തര്‍ജ്ജനി

കേരളത്തിന്റെ ജലവിധി

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ മാത്രം 70-90 ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം വന്‍കിട ഫാക്‌ടറിക്കാര്‍ ഊറ്റിയെടുക്കുന്നു. ഒരു കോടിലിറ്റര്‍ വെള്ളമുണ്ടെങ്കില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും കുടിവെള്ള ആവശ്യം പൂര്‍ത്തിയാക്കാം.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ സമ്പന്നര്‍ക്ക്‌ മാത്രം ആശ്രയിക്കാന്‍ കഴിയുന്ന ഒരു സ്വകാര്യ ആശുപത്രി അവിടെയുള്ള പേരൂര്‍ പട്ടികജാതി കോളനിയിലെ ജനങ്ങള്‍ കുടിവെള്ളമെടുക്കുന്ന സ്രോതസ്സില്‍നിന്ന്‌ പ്രത്യേക സംവിധാനം ഉണ്ടാക്കിവെള്ളം കടത്തിക്കൊണ്ടുപോകുന്നു.

മദ്ധ്യകേരളത്തിലെ ഒരു പ്രധാന അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌ ഒരു ദിവസം 8 മുതല്‍ 10 വരെ ലക്ഷം ലിറ്റര്‍ വെള്ളം സമീപത്തുള്ള പുഴയില്‍നിന്ന്‌ എടുക്കുന്നു.

വിനോദസഞ്ചാരം വികസിപ്പിക്കാന്‍ കൊച്ചിയില്‍ ഉടന്‍ പണിതീര്‍ക്കുമെന്ന്‌ ടൂറിസം മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ഗോള്‍ഫ്‌ മൈതാനത്തിനും കൂടി പ്രതിദിനം ഒരു കോടിലിറ്റര്‍ വെള്ളം വേണ്ടിവരുമെന്ന്‌ കണക്കാക്കിയിരിക്കുന്നു.

രണ്ടുകൊല്ലം മുമ്പ്‌ കൊച്ചിയില്‍ നടന്ന മഴ നൃത്തത്തിന്‌ 14000 ലിറ്റര്‍ കുടിവെള്ളമാണ്‌ ഉപയോഗിച്ചത്‌. കേരളവികസനത്തിന്റെ എന്‍ജിന്‍ ടൂറിസമാണെന്ന്‌ പ്രഖ്യാപിച്ചതോടുകൂടി അത്തരം ഉത്സവങ്ങള്‍ ഇനിയും നടത്തേണ്ടി വന്നേക്കാം. പ്രതിദിനം ഒരു കോടി ലിറ്റര്‍ വെള്ളം ഉല്ലാസത്തിനുപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട്‌ മഴനൃത്തം ആയിക്കൂടാ എന്നൊരു ന്യായീകരണവും കണ്ടെത്താം.

കേരളകൌമുദി ഫീച്ചര്‍ ജലം നിധിയോ തലവിധിയോ

സ്വപ്നങ്ങളുടെ ലോകം

ഉച്ചയുറക്കത്തിനു മുന്‍പുള്ള ഒരു ചെറിയ ഇടവേളയുണ്ട്‌. വായിക്കാനെടുത്ത പുസ്തകത്തില്‍ നിന്നും കണ്ണുകള്‍ തെന്നിപ്പോകുകയും ഉണര്‍വ്വില്‍ നിന്ന് മയക്കത്തിലേയ്ക്ക്‌ ചായുകയും ചെയ്യുന്നൊരിത്തിരി നേരം. അവള്‍ക്കേറ്റവും വിലപിടിപ്പുള്ള ആ നിമിഷങ്ങളിലാണ്‌ അവള്‍ സ്വപ്നങ്ങള്‍ കാണാറുള്ളത്‌. അതൊരു ശീലമാണെന്നു പോലും പറയാം. വീടിനകവും പുറവും അപ്പോള്‍ നിശബ്ദമായിരിയ്ക്കും. ജനലിനപ്പുറം വല്ലപ്പോഴും പാഞ്ഞു പോകുന്നൊരു ഇരമ്പല്‍ ആ നിമിഷങ്ങളില്‍ അവളെ അലട്ടാറുമില്ലായിരുന്നു.

