തര്‍ജ്ജനി

ചൂരല്‍പ്പഴം - ഒന്ന്‌

ഉച്ച വെയിലിന്റെ കാഠിന്യത്തെ ശപിച്ചു കൊണ്ടായിരുന്നു അയാള്‍ നഴ്സറിയുടെ വരാന്തയിലേയ്ക്ക്‌ കാലെടുത്തു വച്ചത്‌. അകത്ത്‌ ഉച്ചഭക്ഷണം വിളമ്പുന്നതിന്റെ തിരക്ക്‌. വാതില്‍ ചാരി, മകളെ തിരയുന്നതിനിടയില്‍ ഒരു ടീച്ചറിന്റെ ശകാരം കേട്ട്‌ മുഖം കുനിച്ചു നില്‍ക്കുന്നൊരു കുരുന്നിനെ അയാള്‍ ശ്രദ്ധിച്ചു. അയാളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയതും, ടീച്ചര്‍ പെട്ടെന്ന്‌ ഉള്ളിലേയ്ക്ക്‌ അപ്രത്യക്ഷയായി. കോറിഡോറില്‍ ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്‍ കടന്ന്‌ അയാള്‍ ഉള്ളിലേയ്ക്ക്‌ നടന്നു. ഇരു വശത്തും മതില്‍ നിറയെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍, നിറങ്ങള്‍ കോരിയൊഴിച്ച പേപ്പറുകള്‍... മ്യൂസിക്ക്‌ റൂമിലെ വലിയ ചുവര്‍ക്കണ്ണാടിയില്‍ അയാളുടെ മുഖം കണ്ടതും അവള്‍ തുള്ളിച്ചാടി പുറത്തു വന്നു.

"അച്ഛാ...മോളൂട്ടിയ്ക്ക്‌ ഇന്ന്‌ അടി കിട്ടി.. രണ്ട്‌ അടി കിട്ടി.." അവളുടെ മുഖം വാടിയിരുന്നു.
"എന്തിനാ അടി കിട്ടിയത്‌? കുരുത്തക്കേടു വല്ലതും കാണിച്ചോ നീ?" അയാള്‍ക്ക്‌ ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു.
"മിസ്സ്‌ അടി തന്നു.. രണ്ട്‌ അടി. *പിയാവോ.. പിയാവോ..."
"ഏത്‌ മിസ്സാ മോളൂട്ടിയ്ക്ക്‌ അടി തന്നത്‌?" അയാള്‍ക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. കണ്ണില്‍ നനവു പടരുന്നത്‌ മറയ്ക്കാനുള്ള വെപ്രാളത്തിലായിരുന്നു അയാള്‍. കുറച്ചു നേരം അവളൊന്നും മിണ്ടാതെ അയാളുടെ തോളില്‍ ചാരിക്കിടന്നു.
"അച്ഛാ.. "
"എന്തോ..."
"പിന്നേ... നാളെ മോളൂട്ടീ സ്കൂളില്‍ പോകത്തില്ല.. അവിടെ മിസ്സ്‌ അടിയ്ക്കും.."

അവളുടെ കുഞ്ഞു കണ്ണുകളില്‍ പേടികള്‍ വന്നു നിറഞ്ഞു... എന്തിനാണ്‌ അടി കിട്ടിയതെന്ന്‌ അവള്‍ക്കപ്പോഴും അറിയില്ലായിരുന്നു, അയാള്‍ക്കും. അവളെ വീണ്ടും തോളിലേയ്ക്ക്‌ ചായ്ച്ചു കിടത്തുമ്പോള്‍ അയാളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.

*പിയാവോ - ചൈനീസ്‌ വാക്ക്‌, അടിക്കുക എന്നര്‍ത്ഥം.

ന്യൂസ്‌ പേപ്പര്‍ ബോയ്‌

1955 മേയ്‌ 13. തൃശൂര്‍ ജോസ്‌ ടി തീയേറ്ററില്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ ഒരു സംവിധായകന്റെ ആദ്യത്തെ മുഴുനീള ചലച്ചിത്രമായ ന്യൂസ്‌ പേപ്പര്‍ ബോയ്‌ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ പേര്‌ ന്യൂസ്‌ പേപ്പര്‍ ബോയ്‌. സംവിധായകന്‍-പി. രാംദാസ്‌. കേരളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്‌ ചലച്ചിത്രമായി വിശേഷിപ്പിക്കപ്പെട്ട ന്യൂസ്‌ പേപ്പര്‍ ബോയിക്ക്‌ ഇന്ന്‌ 50 വയസ്‌.

