തര്‍ജ്ജനി

സഞ്ചാരിയുടെ സന്ദേഹം

പിതാമഹന്‍മാരിറങ്ങിപ്പോയ
കല്‍പ്പടവുകളുടെ പ്രാചീനതയില്‍
കുന്തിരിക്കം മണക്കുന്ന കാല്‍പ്പാടുകളും
ഓര്‍മ്മകളുടെ വിളക്കും തെളിയുന്നു.
പടവുകളില്‍, മുത്തച്ഛന്റെ അറിവ്‌
രഹസ്യലിപികളുടെയും ചിത്രഭാഷയുടെയും
ദുരൂഹതകളില്‍ സ്വസ്ഥമായുറങ്ങുന്നു

പടവുകളിറങ്ങുമ്പോള്‍
സംഗീതത്തിന്റെ താഴ്‌വര,
കിളിപ്പാട്ടിന്‍ മധുരിമ,
തംബുരു മിഴി തുറക്കുന്നു.

പിന്നെ മഴക്കാടുകളുടെ ഹരിതസംഋദ്ധി
പച്ചകൊണ്ടൊരു കൊട്ടാരം
ഇലകളില്‍
മുത്തച്ഛന്‍ കോറിയ രഹസ്യചിത്രം,
നഖക്ഷതങ്ങളുടെ ഗോത്രനൃത്തം

അതിനുമപ്പുറം
ഓറഞ്ചുതോട്ടങ്ങളുടെ ഗര്‍ഭപാത്രം
കാവല്‍ക്കാരനായ കുട്ടി
ഒരു ഓറഞ്ചു നീട്ടുന്നു.
മനസ്സില്‍ ബാല്യസ്മൃതികളുടെ സ്വച്ഛത

ഭൂമിയില്‍ വാക്കുകളുടെ അക്ഷയഖനി,
പാമ്പിന്‍ പുറ്റുകളുടെ സമാധി.
പാഞ്ഞു പോകുന്ന കുതിരകള്‍
യാത്രയുടെ പ്രാക്തനസ്മൃതികളുമായി
ശിലാതലങ്ങളുടെ പരുപരുപ്പ്‌.

മുത്തച്ഛാ,
എനിക്ക്‌ പാദുകങ്ങള്‍ തരിക.

മകനേ,
പാദുകങ്ങള്‍ വിഷസര്‍പ്പങ്ങളുടെ മാളങ്ങളാണ്‌,
നീ നഗ്നപാദനായിരിക്കുക.

കെ.പി.സുധീര

?ഏകാന്തതയില്‍നിന്ന്‌ മാത്രമാണ്‌ എഴുത്ത്‌ രൂപപ്പെടുന്നതെങ്കില്‍ കുടുംബജീവിതം?

"ഏകാന്തതയുടെ ദുഃഖത്തില്‍ നിന്നാണ്‌ പലപ്പോഴും സാഹിത്യം രൂപം കൊളളുന്നത്‌. എഴുത്തിന്റേതായ ആലോചനകള്‍ക്കിടയില്‍ ഉണ്ടാകുന്ന മൌനം അവളെ ഗൃഹാന്തരീക്ഷത്തില്‍ ഒറ്റപ്പെടുത്തിയേക്കാം. ഇത്‌ മനസ്സിലാക്കാന്‍ കഴിയുന്ന ആള്‍ക്കൊപ്പമായിരിക്കണം ജീവിതം. എന്റെ കാര്യത്തില്‍ ആവുന്നത്ര വിട്ടുവീഴ്ചകളും ഒത്തുതീര്‍പ്പുകളും ഉണ്ടാവാറുണ്ട്‌. കുടുംബമുണ്ടെങ്കിലേ ജീവിതമുളളു. എന്നാല്‍ ജീവിതത്തിന്‌ വേണ്ടി എഴുത്തിനെ കൈവിടാന്‍ ഞാന്‍ തയ്യാറല്ല."

കെ.പി.സുധീരയുമായുള്ള അഭിമുഖം, പുഴ.കോം

യാത്രകളുടെ പൊരുള്‍

തീവണ്ടിയിലെ യാത്രയ്ക്കിടയിലാണ്‌ ഏറ്റവും അധികം ശബ്ദങ്ങളും ഏകാന്തതയും. ഒരു പെട്ടിയ്ക്കുള്ളില്‍, ചുറ്റുപാടുകളില്‍ നിന്ന്‌ വേര്‍പെട്ട്‌... തീവണ്ടിയുടെ വേഗതയും കാഴ്ച്ചയില്‍ തങ്ങി നില്‍ക്കാത്ത പ്രകൃതിയും കൂടിയാണെന്നു തോന്നുന്നു യാത്രയിലേയ്ക്ക്‌ അത്രയധികം ഏകാന്തത നിറയ്ക്കുന്നത്‌. തരിശുകള്‍ക്കിടയിലൂടെ ഒത്തിരി നേരം പോയിക്കഴിഞ്ഞാല്‍, ഒരു ധ്യാനത്തിലെന്ന പോലെ മനസ്സ്‌ പതിയെ സ്വസ്ഥമായിത്തുടങ്ങും.

ബസ്സിനുള്ളിലിരിക്കുമ്പോല്‍ അത്രയും ഏകാന്തത അനുഭവപ്പെടാറില്ല. ഇടയ്കിടെയുള്ള നിര്‍ത്തലുകള്‍, തിരക്കിനിടയിലൂടെ ഊളിയിട്ടു നടക്കുന്ന കണ്ടക്ടര്‍, റോഡിനു കുറുകെ വന്നു ചാടുന്ന ആപല്‍ക്കരമായ നിമിഷങ്ങള്‍...ബസ്സ്‌ യാത്രയ്ക്ക്‌ നിയതമായൊരു താളമില്ല.

ഓര്‍മ്മയില്‍ തെളിയുന്ന നീണ്ട യാത്രകള്‍, അപരിചിതമായ ഇടങ്ങള്‍, സംശയം നിറഞ്ഞ നോട്ടങ്ങള്‍, ചോദ്യങ്ങള്‍... മധുരയിലെ കല്‍പ്പാതകളിലെ തണുപ്പിപ്പൊഴും കാല്‍ക്കലുണ്ട്‌. കൊടൈക്കനാലിലെ തണുപ്പിനെ കീഴടക്കിയ ലഹരിയുടെ ഓര്‍മ്മകളും. ഫുക്കട്ടിലെ കടലിന്റെ മരതകപ്പച്ച, ചിയാങ്മയിയിലെ പുരാതന ബുദ്ധക്ഷേത്രങ്ങള്‍, ലംഫുനിലെ വൃദ്ധവൃക്ഷങ്ങളുടെ തണല്‍ വീണ വിജനമായ വഴികള്‍...

കുറ്റബോധങ്ങളില്‍ നിന്നാണ്‌ ഏകാന്തമായ യാത്രകള്‍ തുടങ്ങുന്നതെന്ന്‌ എവിടെയോ വായിച്ചിരുന്നു. ഒരു നീണ്ട യാത്രയ്ക്ക്‌ മനസ്സ്‌ ഒരുങ്ങുന്നു. കംബോഡിയയിലെ അങ്കോര്‍, ആയുത്തയ, ബോര്‍ണിയോയിലെ കാടിന്റെ ഹൃദയം...എവിടേയ്ക്കാണിനി അടുത്ത യാത്രയ്ക്ക്‌ നിയോഗം?