തര്‍ജ്ജനി

അവര്‍

അവള്‍ക്ക്‌ "വലന്റൈന്‍സ്‌ ഡേ" എന്താണെന്ന്‌ അറിയില്ലായിരുന്നു. പ്രണയിക്കുന്നവര്‍ക്ക്‌ ഒരു ദിവസം ആഘോഷിക്കാനായി വേണമെന്ന്‌ അവള്‍ക്ക്‌ ഒരിക്കലും തോന്നിയിരുന്നുമില്ല. പൂക്കളോ ചോക്കളേറ്റുകളോ കൈമാറുന്നതിനു മുന്‍പ്‌, ഹൃദയങ്ങള്‍ കൈമാറിക്കഴിഞ്ഞിരുന്നതിനാല്‍ അവള്‍ ഈ ഭൂമിയില്‍ നിന്നകലെ പ്രണയത്തിന്റെ മധുരസ്വപ്നങ്ങളില്‍ മുഴുകി. അയാള്‍ വരുമെന്ന്‌, ഒരുപാട്‌ വര്‍ത്തമാനം പറയാമെന്ന്‌ അവള്‍ വെറുതെ മോഹിച്ചു.

അയാള്‍ "വലന്റൈന്‍സ്‌ ഡേ"യില്‍ വിശ്വസിച്ചില്ല. വിപണി പ്രണയത്തെ കച്ചവടമാക്കി മാറ്റുന്നതില്‍ അയാള്‍ക്ക്‌ പ്രതിഷേധിക്കാതിരിക്കാനും കഴിഞ്ഞില്ല. പ്രണയം പൂനിലാവു പോലെ ഒഴുകിപ്പരക്കുന്ന രാത്രികളെക്കാള്‍, വിരഹവ്യഥയില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു അയാളുടേത്‌.

ഒരു ചുവന്ന പൂവിലും ചുംബനത്തിലും
പ്രണയം ആഘോഷിക്കുന്നവര്‍
പ്രണയം എന്തെന്ന്‌ അറിയുന്നില്ല.
തീവ്രമായി പ്രണയിക്കുന്നവര്‍ക്ക്‌
ആഘോഷങ്ങളില്‍ ഇടം കിട്ടാറുമില്ല!

പ്രണയദിനാശംസകള്‍!

അരങ്ങ്‌ അമ്മയുടെ മടിത്തട്ട്‌

കെ.പി.എ.സി നമുക്ക്‌ തന്നത്‌ ഒരു നല്ല തീയറ്റര്‍ കള്‍ച്ചര്‍ അല്ല. സെന്റിമെന്‍സും, പ്രണയവും, കോമഡിയും ചേര്‍ത്ത ഒരു തമിഴ്‌നാടകരീതി മാത്രമാണ്‌ ഇവര്‍ നമുക്ക്‌ നല്‌കിയത്‌. അതില്‍ കുറച്ചു രാഷ്‌ട്രീയം കലര്‍ത്തിയെന്നു മാത്രം. പിന്നീട്‌ ജനകീയ സാംസ്‌കാരികവേദി സജീവമായപ്പോഴാണ്‌ കാമ്പുളള പൊളിറ്റിക്കലായ നാടകങ്ങള്‍ വരുന്നത്‌. ഇത്‌ എഴുപതുകളിലാണ്‌ സംഭവിച്ചത്‌. പിന്നീട്‌ 'തനത്‌' എന്നു പറഞ്ഞ്‌ ശ്രീകണ്‌ഠന്‍നായരും, കാവാലവും മലയാള നാടകവേദിയെ അന്വേഷിച്ചു. നല്ലൊരു തുടക്കമായിരുന്നെങ്കിലും, കാവാലം അടക്കമുളളവര്‍ നാടകത്തിലൂടെ നമുക്ക്‌ തന്നത്‌ ഒരു തെറ്റായ നാടോടി പാരമ്പര്യമാണ്‌. അതായത്‌ നാടോടി പാരമ്പര്യത്തെക്കുറിച്ച്‌ തെറ്റായ ധാരണയും, കുറെ കളളനാണയവുമാണ്‌ ഇവര്‍ നല്‌കിയത്‌. ഇത്‌ നമ്മുടെ നാടകമല്ല. തനത്‌ നാടകവേദിക്ക്‌ ജനകീയ ബന്ധമില്ല. 'അവനവന്‍ കടമ്പ'യിലൊക്കെ ആശാന്റെ കിരണങ്ങള്‍ കാണാമെങ്കിലും പിന്നീടു വന്നതൊക്കെ ഒന്നിന്റെ അനുകരണങ്ങള്‍ മാത്രം. 'കര്‍ണഭാര'വും 'കരിങ്കുട്ടി'യും ഒരേ പാറ്റേണിലാണ്‌ ഇവര്‍ അവതരിപ്പിച്ചത്‌.

സതീഷുമായൊരു വര്‍ത്തമാനം, പുഴ.കോമില്‍ വായിക്കുക: അരങ്ങ്‌ അമ്മയുടെ മടിത്തട്ട്‌

പറയാതിരുന്നതു്‌

മഴ പോലെ
നിന്റെ പ്രണയം പെയ്തിറങ്ങുമ്പോള്‍
വാക്കുകള്‍ അര്‍ത്ഥരഹിതമാകുന്നതു്‌
എന്തുകൊണ്ടാണു്‌?
ഏതു വാക്കിലാണെന്റെ പ്രണയം
ഞാന്‍ പറയേണ്ടതു്‌?

പച്ച നിഘണ്ടുവിന്റെ താളുകള്‍ക്കിടയില്‍
ധ്യാനിച്ചിരിക്കും മയില്‍പ്പീലികള്‍ക്കു്‌
മാത്രമറിയാവുന്നൊരു വാക്കു്‌
ഞാന്‍ എങ്ങനെയറിയും?

പൊറുക്കുക,
എന്റെ പ്രണയം
ഹൃദയത്തില്‍ത്തന്നെ സൂക്ഷിക്കുന്നതിന്‌.