തര്‍ജ്ജനി

കടല്‍ക്കാറ്റ്‌ തന്നത്‌

കടലിനു മീതെ, തിരകള്‍ക്കു മീതെ, മണല്‍ത്തിട്ടിലൂടെ
തണുത്ത കാറ്റ്‌ പാറിനടന്നു.
കാറ്റില്‍ ആരുടെയോ വര്‍ത്തമാനങ്ങള്‍,
ഏതൊക്കെയോ ഭാഷകള്‍, കുട്ടികളുടെ ആര്‍പ്പുവിളികള്‍,
പേരറിയാപ്പൂക്കളുടെ സുഗന്ധം,
കടലിന്റെ ഉപ്പുമണം, കേട്ടിട്ടില്ലാത്തൊരു പാട്ടിന്റെ ഈണം...

പാര്‍ക്കിന്റെ ഒഴിഞ്ഞ കോണില്‍ പൂത്തുലയുന്ന പ്രണയം,
പൂഴിയിലാഴ്ന്നു പോകുന്ന പാദങ്ങള്‍,
കെട്ടുപൊട്ടിയൊരു പട്ടം,
തിരകള്‍ക്കു മീതെ ചാഞ്ചാടി, ചാഞ്ചാടി...

കാറ്റ്‌ പിന്നെയും...
തെങ്ങോലത്തുമ്പുകളില്‍ മടങ്ങിപ്പോകാന്‍ മടിക്കുന്ന
പകലിന്റെ അവസാനചുംബനം,
ഇരുട്ടും വെളിച്ചവും ഒളിച്ചു കളിക്കുന്നതിനിടയിലൂടെ
ഒരു നീളന്‍ തലമുടി പാറി വന്നു്‌,
കവിളിലൊരുമ്മ തന്നു.
കാച്ചെണ്ണയുടെ മണത്തില്‍
കടലും കാറ്റും ആള്‍ക്കൂട്ടവും വിസ്മൃതമായി.

നോവിക്കാതെ,
മുടിയിഴയെ അയാള്‍ കടലിനു നല്‍കി.
അപ്പോഴേയ്ക്കും കടലിനു മീതെ ഇരുട്ടു്‌ പരന്നു.

നഴ്സറി

"എനിക്കെത്ര ആലോചിച്ചിട്ടും അങ്ങോട്ട്‌ ദഹിക്കുന്നില്ല...വെറും രണ്ട്‌ വയസ്സ്‌, അതായത്‌ വെറും ഇരുപത്തിനാലു മാസം പ്രായമുള്ള കുട്ടിയെ (പൊടിക്കുഞ്ഞിനെ?) നഴ്സറിയില്‍ പറഞ്ഞു വിടുന്നതെന്തിനാണ്‌? ഒരുപാട്‌ നേരത്തേയല്ലെ അത്‌?"
"അതേ ഇവിടെ ഒന്നര വയസ്സ്‌, അതായത്‌ വെറും പതിനെട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ്‌ നഴ്സറിയില്‍ പോകുന്നത്‌. മനസ്സിലായോ...?"
"അത്‌ മനസ്സിലായി. പക്ഷെ എന്തിനാണിത്ര നേരത്തേയെന്നാണ്‌ മനസ്സിലാകാത്തത്‌?"
"നമ്മളിത്‌ മനസ്സിലാക്കി വരുമ്പോഴേയ്ക്കും കാലം കുറച്ചു കഴിയും. അതു കൊണ്ട്‌ അധികം ചിന്തിച്ച്‌ തല പുകയ്ക്കണ്ട. നാടോടുമ്പോള്‍ നടുവേ... എന്നല്ലേ പ്രമാണം?"
"അതിരിക്കട്ടെ നീ എന്നാ നഴ്സറിയില്‍ പോയിത്തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ?"
"അമ്മ പറയാറുള്ളത്‌ മൂന്നു വയസ്സെന്നാ..."
"ഞാന്‍ പോയത്‌ നാല്‌ കഴിഞ്ഞിട്ടാ... എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. കാരണം അന്ന് നല്ല മേളമായിരുന്നു"
"ഇപ്പം പറഞ്ഞു വരുന്നതെന്താ?"
"അല്ല ഇനി അടുത്ത തലമുറ നേരെ നഴ്സറിയിലേയ്ക്കാവുമോ പ്രസവിക്കുക എന്നൊരു ശങ്ക.."

രൂക്ഷമായൊരു നോട്ടത്തില്‍ മറുപടിയൊതുക്കി, അവള്‍ കുഞ്ഞിന്റെ ഉടുപ്പുമായി മുറിയിലേയ്ക്ക്‌ പോയി.

നിയോഗം

മകനേ,
മിഴി തുറന്നിരുപുറം നോക്കുക.
ഇതറിവിന്റെ കൈത്തിരി.
ഇതലിവിന്റെ നിറമൊഴി.

മകനേ,
വാതിലഞ്ചും തുറക്കുക.
ഇടനാഴിയിരുളില്‍
പുതഞ്ഞു കിടക്കുന്നു,
ഇടനെഞ്ചിലിതിഹാസകഥകള്‍
പുകഞ്ഞു നില്‍ക്കുന്നു.

മകനേ,
നിന്റെ നിയോഗമറിയുക.
അകക്കണ്ണിലറിവിന്റെ
മുറിവുകളുണര്‍ത്തുക.
അറിവിന്റെ വേദനയിലഭയം
തിരയുക.

Illustration by puzha.com, link നിയോഗം