തര്‍ജ്ജനി

ഒഴിഞ്ഞ വീട്‌

എയര്‍പോര്‍ട്ടില്‍ നിന്ന്‌ തിരിച്ച്‌ വരുമ്പോള്‍
വീട്‌ നിര്‍ജ്ജീവമായിരുന്നു.
ഒടുങ്ങാത്ത ശൂന്യതയിലേയ്ക്ക്‌
കാലെടുത്ത്‌ വയ്ക്കുമ്പോള്‍
മനസ്സ്‌ നിറയെ കരച്ചിലായിരുന്നു.

ഇനി ഫോണ്‍ ചെയ്യാം, ചാറ്റ്‌ ചെയ്യാം ...
പക്ഷെ ദൂരം ഒരു യാഥാര്‍ത്ഥ്യമാണെന്നും
ഓരോ ദിവസവും തിരിച്ചറിയാം.
ദിവസങ്ങള്‍ പെട്ടെന്ന്‌ കടന്നു പോയെങ്കിലെന്ന്‌
ആഗ്രഹിക്കാം.

പുസ്തകങ്ങളുടെ മണം

വായനശാലയുടെ ഇരുട്ടും പൊടിയും നിറഞ്ഞ അലമാരകളില്‍ പുസ്തകങ്ങള്‍ സുഖമായുറങ്ങി. കാലപ്പഴക്കത്തില്‍ മങ്ങിപ്പോകുന്ന അക്ഷരങ്ങള്‍, ഉപേക്ഷിക്കപ്പെടുന്നതിന്റെ വേദന... ഒട്ടനവധി മരണങ്ങള്‍ ഇവിടെ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു. വായനയ്ക്കായി മറ്റിവയ്ക്കാന്‍ ആര്‍ക്കും സമയമില്ല. മലയാളം പോലെ പ്രയോജനമില്ലാത്തതും പ്രാകൃതവുമായ ഭാഷകള്‍ക്ക്‌ ഇനി കാഴ്ച്ചബംഗ്ലാവുകളിലെങ്കിലും ഇടം കിട്ടിയാല്‍ അത്ഭുതം തന്നെ.

പുസ്തകങ്ങളുടെ പുതുമണം മോഹിപ്പിച്ചൊരു കുട്ടിക്കാലമുണ്ടായിരുന്നു. മഴക്കാലവും ഓണവും കഴിയുമ്പോള്‍ പുറം ചട്ടകളഴിഞ്ഞ്‌ പുസ്തകങ്ങള്‍ നഗ്നരാകും. വേനലവധിയെത്തുമ്പോള്‍ എന്റെ പുസ്തകങ്ങള്‍ ആദിമദ്ധ്യാന്തങ്ങളില്ലാതെ... പാഠപുസ്തകങ്ങള്‍ മാത്രം എന്താണിങ്ങനെ അഴിഞ്ഞുലഞ്ഞു പോകുന്നതെന്ന്‌ വീട്ടിലേയ്ക്ക്‌ മടങ്ങും വഴി വെറുതേ ചിന്തിക്കുമായിരുന്നു. പിന്നെ പുസ്തകത്താളുകള്‍ക്കിടയില്‍ മാനം കാണാന്‍ കൊതിക്കുന്ന മയില്‍പ്പീലികള്‍, തീപ്പെട്ടിച്ചിത്രങ്ങള്‍...

ആദ്യമായി കൊല്ലത്തെ പബ്ലിക്‌ ലൈബ്രറിയിലെത്തുമ്പോള്‍ ഉള്ളില്‍ ആഹ്ലാദം നുരയുകയായി. ഇത്രയധികം പുസ്തകങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. സാഹിത്യവിലാസിനിയില്‍ നിന്ന്‌ വ്യത്യസ്തമായി പകല്‍ മുഴുവന്‍ ഇരുന്ന്‌ വായിക്കാന്‍ പറ്റിയ ഇടം. നിറയെ നോവലുകളും കഥകളും കവിതകളും... വിശപ്പും ദാഹവും ആ ദിവസങ്ങളില്‍ അറിഞ്ഞിരുന്നില്ല. ലൈബ്രറിയിലെ പഴകിത്തുടങ്ങിയ കടലാസ്സിന്റെയും പൊടിയുടെയും സമ്മിശ്ര ഗന്ധങ്ങളില്‍ ആഴ്ച്ചയറുതികള്‍ കടന്ന്‌ പോകുന്നത്‌ അറിയാറില്ലയിരുന്നു. തീവ്രമായ വായനയിലേയ്ക്ക്‌ എന്നെ ജ്ഞാനസ്നാനം ചെയ്തവര്‍ക്ക്‌ നന്ദി. കൌമാരം കവിതയില്‍ പൂത്തുലഞ്ഞപ്പോള്‍, പുസ്താകത്തളുകള്‍ക്കിടയില്‍ പ്രണയവും പൂര്‍ത്തിയാകാത്ത കവിതകളും...

