തര്‍ജ്ജനി

ഒറ്റ

ഇടറും സ്വരങ്ങള്‍ പോല്‍
പതറുന്ന പാട്ടു പോല്‍
പടിവാതിലില്‍
പാതിമറയുന്നുവോ നീ

ഇരുളുന്ന സന്ധ്യ തന്‍
നിറുകയില്‍ പിന്നെയും
ഒരുപിടിത്തീക്കനല്‍
അണയാതെരിഞ്ഞുവോ?

ഇടനെഞ്ചിലോര്‍മ്മ തന്‍
ചെറുമണ്‍ ചെരാതുകള്‍
മുറിവേറ്റു നീറുമെന്‍
ശ്യാമാര്‍ദ്ര മൌനവും
ഒരു ഗദ്ഗദത്തിലെന്‍
പിന്‍വിളി മുടങ്ങവേ
മഴ പെയ്തലിഞ്ഞു പോം
കളിമണ്‍ കിനാവുകള്‍!

അലയടങ്ങാതെയെന്‍
കരളിന്റെ നൊമ്പരം
പുണരുവാന്‍ നീളുമെന്‍
കൈകള്‍ തന്‍ മോഹവും
ഒരു നഷ്ടസ്വപ്നം പോല്‍
ഇരുളില്‍ നീയലിയുമ്പോള്‍
ഒറ്റയാകുന്നു ഞാന്‍
ഏകാന്തരാത്രിയില്‍!

പട്ടുനൂല്‍പ്പുഴുക്കള്‍

ഫ്ലാറ്റിന്റെ പതിനൊന്നാം നിലയില്‍ നിന്ന്‌ നോക്കുമ്പോള്‍ താഴെ കുട്ടികള്‍ കളിക്കുന്നതും അല്‍പം അകലെയായി സൂര്യന്‍ അസ്തമിക്കുന്നതും കാണാമായിരുന്നു. വൈകുന്നേരങ്ങളില്‍ അവരങ്ങനെ വെറുതെയിരിക്കുമ്പോഴാണ്‌ അയാള്‍ക്ക്‌ എന്തെങ്കിലും ഭ്രാന്തന്‍ ആശയങ്ങള്‍ തോന്നുക. പിന്നെ ഒരു വാഗ്വാദത്തിനുള്ള വകയുണ്ടാവും.

"നാമൊക്കെ പട്ടുനൂല്‍പ്പുഴുക്കളെ പോലെയാണ്‌. സുഖങ്ങളുടെ ഒരു കൂടിനുള്ളില്‍ സ്വയം അടച്ചിരിക്കുന്നവര്‍...."

അവള്‍ അമ്പരപ്പോടെ അയാളെ നോക്കി. അതു ശ്രദ്ധിക്കാതെ അയാള്‍ തുടര്‍ന്നു.

"തിളച്ച വെള്ളം വീണ്‌ പൊള്ളുവോളം ഇവ്വിടിരിക്കാം. പക്ഷെ എത്ര കാലം? ഈ കൂടിന്റെ സുഖാവരണങ്ങളില്‍ നിന്ന്‌ സ്വയം പുറത്തു കടക്കാന്‍ ശ്രമിക്കാത്തതെന്ത്‌?"

അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. പട്ടുനൂല്‍പ്പുഴുക്കളുടെ ജീവിതത്തിലെ സുഖങ്ങളെ അവള്‍ വെറുതെ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു, വരാന്‍ പോകുന്ന മരണത്തെക്കുറിച്ചുള്ള അവയുടെ പേടികളെക്കുറിച്ചും.

റൂമി പറഞ്ഞ കഥകള്‍ - രണ്ട്‌

ഒരാള്‍ ഏറെ ധനം സംഭാവനയായി നല്‍കിയാല്‍ അയാള്‍ ഉദാരനും ത്യാഗിയും ആണെന്ന്‌ ബഹുജനങ്ങള്‍ ധരിച്ചു വശാകും. എന്നാല്‍ അതല്ല ഔദാര്യത്തിന്റെയും ത്യാഗത്തിന്റെയും ഉത്തമലക്ഷണം.

സ്വജീവനെ ദൈവത്തിനുവേണ്ടി, അതായത്‌ ലോകത്തിന്റെ ആകെ നന്‍മയ്ക്കായി ആരാണോ അര്‍ച്ചന ചെയ്യുന്നത്‌ അവനാണു യഥാര്‍ത്ഥത്തിലുള്ള ഉദാരന്‍. അവന്റെ ആത്മപരിത്യാഗം നിസ്വാര്‍ത്ഥതയുടെ സൌരഭ്യമുള്ളതാണ്‌.

ദൈവനാമത്തില്‍ നീ യാതൊന്നാണോ അര്‍പ്പണമായി ലോകത്തിന്‌ നല്‍കുന്നത്‌ ആ അര്‍പ്പണം നിന്നിലേക്കു മടങ്ങിവരും. നീ സ്വജീവനെയാണ്‌ അര്‍പ്പണം ചെയ്യുന്നങ്കില്‍
പതിന്‍മടങ്ങു മഹിമയോടെ ആ ജീവന്‍ പിന്നെയും നിനക്ക്‌ ലഭിക്കും.

നീ ദൈവനിയോഗത്താല്‍ സന്‍മാര്‍ഗ്ഗത്തില്‍ നിന്നില്‍ നിയുക്തമായിരിക്കുന്ന സേവനങ്ങള്‍ ചെയ്യുകയാല്‍, നിന്റേതായി കരുതിയ അവസാനത്തെ നൂലിഴപോലും നഷ്ടപ്പെട്ടാലും നിന്നെ സര്‍വ്വേശ്വരന്റെ കാരുണ്യം പൂര്‍ണ്ണമായും പൊതിഞ്ഞു നില്‍ക്കും.

പത്തായത്തില്‍ കിടക്കുന്ന വിത്ത്‌ മുഴുവനും ഒരാള്‍ വയലില്‍കൊണ്ടുപോയി വിതച്ചാല്‍ പത്തായം ശൂന്യമാകും. എന്നാല്‍ വയലുകളോ, സമ്പത്സമൃദ്ധിയുള്ളതായിത്തീരും.

ഒരാളുടെ സ്വകാര്യമായ ശേഖരത്തില്‍ കാണപ്പെടാതെവരുന്നത്‌ പരസ്യമായ വിശ്വസമ്പാദ്യത്തില്‍ നിറഞ്ഞുനില്‍ക്കും.

സ്വന്തം പത്തായപ്പുരയില്‍ വളരെ സൂക്ഷിച്ച്‌ ഭദ്രമായി മറച്ചുവെയ്ക്കുന്നവയെല്ലാം രാത്രിയുടെ ഇരുളില്‍ മൂഷികപ്പട വന്ന്‌ പത്തായത്തിന്റെ അടിയില്‍ ദ്വാരമുണ്ടാക്കി നശിപ്പിക്കുന്നത്‌ നീ അറിയുകയില്ല.

എന്നാല്‍ ലോകത്തിനുവേണ്ടി നീ പരസ്യമായി ദാനം ചെയ്യുന്നത്‌ സകല ലോകരുടെയും ഹിതത്തിനാവുകയാല്‍ അത്യാഹ്ലാദത്തോടെ സകലമാനജനങ്ങളും ചേര്‍ന്ന്‌ അതിനെ സുരക്ഷിതമാക്കും.