തര്‍ജ്ജനി

മലയാളിയുടെ സന്ദേഹങ്ങള്‍

മലയാളികള്‍ എന്ന ജനസമൂഹം ഇന്നുണ്ടോ? മലയാളം സംസാരിക്കുന്നു എന്നല്ലാതെ കേരളത്തിലും വിദേശങ്ങളിലും വേരുകള്‍ നഷ്ടപ്പെട്ട ഒരു ജനത മരിച്ചു ജീവിക്കുന്നു എന്നതാണോ യാഥാര്‍ഥ്യം? മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങള്‍, മലയാളത്തിനോട്‌ താല്‍പര്യമില്ലാത്ത കുട്ടികള്‍, അടുക്കളയില്‍ നിന്ന്‌ അപ്രത്യക്ഷമാകുന്ന നാടന്‍ കറികള്‍....പറഞ്ഞു പഴകിയ പരാതികള്‍.

മലയാളി എന്ന നിര്‍വ്വചനത്തില്‍ മലയാളത്തിനെന്ന പോലെ തന്നെ പ്രാധാന്യമുള്ള ഒട്ടനവധി ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ തനത്‌ വാസ്തുവിദ്യകള്‍, നാടന്‍ പാട്ടുകള്‍, പാടങ്ങള്‍, പുഴകള്‍, മഴക്കാലം, മണ്‍പാത്രങ്ങള്‍, ആടിത്തിമര്‍ത്ത അവധിക്കാലം.... ഞാനുള്‍പ്പെടുന്ന ഐ തലമുറയ്ക്കുപോലും ഇതെല്ലാം കേട്ടും വായിച്ചുമുള്ള അറിവുകളാണ്‌. സാമ്പത്തികമായ പുരോഗതിയെ നിര്‍വ്വചിച്ചിടത്താവണം തെറ്റിപ്പോയത്‌. അല്ലെങ്കില്‍ ഭൂരിഭാഗം ജനങ്ങളും മനസ്സിലാക്കിയ തെറ്റുകള്‍ തിരുത്തപ്പെടാതെ പോയതുമായിരിക്കാം. നമ്മുടെ ജീവിതത്തിന്റെ മാതൃകകള്‍ പാശ്ചാത്യസംസ്കാരത്തില്‍ നിന്നാണല്ലോ വന്നത്‌. പക്ഷെ എന്തിനായിരുന്നു നമ്മള്‍ കിഴക്കിനെ കടം കൊണ്ടത്‌?

ബ്രിട്ടീഷ്‌ കൊളോണിയലിസത്തിനെ കുറ്റം പറയാം. ഗള്‍ഫില്‍ നിന്ന്‌ ഒഴുകിയെത്തിയ എണ്ണപ്പണത്തെ കുറ്റം പറയാം. ഏറ്റവും പുതിയതായി എം.ടി.വി.യെയും ടി.വി.സീരിയലുകളെയും കുറ്റം പറയാം. പക്ഷെ രാജഭരണത്തില്‍ നിന്ന്‌ ജനാധിപത്യത്തിലേക്ക്‌ കമ്മ്യൂണിസത്തിലൂടെ കടന്നു വന്ന ഒരു ജനത മറന്നു പോയ, അല്ലെങ്കില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാരണം കൂടിയുണ്ടെന്ന്‌ തോന്നുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുണ്ടായ സാസ്കാരിക അപചയം. അതല്ലേ കേരളം ആദര്‍ശങ്ങള്‍ ഉപേക്ഷിച്ച്‌ മറ്റ്‌ വഴികള്‍ തേടിയത്‌. കേരളത്തിലെ തൊഴില്‍ മേഖലയെ നശിപ്പിച്ചതിനുപരി, മലയാളിയുടെ സാസ്കാരിക അധപതനത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വഴി തെളിച്ചുവെന്നത്‌ ആരും ഇതുവരെ ചര്‍ച്ച ചെയ്തതായി തോന്നിയിട്ടില്ല. അധികാരത്തിനു പിന്നാലെ പായുന്നവര്‍ക്ക്‌ അതിനൊന്നും സമയമുണ്ടാവില്ലല്ലോ?

