തര്‍ജ്ജനി

Tharjani Cover Page

ചെറുപയര്‍പരിപ്പുകൊണ്ടു വച്ച പരിപ്പും നെയ്യും പപ്പടവും കൂട്ടി കുഴച്ചെടുത്ത്‌ ആദ്യത്തെ ഉരുളയോടെയാണ്‌ ഓണസദ്യയുടെ ഓറല്‍ കിക്ക്‌ ഓഫ്‌. സാമ്പാര്‍ കൂട്ടിയുള്ള രണ്ടാമത്തെ കോഴ്സ്‌ തൊട്ടു പിന്നാലെ. കറികളില്‍ മുടിചൂടിയ മന്നനാണ്‌ സാമ്പാര്‍. രസനേശന്‍. നാക്കില്‍ വെള്ളമൂറുന്ന കറി. നന്നേ കൊഴുക്കരുത്‌. രസം പോലെ നേര്‍ക്കരുത്‌. സ്രഗ്ദ്ധരാവൃത്തം പോലെ ചോറില്‍ മെല്ലെ കിനിഞ്ഞ്‌ രസം നിറയണം. ഉരുളക്കിഴങ്ങ്‌, വെണ്ടയ്ക്ക, വഴുതിനങ്ങ, കൊത്തമരയ്ക്ക, തക്കാളി തുടങ്ങിയ ഗണങ്ങള്‍ ചേര്‍ന്ന സാമ്പാറിന്റെ രുചി.. മറ്റൊന്നും അതിന്റെ അടുത്തു വരില്ല. സാമ്പാറും കൂട്ടിയുള്ള ഊണാണ്‌ ഊണ്‌. കണ്ണും മൂക്കും നിറയും ആ രുചി.