തര്‍ജ്ജനി

ഭാഷാഭ്രാന്ത്‌ വീണ്ടും?

ഭാഷ നിസ്സാര വിഷയമാണെന്ന്‌ ആരും പറയില്ല. സാമൂഹിക വ്യവഹാരങ്ങളുടെയും ബന്‌ധങ്ങളുടെയും മുഖ്യ ഉപാധിയായ ഭാഷക്ക്‌ അതിന്റേതായ രാഷ്‌ട്രീയമുണ്ട്‌. പലേടത്തും -ഇന്ത്യയിലടക്കം- അത്‌ സാമ്രാജ്യത്വ ശക്‌തികളുടെ ശക്‌തമായ ആയുധമായിരുന്നിട്ടുണ്ട്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം തുടങ്ങിക്കൊണ്ട്‌ ഇന്ത്യയില്‍ മെക്കോളേ പ്രഭു എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ കൊച്ചുകുട്ടികള്‍ക്കുപോലും മനഃപാഠമാണ്‌. എന്നാല്‍, സാമ്പത്തിക ആഗോളീകരണത്തിനെതിരെ പ്രായോഗികമായി ഒന്നും ചെയ്യാത്തവര്‍ അതിന്റെ തിന്മകളെ ചെറുക്കാവുന്ന ഒരു വര്‍ത്തമാനകാല ആയുധത്തെ എതിര്‍ക്കുന്നതില്‍ വൈരുധ്യം തോന്നുന്നു. മാത്രമല്ല, ഹിന്ദിഭ്രാന്ത്‌ ഇംഗ്ലീഷിനോട്‌ പ്രകടമായും മറ്റു പ്രാദേശിക ഭാഷകളോട്‌ വിവിധ പ്രായോഗിക രൂപങ്ങളിലുമുള്ള അന്‌ധമായ വിരോധമായിട്ടാണ്‌ ഇവിടെ പുലരുന്നത്‌. അഹിന്ദി പ്രദേശത്തുകാര്‍ക്ക്‌ ഹിന്ദിയോടുള്ള അത്രതന്നെ ഭ്രമം -ചിലപ്പോള്‍ അല്‍പം കൂടുതലും- ഇംഗ്ലീഷിനോടുണ്ടാകാം. മേധാവിത്വം ഇംഗ്ലീഷിന്റെ പക്ഷത്തുനിന്നായാലും ഹിന്ദിയുടെ പക്ഷത്തുനിന്നായാലും ഒരുപോലെ അനഭിലഷണീയം തന്നെ.

സ്വന്തം ഭാഷക്ക്‌ സ്ഥാനം നല്‍കേണ്ടതുതന്നെ. അങ്ങനെയെങ്കില്‍ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും അത്ര പ്രാമുഖ്യം പ്രാദേശിക ഭാഷകള്‍ക്കും നല്‍കണം. പക്ഷേ, കാര്യങ്ങള്‍ അത്ര ലളിതമല്ല. എന്താണ്‌ ഇംഗ്ലീഷ്‌? എന്താണ്‌ ഹിന്ദി? പ്രാദേശിക ഭാഷ എന്നാലെന്ത്‌? ഭാഷാശാസ്‌ത്രമനുസരിച്ച്‌ ഭാഷകള്‍ പരസ്‌പരം ബന്‌ധപ്പെടാതെ നിലനില്‍ക്കുന്നില്ല. ഇംഗ്ലീഷ്‌തന്നെ ഇന്ന്‌ ഇംഗ്ലീഷകാരന്റേതല്ല. അതിന്‌ വിവിധ വകഭേദങ്ങളുണ്ട്‌- 'ഇന്ത്യന്‍ ഇംഗ്ലീഷ്‌' ഫലത്തില്‍ ഹിന്ദിയുടെ അത്രയെങ്കിലും ഭാരതീയമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌ നിരീക്ഷിക്കപ്പെടുന്നത്‌. രാഷ്‌ട്രപുരോഗതിക്ക്‌ ഇംഗ്ലീഷിനേക്കാള്‍ ഹിന്ദി ഉപകരിക്കുമെന്നുപറയുന്നത്‌ എന്തര്‍ഥത്തിലാണ്‌? തൊഴില്‍രംഗത്ത്‌ ഇംഗ്ലീഷ്‌ പരിജ്ഞാനം മുഖ്യ യോഗ്യതയാണ്‌ -പ്രത്യേകിച്ച്‌ സര്‍ക്കാര്‍ ജോലികള്‍ കുറയുകയും സ്വകാര്യ കമ്പനികള്‍ പെരുകുകയും ചെയ്‌തിരിക്കെ. ഹിന്ദിയോ പ്രാദേശികഭാഷയോ മാത്രം പഠിച്ച്‌ നേടാവുന്ന ജോലികളുടെ എണ്ണം നന്നെ കുറവാണ്‌. സ്വന്തം ഭാഷയെ വരിച്ചെന്ന്‌ ഹിന്ദിവാദികള്‍ ഇപ്പോഴും പറയുന്ന ചൈനയും ജപ്പാനും ഇന്തോനേഷ്യയും മറ്റും ഇംഗ്ലീഷ്‌ പരിജ്ഞാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്‌ ഇന്ന്‌ നാം കാണുന്നത്‌. ഇതരരാജ്യങ്ങളുമായി സംവദിക്കാനും ഇന്ത്യക്കകത്തുതന്നെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ആശയവിനിമയത്തിനും ഹിന്ദിയേക്കാള്‍ ഇംഗ്ലീഷാണ്‌ ഉപകരിക്കുന്നത്‌.