"സ്വപ്നത്തിലാണല്ലേ?"
അവള്‍ ചെറുതായൊന്നു ചിരിച്ച്‌, അയാള്‍ക്കഭിമുഖമായി തിരിഞ്ഞു കിടന്നു.
"ഇങ്ങനെ ഒരുപാട്‌ സ്വപ്നങ്ങള്‍ കാണുന്നത്‌ നന്നല്ല കേട്ടോ..."
"നഷ്ടമൊന്നുമില്ലല്ലോ.. വെറും സ്വപ്നങ്ങളല്ലേ..."
"നഷ്ടമില്ലാതില്ല... സമയനഷ്ടം. ഈ സമയത്ത്‌ വല്ലതും വായിച്ചു കൂടെ?"
"എനിക്കിഷ്ടം പോലെ സമയം ബാക്കിയുണ്ട്‌. അതൊക്കെ വെറുതെ പാഴാക്കിക്കളയാതെ സ്വപ്നങ്ങള്‍ കാണുന്നതല്ലേ നല്ലത്‌?"
"സ്വപ്നം കാണരുത്‌ എന്നു ഞാന്‍ പറഞ്ഞില്ലല്ലോ.. ഒരുപാട്‌ നേരം..."
"കൂടുതല്‍, കുറച്ച്‌ എന്നൊക്കെ കണക്ക്‌ വേണോ? ഒരുപാട്‌ സ്വപ്നങ്ങളായാല്‍ എന്താ കുഴപ്പം? എനിക്കാണെങ്കില്‍ നടക്കാത്ത സ്വപ്നങ്ങളോര്‍ത്ത്‌ നിരാശയോ സങ്കടമോ ഒന്നുമില്ലല്ലോ"
"സങ്കടവും നിരാശയുമൊന്നുമല്ല പ്രശ്നം. സ്വപ്നങ്ങള്‍ നമ്മെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ടു പോകും. ചിലപ്പോള്‍ വിഭ്രമങ്ങളുടെ ഒരു ലോകത്തേയ്ക്ക്‌... പിന്നെ വഴി തെറ്റിപ്പോയൊരു കുട്ടിയെപ്പോലെ, ഭൂമിയുടെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക്‌ മടങ്ങി വരാനാകാതെയാകും. സ്വപ്നങ്ങള്‍, പിന്നെ അവയ്ക്കുള്ളില്‍ കൂടുതല്‍ സ്വപ്നങ്ങള്‍.. എല്ലാം കൂടി ഒരു രാവണന്‍കോട്ട പോലെ..."

അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു... അവള്‍ ഉറക്കത്തിലേയ്ക്ക്‌ ആഴ്ന്നു പോകുകയും ചെയ്തു.

വയല്‍ - രണ്ട്‌

വരമ്പുകള്‍ തകര്‍ത്ത്‌ ട്രാക്ടറിന്റെ ഇരുമ്പു ചക്രങ്ങള്‍ വയലിലേയ്ക്കിറങ്ങി. മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടന്ന ചേറ്റുപാടം പേടിച്ചു ചൂളിപ്പോയി. കാളക്കുളമ്പും കണാരന്‍ പണിക്കന്റെ പുഴുക്കുത്തേറ്റ പാദങ്ങളും കലപ്പയുടെ മൃദുലമൂര്‍ച്ചയും പരിചയിച്ച ചേറ്റുപാടം യന്ത്രത്തിന്റെ മുരള്‍ച്ചയില്‍ ആകസ്മികമായ ബലാത്സംഗത്തിന്റെ ക്രൂരത കണ്ടു ഭയന്നു.

"അപ്പോള്‍ തുടങ്ങാം..." കറുത്ത ശീലക്കുടയ്ക്കു താഴെ മാപ്പിളയുടെ വെളുത്ത ചിരിയും കുമ്പയും കുലുങ്ങി.

വരമ്പത്തും തെങ്ങിന്‍ തണലിലും ട്രാക്ടര്‍ കാണാനെത്തിയ കുട്ടികളും പണിക്കത്തികളും. മുരണ്ട്‌ പുക തുപ്പി യന്ത്രം ചലിച്ചു തുടങ്ങി. പാടത്തിന്റെ സിരകളില്‍ നിന്ന് ചോരച്ചാലുകള്‍ പൊട്ടിയൊഴുകി. കണാരന്‍ പണിക്കന്‍ മാത്രം മെലിഞ്ഞ കാളക്കുട്ടന്‍മാരെയും മകളെയും ചേര്‍ത്തു പിടിച്ച്‌ വിതുമ്പി. അടുപ്പ്‌ പുകയാത്ത കുടിലിനു മീതെ, അവശേഷിക്കുന്ന ജീവനു മീതെ ട്രാക്ടറിന്റെ മുരള്‍ച്ച വന്നു കയറിയെങ്കിലെന്ന് പണിക്കന്‍ വിലപിച്ചതു മാത്രം ആരും കേട്ടില്ല.