തര്‍ജ്ജനി

ഒരേയൊരു സക്കറിയ

"മലയാളത്തിലെ ഏറ്റവും മികച്ച പത്ത്‌ കഥകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍, പക്ഷെ, സക്കറിയടുതേയായി ഞാന്‍ തിരഞ്ഞെടുക്കുക ഈ പ്രാണിലോക കഥകളല്ല, 'ആര്‍ക്കറിയാം' എന്ന കഥയാണ്‌. അറിഞ്ഞോ അറിയാതെയോ തന്റെ ഭൂരിഭാഗം കഥകളിലും സക്കറിയ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ്‌ 'ആര്‍ക്കറിയാം' എന്നത്‌. മാര്‍ക്വേസില്‍ ഏകാന്തത പോലെ, ശങ്കരക്കുറുപ്പില്‍ അപാരത പോലെ, സക്കറിയയില്‍ ഒരു ഒബ്സഷന്‍ (ഭാവബ്ദ്ധത) ആയി ഈ വാക്ക്‌ പരിണമിച്ചത്‌ കാണാം. മനുഷ്യ ജീവിതത്തിന്റെ അജ്ഞേയത ഈ എഴുത്തുകാരന്റെ എല്ലാ കഥകളിലും ഇങ്ങനെ മുഖ്യപ്രമേയമായി മറഞ്ഞിരിപ്പുണ്ട്‌."

സക്കറിയയുടെ കഥകളെക്കുറിച്ച്‌ കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രന്‍, മാതൃഭൂമി വാരാന്തപ്പതിപ്പില്‍ : ഒരിടത്ത്‌ ഒരേയൊരു സക്കറിയ

പെരുമഴ

പെരുമഴ, കുടുകുടെ വീഴും
തേങ്ങലും പയ്യാരവും.
പൊന്നോമനക്കുഞ്ഞിനെ
ശാസിച്ചൊരമ്മയെപ്പോലെ
നീ പിന്നെയും പിന്നെയും
കണ്ണുനീര്‍ വാര്‍ക്കവേ
അറിയാതെ ഞാനെയ്ത
ശാപശരങ്ങളൊക്കെയും
തിരികെ നീ നല്‍കുക,
ക്ഷമിക്കുക, സദയം.

2004

ദുരന്തങ്ങളുടെയും ഭീതികളുടെയും ഒരു വര്‍ഷം
നമ്മെ കടന്നു പോകുന്നു.
മഹാരോഗങ്ങള്‍, യുദ്ധങ്ങള്‍, കടന്നുകയറ്റങ്ങള്‍...

പതിവു പോലെ കുതന്ത്രങ്ങളുടെ രാഷ്ട്രീയം അരങ്ങ്‌ തകര്‍ത്തു.
വികസനത്തെക്കുറിച്ചുള്ള അജണ്ടകള്‍ക്ക്‌ പകരം
അധികാരത്തിന്റെ ഇടനാഴികളെ കീഴടക്കാനുള്ള
തന്ത്രങ്ങളിലും സമരങ്ങളിലും ഹര്‍ത്താലുകളിലും
ജനസേവകര്‍ ജാഗ്രത പുലര്‍ത്തി.
ഇതിനിടയില്‍ മസാലപ്പടങ്ങളെ കടത്തിവെട്ടും വിധം
അശ്ലീലകഥകള്‍ നിരത്തി മാധ്യമങ്ങള്‍ കോരിത്തരിക്കുകയും
കണ്ണുനീരിന്റെ പ്രളയമൊഴുക്കി ചാനലുകള്‍ സായൂജ്യമടഞ്ഞതും
നമുക്ക്‌ വിസ്മരിക്കാനാവില്ല.
ചോരയും വിഷവും നനഞ്ഞ്‌
തൂലികകള്‍ അക്ഷരാര്‍ത്ഥത്തില്‍ പടവാളുകളാകുന്നു.
സത്യം മാത്രം കാണാന്‍ ക്യാമറക്കണ്ണുകള്‍ മറന്നു പോകുന്നു.
എന്താണെന്നറിയില്ല,
ഫിലിമിലൊന്നും പതിയുന്നില്ലത്രേ...
നഷടമാകുന്ന ആദര്‍ശങ്ങളെക്കുറിച്ച്‌
ആരും വിലപിക്കുന്നതും കേള്‍ക്കാനില്ല.

ഏറ്റവും ഒടുവില്‍ കടലിന്റെ താണ്ഡവം.
കാരുണ്യരൂപിയായ കടല്‍, നിനച്ചിരിക്കാതെ
രൌദ്രഭാവമണിഞ്ഞതിന്റെ ആഘാതത്തില്‍ നിന്ന്
ആരും ഉടനൊന്നും മുക്തരാവുമെന്നും തോന്നുന്നില്ല.

ഇനിയെന്ത്‌?
ഓര്‍ക്കുമ്പോള്‍ മനസ്സില്‍ മരവിപ്പ്‌ പടരുന്നു.
2005 ലും ഇതൊന്നും ആവര്‍ത്തിക്കില്ലെന്ന
പ്രത്യാശ മാത്രം ബാക്കി.