തര്‍ജ്ജനി

കൂട്ടുകാരി

ഒരിക്കല്‍ കണ്ടപ്പോള്‍ അവന്റെ കൂട്ടുകാരിയെക്കുറിച്ച്‌ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ സൂചിപ്പിച്ചിരുന്നു. പിന്നീടൊരിക്കല്‍ പിണങ്ങിപ്പോയ കൂട്ടുകാരിയെക്കുറിച്ച്‌ പറയുമ്പോള്‍ ബന്ധങ്ങള്‍ക്കിടയില്‍ കടന്നുകൂടുന്ന സ്വാര്‍ത്ഥതയെക്കുറിച്ച്‌ അവന്‍ വേവലാതിപ്പെട്ടു. ഇതിനിടയില്‍ വല്ലപ്പോഴുമെത്തുന്ന കത്തുകള്‍ പതിയെ പതിയെ ഇല്ലാതായി. അപൂര്‍വ്വമായി കണ്ടുമുട്ടുമ്പോള്‍ അറിയുന്ന വിശേഷങ്ങള്‍ മാത്രമായി സൌഹൃദം ചുരുങ്ങിത്തുടങ്ങി.

അങ്ങനെയിരിക്കെ പുതിയൊരു കൂട്ടുകാരിയെക്കുറിച്ച്‌ അവന്‍ പറഞ്ഞുതുടങ്ങി. ഒരു ബന്ധത്തില്‍ നിന്ന്‌ മറ്റൊന്നിലെയ്ക്കുള്ള്‌ ഒളിച്ചോട്ടം. നല്ലതിനല്ലന്ന്‌ പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
സ്ഥായിയായി ബന്ധങ്ങള്‍ ഇല്ലതാകുന്നത്‌ എന്താണന്നു സ്വയം ചോദിയ്ക്കുകയും ചെയ്തു. പിന്നെ അവനെ കാണാതായി, ഒന്നും അറിയാതായി. അങ്ങനെയിരിക്കെ മറ്റൊരു സുഹൃത്തില്‍ നിന്നു അവര്‍ ഒന്നിച്ചു താമസം തുടങ്ങിയെന്നറിഞ്ഞു. പ്രതീക്ഷിച്ചിരുന്നു, എങ്കിലും......

കൂട്ടുകാരിയെന്ന വാക്കിന്റെ നിര്‍വ്വചനം മാറിയതറിയാതെ, ഏത്‌ കാലമാണിതെന്നറിയാതെ, ലോകത്തിന്റെ ഏതുകോണിലാണെന്നറിയാതെ, സ്ഥായിയായ ബന്ധങ്ങളില്ലതാകുന്നതിനെയോര്‍ത്ത്‌ ഞാന്‍ വ്യാകുലപ്പെട്ടു.

അയാള്‍

"കുഞ്ഞാളേ.... ഒന്നിവിടെ വാ..." തളര്‍ന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു.
"എന്താച്ഛാ...?"
"വെറുതെ... ഇത്തിരി നേരം ഇവിടെ വന്നിരിയ്ക്കാമോ നിനക്ക്‌?"
"അവള്‍ വന്നു കയറിയതെയുള്ളൂ...അതിനൊന്ന്‌ ശ്വാസം വിടാനെങ്കിലും സമയം കൊടുക്ക്‌.. നീ വാ മോളേ"

എണ്ണയുടെയും വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും സമ്മിശ്രഗന്ധം മുറിയ്ക്കുള്ളില്‍ വീര്‍പ്പുമുട്ടി. അകന്നു പോകുന്ന വര്‍ത്തമാനങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ അയാള്‍ വെറുതെ ശ്രമിച്ചു. പിന്നെ മെഴുക്കു പുരണ്ട ചുവരിലേയ്ക്ക്‌ മുഖം തിരിച്ചു കിടന്നു.

ഇരുട്ടില്‍ പെയ്യുന്ന മഴ

ദൂരെ, മേഘങ്ങള്‍
മൂടിപ്പുതച്ചാകാശം,
തണുപ്പില്‍ കിടുകിടെ
വിറയ്ക്കുന്ന ഭൂമിയും.
ഊഴമിട്ടെത്തും
ഈറന്‍ കിനാവുകള്‍,
മിന്നാമിനുങ്ങുകള്‍...

പ്രിയമാണെനിക്കീ
മഴക്കാലരാവിന്‍
തോരാത്ത ചില്ലകള്‍...

ഉച്ചത്തില്‍ ധ്യാനിക്കും
അതിസൂക്ഷ്മ ജീവികള്‍,
ഇലച്ചാര്‍ത്തില്‍
പ്രണയം മന്ത്രിക്കും
മഴത്തുളികള്‍,
ആര്‍ത്തിയോടിണയെ-
ത്തിരയും വിരല്‍കള്‍...

പ്രിയമാണെനിക്കീ
മഴക്കാലരാവിന്‍
മേളക്കൊഴുപ്പുകള്‍...

തുറന്നേകിടക്കുമെന്‍
ചില്ലുജാലകം,
നെറ്റിയിലിറ്റും ജലം,
ഇരുട്ടിനെപ്പിളര്‍ന്ന
മിന്നല്‍പ്പിണര്‍...
മഴ പെയ്തു തോര്‍ന്ന പോല്‍
പടിയിറങ്ങുന്നു പ്രാണന്‍.

പ്രിയമാണെനിക്കീ
മഴക്കാലരാവിന്‍
മരണസങ്കീര്‍ത്തനങ്ങള്‍.