന്‍ വിരല്‍ത്തുമ്പില്‍
ആരെങ്കിലുമെന്നെ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കില്‍.

ചാച്ചക്കം

ഇരുട്ടിന്‌ മീതെ എ.സിയുടെ മുരള്‍ച്ച കേള്‍ക്കാതായപ്പോള്‍ അവള്‍ അക്ഷമയായി.

"അമ്മേ, എ. സി ഓണ്‍ ചെയ്തില്ലല്ലോ...?"
"നീ മിണ്ടാതെ കിടന്നുറങ്ങാന്‍ നോക്കുന്നുണ്ടോ? നേരത്തെ കറന്റ്‌ പോയില്ലേ... ഇന്ന് എ. സി ഇല്ല"
"ഓ... ഈ കറണ്ടിന്റെ ഒരു കാര്യം!"

അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഇല്ല, ഉറക്കം വരുന്നില്ലല്ലോ.... ചുവരിനും അമ്മയ്ക്കുമിടയിലെ ഇത്തിരിയിടം അവള്‍ക്കും പാവകള്‍ക്കും കൂടി തികയുന്നുമില്ലായിരുന്നു.

"അമ്മേ നീങ്ങ്‌... അങ്ങോട്ട്‌ നീങ്ങ്‌... എന്റെ പുന്നാര മോള്‍ക്ക്‌ ഇവിടെ സ്ഥലം ഒട്ടും ഇല്ല... കണ്ടോ?"
ഇരുട്ടില്‍ ആരും ഒന്നും കണ്ടില്ല.

"മോളൂട്ടി എന്തായിത്‌... നാളെ രാവിലെ സ്കൂളില്‍ പോകണ്ടേ? കിടന്നുറങ്ങാന്‍ നോക്ക്‌?"
"അച്ഛാ... അതേ ചാച്ചക്കം വരുന്നില്ല..."
"അതെന്താ?"
"അതേ... ചാച്ചക്കം നടന്ന്‌ നടന്ന്‌ വന്നോണ്ടിരുന്നപ്പം... ചാച്ചക്കതിന്‌ ദാഹിച്ചു. പക്ഷേ വഴിയിലെങ്ങും വെള്ളം കിട്ടിയില്ല. വെള്ളം കുടിക്കാതിരുന്നാല്‍ എന്തു പറ്റും? ക്ഷീണിച്ചു പോകും. അങ്ങനെ ചാച്ചക്കം ക്ഷീണിച്ച്‌ വഴിയിലിരുന്ന്‌ അറിയാതെ ഉറങ്ങിപ്പോയി... അതോണ്ടാ എനിക്ക്‌ ചാച്ചക്കം വരാത്തേ... ഇനി ഞാനെങ്ങനെ ചാച്ചും?" അവള്‍ ചിണുങ്ങി.

ഇരുട്ടില്‍ അവര്‍ നിശബ്ദരായി ചിരിച്ചു.