തര്‍ജ്ജനി

വീടുണരുന്നത്‌...

നാളെ മുതല്‍ പിന്നെയും വീടുണരും - പൊട്ടിച്ചിരികളിലേയ്ക്ക്‌, ആര്‍പ്പുവിളികളിലേയ്ക്ക്‌...
പിണക്കങ്ങള്‍, പരിഭവങ്ങള്‍, കിന്നാരങ്ങള്‍...
അങ്ങനെയാണ്‌ വെറുമൊരു താവളമെന്നതില്‍ നിന്ന്‌
വീട്‌ വാസസ്ഥലമാകുന്നത്‌.

അപഹരിക്കപ്പെട്ട ജീവിതങ്ങള്‍

"സീമ എന്ന വാക്കിന്‌ അതിര്‌ എന്നല്ലെ ഗണേശന്‍, അര്‍ത്ഥം?"
"അങ്ങനെ പറയാം"
"അതിര്‌ എന്നാല്‍ നിര്‍വചിക്കപ്പെട്ട ദൂരമാണ്‌. ദൂരം ആണ്‌ കാര്യം, ഗണേശന്‍ നാം നമുക്ക്‌ പോകേണ്ട ദൂരം തരണം ചെയ്തു കഴിഞ്ഞിരിക്കുന്നു. നാം അതിര്‍ത്തിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു."
"എന്താണ്‌ നസീമ പറയാന്‍ ഉദ്ദേശിക്കുന്നത്‌?" അയാള്‍ക്ക്‌ തന്റെ ഉത്കണ്ഠ മറച്ചുവെക്കുവാന്‍ കഴിഞ്ഞില്ല.
"അതെ ഗണേശന്‍. ഞാന്‍ ആശ്രമത്തിലേക്ക്‌ പോകുകയാണ്‌"
"ഒരിക്കല്‍ പോയി വന്നതാണല്ലോ-സീമ?"
"അങ്ങനെയല്ല ഗണേശന്‍. മുഴുവനുമായി.:
"സീമാ--"

ഒടിവില്‍ ഗണേശന്‍ തനിച്ചായി. നസീമയില്‍ നിന്ന്‌ സീമയായും സ്വാമിജി സീമാനന്ദയായും അവളുടെ ജീവിതം അപഹരിക്കപ്പെട്ടു. അമന്‍, അനാഥാലയത്തിലെ കുട്ടികള്‍, സീത ... ഒടുങ്ങാതെ നീളുന്ന നിര. ഒക്കെയും അപഹരിക്കപ്പെട്ട ജീവിതങ്ങള്‍.

ഐഡന്റിറ്റി

"എന്താണ്‌ ഒരു വ്യക്തി നിങ്ങളുടെ മനസ്സില്‍ ഉണ്ടാക്കുന്ന ചിത്രം?" അയാള്‍ ചോദിച്ചു. "ഐഡന്റിറ്റി എന്ന്‌ പറയുമ്പോള്‍ നിങ്ങള്‍ സാധാരണ ഉദ്ദേശിക്കുന്നത്‌ അപരനായ ഒരുവന്റെയോ ഒരുവളുടെയോ സ്വഭാവമാണ്‌. അവനോ അവളൊ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന രീതി. അഥവാ നിങ്ങളുടെ ഒാ‍ര്‍മ്മയില്‍ നിന്ന്‌ ആ പേരിന്റെ ഉച്ചാരണം പുറത്തേക്ക്‌ കൊണ്ടുവരുന്ന അനുഭവം. ചിലപ്പോള്‍ അത്‌ താഴോട്ട്‌ താഴോട്ട്‌, സൂക്ഷ്മതയിലേക്കുള്ള ഒരു യാത്രയാകാം. ഒരു മനുഷ്യന്റെ മേല്‍വിലാസമോ, മുഴുവന്‍ രൂപമോ, മുഖത്തിന്റെ ചിത്രമോ ആകണമെന്നില്ല. ഒരു അവയവം മാത്രമാകാം ആ പ്രോസസ്സിനെ തൊടുത്തുവിടുന്നത്‌..."

അപഹരിക്കപ്പെട്ട ദൈവങ്ങള്‍ പിന്നെയും പിന്നെയും മനസ്സിനെ കൊളുത്തിവലിക്കുന്ന ചോദ്യങ്ങളാകുന്നു.