തര്‍ജ്ജനി

ഇറച്ചിക്കോഴി - ഒന്ന്‌

കൂട്ടിനുള്ളിലെ ഇത്തിരി ഇടങ്ങളില്‍ നിസ്സംഗമായ കൊത്തിപ്പെറുക്കലുകളില്‍ കോഴികള്‍ മുഴുകി. ദയാഹര്‍ജിക്കുള്ള പഴുതുകള്‍ ഇല്ലാതിരുന്നിട്ടും കോഴികള്‍ വേവലാതിപ്പെട്ടില്ല. വഴങ്ങിക്കൊടുക്കുന്നവന്റെ നിസ്സഹായതയോടെ അവര്‍ ഊഴം കാത്ത്‌ നിന്നു. അറവുകത്തിയുടെ തിളക്കത്തിലും കണ്ണിമയ്ക്കാതെ, ഒടുവിലത്തെ നിമിഷത്തിലും ജാഗ്രതയോടെ ചുറ്റുപാടുകളെ നിരീക്ഷിച്ചുകൊണ്ട്‌ കോഴികള്‍ മരണത്തിലേയ്ക്ക്‌ നടന്നു. ചിറകുകള്‍ കുടഞ്ഞുള്ള മരണപ്പിടച്ചിലില്ലാതെ, മുറിവില്‍ നിന്ന്‌ ചീറിത്തെറിക്കുന്ന രക്തപ്പുഴകളില്ലാതെ കോഴികള്‍ ചത്തു വീഴുന്നത്‌ അയാള്‍ ആദ്യമായി കാണുകയായിരുന്നു.

മകള്‍

നിറയെച്ചിരിച്ചും
നിറുകയിലുമ്മവച്ചും
പൂവിതള്‍പ്പാദങ്ങളാല്‍
മെല്ലെമെല്ലെപ്പിച്ചവച്ചും
എന്നെ മുറുകെപ്പുണരുന്നിളം
നിലാവാണ്‌ നീ.
പിണക്കം നടിച്ചും
പെട്ടെന്നു പൊട്ടിക്കരഞ്ഞും
പൊടുന്നനെയുച്ചത്തില്‍,
ആഹ്ലാദദീപ്തിയിലുല്ലസിച്ചും
ചുറ്റിനും പാിനടക്കുന്ന
പൂത്തുമ്പിയാണ്‌ നീ.
മകളാണിവള്‍,എന്റെ
ജീവന്റെ അമൃതമാകുന്നിവള്‍.
മകളാണിവള്‍,എന്റെ
പ്രാണന്റെ പ്രാണനാകുന്നിവള്‍.

ശ്യാമപ്രസാദ്‌ - ഒന്ന്‌

ഈയിടെ സിങ്കപ്പൂരില്‍ സന്ദര്‍ശ്ശനത്തിനെത്തിയ, 'അകലെ'യുടെ സംവിധായകന്‍ ശ്യാമപ്രസാദുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌:

'ഞാന്‍ പഠിച്ചത്‌ നാടകമാണ്‌. സ്കൂള്‍ ഒഫ്‌ ഡ്രാമയില്‍ വച്ച്‌ പഠിച്ചത്‌. അതിനുശേഷമാണ്‌ ഞാന്‍ ടെലിവിഷനും സിനിമയും പഠിക്കുന്നത്‌. അന്നാണ്‌ നാടകത്തെയും സിനിമയെയും കുറിച്ചുള്ള വ്യക്തമായ അവബോധമുണ്ടായത്‌. പക്ഷെ ഞാന്‍ സങ്കല്‍പിച്ച രീതിയിലുള്ള ഒരു നാടകപ്രവര്‍ത്തനം കേരളത്തില്‍ ഇന്ന്‌ സാധ്യമല്ല. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ. അതുകൊണ്ട്‌ ഒരു തൊഴിലും ജീവിതവും ഉണ്ടാക്കിയെടുക്കുകയെന്നത്‌ സാധ്യമല്ല. ഈ പ്രൊഫഷണല്‍ നാടകവേദി എന്നു പറയുന്നത്‌, ഒരു പ്രൊഫഷന്‍ എന്ന്‌ വിളിക്കാന്‍ പറ്റാത്തൊരു സംഗതിയാണ്‌. പിന്നെയുള്ളത്‌ അമേച്വര്‍ നാടക വേദിയാണ്‌. അവിടെ ഒരുപാട്‌ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്‌. പക്ഷേ തൊഴിലായി നാടകം സ്വീകരിക്കാന്‍ പറ്റുന്ന ഒരു രീതിയല്ല അവിടെയുള്ളത്‌. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നാടകങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല, പ്രത്യേകിച്ചും പുതിയ മാധ്യമങ്ങള്‍ കടന്നു വരുന്ന സാഹചര്യത്തില്‍.'