മാധ്യമം മുഖപ്രസംഗം: ഭാഷാഭ്രാന്ത്‌ വീണ്ടും?

ത്രിഭാഷാ പദ്ധതിപ്രകാരം തെക്കന്‍ സംസ്ഥാനങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ്‌ നിയമം. പകരം വടക്കേ ഇന്ത്യയില്‍ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ഭാഷയും പഠിയ്ക്കണമെന്നാണ്‌ പറയപ്പെടുന്നത്‌. പക്ഷേ വടക്കേ ഇന്ത്യയിലെ സ്കൂളുകളില്‍ ഹിന്ദിയും ഇംഗ്ലീഷും അല്ലാതെ, മറ്റ്‌ ഭാഷകള്‍ കുട്ടികള്‍ പഠിയ്ക്കുന്നുണ്ടോ? എത്രമാത്രം ഗൌരവത്തോടെയാണ്‌ മൂന്നാം ഭാഷയെ അവര്‍ സമീപിയ്ക്കുന്നത്‌?

ശരിയിലേക്കുള്ള ദൂരം

മാതൃഭാഷയെ വഴിതെറ്റിക്കുന്നതാരാണ്‌?

പൊതുവേ പറയാം. നാട്ടുവഴക്കങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഭാഷ ഉപയോഗിക്കുന്നവര്‍. സംസാരഭാഷ ഇഷ്‌ടംപോലെയാകാം, തെറ്റുകളും വരാം. എന്നുകരുതി അതേപോലെ എഴുതി അച്ചടിക്കാന്‍ പാടുണ്ടോ? അച്ചടി മാദ്ധ്യമങ്ങളില്‍ ചിട്ടപ്പെടുത്തിയ ഭാഷ അഥവാ മാനകീകൃത ഭാഷ തന്നെ വേണം. അതില്‍ അശ്രദ്ധ വരുത്തുന്നതാണ്‌ ഭാഷയ്ക്ക്‌ വരുന്ന ഏറ്റവും വലിയ അപകടം. ഭാഷാശുദ്ധിയില്‍ ഒരു ശ്രദ്ധയുമില്ലാതായാല്‍ അപകടമല്ലെ? അതാണിന്ന്‌ പൊതുവെ അച്ചടി മാദ്ധ്യമങ്ങളെയും മിക്ക സാഹിത്യകാരന്‌മാരെയും ബാധിച്ചിരിക്കുന്ന ദോഷം. ദൃശ്യമാദ്ധ്യമങ്ങളില്‍ ചന്തമുള്ള പെണ്‍കുട്ടികളെകൊണ്ട്‌ 'മലിംഗ്‌ളിഷും' 'കൊഞ്ഞ മലയാളവും' പറയിക്കുന്ന ദൃശ്യമാദ്ധ്യമ ഭാരവാഹികള്‍ക്ക്‌ ഭാഷാ ശുദ്ധിയെ സംബന്‌ധിച്ച്‌ വേണ്ടത്ര ബോധമോ അല്‌പംപോലും ഉത്തരവാദിത്വമോ ഇല്ലാത്തതാണ്‌ ഏറെ ദുഃഖകരം. 'മുക്കിയ മന്ത്രി' ' ആള്‍ക്കാര്‍' എന്നൊക്കെ പറയുമ്പോഴും എഴുതുമ്പോഴും ലാഭേച്ഛ മാത്രം പുലര്‍ത്തുന്ന ഭാരവാഹികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലല്ലോ എന്ന്‌ ഞാന്‍ ഖേദിക്കാറുണ്ട്‌.

