തര്‍ജ്ജനി

റൂമി പറഞ്ഞ കഥകള്‍ - ഒന്ന്

പേജ്‌ 76-77
ഒരു മഹാനദി അതിന്റെ ഇരമ്പിപ്പായുന്ന പ്രവാഹവുമായി സമുദ്രത്തില്‍ ചെന്നുചേരുന്നതോടെ താന്‍ ആരായിരുന്നുവെന്ന്‌ മറന്നുപോയിരിക്കും.

ചോളം വിതയ്ക്കുന്ന വയലില്‍ യാദൃശ്ച്ഛയാ വന്നു വീണ ചോളവിത്താകട്ടെ ഉള്ളില്‍ നിന്ന്‌ അങ്കുരം വന്ന്‌ തല ഉയര്‍ത്തി നോക്കുമ്പോള്‍ ദൂരങ്ങള്‍ വരെ ചോളച്ചെടികള്‍ മാത്രം കാണുന്നു. തനിക്ക്‌ ഒന്നേ അറിയാവൂ - ചോളക്കൂട്ടത്തില്‍ താനും ഒന്നാണെന്ന്‌.

ഇനി അവന്‍ വിളവെടുപ്പും പ്രതീക്ഷിച്ച്‌ അവിടെത്തന്നെ നില്‍ക്കും. വിളവെടുപ്പ്‌ കഴിഞ്ഞ്‌ കറ്റകള്‍ കൊയ്തുകൊണ്ടു വന്ന്‌ ചോളമണികള്‍ ഉതിര്‍ത്ത്‌ ചോളത്തിന്റെ മാവ്‌ പൊടിച്ച്‌ വാരി വെയ്ക്കുമ്പോള്‍ അതിന്റെ പ്രജ്ഞ അറ്റു പോകും. അപ്പോള്‍ അത്‌ ചോളമല്ല, നിര്‍ജീവമായ എന്തോ ഒന്നാണ്‌.

പിന്നെ അറ്റു തീയ്യില്‍ വെച്ചു ചുട്ട്‌ അപ്പമാക്കി അന്നത്തിനായി വിശന്ന ഒരുവന്‍ അപ്പം പൊട്ടിച്ച്‌ വായിലിട്ട്‌ ആഹാരമായി അതിനെ ആസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍ അതാ, അത്‌ വീണ്ടും ജീവന്റെ ഈശ്വരീയത കണ്ടെത്തിയിരിക്കുന്നു. അത്‌ ഒരു ശരീരത്തിലെ സജീവമായ ഭാഗമായി മാറുന്നു. അതില്‍ ആത്മപ്രകാശമുണ്ട്‌.

പേജ്‌ 115

ഈ ശരീരം ഒരു കിളിക്കൂടുപോല തന്നെയാണ്‌. കിളികള്‍ കൂടണയുന്നതുപോലെ ഈ ശരീരത്തില്‍ എണ്ണമറ്റ ചതിവുകളും വന്ന്‌ ചേക്കേറുന്നു. അവ ഉളവാക്കുന്ന സംഭ്രമങ്ങളും മായമോഹങ്ങളും ഒക്കെ നന്‍മ കൊണ്ടുവരുമോ തിന്‍മ കൊണ്ടുവരുമോ എന്നൊന്നും നേരത്തെ തീരുമാനിക്കാനൊക്കില്ല.

ആത്മാവിനെ സംബന്ധിച്ചിടത്തോളം ഇപ്രകാരം ബാഹ്യത്തില്‍നിന്ന്‌ താല്‍ക്കാലികമായി കൂടണയുന്ന ചിത്തവൃത്തികളെല്ലാം മുള്ളുകള്‍ പോലെയാണ്‌. അത്‌ ആത്മാവിനോട്‌ കൂടുതല്‍ സഹകരിക്കുന്തോറും കൂടുതല്‍ ദുഃം ഉളവാക്കിക്കൊണ്ടിരിക്കും.

