തര്‍ജ്ജനി

സൂര്യനെല്ലി

"സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതി ധര്‍മ്മരാജന്‌ അഞ്ച്‌ വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ധര്‍മ്മ രാജനുള്‍പ്പെടെ അഞ്ചു പേര്‍ കുറ്റക്കാരാണന്ന്‌ ഹൈക്കോടതി കണ്ടെത്തിയിരുന്നു. 35 പേര്‍ കുറ്റക്കാരല്ലന്ന്‌ കണ്ട്‌ വെറുതെ വിട്ടിട്ടുണ്ട്‌. പീഡനവിധേയയായ പെണ്‍കുട്ടിയുടെ ആദ്യമൊഴി കോടതിയില്‍ ഹാജരാക്കാതിരുന്നത്‌ പ്രോസിക്യൂഷനു സംഭവിച്ച വലിയ വീഴ്ചയാണെന്ന്‌ ഹൈക്കോടതി പറഞ്ഞു."

ഇതിലും ഭേദം ധര്‍മ്മരാജനെയും വെറുതെ വിടുന്നതായിരുന്നു. ഇത്തരം ചെറിയ ശിക്ഷകള്‍ പുതിയ പെണ്‍വാണിഭസംഘങ്ങള്‍ക്ക്‌ പ്രോത്സാഹനമാകുമെന്നല്ലാതെ പ്രത്യേകിച്ച്‌ പ്രയോജനം ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. പഞ്ചായത്തുകള്‍ തോറും അരങ്ങേറുവാന്‍ പോകുന്ന വാണിഭങ്ങളുടെ അണിയറക്കഥകള്‍ക്കായി കാത്തിരിക്കാം.

ബാല്യം

കുട്ടികളുടെ പാര്‍ക്കിനരികിലൂടെയാണ്‌ അയാള്‍ എന്നും ഓഫീസില്‍ നിന്ന്‌ മടങ്ങിവരുന്നത്‌. അയാള്‍ വരുമ്പോഴെയ്ക്കും അവിടം വിജനമായിട്ടുണ്ടാവും. അന്നത്തെ കളികളുടെ ബാക്കിയെന്നോണം ഉടഞ്ഞ കുപ്പിവളത്തുണ്ടുകളോ ആരെങ്കിലും മറന്നിട്ടിട്ടു പോയ കളിപ്പാട്ടങ്ങളോ മാത്രമാണ്‌ അയാള്‍ സാധാരണ കാണുന്നത്‌. വല്ലപ്പോഴും മാത്രം നേരം വൈകിയിട്ടും വീട്ടിലേയ്ക്ക്‌ മടങ്ങാതെ വഴക്കുകൂടുന്ന കുട്ടികളും.

പതിവില്ലാതെ അന്നയാള്‍ നേരത്തെ മടങ്ങിയതായിരുന്നു. വളവ്‌ തിരിയുമ്പോള്‍ തന്നെ പാര്‍ക്കില്‍ നിന്നുള്ള ആരവങ്ങള്‍ കേട്ട്‌ അയാള്‍ വേഗത്തില്‍ നടന്നു. പാര്‍ക്കിന്റെ മുന്നിലെത്തുമ്പോള്‍ കണ്ട കാഴ്ച്ചയില്‍ ലയിച്ച്‌ അയാള്‍ അറിയാതെ അവിടെ നിന്നു.

നിറയെ വര്‍ണ്ണങ്ങള്‍... ഊഞ്ഞാലിലും സ്പ്രിംഗ്‌ ഘടിപ്പിച്ച കളിക്കുതിരികളിലും ആര്‍ത്തുവിളിക്കുന്ന കുട്ടികള്‍... മണ്ണില്‍ കിടന്നുരുണ്ടും ഒളിക്കാന്‍ ഇടം തേടിയും ഓടി നടക്കുന്നവര്‍... മനസ്സ്‌ അറിയാതെ സ്വന്തം ബാല്യത്തെ തിരയാന്‍ തുടങ്ങി.