സിനിമ : ഡാനി

ഈയിടെയാണ്‌ ടി.വി. ചന്ദ്രന്റെ ഡാനി കാണാന്‍ കഴിഞ്ഞത്‌. വൈകിയെങ്കിലും സമാന്തര സിനിമകള്‍ സിങ്കപ്പൂരില്‍ കാണാന്‍ കഴിയുന്നത്‌ ഒരു ആശ്വാസമാണ്‌. ചുറ്റുപാടുകളില്‍ സ്വയം ഒതുങ്ങിക്കൂടാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന ഡാനിയെപ്പോലെ തട്ടുപൊളിപ്പന്‍ മസാലകള്‍ക്കിടയില്‍ പൊതുജനത്തിന്റെ പ്രാക്കും കേട്ട്‌ സമാന്തരസിനിമ ഒരിത്തിരി തെളിനീര്‍ പോലെ വറ്റാതിരിക്കുന്നതും ഒരു ഭാഗ്യം.

പതിഞ്ഞ കാഴ്ച്ചകളിലൂടെയാണ്‌ ഡാനി നമ്മിലേയ്ക്ക്‌ വരുന്നത്‌. പാകമല്ലാത്ത കുപ്പായത്തിനുള്ളില്‍ സ്വന്തം ശരീരം തിരുകിക്കയറ്റാന്‍ ശ്രമിച്ച്‌, പരാജയപ്പെട്ട്‌ ദയനീയ മുഖവുമായി നില്‍ക്കുന്ന ഡാനി. ആരൊക്കെയോ പറഞ്ഞതു പോലെ ആര്‍ക്കൊക്കെയോ വേണ്ടി ഒരു ജീവിതം. പശ്ചാത്തലത്തില്‍ മലയാളിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന രാഷ്ടീയത്തിലെ പ്രധാന സംഭവങ്ങള്‍. ഗിറ്റാറില്‍ നിന്ന്‌ സാക്സോഫോണിലേയ്ക്ക്‌, ക്ലാരയില്‍ നിന്ന്‌ മാര്‍ഗ്ഗരറ്റിലേയ്ക്ക്‌, റോബര്‍ട്ടിന്റെ പിതൃത്വത്തിലേയ്ക്ക്‌, നഴ്സിംഗ്‌ ഹോമിലെ നരച്ച ജീവിതത്തിലേയ്ക്ക്‌...ഒരു വേഷം അഴിക്കുന്നതിനു പോലും സമയമില്ലാതെ ഡാനി നീങ്ങിക്കൊണ്ടിരുന്നു. ഒരു പാവയെപ്പോലെ ഡാനിയെ ആരൊക്കെയോ വലിച്ചിഴയ്ക്കുകയായിരുന്നു. പക്ഷേ ഡാനി എന്ന കഥാപാത്രം ഇത്ര നിസ്സഹായനായത്‌ എന്തുകൊണ്ടായിരുന്നു?

ഒടുവില്‍ തെരുവോരത്ത്‌ മറ്റൊരു സ്ത്രീയുടെ മടിയില്‍ മരിയ്ക്കുമ്പോള്‍ വെറുതേയൊരു ജീവിതം അവസാനിക്കുന്നു. പക്ഷേ ഭീരുവായ മാര്‍ഗ്ഗരറ്റില്‍ നിന്നും വ്യത്യസ്തയായ ഭാര്‍ഗ്ഗവിയെ പിന്നെയാണ്‌ കാണുന്നത്‌. അത്രയും ധൈര്യമുള്ള ജീവിതങ്ങള്‍ നമുക്ക്‌ ചുറ്റും കാണാന്‍ കിട്ടില്ലെന്ന വാസ്തവം തല്‍ക്കാലം മറക്കാം. വികാരങ്ങളില്ലാതെ, ഏകതാനമായൊരു ജീവിതത്തിലേയ്ക്ക്‌ മലയാളി വീണു പോകുന്നെന്ന തോന്നലില്‍ നിന്നാവണം ഐ സിനിമ പിറന്നത്‌. എങ്കിലും എന്റെ ബോധത്തെ കാര്യമായി സ്പര്‍ശിക്കാന്‍ ഐ സിനിമയ്ക്ക്‌ കഴിഞ്ഞില്ല എന്നിപ്പോഴും തോന്നുന്നു. പശ്ചാത്തലത്തില്‍ നിസ്സഹായതയുടെ ഒരു മുഖം മങ്ങിപ്പോകുന്നതും തടയാനാവുന്നില്ല.