ജീവിതം:യാത്ര

"ജീവിതം ഒരു യാത്രയാണെന്ന്‌ ആരായിരിക്കാം ആദ്യം പറഞ്ഞത്‌?" യാത്രയുടെ വിരസത അകറ്റാനെന്നോണം അയാള്‍ ചോദിച്ചു തുടങ്ങി.
"അറിയില്ലല്ലോ?"
"പക്ഷേ ജീവിതം വളരെ നീണ്ടതും വിരസമായതും ദുരിതങ്ങള്‍ക്കിടയിലൂടെയുള്ളതും..."
"മതി, മതി..."
"അല്ല, വഴികളില്ലാത്ത യാത്രയല്ലേ ജീവിതം?"
"വഴികളില്ലാതെ എന്ത്‌ യാത്ര?"
"യാത്രകള്‍ പുതിയതും പഴയതുമായ വഴികളെ കണ്ടെത്തുകയല്ലേ യഥാര്‍ത്ഥത്തില്‍"
"ആയിരിക്കാം"
"വഴികള്‍ പിന്തുടരുന്നവര്‍ക്ക്‌ അതു മനസ്സിലാകില്ല, വഴി മുട്ടും വരെ"

എവിടേയ്ക്കെന്നില്ലാതെ നീളുന്ന വര്‍ത്തമാനത്തില്‍ നിന്ന്‌ അവള്‍ പിന്‍വാങ്ങിയെന്നയാള്‍ക്ക്‌ തോന്നി. കണ്ണുകള്‍ മുറുകെ അടച്ച്‌, ഒരു കാടിനുള്ളിലേയ്ക്ക്‌ നടക്കുന്നതായി സ്ങ്കല്‍പിച്ച്‌, അയാള്‍ സീറ്റിലേയ്ക്ക്‌ ചാരിക്കിടന്നു.

ഒ.എന്‍.വി

ഡോ.എം.എം.ബഷീര്‍ എച്ച്‌ ജീവിതാനുഭവങ്ങള്‍ കാവ്യാനുഭവങ്ങളായി പരിണമിക്കുന്നതെങ്ങനെയാണ്‌? സ്വാനുഭവം ഒന്നു വിശദീകരിക്കാമോ?

ഒ.എന്‍.വി എച്ച്‌ ഞാനെന്നോടുതന്നെ ചോദിച്ചിട്ടുളളതാണീ ചോദ്യം. ഉത്തരം ഇന്നും അപൂര്‍ണമായിരിക്കുന്നു. ഈ അപൂര്‍ണത നമ്മെ സംബന്ധിക്കുന്ന എല്ലാറ്റിനുമുണ്ടെന്നിരിക്കെ, ഇതിനുളള ഉത്തരവും അപൂര്‍ണമാണെന്നറിഞ്ഞുകൊണ്ടുതന്നെ പറയുകയാണ്‌. മിന്നാമിനുങ്ങ്‌ അതിന്റെ പിന്‍വെളിച്ചവുമായി സഞ്ചരിക്കുന്നത്‌ തന്റെ സാന്നിധ്യം ആ കൂരിരുട്ടിലും മറ്റാരെയോ അറിയിക്കാനാണെങ്കില്‍, തത്സമമായ ഒരു വൃത്തിയാണ്‌ കവിയും തന്റെ കവിതയിലൂടെ അനുഷ്ഠിക്കുന്നത്‌. പക്ഷികള്‍ക്കില്ലാത്ത, അന്യ ഷട്പദങ്ങള്‍ക്കുമില്ലാത്ത ഈ വെളിച്ചം മിന്നാമിനുങ്ങിന്റെ മാത്രം ഭാഷയാണ്‌. കവിയും സ്വന്തം സാന്നിധ്യമറിയിക്കുവാനുളള മൌലിക ചോദനകൊണ്ട്‌ തന്റേതായൊരു ഭാഷ, സംസാരഭാഷ കടഞ്ഞുകടഞ്ഞുണ്ടാക്കുന്നു. കവിയുടെ ഭാഷയാണ്‌ കവിത എന്നുതന്നെ പറയാം.

ഒ.എന്‍.വിയുമായി ഒരു സംഭാഷണം, പുഴ.കോം