തര്‍ജ്ജനി

കറുപ്പും വെളുപ്പും

"മോളൂട്ടി.. അച്ഛനുറക്കം വരുന്നില്ലല്ലോ...?"
"അച്ഛാ, കണ്ണുകളടച്ച്‌, അനങ്ങാതെ കിടന്നാല്‍ മതി. ഉറക്കം വരും. ok, now close your eyes..."

അയാള്‍ കണ്ണുകള്‍ മുറുക്കെയടച്ചു. ഉറക്കം ഇരുട്ടിലെവിടെയോ ഒളിച്ചിരുന്നു.

"അച്ഛാ.. ഉറങ്ങിയോ?"
"ഇല്ലല്ലോ... ഉറക്കം വരുന്നില്ല മോളൂട്ടീ..."
"എന്നാലേ.. മോളൂട്ടി ഒരു കഥ പറഞ്ഞു തരാം.. ഓകെ?"
"ഉം... ശരി... ഏത്‌ കഥയാ പറയുന്നേ? ആനക്കഥ?"
" അല്ലല്ല.. പൂച്ചക്കഥ പറയാം."
"ശരി" അയാള്‍ ഇരുട്ടിലേയ്ക്ക്‌ കാതോര്‍ത്തു.

"ഒരിടത്തൊരിടത്തേ, ഒരു കാട്ടിന്റെ നടുക്ക്‌, ഒരു പുഴയുണ്ടായിരുന്നു..."
വഴങ്ങാത്ത വാക്കുകള്‍ കൂട്ടിപ്പിടിച്ച്‌ അവള്‍ കഥ പറഞ്ഞു തുടങ്ങി. അയാള്‍ കണ്ണുകളടച്ച്‌ കാതോര്‍ത്തു. നിഷ്കളങ്കമായ സ്നേഹത്തിനെ അമൃത്‌.

"പുഴയുടെ കരയില്‍ ഒരു കറുത്ത പൂച്ചയും ഒരു വെളുത്ത പൂച്ചയും താമസിച്ചിരുന്നു..."

"അച്ഛാ.. ഉറങ്ങിയോ?"
"ഇല്ല, കഥ...?"

"കറുത്ത പൂച്ചയാണെങ്കിലേ.. വെളുവെളാന്ന് വെളുത്തിരുന്നു. വെളുത്ത പൂച്ചയേ കറുകറാന്ന് കറുത്തിരുന്നു. അവര്‌ രണ്ടുപേരും ഭയങ്കര കൂട്ടുകാരായിരുന്നു. ഒരു ദിവസം രാവിലെ കറുത്ത പൂച്ച ഉറക്കം എണീറ്റപ്പോ വെളുത്ത പൂച്ചയെ കണ്ടില്ല.. അപ്പോഴേ കറുത്ത പൂച്ചയ്ക്ക്‌ കരച്ചില്‍ വന്നു... സങ്കടം കൊണ്ട്‌ കറുത്ത പൂച്ച ങ്ങ്യാവൂ ങ്ങ്യാവൂ എന്ന്
കരഞ്ഞു..."

കഥകള്‍ പറഞ്ഞു തളര്‍ന്നും കറുപ്പും വെളുപ്പും കൂട്ടിക്കുഴച്ചും കുഞ്ഞുമിഴികള്‍ പൂട്ടി അവളുറക്കമായി. അയാള്‍ അപ്പോഴും ഉറക്കം വരാതെ, കണ്ണുകള്‍ തുറന്നും അടച്ചും ഇരുട്ടിന്റെ ആഴം അളന്നു കൊണ്ടിരുന്നു.

