തര്‍ജ്ജനി

മുറി

മുറിയ്ക്കുള്ളില്‍ നനവും നിശബ്ദതയും കെട്ടിക്കിടന്നു. പുറത്ത്‌ മഴ പെയ്തു തോര്‍ന്നതേയുണ്ടായിരുന്നുള്ളൂ. വീടിന്‌ പുറകിലെ ഇലച്ചാര്‍ത്തുകളില്‍ നിന്ന്‌ മഴ പിന്നെയും വീണുകൊണ്ടിരുന്നു. വര്‍ത്തമാനത്തിന്‌ വിഷയങ്ങളില്ലാതെ അവരവരുടെ ചായക്കോപ്പകളില്‍ മുഴുകിയിരിക്കെ, അവളാണ്‌ ആദ്യം പാമ്പിനെ കണ്ടത്‌. തുറന്നു കിടന്ന വാതില്‍പ്പടിയിലൂടെ, പതിയെ ഇഴഞ്ഞ്‌ അത്‌ അടുക്കളയില്‍ അപ്രത്യക്ഷമായി.

"പാമ്പ്‌, അതാ അവിടെ..." അവളറിയാതെ നിലവിളിച്ചു പോയി.
"അതങ്ങ്‌ പോകും"

നിസംഗമായ ആ മറുപടി അവളെ നന്നായി ചൊടിപ്പിച്ചു. ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ അയാള്‍ തുടര്‍ന്നു...
"പാമ്പുകള്‍ നിരുപദ്രവകാരികളാണ്‌. മഴയും പുറത്തെ തണുപ്പും അടങ്ങുമ്പോള്‍ അതിറങ്ങിപ്പോകും. ഇല്ലെങ്കില്‍ ഉള്ളില്‍ എന്തോ ചീഞ്ഞു നറുന്നു എന്ന്‌ മനസ്സിലാക്കണം"

അവളുടെ മറുപടിയ്ക്ക്‌ കാത്ത്‌ നില്‍ക്കാതെ, ബാക്കിയുണ്ടായിരുന്ന ചായ ഒറ്റ വലിയ്ക്ക്‌ കുടിച്ചിട്ട്‌, അയാള്‍ മഴയിലേയ്ക്കിറങ്ങി.

കണ്ണാടി

തോരന്‌ അരയ്ക്കാന്‍ ഫ്രിഡ്ജിനുള്ളില്‍ പച്ചമുളക്‌ തിരയുന്നതിനിടയിലാണ്‌ കരിഞ്ഞ മണം അടുക്കളയില്‍ നിറഞ്ഞത്‌. സാമ്പാറിനുള്ള കഷണങ്ങള്‍ അടുപ്പത്തായിരുന്നെന്ന്‌ ഓര്‍ത്തപ്പോള്‍ അവളുടെ ഉള്ളൊന്നു കാളി. ഒറ്റക്കുതിപ്പിന്‌ സ്റ്റൌവിന്റെ അടുത്തെത്തുമ്പോള്‍ അവളില്‍ പ്രതീക്ഷ ഒട്ടും തന്നെ
ഉണ്ടായിരുന്നില്ല.

"ഈ നശിച്ച മറവി..." അവള്‍ പിറുപിറുത്തു.

പാത്രത്തിന്റെ അടിയില്‍ കരിഞ്ഞ്‌ പിടിച്ച ഉരുളക്കിഴങ്ങും വെണ്ടയ്ക്കയും അവളെ നോക്കി പല്ലിളിച്ചു. തിരിച്ചറിയാനാവാത്ത വിധം കരിഞ്ഞ്‌ പോയ കഷണങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുകയാണെന്ന്‌ അവള്‍ക്ക്‌ തോന്നി.

ഊണിന്‌ നേരമാകുന്നുവെന്നും അയാളിപ്പോഴെത്തുമെന്നും ക്ലോക്കിന്റെ സൂചികള്‍ വിളിച്ച്‌ പറഞ്ഞത്‌ പൊങ്ങി വന്ന കരച്ചിലിനിടയില്‍ അവള്‍ കേട്ടില്ല.

മാറ്റം

എസ്റ്റാബ്ലിഷ്മെന്റിന്റെ സങ്കീര്‍ണത വലുതാണ്‌. ചെറുപ്പക്കാരുടെ ആഗ്രഹചിന്തകള്‍ക്ക്‌ ഇത്‌ തകര്‍ക്കാവുന്നതല്ല. പല മേലകളിലും, ഘട്ടങ്ങളിലും എസ്റ്റാബ്ലിഷ്മെന്റുമായി സന്ധി ചെയ്‌താല്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നവസ്ഥ വന്നു. അങ്ങനെ ഞാനുമിന്ന്‌ എസ്റ്റാബ്ലിഷ്മെന്റിലെ പല വശങ്ങളുമായി സന്ധി ചെയ്‌തിട്ടാണ്‌ ജീവിക്കുന്നത്‌. സമൂഹത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സന്ധിചെയ്യാതെ നിലനില്‍ക്കാനാവില്ല. അങ്ങനെ സന്ധി ചെയ്‌താലും സാധ്യമായ മേലകളില്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ പൊളളത്തരങ്ങളെ, പരിമിതികളെ തുറന്ന്‌ കാണിക്കാനും എതിര്‍ക്കാനും ഞങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌.

വെറുതെ ചെന്ന്‌ പോലീസ്‌ സ്റ്റേഷനാക്രമിച്ച്‌ രക്തസാക്ഷിയാവുക എന്നതല്ല വിപ്ലവം. വിപ്ലവം നടത്തേണ്ടത്‌ ആത്യന്തികമായി ജനങ്ങളാണ്‌. അതിന്റെ ആവശ്യകത ഇവരെ ബോധ്യപ്പെടുത്തണമെങ്കില്‍ അനേകം കാലത്തെ അനേകം തലമുറകളുടെ കൂട്ടായ യത്നം ആവശ്യമുണ്ട്‌.

ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി അഭിമുഖം,
പുഴ.കോം