യുദ്ധക്കച്ചവടം

ഒരു യുദ്ധം കൂടി അതിവിദഗ്ധമായി വിപണനം
ചെയ്യപ്പെട്ടുകഴിഞ്ഞു. ആയുധക്കച്ചവടക്കാരും രാഷ്ട്രീയക്കാരും ഐക്യരാഷ്ട്രസഭയും കൂടിച്ചേര്‍ന്ന്‌ യുദ്ധം മൊത്തമായും ചില്ലറയായും വില്‍പ്പനയ്ക്ക്‌ വച്ചിട്ട്‌ അധിക നാളുകള്‍ ആയിട്ടില്ല. ഏതൊരു ഉല്‍പ്പന്നത്തിനും വിപണി കീഴടക്കാനാവശ്യമായ പരസ്യങ്ങള്‍ വേണമെന്ന പോലെ, യുദ്ധവും പരസ്യം ചെയ്യപ്പെടുന്നുണ്ട്‌. അമേരിയ്ക്കയ്ക്കും ബ്രിട്ടണും വേണ്ടി ഐക്യരാഷ്ട്രസഭ എന്ന പരസ്യ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്‌ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ടാണെന്ന്‌ മാത്രം. ശക്തവും ദുര്‍ബലവുമായ പല പ്രതിഷേധങ്ങള്‍, ബഹുരാഷ്ട്രക്കുത്തകകള്‍ക്കെതിരെയെന്ന പോലെ യുദ്ധത്തിനെതിരെയും നടന്നു. പക്ഷെ വിപണി കീഴടക്കാന്‍ ശ്രമിക്കുന്ന വില്‍പ്പനക്കാരന്‌ ലാഭക്കൊതിയില്‍ പൊതിഞ്ഞ ആദര്‍ശങ്ങള്‍ മാത്രമുള്ളപ്പോള്‍, പ്രതിഷേധങ്ങള്‍ക്ക്‌ എന്ത്‌ പ്രയോജനം?

യുദ്ധത്തില്‍ ആയുധങ്ങള്‍ മാത്രം കച്ചവടത്തിന്‌ വച്ചിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ യുദ്ധം നേരിട്ടും അല്ലാതെയും ടെലിവിഷനിലൂടെ "സെന്‍സര്‍" ചെയ്തു പ്രദര്‍ശിപ്പിക്കുന്നതിനും അതിനിടയിലെ പരസ്യക്കാശിനും കണക്കുകൂട്ടുന്നവര്‍ ഒരു കൂട്ടം. യുദ്ധം കഴിഞ്ഞുള്ള പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയെടുക്കാനുള്ള പദ്ധതികള്‍ വേറെ. എത്രകാലം കൂടി പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന സമ്പത്ഘടന നിലനിക്കുമെന്ന്‌ കാലം തെളിയിക്കും.

ഇനി അടുത്ത വിപണി എവിടെയാണ്‌? കൊറിയ, പലസ്തീന്‍, സിറിയ... അതിവിശാലമായ ഒരു വിപണി മുന്നില്‍ക്കണ്ട്‌ പടയൊരുക്കം നടത്തുന്ന അമേരിക്കയുടെയും മറ്റെല്ലാ യുദ്ധക്കൊതിയന്‍മാരുടെയും പദ്ധതികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. കാഴ്ച്ചക്കാരാകാന്‍ നിങ്ങളും തയ്യാറായിരിക്കുക. അടുത്ത നേറിട്ടുള്ള സംപ്രേക്ഷണം ഉടന്‍ തുടങ്ങുന്നതായിരിക്കും.

സഞ്ചാരിയുടെ കൂടാരം

പൊള്ളുന്ന ഏപ്രില്‍ മദ്ധ്യാഹ്നത്തിനും
എന്റെ ഏകാന്തതയ്ക്കും
ഇറാഖിലെ യുദ്ധവാര്‍ത്തകള്‍ക്കും
സാര്‍സിന്റെ പേടികള്‍ക്കും മീതെ
ഈ കുറിപ്പുകള്‍ പിറവിയെടുക്കുന്നത്‌
എന്തിനാണെന്ന്‌ എനിക്കറിയില്ല.
തീവണ്ടിയുടെ ജാലകത്തിലൂടെന്ന പോലെ
പിന്നിലേയ്ക്ക്‌ മറയുന്ന കാഴ്ച്ചകള്‍,
സന്ധ്യയിലേക്ക്‌
അവ്യക്തമാകുന്ന നിഴല്‍രൂപങ്ങള്‍ പോലെ
ചില മുഖങ്ങള്‍,
നിലാവ്‌ പോലെ സൌഹൃദങ്ങള്‍.....
പലപ്പോഴും ഒരു പാട്‌ ചിന്തകള്‍
മനസ്സിലിങ്ങനെ അമ്മാനമാടി നടക്കും.
പിന്നെ വഴിയിലെവിടെയെങ്കിലും
അതൊക്കെ കളഞ്ഞുപോകും.
മഷിത്തണ്ടിനായി മത്സരിച്ചും
മാനം കാണിക്കാതെ മയില്‍പ്പീലികള്‍
പുസ്തകത്താളില്‍ ഒളിപ്പിച്ചും
മഴക്കാലത്ത്‌ മാനത്തുകണ്ണികള്‍ക്ക്‌
പിന്നാലെ വലയെറിഞ്ഞും
ബാല്യം കടന്നുപോയത്‌ അറിഞ്ഞില്ല...
അനുസരണക്കേടിന്‌ കിട്ടിയ
ചൂരല്‍പ്പാടുകളൊഴികെ
വലുതായൊന്നും ഓര്‍മ്മകളിലുമില്ല.
ഇനി
ഈ കുറിപ്പുകളെങ്കിലും
അവശേഷിക്കുമെന്ന പ്രതീക്ഷയോടെ....

സ്നേഹപൂര്‍വ്വം,
പോള്‍