ഇരുട്ടിന്റെ ഒരു തുരുത്തില്‍ നിന്ന്‌ ജനലിന്റെ മരയഴികളില്‍ പിടിച്ച്‌ ചീലാന്തിയിലകള്‍ക്കിടയിലൂടെ വേലിയ്ക്കപ്പുറത്തെ വിജനമായ റോഡിലേയ്ക്ക്‌ നോക്കി നില്‍ക്കുന്ന കുഞ്ഞു മിഴികള്‍. വല്ലപ്പോഴും കടന്നു പോകുന്ന സൈക്കിള്‍ റിക്ഷകളും കാളവണ്ടികളും മാത്രമായിരുന്നു ആ കുട്ടിയുടെ അത്ഭുതക്കാഴ്ച്ചകള്‍. അച്ഛനും അമ്മയും എന്നും രാവിലെ പോകുന്ന പുറം ലോകം അപ്രാപ്യമായ ഒരു സ്വപ്നം പോലെ... കട്ടിലിനടുത്തെ ഷെല്‍ഫില്‍ നിറം മങ്ങിയ കളിപ്പാട്ടങ്ങള്‍ അനാഥമായിക്കിടന്നു.

"അങ്കിള്‍... കളിക്കാന്‍ വാാ‍ാ‍...."
ഓര്‍മ്മകളില്‍ നിന്നയാള്‍ ഉണരുമ്പോള്‍, മുന്നില്‍ ഇളകിമറിയുന്ന കുട്ടിക്കൂട്ടം. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ ചുറ്റുമൊന്ന്‌ നോക്കി, കുട്ടികള്‍ക്ക്‌ നേരെ കൈ വീശി, മറുപടി ഒരു മന്ദസ്മിതത്തിലൊതുക്കി അയാള്‍ നടന്നു. നഷ്ടമായ ബാല്യത്തെക്കുറിച്ച്‌ അയാള്‍ അപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല.

മലയാറ്റൂര്‍ അവാര്‍ഡ്‌

നാലാമതു മലയാറ്റൂര്‍ അവാര്‍ഡിന്‌ പി. മോഹനന്റെ 'വിഷയവിവരം' എന്ന നോവലും നവാഗതര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസിന്‌ വത്സലന്‍ വാതുശേരിയുടെ 'വാര്‍ഷിക രേഖ' എന്ന നോവലും അര്‍ഹമായി. പ്രശസ്തിപത്രവും 15,000 രൂപയും ആര്‍ട്ടിസ്റ്റ്‌ ബി.ഡി. ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ്‌ മലയാറ്റൂര്‍ അവാര്‍ഡ്‌. നവാഗത നോവലിസ്റ്റിന്‌ 2001 രൂപയും പ്രശസ്തിപത്രവും അവാര്‍ഡായി നല്‍കും.

മലയാള രാഷ്ട്രീയ നോവലിന്റെ രണ്ടാം വരവാണ്‌ പി. മോഹനന്റെ വിഷയവിവരത്തിലൂടെ യാഥാര്‍ഥ്യമായതെന്ന്‌ ജഡ്ജിംഗ്‌ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തെയും ഐറിഷ്‌ സ്വാതന്ത്യ്ര സമരത്തെയും സമാന്തരങ്ങളായി കണ്ടുകൊണ്ട്‌ നോവലിന്റെ ഇതിവൃത്ത ഘടനയെ സമന്വയിപ്പിക്കുകയും പുതിയ രാഷ്ട്രീയ അവബോധത്തിന്‌ ശ്രമിക്കുകയുമാണ്‌ മോഹനന്‍ ഈ നോവലിലൂടെ ചെയ്യുന്നതെന്ന്‌ അവാര്‍ഡു കമ്മിറ്റി വിലയിരുത്തി.

വാര്‍ത്ത, ദീപിക.കോം