തര്‍ജ്ജനി

ശിവം

ഇന്നലെ കൊല്ലം പബ്ലിക്‌ ലൈബ്രറിയിലെ സോപാനം കലാക്ഷേത്രത്തില്‍ വച്ച്‌ ശിവപ്രഭയുടെ ചിത്രപ്രദര്‍ശനം ഉണ്ടായിരുന്നു. അറിഞ്ഞിരുന്നില്ല, പോകുന്ന പോക്കില്‍ വഴിയിലൊരു പരസ്യം കണ്ടു, കയറി. അതില്‍ നിന്നൊരു ചിത്രം ശിവപ്രഭയുടെ അനുമതിയോടെ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. കൂടുതല്‍ ഈ ലക്കം തര്‍ജ്ജനിയില്‍.

The Controller and Caresser - Oil in Canvas
"The Controller and Caresser - Oil in Canvas" by Sivaprabha

പരസ്പരം

പ്രളയജലധിയില്‍
ഒഴുകിനടന്നൊരു
ഇലത്തുമ്പിലിരുന്നവര്‍
പരസ്പരം പങ്കു വച്ചു;
ഹൃദയവും ശരീരവും.

നാളുകളെണ്ണി
വിരലുകള്‍ കോര്‍ത്ത്‌
അവര്‍ കാത്തിരുന്നു.
ഇടയ്ക്കിടെ
മുഗ്ദ്ധസ്വപ്നങ്ങളില്‍
മുഴുകിയിരുന്നു.

ജലമിറങ്ങി,
മണല്‍പ്പരപ്പില്‍
ഇലയടിഞ്ഞു.
കൊമ്പുകള്‍ കോര്‍ത്തവര്‍
പരസ്പരം കൈമാറി;
വാക്കുകള്‍, അസ്ത്രങ്ങളും.

അവനവനിസം

1970 മാര്‍ച്ച്‌ 20-ന്‌ ഇറങ്ങിയ കൌമുദിയില്‍ ഒരു വായനക്കാരന്‍ ചോദിച്ച ചോദ്യം ഇതാണ്‌: "ഗാന്ധിസം, ലെനിനിസം, മാര്‍ക്സിസം, മാവോയിസം ഇവയില്‍ ഏത്‌ ഇസമാണ്‌ നല്ല മാര്‍ഗ്ഗം?" ഈ ചോദ്യത്തിന്‌ ബാലകൃഷ്ണന്‍ കൊടുത്ത മറുപടി "ഇതെല്ലാം ഭോഷ്കാണ്‌. നല്ല ഒരേ ഒരു ഇസമേയുള്ളൂ. അവനവനിസം" എന്നാണ്‌.

ബാലകൃഷ്ണന്‍ 1970-ല്‍ കൊടുത്ത ഈ മറുപടിക്ക്‌ ഒരുപാട്‌ അര്‍ത്ഥമുഴക്കങ്ങളുണ്ട്‌. ചോദ്യം വായിച്ചപ്പോള്‍ പെട്ടെന്ന് മനസ്സില്‍ തോന്നിയതു കുറിച്ചിട്ടതായിരിക്കാം അദ്ദേഹം. കൌമുദി ആഴ്ചപ്പതിപ്പ്‌ തുടങ്ങിയ ആദ്യനാളുകളില്‍ - അമ്പതുകളുടെ ആദ്യം - ആയിരുന്നു ഈ ചോദ്യത്തെ നേരിടേണ്ടി വന്നതെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉത്തരം വേറെയാകുമായിരുന്നു. അന്ന് അദ്ദേഹത്തെ ചില രാഷ്ട്രീയതത്വശാസ്ത്രങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചിരുന്നു. വിശുദ്ധമായ ചില രാഷ്ട്രീയമൂല്യങ്ങളിലും ആദര്‍ശങ്ങളിലും അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹം മാത്രമല്ല, ആ കാലഘട്ടം തന്നെ അങ്ങനെയായിരുന്നു. രാഷ്ട്രീയകക്ഷികള്‍ക്ക്‌ അധികാരം കിട്ടിയപ്പോള്‍ അവ ജീര്‍ണ്ണിച്ചു തുടങ്ങി. സംസ്കാരം നശിച്ചു. മൂല്യങ്ങളും ആദര്‍ശങ്ങളും ഉപേക്ഷിച്ച്‌ മനുഷ്യന്‍ സ്വാര്‍ത്ഥതയോടെ നീങ്ങി. സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യം ഒരു കാലഘട്ടം മൌനമായി വിളിച്ചുതുടങ്ങി. ആ കാലഘട്ടത്തെ സൂചിപ്പിക്കാന്‍ ബാലകൃഷ്ണന്‍ അവനവനിസം എന്ന വാക്ക്‌ പ്രയോഗിച്ചു. തന്റെ കാലത്തെ ഒറ്റപ്പദം കൊണ്ട്‌ നിര്‍വ്വചിക്കുകയാണ്‌ അദ്ദേഹം

കെടാത്ത ജ്വാല, കെ.ബാലകൃഷ്ണന്റെ ജീവചരിത്രം. സമകാലീന മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്നത്‌.