ഇത്രയധികം പ്രശസ്തി വാരിക്കൂട്ടിയ ഈ ചലച്ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ കോളജ്‌ വിദ്യാര്‍ഥികളായിരുന്നു. 1,75,000 രൂപ ചെലവില്‍ പൂര്‍ത്തിയായ ഈ രണ്ടു മണിക്കൂര്‍ പത്തുമിനിറ്റ്‌ ചിത്രം ഇന്ത്യയില്‍ ഒരുപക്ഷേ, ലോകത്തില്‍ത്തന്നെയും വിദ്യാര്‍ഥികള്‍ സംവിധാനം ചെയ്ത ആദ്യത്തെ ഫീച്ചര്‍ സിനിമയാണ്‌.

1950-കളിലെ ഏറ്റവും പ്രശസ്തമായ സിനിമാ മാസികയായിരുന്ന ഫിലിംഫെയറില്‍ വന്ന ഒരു ലേഖനമാണ്‌ ന്യൂസ്പേപ്പര്‍ ബോയിയുടെ തുടക്കത്തിനു കാരണമായത്‌. 'രാജ്കപൂര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന്‍. ഈ തലക്കെട്ട്‌ വായിച്ചതിനു ശേഷം പി. രാംദാസ്‌ തന്റെ കൂട്ടുകാരോടു പറഞ്ഞു: ഞാനാവും ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന്‍. അന്നുമുതലുള്ള അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി 22-ാ‍ം വയസില്‍ പി. രാംദാസ്‌ സംവിധായകനായി.

മഹാത്മാ മാസികയില്‍ രാംദാസ്‌ തന്നെ എഴുതിയ കംപോസ്റ്റര്‍ എന്ന കഥയായിരുന്നു ന്യൂസ്പേപ്പര്‍ ബോയിക്കാധാരം.

ന്യൂസ്‌ പേപ്പര്‍ ബോയിക്ക്‌ ഇന്ന് 50 വയസ്സ്‌, ദീപികയില്‍ വായിക്കുക

മുട്ടത്തുവര്‍ക്കി അവാര്‍ഡും ചില പ്രശ്നങ്ങളും

മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌ ഏര്‍പ്പെടുത്തുന്ന അവസരത്തില്‍ അത്‌ ജനപ്രിയ എഴുത്തുകാര്‍ക്കായി സംവരണം ചെയ്തിരുന്നുവെങ്കില്‍, അതിനു ഇന്നു ലഭിക്കുന്നതു പോലെയൊരു പ്രശസ്തി ലഭിക്കില്ലായിരുന്നു.കേരളത്തില്‍ ഇന്നുള്ള രണ്ടായിരത്തോളം സാംസ്കാരിക അവാര്‍ഡുകളില്‍ എത്രയെണ്ണത്തെ നാം ഓര്‍മ്മിക്കുന്നു? വയലാര്‍ അവാര്‍ഡു പോലെ, എഴുത്തച്ഛന്‍ പുരസ്കാരം പോലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനും ആഢ്യത കൈവന്നത്‌ അതു തെരഞ്ഞെടുത്ത സാഹിത്യകാരന്മാര്‍ ആഢ്യന്മാരായതു കൊണ്ടാണ്‌. അക്കാര്യത്തില്‍ സംഘാടകരുടെ ദീര്‍ഘദര്‍ശിത്വം ഫലിച്ചു.

മുട്ടത്തുവര്‍ക്കി അവാര്‍ഡും ചില പ്രശ്നങ്ങളും - ആര്‍.പി.ശിവകുമാര്. കൂടുതല്‍ വായിക്കുവാന്‍ സംവാദം ഫോറം സന്ദര്‍ശ്ശിക്കുക
Note: നിങ്ങളുടെ പ്രതികരണങ്ങള്‍ സംവാദം ഫോറത്തില്‍ രേഖപ്പെടുത്തുക