തര്‍ജ്ജനി

ശ്മശാനം

മൃതദേഹം ചിതയിലേയ്ക്കെടുക്കുവോളം ആരും ഒന്നും മിണ്ടിയില്ല. മന്ത്രോച്ചാരണങ്ങളും ചരല്‍ക്കല്ലുകള്‍ പാദങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്ന ശബ്ദവും മാത്രം. അവസാന നിമിഷത്തിലേയ്ക്കെത്തുമ്പോള്‍, മണ്ണടരുകള്‍ക്കടിയില്‍ നിന്നെന്ന പോലെ, ആരോ അമര്‍ത്തിപ്പിടിച്ച്‌ കരഞ്ഞു. കത്തുന്ന ചിതയ്ക്കൊപ്പം കരച്ചിലുകള്‍ പരസ്പരം ആളിപ്പിടിച്ചു. കാറ്റിനോടൊപ്പം കരച്ചില്‍ പടര്‍ന്നു. ശ്മശാനത്തിലെ മണല്‍ത്തരികള്‍, പുല്‍ത്തുമ്പുകള്‍, വൃക്ഷങ്ങള്‍... മതില്‍ക്കെട്ടിനുള്ളില്‍ ജീവജാലങ്ങളെല്ലാം നിന്നു കത്തി. അയാള്‍ ആത്മാക്കളെപ്പോലെ, ഭാരമില്ലാതെ, പറന്നു നടക്കുന്നതിനെക്കുറിച്ച്‌, വെറുതെ ഓര്‍ത്തു കൊണ്ടിരുന്നു.

പ്ലാച്ചിമടയില്‍ പൊരുതുന്നവര്‍ക്ക്‌

വ്യവസ്ഥകളില്ലാതാകുന്ന നീതിന്യായങ്ങള്‍ക്ക്‌ ദാഹം തിരിച്ചറിയാനാവുന്നില്ല. അതിനോടൊപ്പം സംഘടിത രാഷ്ട്രീയത്തിന്റെ പിന്‍വാതില്‍ക്കളികള്‍ കൂടിയാകുമ്പോള്‍, ഒരു അശ്ലീലചിത്രം പൂര്‍ത്തിയാകുന്നു. ഒരു ഗ്രാമത്തിന്റെ ദാഹം ശമിക്കാതിരിക്കുമ്പോള്‍ സ്ഫടികക്കുപ്പികളില്‍ നിറവും വിഷവും കലര്‍ത്തി നാടുകടത്തുന്നത്‌ ആരുടെ അവകാശങ്ങളാണ്‌? ജലം ഭൂമിയുടെ നിയന്ത്രണത്തിലായിരിക്കട്ടെ. അണകള്‍ കെട്ടിയും കുപ്പികളില്‍ നിറച്ചും വില പേശിയും ആരു്‌ എന്ത്‌ കുടിക്കുന്നുവെന്ന് നമുക്ക്‌ നിര്‍ണ്ണയിക്കാതിരിയ്ക്കാം.

ഞാന്‍ പിളര്‍ക്കപ്പെട്ടവരുടെ എഴുത്തുകാരന്‍

മനുഷ്യന്റെ വേദനയും ദൈന്യതയും നിലനില്‌ക്കുന്ന ഇടങ്ങളില്‍നിന്ന്‌ നല്ല കലാസൃഷ്‌ടികള്‍ ഉണ്ടായിക്കാണുന്നുണ്ട്‌. പീഡനമനുഭവിക്കുന്ന ജനതയുടെ ആത്മാവിഷ്‌കാരമായി നല്ല രചനകള്‍ ഉണ്ടാവാമല്ലോ.

അങ്ങനെയും പറയാം. അറിവും ചിന്താശേഷിയും ഇല്ലാത്ത കാലത്ത്‌ എവിടെയാണ്‌ സാഹിത്യം ഉണ്ടാവുക? ലിയോ ടോള്‍സ്‌റ്റോയ്‌ ദരിദ്രരെക്കുറിച്ച്‌ എഴുതി. ടോള്‍സ്‌റ്റോയ്‌ ദരിദ്രനായിരുന്നോ? റഷ്യയിലെ ഏറ്റവും വലിയ പ്രഭുക്കളില്‍ ഒരുവനായിരുന്നു. ദൈന്യത്തില്‍ നിന്നല്ല സാഹിത്യം ഉണ്ടാവുന്നത്‌. ദൈന്യത ഒരു കലാകാരന്റെ മനസ്സിനെ വേദനിപ്പിക്കും. അവന്‍ കരയാന്‍ തുടങ്ങും. കല ദുഃഖത്തില്‍ നിന്നാണ്‌ ഉണ്ടാവുന്നത്‌. കലയുടെ അടിസ്ഥാനഘടകം ദുഃഖമാകുന്നു. ഷേക്‌സ്‌പിയറുടെ നാടകങ്ങള്‍ മുഴുവന്‍ ട്രാജഡിയല്ലെ. സീത കാട്ടില്‍ പോയി താമസിച്ചില്ലെങ്കില്‍ രാമായണത്തിനു വിലയില്ല. ശ്രീരാമന്‍ തന്റെ ജീവിതം പരാജയപ്പെട്ട്‌ സരയൂനദിയില്‍ ചാടി ആത്മഹത്യ ചെയ്‌തു എന്നു ഞാന്‍ പറഞ്ഞാല്‍ എനിക്ക്‌ അടികിട്ടും. വാസ്‌തവത്തില്‍ അതാണ്‌. വളരെ യുക്തിസഹമായി ജീവിക്കാന്‍ ശ്രമിച്ചതാണ്‌ അദ്ദേഹം. ആ രാമന്‌ ഒരിക്കല്‍ ഭാര്യയെ നഷ്‌ടപ്പെട്ടു. ഭാര്യയെ ഉപേക്ഷിച്ചു. ഭാര്യയുടെ സ്വര്‍ണ്ണപ്രതിമയുണ്ടാക്കി. എന്നിട്ടും യാതൊരു മനഃസമാധാനവും ഇല്ല! മനസ്സിന്‌ ശാന്തിയില്ല. സരയൂ നദിയില്‍ ചാടി ആത്മഹത്യ ചെയ്‌തു. ഇങ്ങനെ വ്യാഖ്യാനിക്കുന്ന വേറെയും ആളുകളുണ്ടാവും. രാമന്‍ ആത്മഹത്യ ചെയ്‌തു. അതിന്‌ മോക്ഷം പ്രാപിച്ചു എന്നൊക്കെയാണ്‌ പറഞ്ഞിട്ടുണ്ടാവുക. എന്റെ സാഹിത്യത്തിന്റെ മുഴുവന്‍ ഭാഗവും മനുഷ്യന്റെ ദൈന്യതയല്ലെ. എന്റെ വിദ്യാഭ്യാസം വളരെ പരിമിതമാണ്‌. അതെന്റെ എഴുത്തിലും ഉണ്ടായിട്ടുണ്ട്‌. എനിക്ക്‌ പെട്ടെന്ന്‌ ഒരു സിദ്ധനോ ജ്ഞാനിയോ ആവാന്‍ പറ്റുമോ?

ഞാന്‍ പിളര്‍ക്കപ്പെട്ടവരുടെ എഴുത്തുകാരന്‍, കോവിലനുമായി അഭിമുഖം, പുഴ.കോം