ദല, ദുബായ്‌

ദുബായിയില്‍ ഇരുപതോളം കഥാകൃത്തുക്കളെയും കവികളെയും ഞാന്‍ പരിചയപ്പെട്ടു. എനിക്ക്‌ പരിചയപ്പെടുവാന്‍ കഴിയാതെ പോയ ഒട്ടേറെ എഴുത്തുകാര്‍ വേറെയുമുണ്ട്‌. അവരില്‍ ചിലരെങ്കലും നോവലുമെഴുതുന്നുണ്ട്‌. മറ്റെല്ലായിടങ്ങളിലുമെന്നപോലെ ദുബായിയിലും എഴുത്തുകാര്‍ക്കും ഗ്രൂപ്പുകളുണ്ട്‌. മലയാളികളുടെ പൊതുധാരാ ജീവിതത്തില്‍ നിന്നു അകന്നുനിന്നു ധൈഷണികമായ കാര്യങ്ങളെക്കുറിച്ച്‌ മാത്രം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കുറച്ചുപേരേയും അവിടെ കാണാന്‍ കഴിഞ്ഞു. ചെറുതും വലുതുമായ ഒട്ടേറെ മലയാള പ്രസിദ്ധീകരണങ്ങളുമുണ്ട്‌. ദുബായിയിലെ മലയാളി സാഹിത്യത്തിന്റെ ഊര്‍ജ്ജത്തേയാണ്‌ അതെല്ലാം സൂചിപ്പിക്കുന്നത്‌.

സ്വന്തം പൈതൃകങ്ങളെ മറക്കാതേയുള്ള ഒരു വികസനമാണ്‌ ദുബായിയില്‍ നടക്കുന്നത്‌. ഒരു ആഗോളനഗരമായി ദുബായിയെ വികസിപ്പിക്കുന്നതില്‍ മലയാളികള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അദ്ധ്വാനത്തിലൂടെയും അറിവിലൂടെയും ദുബായിലെ മലയാളികള്‍ ആ നാട്ടിന്റെ വേര്‍പെടുത്താന്‍ കഴിയാത്ത ഒരു ഭാഗമായി മാറുകയാണ്‌. എന്നാല്‍ അവരെ ജീവിപ്പിക്കുന്നത്‌ ഉത്കടമായ ഗൃഹാതുരത്വവും എന്നെങ്കിലും നാട്ടിലേക്ക്‌ തിരിച്ചുപോകുവാനുള്ള മോഹവുമാണ്‌. ഈ മലയാളികളിലാണ്‌ മലയാള സാഹിത്യത്തിന്റെ ഭാവി നാം കാണുന്നത്‌. അവരുടെ ഇടയില്‍ എം ടിയെ പോലെ വലിയ ഒരു എഴുത്തുകാരന്‍ മറഞ്ഞിരിപ്പുണ്ട്‌. നമ്മെ അമ്പരപ്പിച്ചുകൊണ്ട്‌ ഒരു ദിവസം ആ എഴുത്തുകാരന്‍ പുറത്തു വരാതിരിക്കില്ല.

എം. മുകുന്ദന്‍ - സാഹിത്യം ദുബായില്‍, ദേശാഭിമാനി വാരിക

വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍

ലോകസാഹിത്യത്തില്‍ നാം വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഏതൊക്കെയാണ്‌?

ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും, അന്നാകരിനീന, വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍, ബ്രേ ബ്രോച്ച്‌ എഴുതിയ ഡത്ത്‌ ഓഫ്‌ വെര്‍ജിന്‍, ദസ്തയേവിസ്കിയുടെ കുറ്റവും ശിക്ഷയും കാരമസോവ്‌ സഹോദരന്മാര്‍.

ദേശാഭിമാനി വാരാന്തപ്പതിപ്പില്‍, എം.കൃഷ്ണന്‍ നായര്‍: പ്രായം മറക്കുന്ന വായന

മുകളില്‍ പറഞ്ഞിരിക്കുന്ന പുസ്തകങ്ങളുടെ pdf download ചെയ്യാന്‍ planetpdf.com വെബ്‌സൈറ്റിലെ ലിങ്കുകള്‍:

War and Peace, Leo Tolstoy
Anna Karenina, Leo Tolstoy
Crime and Punishment, Fyodor Dostoevsky
The Brothers Karamazov, Fyodor Dostoevsky