തര്‍ജ്ജനി

പ്ലാച്ചിമട സമരം

ആയിരം ദിവസം പിന്നിടുന്ന പ്ലാച്ചിമട സമരത്തിന്‌ അഭിവാദ്യങ്ങള്‍. ലഘുപാനീയങ്ങളെന്ന പേരില്‍ വിഷം കലക്കി വില്‍ക്കുകയും പ്രകൃതിയില്‍ വിഷം കലക്കുകയും ചെയ്യുന്ന ഒരു ബഹുരാഷ്ട്ര വ്യവസായ ഭീമനെതിരെ ആത്മാര്‍ത്ഥമായി പോരാടുന്ന പ്ലാച്ചിമടയിലെ ജനങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എന്നാല്‍ ഇതിനിടയില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ പ്ലാച്ചിമടക്കാര്‍ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.

"സമരം തുടങ്ങിയപ്പോള്‍ ഭീഷണിപ്പെടുത്തിയവരും ആദ്യത്തെ ഒരു വര്‍ഷം വരെ തിരിഞ്ഞുനോക്കാത്തവരും സമരത്തിന്റെ ആയിരാംനാളില്‍ വലിയ പരിപാടിയുമായി വരികയാണ്‌. ഞങ്ങളെ ചൂണ്ടിക്കാണിച്ച്‌ മുതലെടുപ്പിനെത്തുന്ന ഇവര്‍ക്ക്‌ ഞങ്ങളുടെ ഇപ്പോഴത്തെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും താല്‍പ്പര്യമില്ല." മൈലമ്മ പറഞ്ഞു.

മാധ്യമത്തില്‍ തുടര്‍ന്ന് വായിക്കുക

അഷിത

"എനിക്ക്‌ ആത്മീയകാര്യങ്ങളിലാണ്‌ താല്‍പര്യം. ഇത്‌ മതപരമല്ല. ഓരോരുത്തരുടെയും ഉള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌ ഓര്‍ക്കുക. ഓരോ നിമിഷവും നാം മാറുകയാണ്‌. ഇന്നലത്തെ ആളല്ല ഇന്നത്തേത്‌. ഗുരു നിത്യചൈതന്യയതിയോടൊപ്പം വര്‍ഷങ്ങള്‍ ഞാന്‍ ചെലവഴിച്ചതിന്റെ ഫലമായി ധ്യാനത്തിലും ആത്മീയതയിലും എനിക്കു പരിശീലനം കിട്ടിയിട്ടുണ്ട്‌. ഞാന്‍ എന്നെത്തന്നെ കണ്ടെത്താനാണ്‌ കഥയെഴുതുന്നത്‌. ബാഹ്യലോകത്തിന്റെ പ്രലോഭനങ്ങളില്‍നിന്നു രക്ഷപെടാന്‍ ഞാന്‍ കഥകളിലേക്കുതന്നെ തിരിച്ചുപോകുകയാണു പതിവ്‌. വളരെ രഹസ്യാത്മകമാണത്‌. ഇത്‌ എല്ലാവരും മനസ്സിലാക്കണമെന്നില്ല"
- അഷിത, കലാകൌമുദി, ജനുവരി 2005, ലക്കം 1531

അഷിതയെന്ന കഥാകാരിയെ മലയാള സാഹിത്യം മറക്കാതിരുന്നെങ്കില്‍...

അതിര്‍ത്തികള്‍

എന്റെ രക്‌തം
എന്നെ വിട്ട്‌ പോകുമ്പോള്‍
കുഴല്‍ വിളികളുയര്‍ത്തുന്നതാരാണ്‌?
എന്നെയും നിന്നെയും മുറിച്ച്‌
മതിലുകളുയരുമ്പോള്‍
മധുചഷകമൊരുക്കുന്നതാരാണ്‌?

പുതിയ അതിര്‍ത്തികള്‍
പുതിയൊരു തര്‍ക്കമാകുന്നു,
പുതിയൊരു കുരുതിക്കളവും.
അധികാരം
പെരുമ്പറകള്‍ മുഴക്കുമ്പോള്‍
ചുടുനിശ്വാസങ്ങള്‍ ആര്‌ കേള്‍ക്കും?
മദ്യവും നൃത്തവും നിറയുമ്പോള്‍
കണ്ണുനീര്‍ത്തുള്ളികള്‍ ആര്‌ കാണും?

രാഷ്ട്രദൈവങ്ങളെഴുന്നെള്ളുമ്പോള്‍
അനാഥരായ കുഞ്ഞുങ്ങളുടെ താലപ്പൊലി,
വെടിയുണ്ടകള്‍ കോര്‍ത്തൊരു മാല,
നിരപരാധിയുടെ ചോരയും ജനാധിപത്യക്കുരുതിയും.
വെടിയൊച്ച നിലയ്ക്കാത്ത രാത്രിയില്‍
അധികാരത്തിന്റെ വേഴ്ച്ചകള്‍,
തീന്‍ മേശയില്‍ പ്രാവിറച്ചി പൊരിച്ചത്‌,
ഒലിവിലയാല്‍ അലങ്കാരം.

കുരുതിയടയാളം പതിക്കാന്‍
ഇനിയെത്ര കൂനന്‍ കിനാവുകള്‍?
കൂട്ടിക്കൊടുക്കാന്‍ ഇനിയെത്ര കന്യകമാര്‍?
പട്ടിണിയാല്‍ കോടിപ്പോയ ചുണ്ടുകള്‍ക്ക്‌
ചുംബിയ്ക്കാന്‍ അറിയില്ലെന്ന്‌
പരാതി മാത്രം പറയരുത്‌.