പ്രൊഫസര്‍ പന്മന രാമചന്ദ്രനുമായി അഭിമുഖം, കേരള കൌമുദിയില്‍ വായിക്കുക: ശരിയിലേക്കുള്ള ദൂരം

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി (1935 - 2005)

പാലക്കാടന്‍ ഗ്രാമത്തിലെ സാധാരണ മനുഷ്യരുടെ കഥ പറഞ്ഞ്‌ മലയാള സാഹിത്യ ലോകത്ത്‌ ഇടംപിടിച്ച കൃഷ്ണന്‍കുട്ടി 1935 ജൂലൈയില്‍ മുണ്ടൂരില്‍ ജനിച്ചു. മുണ്ടൂരിലെ എലിമെന്ററി, ഹയര്‍ എലിമെന്ററി, പറളി ഹൈസ്കൂള്‍, വിക്ടോറിയ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിഎയും ഇംഗ്ലീഷില്‍ എംഎയും ബിഎഡും എടുത്തു. വിദ്യാഭ്യാസ വകുപ്പില്‍ ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ചിറ്റൂര്‍ ഗവണ്‍മെന്റ്‌ ടി.ടി.ഐയില്‍ അധ്യാപകനായിരിക്കെ സര്‍വീസില്‍നിന്നും വിരമിച്ചു. അനുപുരത്ത്‌ പിഷാരത്ത്‌ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ച കൃഷ്ണന്‍കുട്ടി അമ്പലവാസിയായിരുന്നുവെങ്കിലും നാസ്തികനും നിരീശ്വരവാദിയുമായിട്ടാണ്‌ വളര്‍ന്നത്‌.

1957ല്‍ പ്രസിദ്ധീകരിച്ച 'അമ്പലവാസികള്‍' എന്ന കഥയിലൂടെയാണ്‌ സാഹിത്യ രംഗത്തേക്ക്‌ പ്രവേശിച്ചത്‌. ഏകാകി, മനസ്‌ എന്ന ഭാരം, എത്രത്തോളമെന്നറിയാതെ, തന്നിഷ്ടത്തിന്റെ വഴിത്തപ്പുകള്‍, മാതുവിന്റെ കൃഷ്ണതണുപ്പ്‌ എന്നിവയാണ്‌ നോവലുകള്‍. ലോകത്തിലെ ഏറ്റവും മികച്ച കഥകളിലൊന്നായി കൃഷ്ണന്‍കുട്ടിയുടെ മൂന്നാമതൊരാള്‍ എന്ന കൃതിയെ പ്രശസ്ത കഥാകൃത്ത്‌ ടി.പദ്മനാഭന്‍ പ്രകീര്‍ത്തിച്ചിരുന്നു.

ദീപിക വാര്‍ത്ത - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി ഓര്‍മയായി

പുരസ്കാരങ്ങല്‍:
നിലാപ്പിശുക്കുളള രാത്രി - 1996ലെ ചെറുകാട്‌ അവാര്‍ഡ്‌
ആശ്വാസത്തിന്റെ മന്ത്രച്ചരട്‌ - 1997ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌
എന്നെ വെറുതെ വിട്ടാലും - 2003ലെ ഓടക്കുഴല്‍ അവാര്‍ഡ്‌

തണുത്തും ചീര്‍ത്തും കിടക്കുന്ന ഇരുട്ടില്‍ ചവിട്ടിച്ചവിട്ടി ഞാന്‍ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കെ ഒരു കാല്‍ പെരുമാറ്റം പിന്നില്‍ കേള്‍ക്കുന്നതായി എനിക്കു തോന്നി. വഴിയിലെ പൊടിമണലില്‍ ചെരുപ്പ്‌ ഉരസുന്നതുപോലെ, ഞങ്ങളോടൊപ്പം ആ ശബ്ദം നടക്കുന്നതുപോലെ. പിന്നോട്ട്‌ നോക്കി ഇരുട്ടിനോട്‌ ഞാന്‍ ചോദിച്ചു. ആരാ അത്‌? മറുപടിയൊന്നും കേട്ടില്ല. എന്നാലും ഒരു മൂന്നാമന്‍ ഞങ്ങളുടെ കൂടെ നടക്കുന്നുണെ്ടന്ന്‌ തോന്നി...
(മൂന്നാമതൊരാള്‍)

മൂന്നാമതൊരാളെത്തേടി മുണ്ടൂര്‍ യാത്രയായി
മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയ്ക്ക്‌ അന്ത്യാഞ്ജലി