തര്‍ജ്ജനി

അസ്തമയം

പെട്ടെന്നാണയാള്‍ മരണത്തെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങിയത്‌. കടല്‍ക്കാറ്റിന്‌ വല്ലാത്തൊരു തണുപ്പുണ്ടെന്ന്‌ അവള്‍ക്കപ്പോള്‍ തോന്നി. മുഖത്തെ അമ്പരപ്പ്‌ മറച്ചു വയ്ക്കാതെ അയാളുടെ കണ്ണുകളിലെ ശൂന്യതയിലേയ്ക്ക്‌ അവള്‍ നോക്കി.

"എന്താണിപ്പോള്‍ ഇങ്ങനെ....?" നല്ലൊരു സായാഹ്നത്തിന്റെ ദിശ മാറിപ്പോകുന്നതിലെ അസഹ്യത അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.
"ഒന്നുമില്ല, വെറുതെയിരുന്നപ്പോള്‍ തോന്നിയത്‌ പറഞ്ഞുവെന്നു മാത്രം. എപ്പോഴാണെന്നറിയില്ലല്ലോ?"

സംസാരത്തിന്റെ ഗതി മാറ്റുവാന്‍ എന്താണ്‌ പറയുകയെന്നറിയാതെ അവള്‍ കടലിനു മീതെ പരക്കുന്ന ഇരുട്ടിലേയ്ക്ക്‌ നോക്കിയിരുന്നു. കടല്‍ ചാരം കലക്കിയതു പോലെ വിഷാദം നിറഞ്ഞു കിടന്നു, തിരകളില്ലാതെ.

പ്രതികരണങ്ങളൊന്നുമില്ലാതെ അവള്‍ നിശബ്ദയായതും വിജനമാകുന്ന മണല്‍പ്പരപ്പും അയാളെ അസ്വസ്ഥനാക്കി.
"നമുക്ക്‌ പോകാം.... നേരം ഇരുട്ടി." മറുപടിയ്ക്ക്‌ കാത്ത്‌ നില്‍ക്കാതെ അയാള്‍ ഇരുട്ടിലേയ്ക്ക്‌ നടന്ന്‌ തുടങ്ങി.

പല്ല്‌

മരവിപ്പിച്ച മോണയിലേയ്ക്ക്‌ ദന്ത വൈദ്യന്റെ ആയുധങ്ങള്‍ ആഴ്ന്നിറങ്ങി. വേദന അറിയുന്നില്ലെങ്കിലും വായ്‌ തുറന്നു പിടിയ്ക്കാന്‍ അയാള്‍ ആയാസപ്പെടുന്നുണ്ടായിരുന്നു. അല്‍പനേരത്തെ ബലപ്രയോഗത്തിനു ശേഷം ഒരു കീഴ്പ്പെടുത്തലിന്റെ ആഹ്ലാദവുമായി ഡോക്ടര്‍ ഇളക്കിയെടുത്ത പല്ലിനെ പുറത്തെടുത്തു.

"ഇവനിവടെ ഉദിയ്ക്കേണ്ടതല്ലല്ലോ?"

സ്ഥാനം തെറ്റി വന്ന പല്ലിനെ അയാള്‍ക്ക്‌ കാണിച്ചു കൊടുത്ത്‌ ഡോക്ടര്‍ നിറഞ്ഞ ഒരു ചിരി ചിരിച്ചു.

രക്തത്തില്‍ കുളിച്ച്‌ മൃതനായിക്കിടക്കുന്ന പല്ലിനെ അയാള്‍ സൂക്ഷിച്ച്‌ നോക്കി. നീളത്തില്‍, കൂര്‍ത്തൊരു കുന്തമുന പോലെ...അണപ്പല്ലുകള്‍ക്കുമപ്പുറം ഒരിയ്ക്കലും മുളയ്ക്കാനിടയില്ലാത്ത വിധം കൂര്‍ത്തൊരു പല്ല്‌. നോക്കിയിരിക്കെ, മൃഗീയമായ ചോദനകള്‍ അഴിഞ്ഞുലഞ്ഞ്‌ പോകുന്നതായി അയാള്‍ അറിഞ്ഞു. വനാന്തരങ്ങളിലെ കര്‍മ്മസ്ഥലികളില്‍ നായാടി നടന്ന പൂര്‍വ്വികനും ഉന്നം പിഴയ്ക്കാത്തൊരു അമ്പിന്റെ മൂര്‍ച്ചയും അയാളെ വിട്ടൊഴിഞ്ഞു. ഹൃദയത്തിലെവിടെയോ ആര്‍ദ്രമായ ഉറവള്‍ ഉണര്‍ന്നു തുടങ്ങി. സ്വയം അലിഞ്ഞില്ലാതാകുന്നത്‌ പോലെ.... അയാള്‍ കണ്ണുകളടച്ച്‌, പൂര്‍ണ്ണമായ വിധേയത്വത്തോടെ, മലര്‍ന്നു കിടന്നു.

ഇടനാഴി

ആദിമദ്ധ്യാന്തങ്ങളില്ലാതെ
ഇടനാഴി നീളുന്നു.
നിശബ്ദമോര്‍മ്മകള്‍
മകരമഞ്ഞുപോല്‍,
ഇടനാഴിനിറയുന്നു.
ഇവിടെയനാഥര്‍
ഇടവപ്പാതി നനയുന്നു.
കരച്ചിലിന്‍ പ്രളയമാത്രകള്‍
കടന്നകലുമീ മിടുപ്പുകള്‍
മടങ്ങിയെത്തില്ലെന്നറിയുക.

ഇടനാഴി പിന്നെയും നീളുന്നു.
വ്രണങ്ങള്‍, കണ്ണുകള്‍
തുറിച്ചു നോക്കുമ്പോള്‍
ആതുരാലയക്കിടക്കകള്‍
കൈനീട്ടി വിളിയ്ക്കുമ്പോള്‍
ജ്വരസ്വപ്നങ്ങളഴികളില്‍
മുഖം ചേര്‍ത്തുനില്‍ക്കുമ്പോള്‍
നിശബ്ദനായ്‌ നടന്നുച്ചെല്ലുക.

കരയരുത്‌, കണ്ണീരൊഴുക്കരുത്‌
ഇവിടെ വാതിലിന്നിരുപുറം
നമ്മള്‍ തടവിലാകുമ്പോള്‍
പതറരുത്‌, പേടിച്ചകലരുത്‌
ഇടനാഴി, യനന്തമാണ്‌