തര്‍ജ്ജനി

ജാലകം

അനന്തമായ കാലം,
നിരന്തരം സംഭവിക്കുന്ന ജനനമരണങ്ങള്‍.
കാഴ്ചയുടെ പരിമിതി കൊണ്ടാവണം
ജീവിതമാണ്‌ ഏറ്റവും വലുതെന്ന്‌
ചിലപ്പോള്‍ തോന്നുന്നത്‌.
ജനനത്തിനു മുന്‍പും
മരണത്തിനു ശേഷവും
എന്തായിരുന്നുരിക്കണം?
നിര്‍വ്വചനങ്ങള്‍ തെറ്റിക്കൂടായ്കയില്ല.

അറിവില്ലായ്മകളുടെ നടുക്കടലില്‍
മുങ്ങിത്താഴുന്ന ജീവിതം.
അറിഞ്ഞുവെന്ന്‌ കരുതുമ്പോഴേയ്ക്കും
അതിലും വലിയൊരു ചോദ്യം
ആഴങ്ങളിലേയ്ക്ക്‌
വലിച്ചു കൊണ്ടു പോകുന്നു.

ഇനിയെന്താകണം?
ആത്മാക്കളുടെ താഴ്‌വരയില്‍
ദേവഗാനത്തില്‍ ലയിച്ച്‌
പാറി നടക്കുന്നൊരു ശലഭം.
വര്‍ണ്ണച്ചിറകുകള്‍
അതിമോഹമാണെങ്കില്‍
വെറുമൊരു നിശാശലഭമായാലും മതി.
അതുവരെ നിറം മങ്ങിയ മുഖംമൂടികളിലും
താല്‍ക്കാലികമായ വിലാസങ്ങളിലും
അശാന്തമായ സ്വപ്നങ്ങളിലും
ജീവിതം കുടുങ്ങിക്കിടക്കുമെന്ന
തിരിച്ചറിവങ്കിലും എനിക്കും നിനക്കും
ഉണ്ടായിരിക്കട്ടെ.