തര്‍ജ്ജനി

മുള്ള്‌

ചോറുരുളയ്ക്കുള്ളില്‍ വിദഗ്‌ധമായി ഒളിപ്പിച്ചു വച്ചിരുന്ന മീന്‍തുണ്ടു മാത്രം വിഴുങ്ങി ബാക്കിയവള്‍ തുപ്പിക്കളഞ്ഞു. പിന്നെ വിജയിയുടെ ഒരു ചിരിയും... നിമിഷങ്ങള്‍ക്കുള്ളില്‍, പാത്രത്തിലിരുന്ന ബാക്കി മീനുംകൂടി കുഞ്ഞു വിരലുകള്‍ റാഞ്ചിയെടുക്കുന്നതു്‌ ആരും ശ്രദ്ധിച്ചുമില്ല.

"ഈ പെണ്ണിന്റെ കാര്യം കൊണ്ടു്‌ തോറ്റു... നിനക്കിനിയൊരു മീന്‍കാരനെത്തന്നെ കണ്ടുപിടിക്കണം..."

എല്ലാം കേട്ട്‌, കണ്ണിറുക്കിയൊരു ചിരിയും ചിരിച്ച്‌, മീനിന്റെ രുചിയില്‍ ലയിച്ച്‌ കുസൃതിക്കുരുന്നു്‌!!!

"അച്ഛാ.. സൂച്ചിച്ച്‌... ദാ കണ്ടോ.. വലിയ മുള്ളാ..."
അതു പറയുമ്പോള്‍ തോരനില്‍ കിടന്നു വാടിത്തളര്‍ന്നൊരു കറിവേപ്പിലയും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. പൊട്ടി വന്ന ചിരി അമര്‍ത്തി, അവള്‍ ദേഷ്യം ഭാവിച്ചു...

"മോളൂട്ടീ.. വാ തുറക്ക്‌... നിന്റെ കളിയൊക്കെ ഇനി പിന്നെ മതി..."
" അമ്മാ... മോളൂട്ടി വാരിത്തരാം.. കണ്ടോ മുള്ള്‌ കണ്ടോ... സൂച്ചിച്ചില്ലെങ്കിലേ.. മുള്ള്‌ തൊണ്ടയില്‍ കൊണ്ടാലേ.. കണ്ണ്‍ എരിയും..."
"മുള്ള്‌ തൊണ്ടയില്‍.. എരിവു്‌ കണ്ണില്‍... ആരാടീ നിനക്കിതു്‌ പറഞ്ഞു തന്നത്‌?" ചോദിച്ചു തീരും മുമ്പേ അവള്‍ ചിരിച്ചു പോയി.
"അതേ... അച്ഛനാ അങ്ങനെ പറഞ്ഞത്‌.." ഉടനെത്തി മറുപടിയും!!

ചുള്ളിക്കാടിന്റെ വിലാപം

"ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്‌ അവന്‍ ചോദിക്കുന്ന പൈസ കൊടുക്കും. അവന്റെ മുമ്പില്‍ പോയി ടിക്കറ്റെടുത്തിരിക്കും. അവന്‍ പറയുന്ന എല്ലാ വിഡ്ഢിത്തവും കേട്ട്‌ കയ്യടിച്ച്‌ സന്തോഷമായി പോരും. ഒരു മിമിക്രി ആര്‍ട്ടിസ്റ്റിനു നല്‍കുന്ന പരിഗണന ജീവിതത്തില്‍ എനിക്കു ലഭിച്ചിട്ടില്ല, തെറിയല്ലാതെ."

ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി അഭിമുഖം, അയനം.കോമില്‍ വായിക്കുക

വെബ്‌ലോകത്തില്‍:
മലയാളികള്‍ വേണ്ടവിധം ഉപചരിച്ചില്ല എന്ന് ചുള്ളിക്കാട്‌ വിലപിക്കുന്നതിന്റെ പിന്നില്‍ ചില കാര്യങ്ങളുണ്ട്‌. ഒന്നു രണ്ടു സീരിയലുകളും സിനിമകളുമാണ്‌ ചുള്ളിക്കാടിനെ ഇങ്ങനെ മാറ്റിയത്‌. ഒരു പുസ്തകം എഴുതിക്കൊടുത്താല്‍ കിട്ടുന്നതിന്റെ പത്തിരട്ടി മിനി-ബിഗ്‌ സ്ക്ര്Iനുകള്‍ ചുള്ളിക്കാടിനു നല്‍കിവരുന്നുണ്ട്‌. പിന്നെ, സീരിയല്‍-സിനിമാ രംഗമായതിനാല്‍ മറ്റ്‌ ഉപചാരങ്ങള്‍ക്കും കുറവുണ്ടാവില്ല. പോരാത്തതിനു്‌ ചുള്ളിക്കാട്‌ ഒരു കവി കൂടിയാണല്ലോ!

ചുള്ളിക്കാടിന്റെ വിലാപ കാരണം, വെബ്‌ലോകത്തില്‍ വായിക്കുക

കുറച്ചുകാലമായി ചുള്ളിക്കാടിന്റെ പബ്ലിസിറ്റി സ്റ്റണ്ടുകളൊന്നും കാണാതിരിക്കുകയായിരുന്നു. എന്തായാലും ഇത്‌ കടം തീര്‍ത്തു!

പനി

പനിയുടെ മൂര്‍ച്ഛയില്‍ അയാള്‍ മയങ്ങിക്കിടന്നു. തെര്‍മോമീറ്ററിലെ അക്കങ്ങളുടെ കെട്ടുപൊട്ടിച്ച്‌ രസഗോളങ്ങള്‍ പൊട്ടിച്ചിതറി. പുതപ്പിനുള്ളില്‍ ഉഷ്ണം പെരുകി. അതിലൂടെ രസഗോളങ്ങള്‍ നീന്തി നടന്നു. ചിലപ്പോഴൊക്കെ നൃത്തം ചെയ്തു.

ഒരു കവിതയുണ്ടായിരുന്നു, പനിയെക്കുറിച്ച്‌. അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല... വാക്കുകള്‍ പൊട്ടിച്ചിതറി, അക്ഷരങ്ങള്‍ പൊട്ടിച്ചിതറി, വെറും രസഗോളങ്ങള്‍ മാത്രം ഓര്‍മ്മയില്‍ നിറഞ്ഞു. എവിടെ നിന്നോ പ്രകാശത്തിന്റെ ഒരു തുണ്ട്‌ വന്ന് അവയെ തിളക്കി... ഒരായിരം മഴവില്ലുകള്‍ പൊടുന്നനവേ വിരിഞ്ഞുല്ലസിച്ചു.

വല്ലപ്പോഴും ഒരു പനി വരുന്നത്‌ നല്ലതാണ്‌. അതിന്നൊടുവില്‍, ശരീരം ശുദ്ധി ചെയ്യപ്പെട്ടു തിളങ്ങുന്നത്‌ അയാള്‍ സ്വപ്നം കണ്ടു. പുതപ്പിനുള്ളില്‍, ചൂടിനുള്ളില്‍, ഗര്‍ഭപാത്രത്തിലെന്ന പോലെ ചുരുണ്ടുകൂടാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരുന്നു.